Monday 22 October 2018 04:31 PM IST : By സ്വന്തം ലേഖകൻ

ഓട്ടം മുതൽ സ്കിപ്പിങ് വരെ! തടി കുറയ്ക്കാൻ പത്തു സിമ്പിൾ എക്സർസൈസുകൾ

fk11

അനാരോഗ്യകരമായ ഡയറ്റിങ്ങിലൂടെയല്ലാതെ വ്യായാമത്തിലൂടെ വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാം. തടി കുറയ്ക്കാൻ സഹായിക്കുന്ന പത്തു സിമ്പിൾ എക്സർസൈസുകളാണ് താഴെ പരിചയപ്പെടുത്തുന്നത്.

1.  ഓട്ടം

fk2

ശരീരത്തിന് സമ്പൂര്‍ണമായ വ്യായാമം ലഭിക്കാന്‍ ഏറ്റവും മികച്ചത് ഓട്ടമാണ്. ഏതു പ്രായത്തിലുള്ളവർക്കും ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ രാവിലെയുള്ള ഓട്ടം സഹായിക്കും. എന്നാല്‍ ഓടുന്നതിനു മുൻപ് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. ഓടുന്നതിനു മുൻപ് കൂടുതൽ വെള്ളം കുടിക്കുകയോ, ഭക്ഷണം കഴിക്കുകയോ ചെയ്യരുത്. പ്രാഥമിക കര്‍മങ്ങള്‍ ചെയ്ത ശേഷമേ വ്യായാമം തുടങ്ങാവൂ.

2.  സ്‌കിപ്പിങ്

fk6

കുട്ടിക്കാലം മുതൽ കളിയുടെ ഭാഗമായി ചെയ്യുന്ന വ്യായാമമാണ് കയറു ചാട്ടം അഥവാ സ്‌കിപ്പിങ്. ജീവിതത്തിൽ ഒരു തവണയെങ്കിലും സ്‌കിപ്പിങ് ചെയ്യാത്തവർ ഉണ്ടാവില്ല. വളരെ എളുപ്പം ചെയ്യാവുന്നതും, ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു വ്യായാമത്തിന് ഉദാഹരണവുമാണ് സ്‌കിപ്പിങ്. ഒരു മിനിറ്റിൽ 100 – 120 വരെ ചാടിയാൽ 12 കലോറി വരെ കുറയ്ക്കാൻ കഴിയും.

3. ഡംബൽസ്

fk7

യൗവനകാലത്തെ അപേക്ഷിച്ച് മധ്യ വയസ്സില്‍ എത്തുമ്പോള്‍ ശരീരത്തിലെ മസിലുകള്‍ കുറയും. പ്രത്യേകിച്ചും ആര്‍ത്തവ വിരാമമായ സ്ത്രീകൾക്ക്. മസിലുകൾ കുറയുന്നത് മൂലം ശരീരത്തിൽ കൊഴുപ്പ് അടിയാന്‍ കാരണമാകും. ഇത് പിന്നീട് അമിതവണ്ണമായി മാറും. ആഴ്ചയില്‍ അഞ്ചു പ്രാവശ്യമെങ്കിലും സ്ട്രെങ്ങ്തനിങ് വ്യായാമങ്ങള്‍ ചെയ്യണം. ഡംബല്‍സ് ഉപയോഗിച്ചു കൊണ്ടുള്ള ചെറിയ വ്യായാമങ്ങൾ പരിശീലിക്കാം.

4. കിക്ക് ബോക്സിങ്

fk1

ആയോധന കലകളിൽ ഒന്നാണ് കിക്ക് ബോക്സിങ്. ഇത് പരിശീലിക്കുന്നത് വഴി ശരീരത്തിൽ അടിഞ്ഞുകൂടിയ കൂടുതൽ കലോറി എരിയിച്ചു കളയാൻ സാധിക്കും. കൈകാലുകൾക്ക് നല്ല ബലം ഉണ്ടാവുകയും മസിലുകൾ ഉരയ്ക്കുകയും ചെയ്യും.    

5.  സ്പിന്നിങ് ബൈക്ക്

fk8

എല്ലാ ജിമ്മിലും കാണുന്ന ഒരുപകാരണമാണ് സ്പിന്നിങ് ബൈക്ക്. നിർത്തിയിട്ട സൈക്കിളിൽ കയറി ചവിട്ടുന്നത് പോലെയാണ് ഇതിൽ വ്യായാമം ചെയ്യുക. ശരീരത്തിൽ നിന്ന് കൂടുതൽ കലോറി കുറയ്ക്കാൻ ഈ വ്യായാമം സഹായിക്കും. കാലുകൾക്കും തുടകൾക്കും നല്ല ബലമുണ്ടാവുകയും ചെയ്യും.

