വിരമിക്കലിനു കൃത്യം പ്രായം സർക്കാർ സർവീസിലേ ഉള്ളൂ. പഠനത്തിന്റെ കാര്യത്തിൽ ആഗ്രഹമാണ് പ്രധാനം. വയസ്സ് ഘടകമേയല്ല. 2018ൽ ഇറങ്ങിയ സർക്കാർ ഉത്തരവു പ്രകാരം ഡിഗ്രി കോഴ്സുകൾക്ക് ചേരാനുള്ള ഉയർന്ന പ്രായപരിധി നീക്കം ചെയ്തിരുന്നു. പഠനം എന്ന മോഹം ഉള്ളിലുള്ള നിരവധിപേർക്ക് ഈ ഉത്തരവ് ആശ്വാസമായി.
കൊച്ചുമക്കളുടെ പ്രായമുള്ള സഹപാഠികൾക്കൊപ്പം അവർ തകർത്തു പഠിക്കുകയാണ്. ആ ഉ ത്സാഹം കണ്ട് അധ്യാപകർ വിദ്യാർഥികളോടു പറയുന്നു. ‘ദേ, ഇവരാണ് ക്ലാസ്സിലെ മാസ്’. വിരമിക്കൽ പ്രായം കടന്നശേഷം വീണ്ടും പഠനത്തിനായി കലാലയത്തിലേക്കെത്തിയവരുടെ വിശേഷങ്ങൾ.
എറണാകുളം ഇലഞ്ഞി വിസാറ്റ് കോളജിലെ ഒ ന്നാം വർഷ ബികോം വിദ്യാർഥി പി. എം. തങ്കമ്മയ്ക്കു വയസ്സ് 74 ആണ്. വ്യത്യസ്ത ജീവിത സാഹചര്യങ്ങൾ ഉള്ളപ്പോഴും വീണ്ടും ക്യാംപസിലേക്ക് തങ്കമ്മ എത്തിയത് പഠിക്കണം എന്ന അടങ്ങാത്ത ആഗ്രഹം ഉള്ളിൽ പ്രകാശിക്കുന്നതുകൊണ്ടു മാത്രം.
ഒരു മധുരപ്രതികാരവും വലിയ പ്രോത്സാഹനവുമാണ് ഇലഞ്ഞി ആലപുരം സ്വദേശി തങ്കമ്മയെ 74ാം വയസ്സിൽ വിസാറ്റ് കോളജിലെത്തിച്ചത്.
‘‘തൊഴിലുറപ്പു പദ്ധതിയിൽ മേറ്റ് (ടീം ലീഡർ) ആകാനായി സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് പരീക്ഷ എഴുതിയ തങ്കമ്മ പാസായത് 72 ശതമാനം മാർക്കോടെ. അന്ന് കുടുംബശ്രീയിലെയും തൊഴിലുറപ്പിലെയും അംഗങ്ങൾ ആദരിച്ചു. പക്ഷേ, പ്രായപരിധി കടന്നതിനാൽ ടീം ലീഡ് ആകാൻ പറ്റിയില്ല. അതാണ് എല്ലാത്തിന്റെയും തുടക്കം.’’ ഇന്റേണൽ പരീക്ഷാച്ചൂടിനിടെ പി.എം. തങ്കമ്മ ആ മധുര പ്രതികാരത്തിന്റെ കഥ പറഞ്ഞു.
‘‘കുടുംബശ്രീ ലോൺ എടുക്കുന്നതിനായി പോയപ്പോൾ ക്ലാസ് എടുക്കാൻ വന്ന മാഡം എന്റെ പ്രായത്തെ അധിക്ഷേപിച്ച് ഒരു ചോദ്യം. ഈ പ്രായത്തിൽ കൊച്ചിനെ നോക്കിയിരുന്നാൽ പോരെ എന്നായിരുന്നു അവരുടെ മനോഭാവം. ആ പ്രതികരണം എന്തുകൊണ്ടോ മനസ്സിൽ കിടന്നു. അതെന്താ പ്രായമായവർ കൊച്ചുങ്ങളെയും
നോക്കി ഇരിക്കുകയാണോ വേണ്ടത്?
