നാടു മാറി. നാട്ടുകാർ മാറി.
പെണ്ണുങ്ങൾ മാറി. അമ്മമാർ മാറിയോ? ഉറപ്പായും മാറി. അമ്മത്തം ക ളഞ്ഞുകൊണ്ടല്ല, അമ്മയുടെ നന്മകൾ വീട്ടിനുള്ളിലൊതുക്കാതെ പുറത്തുള്ളവരിലേക്കു കൂടി പ്രസരിക്കുന്ന വിധം വളർന്നുകൊണ്ട്...
‘മോംസ് ഓഫ് കൊച്ചി’ അഥവാ എംഒകെ സ്ഥാപകയും മാനേജിങ് ട്രസ്റ്റിയുമായ രാഖി ജയശങ്കറിന്റെ വാക്കുകൾ എംഒകെ എന്ന സംഘടനെയെ ഒറ്റവാചകത്തിൽ ഇങ്ങനെ കുറിക്കുന്നു.
‘‘എംഒകെയിലെ അമ്മമാരിൽ ജോലിയുള്ളവ രും സംരംഭകരും വീട്ടമ്മമാരുമുണ്ട്. ഇന്നത്തെ വീട്ടമ്മമാരിൽ പലരും നല്ല നിലയിൽ പഠിച്ചവരുംഉയർന്ന ശമ്പളവും സ്ഥാനവുമുള്ള ജോലിയിൽ ഇരുന്നവരുമൊക്കെയാണ്. കുടുംബത്തിനായി കുഞ്ഞുങ്ങൾക്കായി തങ്ങളുടെ കഴിവുകളും സാമൂഹിക പദവിയും വേണ്ടെന്നു വച്ച് അവർ അകത്തളങ്ങളിലേക്ക് ഒതുങ്ങുകയായിരുന്നു.
പക്ഷേ, വീട്ടമ്മമാരെക്കുറിച്ച് ആളുകളുടെ മനോഭാവം കുഞ്ഞുങ്ങളുടെ നാപ്പി മാറ്റാൻ മാത്രമറിയുന്ന, പ്രഭാത ഭക്ഷണവും ഊണും തയാറാക്കാൻ ഉത്തരവാദിത്തപ്പെട്ട, പേരന്റ് ടീച്ചർ മീറ്റിങ്ങുകളിലേക്കു മാത്രം യാത്ര ചെയ്യാനറിയുന്ന വ്യക്തികളായാണ്. വീട്ടിലുള്ളവർ പോലും പലപ്പോഴും ഇവരുടെ കഴിവുകളെക്കുറിച്ചു മറന്നു പോകുകയാണ്. ഇതിനൊരു മാറ്റം കൊണ്ടുവരികയാണ് എംഒകെ എന്ന സംഘടനയുടെ പ്രധാന ലക്ഷ്യം.’’ രാഖിയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റ പുഞ്ചിരി.
‘‘വീട്ടമ്മമാരുടെ കഴിവുകൾ വളർത്തിയെടുക്കുകയെന്നാൽ അവ പ്രകടിപ്പിക്കാനൊരു വേദിയൊരുക്കുക മാത്രമല്ല ഉദ്ദേശിക്കുന്നത്. തങ്ങളുടെ കഴിവുകളിലൂടെ പണമുണ്ടാക്കുക, കുടുംബകാര്യങ്ങൾ നോക്കുന്നതിനൊപ്പം സ്വയം പര്യാപ്തരായിരിക്കുക, തങ്ങളാലാകും വിധം സേവനം ചെയ്തുകൊണ്ട് സമൂഹികമായി ഇടപെടുക, സ്വന്തം വ്യക്തിത്വത്തിനു വിലയും പരിഗണനയും നേടിയെടുക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് അമ്മമാരായ സ്ത്രീകൾ വരണം എന്നതാണു ലക്ഷ്യം.
