പനി ബാധിച്ചാണ് പ്രവാസി മലയാളിയും തൃശൂർ സ്വദേശിയുമായ സുരേഷ് കുമാര്‍ ദുബായിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നാലെ ന്യൂമോണിയ സ്ഥിരീകരിച്ചു. അസുഖം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടര്‍ന്ന സുരേഷ് കുമാര്‍ കഴിഞ്ഞ ഏപ്രിൽ 22 നാണ് മരിച്ചത്.
സുരേഷ് കുമാര്‍ മരിക്കുമ്പോള്‍ ചികില്‍സയുടെ ഭാഗമായി ബിൽ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി ഉണ്ടായിരുന്നു. ഇതോടെ സുരേഷ് കുമാറിന്റെ മൃതദേഹം എങ്ങനെ നാട്ടിലെത്തിക്കും എന്ന ആശങ്കയായി. എന്നാല്‍ പണം അടക്കാതെ തന്നെ ആശുപത്രി മൃതദേഹം വിട്ടു നൽകാൻ തയാറാകുകയായിരുന്നു.
ആശുപത്രി തന്നെ തങ്ങളുടെ ചാരിറ്റി ഫണ്ടിൽ നിന്ന് തുകയെടുത്താണ് വേണ്ട നടപടികള്‍ സ്വീകരിച്ചതും സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കിയതും. സൗദി ജെർമൻ ആശുപത്രിയിൽ നിന്നും എംബാമിനായി മൃതദേഹം മാറ്റിയിരിക്കുകയാണ്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.