6. കാർഡിയോ വ്യായാമങ്ങൾ

fk9

വ്യായാമങ്ങളിൽ സര്‍വസാധാരണവുമായത് കാര്‍ഡിയോ വ്യായാമങ്ങളാണ്. എയറോബിക്, നടത്തം, ജോഗിങ്, നീന്തല്‍, സൈക്കിളിങ്, നൃത്തം തുടങ്ങിയവയൊക്കെ കാർഡിയോ വ്യായാമങ്ങൾക്ക് ഉദാഹരണമാണ്. ഇത്തരം ശ്വസന സഹായ വ്യായാമങ്ങൾ വളരെ പതുക്കെ ചെയ്യേണ്ടതാണ്. ഇല്ലെങ്കിൽ ഉദ്ദേശിച്ച ഫലം കിട്ടുകയില്ല. ദിവസവും 10 മിനിറ്റ് ചെയ്യുക.

7.  റോവിങ് മെഷീൻ

fk5

റോവിങ് മെഷീൻ അര മണിക്കൂർ സമയം വർക്ക് ഔട്ട് ചെയ്യുകയാണെങ്കിൽ ഏകദേശം 400 കലോറി വരെ കുറയ്ക്കാൻ കഴിയും. എല്ലാ ജിമ്മുകളിലും കാണുന്ന ഈ ഉപകരണത്തിൽ ഏതു പ്രായക്കാർക്കും വ്യായാമം ചെയ്യാം. മികച്ച ഒരു കാർഡിയോ വ്യായാമം കൂടിയാണിത്.

8. എലിപ്റ്റിക്കൽ മെഷീൻ

fk3

ഒരു എലിപ്റ്റിക്കൽ മെഷീൻ ഉപയോഗിച്ച് വളരെ ഫലപ്രദമായി കൊഴുപ്പ് എരിയിച്ചു കളയാൻ സാധിക്കും. സാധാരണ വീടുകളിൽ കാണുന്ന ഈ ഉപകരണം ടിവി കണ്ടോ, പാട്ടു കേട്ടോ ഉപയോഗിക്കാവുന്നതാണ്. ഏതു പ്രായക്കാർക്കും ഈസിയായി ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കലോറി കുറയ്ക്കാനും, മസിലുകൾക്ക് കരുത്തുണ്ടാകാനും എലിപ്റ്റിക്കൽ മെഷീൻ ഉപയോഗിച്ചുള്ള വ്യായാമം സഹായിക്കും.

9. സ്റ്റെയർ മാസ്റ്റർ

fk10

സ്റ്റെയർ മാസ്റ്റർ എന്ന പേര് കേട്ട് എന്തോ വലിയ സംഭവമാണെന്നൊന്നും കരുതേണ്ട. സ്റ്റെപ്പുകൾ കയറിയിറങ്ങുക എന്നതാണ് വ്യായാമം. ഫ്ളാറ്റുകളിലും അപ്പാർട്ട്മെന്റുകളിലും താമസിക്കുന്നവർക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്. ഓഫിസിലേക്ക് ലിഫ്റ്റ് വേണ്ടെന്നു വച്ചാൽ രാവിലെ ചെയ്യാവുന്ന ഉഗ്രൻ വ്യായാമമാണ് സ്റ്റെയർ മാസ്റ്റർ.

10. ബാറ്റിൽ റോപ്പ്‌സ്

fk4

ബാഹുബലി സ്റ്റൈലിൽ രണ്ടു വലിയ കയറുകൾ ശക്തിയായി മുകളിലേക്കും താഴേക്കും ചലിപ്പിക്കുന്നതാണ് ബാറ്റിൽ റോപ്പ്‌സ്. ഹൃദയമിടിപ്പ് പെട്ടെന്നാക്കുന്ന ഈ വ്യായാമം മികച്ച കാർഡിയോ എക്സർസൈസ് കൂടിയാണ്. സാധാരണ ജിമ്മുകളിൽ റോപ്പുകൾ ഉണ്ടാകും. ജിമ്മിൽ പോകാൻ സമയമില്ലാത്തവർക്ക് ഇത് വീട്ടിലും എളുപ്പത്തിൽ സെറ്റ് ചെയ്യാം.