ഇറങ്ങി പ്രവർത്തിച്ചു തുടങ്ങുമ്പോഴാണു കഴിവുകൾ പ്രതിഫലിച്ചു തുടങ്ങുക എന്നത് ‘മോംസ്പോ’ എന്ന ഞങ്ങളുടെ പരിപാടി കഴിഞ്ഞപ്പോഴാണു മനസ്സിലായത്. എത്ര നല്ല സംഘാടകരാണു പലരും. ചിലർ മികച്ച രീതിയിൽ ആശയവിനിമയം ചെയ്യുന്നു, ചിലരാകട്ടെ സാമ്പത്തിക ഇടപാടുകൾ കൃത്യമായും ഭംഗിയായും കൈകാര്യം ചെയ്യുന്നു, പ്രശ്നപരിഹാരങ്ങളിലാണു മറ്റു ചിലരുടെ കഴിവ്.
സ്റ്റേജ് ഡെക്കറേഷൻ, പവിലിയനുകളുടെ നിർമാണം, വിതരണം, പരിപാടിയുടെ നടത്തിപ്പ്, സാമ്പത്തിക കാര്യങ്ങൾ, കുട്ടികളുടെയും സ്ത്രീകളുടെയും കലാപരിപാടികൾ, ഉത്തരവാദിത്തത്തോടെയുള്ള സമീപനം തുടങ്ങി മോംസ്പോയുടെ എല്ലാ കാര്യങ്ങളും അമ്മമാരായ സ്ത്രീകളാണ് ചെയ്തത്. ആ ശ്രമത്തിന് ലഭിച്ച അംഗീകാരമാണ് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ്.
ഏഷ്യയിൽ അമ്മമാർ സംഘടിപ്പിച്ച ഏറ്റവും വലിയ ‘ഇവന്റ്’ എന്ന ടൈറ്റിലിലാണ് റെക്കോർഡ്. കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മൂന്നാമത് മോംസ്പോയ്ക്കാണ് അവാർഡ് ലഭിച്ചത്.’’ മോംസ് ഓഫ് കൊച്ചിയുടെ പിആർ ഹെഡ് മനു മാത്യു പറയുന്നു.
ഇങ്ങനെ തുടങ്ങി അമ്മക്കൂട്ടായ്മ
‘‘എനിക്ക് മൂന്നു കുട്ടികളുണ്ട്. മൂന്നു പേരുടെയും സ്കൂൾ ഗ്രൂപ്പിൽ സ്വാഭാവികമായും ഞാനുണ്ടായിരുന്നു. കുട്ടികൾ ഏതു സ്കൂളിലാണെങ്കിലും ക്ലാസ്സിലാണെങ്കിലും അച്ഛനമ്മമാർ അറിയേണ്ട പൊതു വിവരങ്ങളുണ്ട്. അത് എല്ലാവരിലേക്കും എത്തിക്കാൻ പൊതുവായി ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാകുന്നതു നല്ലതല്ലേ എന്നു തോന്നി. അങ്ങനെ മൂന്നു വർഷം മുൻപ് 20 പേരടങ്ങുന്ന അമ്മമാരുടെ വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങി. ഒരാഴ്ച കൊണ്ട് അംഗങ്ങൾ 120 പേരായി മാറി. 20 പേരിൽ നിന്നു പറഞ്ഞും അറിഞ്ഞും അമ്മമാർ ഗ്രൂപ്പിൽ ചേരുകയായിരുന്നു. പ്രധാനമായും വീട്ടമ്മമാരായിരുന്നു. അവർക്ക് ഒരു പൊതു കാര്യമറിയണമെങ്കിൽ ഭർത്താവിനോടു ചോദിക്കുകയോ ഗൂഗിളിൽ തേടുകയോ കുട്ടികളുടെ അധ്യാപകരെ വിളിക്കുകയോ ചെയ്യണം. ഇത്തരം കാര്യങ്ങൾ ആരുടെയും സഹായമില്ലാതെ അറിയുക എന്നത് ഗ്രൂപ്പിന്റെ തുടക്കത്തോടെ അവർക്ക് സാധ്യമായി.’’ എന്ന് രാഖി.

‘‘രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഗ്രൂപ്പിന് കൂടുതൽ വ്യക്തതയാർന്ന രീതി വന്നു. തിങ്കളാഴ്ച അവനവന്റെ സംരംഭങ്ങളെക്കുറിച്ചുള്ള വിവരങ്ങളിടാം, ചൊവ്വാഴ്ച കലാപ്രവർത്തനങ്ങളുടെ ഫോട്ടോയോ വിഡിയോയോ ഇടാം, ബുധനാഴ്ച മെഡിക്കൽ വിഷയങ്ങളിലുള്ള സംശയങ്ങൾ ചോദിക്കാം എന്നിങ്ങനെ.
