മധുരയിൽ നിന്നു രണ്ടുപേർക്ക് ഐഎഎസ്. 2015 ലെ ആ പത്രവാർത്തയിലൂടെയാണു വി. വിഘ്നേശ്വരിയും എൻ. എസ്. കെ. ഉമേഷും ആദ്യമായി കണ്ടത്. മസൂറിയിലെ സിവിൽ സർവീസ് അക്കാഡമിയിൽ ട്രെയ്നിങ് തുടങ്ങി ദിവസങ്ങൾക്കകം ഉമേഷ് വിഘ്നേശ്വരിയോടു പ്രണയം പറഞ്ഞു. ‘ഫോണെടുക്കൂ, അമ്മയെ വിളിക്കാം. അവർ സമ്മതിച്ചാൽ പ്രണയിക്കാം.’ എന്നായിരുന്നു മറുപടി.
വീട്ടുകാരുടെ ‘അനുവാദത്തോടെ’ രണ്ടുവർഷം പ്രണയിച്ച ഇരുവരും കോഴിക്കോടും വയനാടും സബ്കലക്ടർമാരായി ചുമതലയേറ്റ പിറകേ വിവാഹിതരായി. അന്നും ഇന്നും അയൽജില്ലകളിലാണു വിഘ്നേശ്വരിയും ഉമേഷും. കോട്ടയത്തെ ചുമതലയൊഴിഞ്ഞ് ഇടുക്കി കലക്ടറായി വി. വിഘ്നേശ്വരി ഐഎഎസ് പദവിയേറ്റെടുക്കുന്ന ദിവസമാണ് ഇരുവരെയും കണ്ടത്. ഭാര്യയ്ക്ക് ആശംസകളുമായി തിരക്കുകൾക്ക് അവധി പ്രഖ്യാപിച്ച് എറണാകുളം ജില്ലാ കലക്ടറായ എൻ.എസ്.കെ. ഉമേഷ് ഐഎഎസും വന്നു.
മധുരക്കാരായിട്ടും പരിചയം ഒട്ടുമില്ലായിരുന്നോ ?
ഉമേഷ്: മധുരയിലാണു വീടെങ്കിലും പലയിടങ്ങളിലാണു പഠിച്ചതും വളർന്നതും. അച്ഛൻ കേശവന് ഇ ന്ത്യൻ ബാങ്കിലും അമ്മ ഭാനുമതിക്കു സിൻഡിക്കേറ്റ് ബാങ്കിലുമായിരുന്നു ജോലി. ധർമപുരിയിലെ പാലക്കോടാണ് എട്ടു വയസ്സു വരെ പഠിച്ചത്. പിന്നെ പ്ലസ്ടു വരെ സേലത്ത്. എൻജിനീയറിങ്ങിനു കോയമ്പത്തൂർ പിഎസ്ജി കോളജിൽ. അവർ റിട്ടയർ ചെയ്ത ശേഷമാണു മധുരയിൽ മടങ്ങിയെത്തിയത്.
400 വർഷം മുൻപു ഗുജറാത്തിൽ നിന്നു തിരുമലൈ നായ്ക്കരുടെ കൊട്ടാരത്തിലേക്കു പട്ടുവസ്ത്രങ്ങൾ നെയ്യാനായി വന്നവരാണ് എന്റെ പൂർവികർ. സൗരാഷ്ട്ര ആണു മാതൃഭാഷ. വീട്ടിൽ സംസാരം ആ ഭാഷ യിലാണ്, അതു വിഘ്നേശ്വരിക്കു മനസ്സിലാകില്ല.
വിഘ്നേശ്വരി: അച്ഛൻ വെള്ളൈച്ചാമിയും അമ്മ ശാന്തിയും ചേർന്നു മധുരയിൽ പ്രൈമറി സ്കൂൾ നടത്തിയിരുന്നു, ലോട്ടസ് വിദ്യാലയ. അമ്മയാണു പ്രിൻസിപ്പൽ, അച്ഛൻ അഡ്മിനിസ്ട്രേറ്ററും. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണു സ്കൂൾ തുടങ്ങിയത്. അതുകൊണ്ടു സ്വന്തം സ്കൂളിൽ പഠിക്കാൻ പറ്റിയില്ല. ത്യാഗരാജ കോളജിൽ നിന്ന് എൻജിനീയറിങ് കഴിഞ്ഞു ക്യാംപസ് സെലക്‌ഷനിലൂടെ ചെന്നൈ ടിസിഎസിൽ ജോലി കിട്ടിയപ്പോഴാണു മധുര വിട്ട് ആദ്യമായി മാറിനിൽക്കുന്നതു തന്നെ.
സിവിൽ സർവീസ് മോഹം വന്നതെങ്ങനെ?
വിഘ്നേശ്വരി: രണ്ടു സംഭവങ്ങളാണ് ആ മോഹത്തിനു പിന്നിൽ. അപ്പൂപ്പൻ രാജമാണിക്യം മലേഷ്യയിൽ ബിസിനസ് ചെയ്യുകയായിരുന്നു. അപ്പൂപ്പൻ നാട്ടിൽ വന്ന സമയം. ഞങ്ങൾ സ്കൂട്ടറിൽ പോകുമ്പോൾ പെട്ടെന്നു റോഡിൽ തടഞ്ഞു. അപ്പൂപ്പന്റെ പിന്നിലിരുന്ന് എത്തിവലിഞ്ഞു നോക്കുമ്പോൾ ഹൈക്കോടതി ജഡ്ജിയുടെ ബീക്കൺ ലൈറ്റു പിടിപ്പിച്ച വാഹനം ട്രാഫിക് പൊലീസ് കടത്തിവിടുന്നു. സൈറൺ വച്ച വണ്ടിയുടെ പവർ കണ്ടാണ് ആദ്യമായി പദവിയുള്ള ജോലിയോടു മോഹം തോന്നിയത്. അന്നു ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നേയുള്ളൂ.
