Wednesday 02 December 2020 11:35 AM IST : By സ്വന്തം ലേഖകൻ

‘എന്റെ കുഞ്ഞുങ്ങൾക്കൊപ്പം ജീവിച്ചു തുടങ്ങിയതേ ഉള്ളൂ, അതിനിടെ കരിനിഴൽ പോലെ കാൻസർ’; നെഞ്ചുനീറ്റി ഈ അച്ഛൻ; കുറിപ്പ്

tony-single-pare

പലവിധ ചലഞ്ചുകൾക്ക് സാക്ഷ്യം വഹിച്ച സോഷ്യൽ മീ‍ഡിയ ഇപ്പോൾ ‘സിംഗിൾ പാരന്റിന്റെ’ കഷ്ടപ്പാടിന്റേയും വേദനകളുടേയും കഥ അടയാളപ്പെടുത്തുകയാണ്. സിംഗിൾ പാരന്റ് ചാലഞ്ച് എന്ന ഹാഷ്ടാഗ് പങ്കുവയ്ക്കുന്നത് മക്കളെ ഒറ്റയ്ക്ക് വളർത്തേണ്ടി വന്ന അച്ഛന്റെയോ അമ്മയുടെയോ കഥകളാണ്. കാൻസറിന്റെ യാതനകളും പേറി അമ്മയില്ലാത്ത മക്കളെ ഒറ്റയ്ക്ക് വളർത്തിയ കഥ പറയുകയാണ് ടോണി മാത്യു. വേദനകൾക്കിടയിലും മക്കൾക്കായി കരുതി വച്ച സ്വപ്നങ്ങളെ കുറിച്ചാണ് ടോണി  മാത്യു എന്ന അച്ഛൻ വാചാലനാകുന്നത്. ഫെയ്സ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ദി മലയാളി ക്ലബിലൂടെയാണ് തന്റെ അതിജീവന കഥ ടോണി പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

#singleparent challenge

#singleparent... challenge ആണോ #cancer challenge ആണോ എന്ന് എനിക്ക് അറിയില്ല...

എന്റെ മക്കൾക്കു എന്നും ഞാൻ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നു കഴിഞ്ഞ ഒക്ടോബർ അഞ്ച് വരെ. അവിടെയും എന്നെ തോൽപിച്ചു കൊണ്ട് ബയോപ്സി റിസൾട്ട്‌ വന്നു . ഒക്ടോബർ 30 ന് സർജറി കഴിഞ്ഞു ..പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വീണ്ടും പ്രതീക്ഷ..മക്കളോടൊപ്പം ഇനിയുള്ള നാളുകൾ ...അച്ഛനും അമ്മയുമായി ഞാൻ തന്നെ ജീവിക്കുന്ന കുറെ സുന്ദര നിമിഷങ്ങൾ... ഡിസംബർ ഒന്നിന് വീണ്ടും ജീവിതത്തിൽ കരിനിഴൽ വീണു ...ഇനി അങ്ങോട്ട് കുറെ കീമോകളും റേഡിയേഷനും പിന്നെ ട്രീറ്റ്മെന്റും ...ഇതിനിടയ്ക്ക് എന്റെ മക്കളുമായി ഞാൻ കണ്ട നല്ല നാളുകൾ എനിക്ക് ജീവിച്ചു തീർക്കാൻ ഭാഗ്യം ഉണ്ടാകുമോ എന്ന് അറിയില്ല . ആരോടും വെറുപ്പില്ല ..

ഞാൻ ഒരു ബാധ്യത ആണെന്ന് കരുതി ഉപേക്ഷിച്ചു പോയവർ സന്തോഷത്തോടെ ജീവിതം ആസ്വദിക്കട്ടെ ! ഞാനും കുട്ടികളും അടങ്ങുന്ന ചെറിയ ലോകത്തിലേയ്ക്ക്, കൊച്ചിയിലെ നഗര ജീവിതം കണ്ട് മയങ്ങി നിൽക്കുന്നവർ എങ്ങനെ വെറും ഒരു സാധാരണ സ്കൂൾ മാഷായ,കൊച്ചു ഗ്രാമത്തിലെ ഈ കാൻസർ രോഗിയോടൊപ്പം ജീവിക്കും ? എനിക്ക് ഇനി എത്ര കാലമെന്നു അറിയില്ല.എന്റെ മക്കളുടെ വളർച്ചയിൽ അത് കണ്ട് ആസ്വദിച്ചു കൂടെ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു ഒരുപാട് ഒന്നും വേണ്ട ...അവർ ജീവിതത്തിന്റെ പാതി വഴി പിന്നിടുന്നത് വരെയെങ്കിലും !! എന്തായാലും ജീവിക്കണം.

നല്ല ഭംഗിയായി ..ഒരു കൊച്ചു വീട് വേണം ..ഭിത്തിയിൽ നിറയെ എന്റെ മക്കളുടെ ഫോട്ടോകൾ ഉള്ള ഒരു വീട് ..യാത്രകളുടെ , സന്തോഷ നിമിഷങ്ങളുടെ , വളർച്ചയുടെ നിഴൽ വീണ ചിത്രങ്ങൾ .പിന്നെ ഒരുപാട് യാത്രകൾ പോകണം ...എന്റെ കുഞ്ഞുങ്ങളെ ലോകം കാണിക്കണം ...രണ്ട് പേരുടെയും കൈ പിടിച്ചു കൊണ്ട് ഹിമാലയത്തിലെ മഞ്ഞിൽ കളിക്കണം ...കാടും മേടും കയറണം ...അങ്ങനെ കുറെ സ്വപ്നങ്ങൾ ബാക്കി വെച്ച് കൊണ്ട് റേഡിയേഷനും കീമോയും ആരംഭിക്കുന്നു ...