രണ്ടു മാസം കഴിഞ്ഞപ്പോൾ കോവിഡ് ലോക്ക് ഡൗൺ വന്നു. അതോടെ പല സംരംഭങ്ങൾ നിന്നുപോയി. അവർ സാമ്പത്തിക പ്രതിസന്ധിയിലായി. ഈ അവസരത്തിലാണ് എന്തുകൊണ്ട് നമുക്ക് ‘വിർച്വൽ എക്സ്പോ’ നടത്തിക്കൂടാ, എന്നൊരു ആശയം ഗ്രൂപ്പിൽ ഉരുത്തിരിഞ്ഞു വരുന്നത്. 2021 ജൂണിൽ ‘മോംസ്പോ – വൺ’ എന്ന പേരിൽ ‘വിർച്വൽ എക്സ്പോ ’ നടത്തി. അതു വിജയകരമായി. അതോടെ അംഗസംഖ്യ കൂടിയതിനാൽ എംഒകെ വൺ, എംഒകെ ടു എന്നിങ്ങനെ രണ്ട് ഗ്രൂപ്പ് ഉണ്ടാക്കേണ്ടി വന്നു.
പിന്നീട് സംരംഭകർക്കായും കലാകാരികൾക്കായും ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്കായും ഒറ്റ പേരന്റായ അമ്മമാർക്കായും വിവിധ സോണുകൾ ഉണ്ടായി വന്നു. പ ലവിധ താൽപര്യങ്ങളുള്ളവരുടെ ഗ്രൂപ്പുകളും രൂപപ്പെട്ടു വന്നു. എല്ലാത്തിലും അഡ്മിനായി രാഖി ഉണ്ടായിരുന്നു.’’ കോ ഫൗണ്ടറും ഡെപ്യൂട്ടി ട്രസ്റ്റിയുമായ സുമി ബാലകൃഷ്ണൻ ഓർത്തെടുത്തു.
‘‘പല സോണുകളായി വളർന്നതോടെ എംഒകെ ഗ്രൂപ്പിന് ശക്തമായ നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും നിലവിൽ വന്നു. അതൊരു ട്രസ്റ്റായി രൂപാന്തരപ്പെട്ടു. പ്രശ്നമുണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റുകൾ, സംസാരങ്ങൾ ഉണ്ടായാൽ ആദ്യം പോസ്റ്റ് ഡിലീറ്റ് ചെയ്യുക, താക്കീത് നൽകുക എന്നിവ ചെയ്യും. വീണ്ടും പെരുമാറ്റചട്ടം ലംഘിച്ചാൽ ഗ്രൂപ്പിൽ നിന്നു പുറത്താക്കും. പിന്നീട് ഒരു പ്രവർത്തനങ്ങളിലും ആ വ്യക്തിക്ക് ഭാഗമാകാൻ കഴിയില്ല.’’ എന്ന് സെക്രട്ടറി ലിൻഡ രാകേഷ്
‘‘താൽപര്യങ്ങൾ അടിസ്ഥാനപ്പെടുത്തി പെറ്റ് ലവ്, മൂവി ലവ്, പ്ലാന്റ് ലവ് തുടങ്ങിയ ഗ്രൂപ്പുകളും ആവശ്യങ്ങ ൾ അടിസ്ഥാനപ്പെടുത്തി ഹോം സ്കൂളിങ് ഗ്രൂപ്പ്, പ്ലസ് സൈസ് മോംസ് ഗ്രൂപ്പ്, മൂന്നു കുട്ടികളിൽ കൂടുതലുള്ളവർക്കായി ത്രീ പ്ലസ് കിഡ്സ് മദേഴ്സ് ഗ്രൂപ്പ് തുടങ്ങിയ വിഭാഗങ്ങളും സാവധാനം രൂപപ്പെട്ടു. ഇപ്പോൾ പ്രധാന വാട്സാപ്പ് ഗ്രൂപ്പ്സ് കൂടാതെ 28 ഗ്രൂപ്പാണ് നിലവിലുള്ളത്. ഏതു വിഷയത്തിലും പ്രശ്നപരിഹാരം ഇതോടെ അമ്മമാർക്ക് വളരെ എളുപ്പമായി.’’ ജോയിന്റ് സെക്രട്ടറി അനു സുരാജ് ഉറപ്പിക്കുന്നു.
