Wednesday 16 January 2019 12:16 PM IST : By സ്വന്തം ലേഖകൻ

വിരൽതുമ്പ് ഒന്നനക്കൂ, അതിലൊരു ജീവനുണ്ട്! റോഡുയാത്രകളിൽ പാലിക്കേണ്ട മര്യാദകളെ കുറിച്ച് സഞ്ചാരിയുടെ കുറിപ്പ്!

jishin-josho9075

കേരളത്തിൽ റോഡപകടങ്ങൾ തുടർക്കഥയാകുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ കണ്ണൂർ സ്വദേശിയായ സഞ്ചാരിയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. വിരൽതുമ്പ് ഒന്നനക്കൂ, അതിലൊരു ജീവനുണ്ടെന്നു പറഞ്ഞുതുടങ്ങുന്ന കുറിപ്പിൽ രാത്രികാല അപകടങ്ങളെക്കുറിച്ചാണ് പ്രധാനമായും പറയുന്നത്.

ജിതിൻ ജോഷി എഴുതിയ കുറിപ്പ് വായിക്കാം; 

'#വിരൽതുമ്പ് ഒന്നനക്കൂ.. #അതിലൊരു ജീവനുണ്ട്..

ഒരു "ടിക്-ടിക്" ശബ്ദത്തിനു ജീവന്റെ വില വരുന്നത് എപ്പോളെങ്കിലും കണ്ടിട്ടുണ്ടോ..?? കേരളത്തിലെ റോഡുകളിലൂടെ ഒരു വട്ടം രാത്രിയാത്ര ചെയ്‌താൽ കാര്യം മനസിലാകും.. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂർ മുതൽ പാലക്കാട്‌ വരെ പലവട്ടം യാത്ര ചെയ്യാനിടയായി.. കാറും ബൈക്കും മാറിമാറി ഉപയോഗിച്ചുള്ള യാത്രയിൽ രാത്രി സമയം ആണ് കൂടുതലായും യാത്ര ചെയ്യാൻ ഉപയോഗിച്ചത്.. ഈ യാത്രയിൽ നിന്നും ലഭിച്ച അനുഭവങ്ങളുടെ വെളിച്ചത്തിൽ ചില കാര്യങ്ങൾ കുറിച്ചുകൊള്ളട്ടെ..

നാമെല്ലാം വളരെ നിസാരമായി, പലപ്പോളും കാണാതെ പോകുന്ന ഒരു സ്വിച്ചുണ്ട് വാഹനങ്ങളിൽ.. ഹെഡ്ലൈറ്റ് ഡിം & ബ്രൈറ്റ് ആക്കാനുള്ള സ്വിച്ച്.. സത്യത്തിൽ അത് കേവലം ഒരു സ്വിച് മാത്രമല്ല.. മറിച്ചു "അവസരമാണ്".. അതേ.. ഒരുപാട് പേർക്ക് ജീവിക്കാനുള്ള അവസരം..

കേരളത്തിലെ റോഡുകളുടെ സ്വഭാവം വച്ചു നാലുവരിപ്പാതകൾ വളരെ കുറവാണ്.. നാലുവരിപ്പാതകൾ ഉണ്ടെങ്കിലും മധ്യഭാഗത്ത് ചെടികൾ നട്ടുപിടിപ്പിച്ചവ അപൂർവം മാത്രം.. കൂടുതൽ റോഡുകളും വെറും ലൈൻ ഇട്ടുമാത്രം രണ്ടു ഭാഗമായി വേർതിരിച്ചവയാണ്.. രാത്രി സമയത്ത് ഈ വഴികളിലൂടെ ഒരുവട്ടം യാത്ര ചെയ്‌താൽ മനസിലാകും എത്ര ബുദ്ധിമുട്ടിയാണ് ചെറുവാഹനങ്ങളിലെ ഡ്രൈവർമാർ വണ്ടി ഓടിക്കുന്നത് എന്ന്..

ഓരോ വളവും മരണക്കെണിയാണ്.. എവിടെയാണ് കുഴി എന്നറിയില്ല.. കൂടെ എതിരെവരുന്ന വാഹനത്തിന്റെ കണ്ണിലേക്കു തുളച്ചുകയറുന്ന തൂവെള്ള വെളിച്ചവും കൂടി കൈചേർക്കുമ്പോൾ കാര്യങ്ങൾക്കൊക്കെ ഏകദേശം തീരുമാനം ആവും.. പലവട്ടം വണ്ടി നിർത്തി.. ചിലപ്പോളൊക്കെ സ്വന്തം ഹെഡ്‍ലൈറ്റ് പൂർണ്ണമായും ഓഫ്‌ ചെയ്യേണ്ടിവന്നു.. പലപ്പോഴും എതിരെ വന്ന വാഹനത്തിന്റെ തീവ്രപ്രകാശം കാരണം റോഡ് കാണാൻ സാധിക്കാതെ വന്നു.. സെക്കന്റുകളുടെ വ്യത്യാസങ്ങളിൽ ജീവിതത്തിലേക്കു തിരികെവന്ന നിമിഷങ്ങൾ..

