Tuesday 18 March 2025 09:55 AM IST : By സ്വന്തം ലേഖകൻ

ടൂത്ത് പേസ്റ്റെന്ന് കരുതി അബദ്ധത്തിൽ എലിവിഷം വായിലാക്കി; ചികിത്സക്കിടെ മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

baby-rose

ടൂത്ത് പേസ്റ്റെന്ന് കരുതി അബദ്ധത്തിൽ എലിവിഷം വായിലാക്കിയ മൂന്നു വയസ്സുകാരി മരിച്ചു. പാലക്കാട് അഗളി ജെല്ലിപ്പാറ മുണ്ടന്താനത്ത് ലിതിന്റെയും ജോമരിയയുടെയും മകൾ നേഹ റോസ് ആണു മരിച്ചത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഫെബ്രുവരി 21ന് വീട് പെയിന്റിങ്ങിനു വേണ്ടി വീട്ടുസാധനങ്ങൾ മാറ്റിയിട്ടതിൽ നിന്നാണ് കുട്ടിക്ക് എലിവിഷം നിറഞ്ഞ ട്യൂബ് കിട്ടിയത്. 

കുട്ടി വിഷം വായിലാക്കിയെന്ന് മനസ്സിലായ ഉടൻ രക്ഷിതാക്കൾ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലും തിരുവനന്തപുരം ശ്രീചിത്രയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ജെല്ലിപ്പാറ സെന്റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കാര ചടങ്ങുകള്‍ നടന്നു. 

Tags:
  • Spotlight