മനു മാത്യു, മെറിൻ റോബിൻ, ആശാ ബാബു, സുനന്ദ ദീപക്, അനു മാത്യു, ജ്യോതി ട്രിനി, മറിലിൻ തോമസ് എന്നിവരടങ്ങിയ ശക്തമായ എക്സിക്യൂട്ടീവ് കമ്മിറ്റിയും 12 പേരടങ്ങിയ ഓർഗനൈസിങ് കമ്മിറ്റിയും 16 പേരടങ്ങിയ ഗവേണിങ് ബോഡിയും ആണ് മോംസ് ഓഫ് കൊച്ചിയുടെ നട്ടെല്ല്.
വാട്സാപ്പിൽ നിന്നു സമൂഹത്തിലേക്ക്
വാട്സാപ്പ് ഗ്രൂപ്പിൽ നിന്നു സാവധാനം പ്രവർത്തനങ്ങൾ ചുറ്റുവട്ടത്തേക്കു വികസിപ്പിച്ചു; നമ്മുടെ സൂപ്പർ മോംസ്. എക്സ്പോയ്ക്കൊപ്പം പലവിധ സേവന പ്രവർത്തനങ്ങളും ലക്ഷ്യമിട്ടു നടപ്പാക്കി.
2022 ലാണ് മോംസ്പോ – 2 നടക്കുന്നത്. കൊച്ചി കുണ്ടന്നൂരിൽ കമേഴ്സ്യൽ സ്പേസ് എടുത്തു ചെറിയ തോതിൽ ആണ് എക്സ്പോ നടത്തിയത്. അതിൽ വിൽപനയ്ക്കെത്തിയവരും വാങ്ങാനെത്തിയവരും പരസ്പരം അറിയുന്ന ആളുകൾ ആയിരുന്നു. അതിൽ നിന്നു വളരണം എന്ന മോഹം അപ്പോൾ തന്നെ ഞങ്ങൾക്കുണ്ടായിരുന്നു. ട്രഷററായ മെറിൻ റോബിനും ജോയിന്റ് ട്രഷറർ ആശ ബാബുവും ഓർക്കുന്നു.
‘‘അമ്മമാരല്ലേ നമ്മൾ... കുഞ്ഞുങ്ങളുടെ ആവശ്യങ്ങളും അതു നടത്തി കൊടുക്കാൻ പറ്റാതെ വന്നാൽ മാതാപിതാക്കൾക്കുണ്ടാകുന്ന സങ്കടവും അറിയാമല്ലോ. നമ്മുടെ ജീവിതത്തോളം സൗകര്യങ്ങളില്ലാത്തവരെക്കൂടി ചേർത്തു പിടിക്കുമ്പോഴല്ലേ നമ്മൾ റിയൽ അമ്മമാരാകുന്നുള്ളൂ എന്ന ചിന്തയിൽ നിന്നാണ് ‘ഹാൻഡ്സ് ഓഫ് ലവ്’ എന്ന പ്രവർത്തനം ആരംഭിക്കുന്നത്. സോഷ്യൽ മീഡിയ ഹെഡ് ആയ ജ്യോതി ട്രിനിയുടെ കണ്ണുകളിൽ ഇതു പറയുമ്പോൾ അഭിമാനം നിറയുന്നു.
‘‘അതിസാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന മൂന്നു സ്കൂളുകളിൽ ഓണസദ്യ കൊടുക്കുകയാണ് ‘ഹാൻഡ്സ് ഓഫ് ലവ്’ ആദ്യം ചെയ്ത സേവനപ്രവർത്തനം. അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളും നിർധന കുടുംബങ്ങളിലെ കുട്ടികളുമാണ് ആ സ്കൂളുകളിൽ പഠിക്കുന്നത്.’’ സുനന്ദ ദീപക് ഓർത്തു.