അങ്ങനെയിരിക്കെയാണ് ഫയർ ഫോഴ്സിന്റെ സന്നദ്ധ സേനയിൽ അംഗമാകാനുള്ള. അവസരത്തെക്കുറിച്ചറിയുന്നത്. പ്രാഥമിക ശുശ്രൂഷയിൽ ആദ്യ പരിശീലനം പൂർത്തിയാക്കി. തൃശൂർ പൊലീസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ എനിക്ക് ആദ്യ സർട്ടിഫിക്കറ്റ് നൽകുകയും പൊന്നാട അണിയിക്കുകയും ചെയ്തു. പഠനത്തോടു തോന്നിയ താൽപര്യംകൊണ്ടു ഞാൻ പ്ലസ് ടുവിന് ചേർന്നു. 78 ശതമാനം മാർക്കോടെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിജയിച്ചു. ഒരു ആദരിക്കൽ ചടങ്ങിനിടെ മുന്നോട്ടു പഠിച്ചുകൂടെ എന്നൊരാൾ ചോദിച്ചു. പഠിപ്പിക്കാൻ ആളുണ്ടേൽ പഠിക്കാമെന്നു ഞാനും പറഞ്ഞു. പഠിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും എന്റെ പ്രാരാബ്ധങ്ങൾ ഒഴിയണമെങ്കിൽ ഞാൻ കൂലിപ്പണിക്കു പോയേ മതിയാകൂ. അതവിടെ കഴിഞ്ഞെന്നു കരുതിയെങ്കിലും വിസാറ്റ് ഗ്രൂപ് ചെയർമാൻ രാജു കുര്യൻ സാറും അധികൃതരും പഠിപ്പിക്കാൻ തയാറായി. കോളജ് ഫീസും ബസ് ഫീസുമെല്ലാം ഒഴിവാക്കി.
രക്ഷാകർത്താവ് മകൻ, ഒപ്പ്
മക്കൾ ബാബുവും ലീനയും പൂർണ പിന്തുണ പ്രഖ്യാപിച്ചതോടെ എനിക്കു ധൈര്യമായി. കോളജിൽ എന്റെ രക്ഷാകർത്താവ് മകനാണ്. അവൻ പേപ്പറുകൾ ഒപ്പിട്ടപ്പോൾ പ ണ്ട് അവനെ സ്കൂളിൽ ചേർക്കാൻ പോയതാണ് എനിക്ക് ഓർമ വന്നത്. എന്റെ കൂടെ പഠിക്കുന്ന പിള്ളേർക്കൊക്കെ എന്റെ കൊച്ചുമക്കളുടെ പ്രായമേയുള്ളൂ. കോളജിലെത്തിക്കഴിഞ്ഞാൽ പിന്നെ, എല്ലാ വിഷമങ്ങളും മറക്കും. അമ്മച്ചീ, തങ്കൂസേ എന്നൊക്കെ വിളിച്ച് അവരെന്നെ കൊണ്ടുനടന്നോളും.
ഏഴാം ക്ലാസ്സിൽ പഠനം നിർത്തിയതോടെ എല്ലാം കഴിഞ്ഞു എന്നാണു ഞാൻ ചിന്തിച്ചിരുന്നത്. ഇത്രയൊക്കെ പ ഠിക്കാൻ സാധിക്കുന്നതു ദൈവാനുഗ്രഹമാണ്. കോളജ് പഠനമൊക്കെ എന്തു രസവാ. ഓണപ്പരിപാടി സൂപ്പറായിരുന്നു. വൈകിട്ടു വീട്ടിലെത്തി അത്യാവശ്യം ജോലികളൊക്കെ കഴിഞ്ഞാൽ പിന്നെ, പഠിക്കും. സീരിയൽ കാണുന്നതിനു വേണ്ടിയാണു ഞാൻ സ്മാർട്ട് ഫോൺ വാങ്ങിയത്. ഇപ്പോൾ എന്തായാലും പഠനത്തിനും ഉപകാരപ്പെട്ടു. വാട്സാപ്പിൽ നോട്ട് വന്നാലുടന്‍ മകൻ അതു പ്രിന്റ് എടുത്തു തരും. പഠിച്ചില്ലേലും പരീക്ഷയിൽ മാർക്ക് കുറഞ്ഞാലുമൊക്കെ മകൻ വഴക്കു പറയും. നന്നായി പഠിക്കണം. പഠിപ്പിക്കുന്നവരോടൊക്കെ ഉത്തരവാദിത്തം കാണിക്കണമല്ലോ. ബി കോം പാസാകുവാണേൽ എംകോം പഠിക്കണം എന്നാണ് ആഗ്രഹം.’’ പരീക്ഷാ ഹാളിൽ പ്രവേശിക്കാനുള്ള ബെല്ലടിച്ചതും തങ്കമ്മ ക്ലാസിലേക്ക് ഓടി. റോൾ നമ്പർ നോക്കി സീറ്റ് കണ്ടുപിടിച്ചു.
‘‘എല്ലാം പഠിച്ചോ?’’ പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ കോളജ് പിആർഒ ഷാജി അഗസ്റ്റിൻ കുശലം ചോദിച്ചു. ഒട്ടും വൈകിയില്ല ചുറ്റും നിന്ന അധ്യാപകരെയും വിദ്യാർഥികളെയും പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് തങ്കൂസിന്റെ തഗ് മറുപടി എത്തി. ‘‘അതൊക്കെ റെഡിയാ സാറേ... ഫിനാൻസ് പരീക്ഷയാ. കുടുംബശ്രീ ലോണൊക്കെ എടുക്കുന്നതു കൊണ്ടു സംഗതി ഈസിയാ...’’
അഞ്ജലി അനിൽകുമാർ
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