Wednesday 04 May 2022 12:57 PM IST : By സ്വന്തം ലേഖകൻ

പത്തു വർഷം മു‍ൻപ് ഷവർമ കഴിച്ച് യുവാവ് മരിച്ച സംഭവം വീണ്ടും ചർച്ചയാകുന്നു; മകനെ നഷ്ടപ്പെട്ട ദമ്പതികള്‍ ഇന്നും നീതിക്കായി പോരാടുന്നു

sachin-mathew3345

ഷവർമ കഴിച്ച് മരണം വീണ്ടും ചർച്ചയാകുമ്പോൾ 10 വർഷം മു‍ൻപ് ഇതേ കാരണത്താൽ മകനെ നഷ്ടപ്പെട്ട ദമ്പതികൾ ഇന്നും നീതിക്കായി പോരാടുകയാണ്. 2012 ജൂലൈ 10ന് വീയപുരം മേൽപ്പാടം ആറ്റുമാലിൽ ഭവനിൽ റോയി മാത്യുവിന്റെയും സിസിയുടെയും മകൻ സച്ചിൻ മാത്യു റോയി (21) യുടെ മരണത്തോടെയാണ് മലയാളികളുടെ മനസ്സിൽ ഷവർമ വില്ലനായത്. സച്ചിന്റെ മരണത്തിൽ കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടിയെടുത്തെങ്കിൽ ഒരുപക്ഷേ, ഇപ്പോൾ ഒരു വിദ്യാർഥിനി മരിക്കില്ലായിരുന്നെന്ന് റോയി മാത്യുവും സിസിയും  പറയുന്നു.

സച്ചിന്റെ മരണവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അറിയാൻ മാതാപിതാക്കൾ ഇന്നും ഹൈക്കോടതിയിൽനിന്നു നീതി തേടുകയാണ്. ക്രൈംബ്രാഞ്ച് വരെ അന്വേഷിച്ചിട്ടും മരണവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ അവ്യക്തതയുണ്ടെന്ന് അവർ പറയുന്നു. ബെംഗളൂരുവിൽ ഹോസ്പിറ്റാലിറ്റി ആൻഡ് മാനേജ്മെന്റ് വിദ്യാർഥിയായിരുന്ന സച്ചിൻ കോളജിലേക്കുള്ള യാത്രയിലാണ് തിരുവനന്തപുരത്തു നിന്നു വാങ്ങിയ ഷവർമ കഴിച്ചതിനെ തുടർന്ന് മരിച്ചത്. വഴുതക്കാട്ടെ ഹോട്ടലിൽ നിന്നാണ് 3 ഷവർമ കഴിച്ചത്. ബെംഗളൂരുവിൽ എത്തിയപ്പോൾ വയറുവേദന കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ മരിച്ചു.

മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നു കാണിച്ച് തിരുവനന്തപുരം മ്യൂസിയം പൊലീസിലും മുഖ്യമന്ത്രിക്കും മാതാപിതാക്കൾ പരാതി നൽകിയിരുന്നു. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്നു ലഭിച്ച ഫൊറൻസിക് റിപ്പോർട്ടിൽ വ്യക്തതയില്ലായിരുന്നെന്ന് റോയിമാത്യുവും സിസിയും പറയുന്നു. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നു പറയുന്നുണ്ടെങ്കിലും മരണകാരണമായ വിഷം ഏതാണെന്നോ മരണം സംഭവിച്ചത് എത്ര മണിക്കാണെന്നോ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നില്ല.

ഇതേ തുടർന്നു വീണ്ടും ആന്തരികാവയവങ്ങളുടെ പരിശോധന നടത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അനുകൂല നടപടിയുണ്ടായില്ല. തുടർന്ന് ആഭ്യന്തര മന്ത്രിയെ കണ്ട് ആവശ്യപ്പെട്ട പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. എന്നിട്ടും ഫൊറൻസിക് റിപ്പോർട്ടിന്റെ കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല. 2016ൽ കേസ് മറ്റൊരു ഏജൻസി അന്വേഷിക്കണമെന്നു കാണിച്ച് ഹൈക്കോടതിൽ ഹർജി നൽകി. ഹൈക്കോടതിയിൽ നിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റോയി മാത്യുവും സിസിയും.

Tags:
  • Spotlight