മോംസ് ഓഫ് കൊച്ചി ഗ്രൂപ്പിലെ അംഗങ്ങളെല്ലാവരും സമ്പന്നരല്ല. പക്ഷേ, നന്മയുള്ള മനസ്സുള്ളവരാണ്. ഓരോരുത്തരും കഴിവിനനുസരിച്ച് ഹാൻഡ്സ് ഓഫ് ലവിന്റെ പ്രവർത്തനത്തിനായി പണം സംഭാവന ചെയ്യുകയായിരുന്നു. 100 രൂപ തന്നവർ മുതൽ വലിയ തുക സംഭാവന ചെയ്തവർ വരെയുണ്ട്. ആരൊക്കെ എത്ര തുക തന്നുവെന്നത് സ്വകാര്യമായി സൂക്ഷിക്കുകയും സംഭാവന തന്നവരെ ഒരുപോലെ കാണുകയും ചെയ്തുകൊണ്ടായിരുന്നു അതു ന ടപ്പാക്കിയത്. അടുത്ത വർഷം യൂണിഫോമും ഷൂസുകളുമാണ് വിതരണം ചെയ്തത്. അതോടെ ആവശ്യങ്ങളുമായി പലരും ഞങ്ങളെ സമീപിച്ചു തുടങ്ങി.’’ എക്സിക്യൂട്ടീവ് കമ്മിറ്റി മെംബർമാരായ അനു മാത്യുവും മറിലിൻ തോമസും ചേർന്നു പറയുന്നു.
സാമൂഹികമായി സാധ്യമായതെല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്. കുടുംബങ്ങൾക്ക് ചികിത്സാ സഹായമടക്കം. അ ന്വേഷിച്ച് ആവശ്യക്കാരാണെന്ന് ഉറപ്പിച്ചശേഷം മാത്രമേ സഹായം നൽകുകയുള്ളൂ. അവസാനമായി നമ്മൾ ചെയ്തത് വയനാട് ഉരുൾപൊട്ടലുണ്ടായ ദിനങ്ങളിൽ 97,000 രൂപ ശേഖരിച്ച് ദുരന്തബാധിതർക്കും വൊളന്റിയർമാർക്കും ഭക്ഷണം നൽകുന്നതിനായി വിനിയോഗിക്കുകയായിരുന്നു. പുനരധിവാസം പുരോഗമിക്കുന്ന അവസരത്തിൽ കുടുംബങ്ങൾക്ക് 100 പ്രഷർ കുക്കറുകൾ എത്തിച്ചു നൽകാനും കഴിഞ്ഞു.’’ എന്നു മനു മാത്യു.
അയ്യായിരത്തോളം അമ്മമാരാണ് ഇന്ന് മോംസ് ഓഫ് കൊച്ചിയിൽ ഉള്ളത്. ‘അമ്മയാകുന്ന അനുഭവം, അതിന്റെ ശക്തി’ എന്ന അടിസ്ഥാന ആശയത്തിലാണ് മോംസ് ഓഫ് കൊച്ചി എന്ന സംഘടന നിലയുറപ്പിച്ചിരിക്കുന്നത്. വിശ്വാസം, പിന്തുണ, സമർപ്പണം എന്നീ മൂന്നു തൂണുകളിലാണ് അവരത് കെട്ടിപ്പൊക്കിയിരിക്കുന്നത്.
കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മ ആണ് അ വരുടെ മേൽക്കൂര. തങ്ങളുടെ കുടുംബത്തെയും കുട്ടികളെയും സംരക്ഷിക്കുന്നതിനൊപ്പം നന്മയുടെ കരങ്ങൾ ചുറ്റുവട്ടത്തേക്കു കൂടി നീട്ടാൻ തീരുമാനിച്ച ഈ അമ്മമാരെ പാട്ടു കൊണ്ട് അടയാളപ്പെടുത്തിയാൽ കവി മുല്ലനേഴിയുടെ വരികൾ ആയിരിക്കും ഏറ്റവും ഇണങ്ങുക.
അമ്മയും നന്മയും ഒന്നാണ്
ഞങ്ങളും നിങ്ങളും ഒന്നാണ്
അറ്റമില്ലാത്തൊരീ ജീവിതപ്പാതയിൽ
ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല
ആരും ഒറ്റയല്ലൊറ്റയല്ലൊറ്റയല്ല.
രാഖി റാസ്
ഫോട്ടോ : വിഷ്ണു നാരായണൻ