Thursday 11 July 2019 05:08 PM IST : By സ്വന്തം ലേഖകൻ

വായ്പ വാങ്ങിയ ആയിരം രൂപ തിരിച്ചടച്ചില്ല; തൊഴിലാളിയെ അഞ്ചു വർഷം അടിമപ്പണിയെടുപ്പിച്ച് തൊഴിലുടമ! രക്ഷയ്ക്കെത്തി കലക്ടർമാർ

tamilnadu-kanjipuram997

തമിഴ്‌നാട്ടില്‍ വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയവരെ വര്‍ഷങ്ങളോളം അടിമപ്പണിയെടുപ്പിക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കാഞ്ചിപുരത്തു നിന്ന് 28 പേരും വെല്ലൂരില്‍ 14 പേരുമാണ് ചെറിയ സംഖ്യ വായ്പ വാങ്ങിയതിന്റെ പേരിൽ വര്‍ഷങ്ങളായി അടിമപ്പണി ചെയ്യുന്നത്. തഹസില്‍ദാരുടെ നേതൃത്വത്തിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ആയിരം രൂപ വായ്പ വാങ്ങി തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് അഞ്ചു വര്‍ഷമായി അടിമപ്പണി ചെയ്യുന്ന കാശിയെന്ന 60 വയസ്സുകാരന്‍ തഹസില്‍ദാരുടെ കാലിൽ തൊട്ട് നന്ദി പറയുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാഞ്ചിപുരം സബ് കലക്ടർ എ ശരവണന്‍, റാണിപതിലെ സബ് കലക്ടർ ഇളംബഹവത് തുടങ്ങിയവർക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കണ്ടെത്തിയത്. 

പിന്നീട് റവന്യു ഓഫിസിൽ വച്ച് തൊഴിലാളികളുടെ കടം അടച്ചുതീര്‍ത്തതായുള്ള പത്രിക തൊഴിലുടമകളിൽ നിന്ന് എഴുതി വാങ്ങിച്ച് 42 തൊഴിലാളികളെ വിട്ടയയ്ക്കുകയായിരുന്നു. ആയിരം രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ കാശിക്ക് അഞ്ചു വര്‍ഷത്തോളം കടുത്ത പീഡനമാണ് അനുഭവിക്കേണ്ടിവന്നത്. കാഞ്ചീപുരം, വെല്ലൂര്‍ എന്നിവിടങ്ങളില്‍ പ്രവർത്തിക്കുന്ന മരംമുറി കേന്ദ്രത്തിലെത്തിയ ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്ന തൊഴിലാളികളിൽ നിന്നാണ് മൊഴിയെടുത്തത്.  

തൊഴിലാളികളുടെ കുട്ടികളെ സ്‌കൂളില്‍ വിടാൻ അനുവദിച്ചിരുന്നില്ലെന്നും, കൃത്യമായ കൂലി നല്‍കിയിരുന്നില്ലെന്നും ഇവർ പറയുന്നു. വിശപ്പ് മാറ്റാൻ അരി ആവശ്യപ്പെട്ടപ്പോൾ മരം ചവച്ച് തിന്നാനാണ് തൊഴിലുടമ പരിഹസിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു. ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നും, കാടിനകത്ത് പ്രസവിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും തൊഴിലാളികൾ പറയുന്നു. 

Tags:
  • Spotlight