Tuesday 18 February 2020 06:30 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞുങ്ങളുടെ മരണത്തിൽ ദുരൂഹതകളില്ലെന്ന് ആവർത്തിച്ച് കുടുംബം; ഒരു കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു; വിഡിയോ

tirur

മലപ്പുറം തിരൂർ ചെമ്പ്ര പരന്നേക്കാട്ട് 9 വർഷത്തിനിടെ ഒരു വീട്ടിലെ 6 കുട്ടികൾ മരിച്ച സംഭവത്തിൽ മാതാപിതാക്കളുടെ പുതിയ വെളിപ്പെടുത്തൽ. മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നുവെന്ന് കുടുംബം. ദുരൂഹമായി ഒന്നും കണ്ടെത്തിയില്ല. ആദ്യത്തെ കുട്ടികള്‍ മരിച്ചപ്പോള്‍ പലവിധ പരിശോധനയും നടന്നിരുന്നു. പൊലീസ് അന്വേഷണം നടത്തട്ടെ, ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ തീരട്ടെയെന്നും കുടുംബം പ്രതികരിച്ചു.

റഫീഖ് – സബ്ന ദമ്പതികളുടെ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. 93 ദിവസം പ്രായമുളള ഇളയകുട്ടി മരിച്ചത് ഇന്നാണ്. അഞ്ചു കുട്ടികളും മരിച്ചത് ഒരു വയസിന് താഴെ പ്രായമുള്ളപ്പോഴാണ്. ഒരു കുട്ടി നാലര വയസുള്ളപ്പോഴും.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു. മൃതദേഹം അടക്കം ചെയ്യാൻ ധൃതി കാട്ടിയത് ചൂണ്ടിക്കാട്ടി നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ബന്ധുവിന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ഇന്നു മരിച്ച 3 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയയ്ക്കാൻ അനുമതി തേടിയിട്ടുണ്ട്. 8 മാസം, 2 മാസം, 40 ദിവസം, നാലര വയസ്, 3 മാസം, 3 മാസം എന്നിങ്ങനെയാണ് മരിക്കുമ്പോൾ കുട്ടികളുടെ പ്രായം. ദമ്പതികൾക്ക് മറ്റു കുട്ടികളിലില്ലെന്നും പൊലീസ് അറിയിച്ചു.