സ്വന്തം കുടുംബത്തോടൊപ്പം അല്ലെങ്കിൽ കൂട്ടുകാരോടൊപ്പം റോഡ് മുഴുവൻ വെളിച്ചം വിതറി ആക്‌സിലേറ്ററിൽ കാലമർത്തി ചവിട്ടുമ്പോൾ എതിരെ വരുന്ന കൊച്ചുവാഹനങ്ങളെ ശ്രദ്ധിക്കാൻ ആർക്കാണ് സമയം അല്ലെ..?? പക്ഷേ നിങ്ങളുടെ വെളിച്ചത്തിന്റെ തീവ്രതയിൽ നിങ്ങൾ കാണാതെ പോയ ആ വണ്ടി ചിലപ്പോൾ നേരെ ചെന്നുവീഴുന്നത് വലിയ ഒരു കുഴിയിലേക്കാവാം.. അച്ഛന്റെയും അമ്മയുടെയും നടുവിൽ ഇരുന്ന കുഞ്ഞുവാവ ഒരുപക്ഷെ ബൈക്കിൽ നിന്നും തെറിച്ചുപോയിട്ടുണ്ടാവാം.. അപ്പോളും നിങ്ങൾ അതൊന്നും അറിയാതെ ശ്രദ്ധിക്കാതെ ഗിയർ മാറ്റുന്ന തിരക്കിലാവും..

ശരിക്കും റോഡിലെ ഒരു വലിയ പ്രശ്നം തന്നെയാണിത്.. കാർ മാത്രമല്ല വലിയ വെളിച്ചം ഘടിപ്പിച്ച ബൈക്കുകാരും ഇതൊക്കെ തന്നെയാണ് ചെയ്യാറുള്ളത്.. എന്നാൽ രസകരമായി തോന്നിയത് നാമെല്ലാം പുച്ഛത്തോടെ കാണുന്ന ലോറി ഡ്രൈവർമാർ മിക്കപ്പോഴും എതിരെ ഒരു വാഹനം വന്നാൽ ലൈറ്റ് ഡിം ആക്കി തരുന്നു എന്നതാണ്. "വിദ്യാഭാസം ഇല്ലാത്ത വർഗ്ഗങ്ങൾ" എന്ന ഒരു ലേബലിൽ പൊതുവെ അറിയപ്പെടുന്ന ഇവർക്കാണ് റോഡിൽ ഏറ്റവും നല്ല മനസുള്ളത്..

പ്രൈവറ്റ് വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് അവരുടെ വണ്ടിയിൽ അങ്ങനെ ഒരു സ്വിച്ച് ഉണ്ട് എന്ന കാര്യം അറിയാമോ എന്നുപോലും സംശയമാണ്.. അതുപോലെ തന്നെ പിക് അപ്പ്‌ പോലുള്ള ചെറിയ ഭാരവാഹനങ്ങൾ. അവരും തീരെ മനസാക്ഷി ഇല്ലാത്തവർ ആണെന്ന് ഞാൻ പറയും..

എന്നാണിനി നമ്മുടെ നാട്ടിൽ റോഡ് മര്യാദകൾ പാലിക്കുക..?? വെറുതെ ഒരു '8' അല്ലെങ്കിൽ 'H' എടുത്തു തീർക്കാൻ ഉള്ളതല്ല നമ്മുടെ ഡ്രൈവിംഗ് വിദ്യാഭ്യാസം.. ഒരുപാട് ജീവനുകളും ജീവിതങ്ങളും സമന്വയിക്കുന്ന ഒരു വേദിയാണ് റോഡുകൾ.. അതിൽ ഓരോ ജീവനും നമ്മുടെ കൂടി ഉത്തരവാദിത്തം ആണ്.. തിരക്കിട്ട പാച്ചിലിനിടയിൽ ഒരേ ഒരു സെക്കന്റ്‌.. അതുമതി ഒരു ജീവൻ രക്ഷിക്കാൻ.. ചണ്ഡീഗഡ് സിറ്റിയിൽ ബ്രൈറ്റ് ലൈറ്റ് ഇട്ടുപോയാൽ ഉടനെ പിഴയാണ്.. സിറ്റിയിൽ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിയമം ഉണ്ടെങ്കിലും ഇവിടെ മാത്രമേ അത് പ്രയോഗത്തിൽ കണ്ടിട്ടുള്ളു..

ഇക്കാര്യത്തിൽ പക്ഷേ ഒരു നിയമം അല്ല വേണ്ടത്.. മറിച്ചു മര്യാദയും മനസാക്ഷിയുമാണ്.. "എന്റെ കുടുംബം പോലൊരു കുടുംബം എതിരെ വരുന്ന വണ്ടിയിലും ഉണ്ട്.. " എന്ന് കരുതിയാവട്ടെ നമ്മുടെ ഓരോ യാത്രയും.. നമ്മുടെ വാഹനത്തിൽ നിന്നും പുറപ്പെടുന്ന വെളിച്ചം മരണത്തിലേക്കാവാതെ ജീവിതത്തിലേക്കാവട്ടെ..

jishin-joshy