‘‘ഹനീഫിക്ക തീരെ വയ്യാതെ ആശുപത്രിയിലായ സമയം. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് ആയിരുന്നു. വിവരമറിഞ്ഞ് തമിഴ്നാട്ടിൽ നിന്ന് സൂര്യയുടെയും കാർത്തിയുടെയും അച്ഛൻ ശിവകുമാർ കാണാൻ വന്നിരുന്നു. തമിഴിൽ അദ്ദേഹത്തെ നായകനാക്കി ‘പാസപ്പറവൈഗൾ’ എന്നൊരു ചിത്രം ഹനീഫിക്ക സംവിധാനം ചെയ്തിരുന്നു. മൂന്നുമാസങ്ങൾക്കു മുൻപ് എന്ന മലയാളചിത്രത്തിന്റെ റീമേക്കായിരുന്നു അത്. ചിത്രത്തിന്റെ സംഭാഷണം തമിഴിലൊരുക്കിയത് തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയായിരുന്നു. ചിത്രം തിയറ്ററുകളിൽ 150 ദിവസം വിജയകരമായി പ്രദർശിപ്പിച്ചു. സന്തോഷ സമ്മാനമായി ചെന്നൈയിൽ വീട് വയ്ക്കാൻ എവിടെയാണ് സ്ഥലം വേണ്ടതെന്നു കലൈഞ്ജർ ചോദിച്ചു. പക്ഷേ, ശമ്പളം മാത്രം മതിയെന്നായിരുന്നു ഹനീഫിക്കയുടെ വിനയപൂർവമുള്ള മറുപടി. തമിഴിൽ ഏഴു സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.

ആശുപത്രിയിൽ ഹനീഫിക്കയെ കാണാൻ വന്ന ശിവകുമാർ സാർ കണ്ട് പിരിയാൻ നേരം പണമടങ്ങിയ കവർ എന്റെ നേരെ നീട്ടി. ഹനീഫിക്കയുടെ മനസ്സറിയാവുന്നതു കൊണ്ട് ഞാൻ വാങ്ങിയില്ല. അതു പറഞ്ഞപ്പോൾ നിങ്ങളുടെ വാപ്പച്ചി എന്താണു പറഞ്ഞതെന്ന് അറിയാമോ? ‘ഫാസീ നീയത് വാങ്ങാത്തത് നന്നായി. ഞാനീ ആശുപത്രിയിൽ നിന്നിറങ്ങിയാൽ നമ്മുടെ ബുദ്ധിമുട്ടുകളൊക്കെ പെട്ടെന്നു മാറും’. പക്ഷേ, അതുണ്ടായില്ല.’’ (കൊച്ചിൻ ഹനീഫയുടെ ഭാര്യ ഫാസിലയും മക്കൾ സഫയും മർവയും പങ്കുവയ്ക്കുന്ന ഓർമക്കുറിപ്പിന്റെ പൂർണ രൂപം വായിക്കാം വനിതയിൽ)