ആയിടയ്ക്കു മറ്റൊരു സംഭവവുമുണ്ടായി. സ്വത്തു ഭാഗം വയ്ക്കുന്നതിനിടെ ബന്ധുക്കൾ ഒരു വാദം ഉന്നയിച്ചു, പെൺമക്കൾ മാത്രമുള്ള അച്ഛനു കുറച്ചു സ്വത്തു കൊടുത്താൽ മതി. പെൺമക്കൾ വിവാഹം ചെയ്തു പോകും, ആൺമക്കൾ സ്വത്തു നോക്കിനടത്തുമത്രേ. മാറ്റിനിർത്തിയ ഇടത്ത് അതേ പെൺമക്കളുടെ പേരിൽ അച്ഛനും അമ്മയും അഭിമാനിക്കണമെന്ന് അന്നു തീരുമാനിച്ചു. ആ പരിശ്രമത്തിന്റെ ഫലമായാണ് ഐഎഎസ്. ചേച്ചി ഭുവനേശ്വരി എംഡി ഡോക്ടറാണ്.
ഉമേഷ്: കോയമ്പത്തൂരിലെ പിഎസ്ജി കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് പഠിക്കുന്ന കാലം. മൂന്നാം വർഷം കോളജ് യൂണിയൻ ചെയർമാനായി. ആയിടയ്ക്കാണു സീനിയറായ അരുൺ കുമാറിന്റെ മുറിയിൽ ഹിസ്റ്ററി, ജ്യോഗ്രഫി പുസ്തകങ്ങൾ കണ്ടത്. സിവിൽ സർവീസിലെ ഓപ്ഷനൽ വിഷയങ്ങൾ ആണത്രേ. അങ്ങനെ ഞാനും ഐഎഎസ് സ്വപ്നം കണ്ടു.
വിഘ്നേശ്വരി: ഐടി ജോലിയിൽ ട്രെയ്നിങ് കഴിഞ്ഞു ബെഞ്ച് പീരിയഡുണ്ട്. ജോലിയൊന്നുമില്ല, എല്ലാ ദിവസവും പോകുകയും വേണം. അങ്ങനെ ബിപിൻ ചന്ദ്രപാലിന്റെ ഇന്ത്യാസ് സ്ട്രഗിൾ ഫോർ ഇൻഡിപെൻഡൻസ് എന്ന പുസ്തകം വായിക്കാൻ തുടങ്ങി.
ആ വട്ടം സിവിൽ സർവീസ് പരീക്ഷയെഴുതിയെങ്കിലും പ്രിലിമിനറി പോലും പാസ്സായില്ല. പിന്നെ ജോലി രാജി വച്ചു കോച്ചിങ്ങിനു ചേർന്നു. രണ്ടാം ശ്രമത്തിൽ റിസർവ് ലിസ്റ്റിലാണു പേരു വന്നത്. റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിൽ അസിസ്റ്റന്റ് കമാൻഡന്റ് ആയി പോസ്റ്റിങ് വരുമ്പോഴേക്കും അടുത്ത പരീക്ഷയുടെ റിസൾട്ട് വന്നു, ഐഎഎസ് കിട്ടി. ഓരോ തവണയും എന്തൊക്കെ തെറ്റുകൾ വരുത്തി എന്നു പഠിച്ച് അവ തിരുത്താനാണ് അടുത്തവട്ടം ശ്രമിച്ചത്.
ഉമേഷ്: കോളജിലെ സീനിയറായ അരുൺ കുമാർ ഐഎഎസ് നേടിയതോടെ ക്യാംപസ് പ്ലേസ്മെന്റ് വേണ്ടെന്നു വച്ച് സിവിൽ സർവീസിനു ശ്രമിച്ചു തുടങ്ങി. അന്ന് ഓർക്കുട്ടേ ഉള്ളൂ. അതിലെ ഐഎഎസ് ആസ്പിരന്റ്സ് കമ്മ്യൂണിറ്റിയിൽ നിന്ന് പഠിക്കേണ്ടവയൊക്കെ തപ്പിയെടുത്തു. എറണാകുളം മുൻ കലക്ടറായ മുഹമ്മദ് സഫീറുള്ള കോളജിലെ സീനിയറായിരുന്നു. അദ്ദേഹത്തിന് ഐഎഎസ് കിട്ടിയപ്പോൾ കോളജിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ ഞാനാണു സ്വാഗതപ്രസംഗം നടത്തിയത്. ആ സദസ്സിൽ വച്ചു ഞാൻ പറഞ്ഞു, ഐഎഎസ് ആണു സ്വപ്നം.
ഡൽഹിയിൽ കോച്ചിങ്ങിനു ചേർന്നെങ്കിലും അതു നിർത്തി വീട്ടിലിരുന്നു പഠിച്ചു. ആദ്യവട്ടം പ്രിലിമിനറി പാസ്സായി. അടുത്ത വർഷം അതു പോലും പാസ്സായില്ല. ഇഷ്ടമുള്ള വിഷയങ്ങൾ മാത്രമാണ് പഠിച്ചത്. ഇഷ്ടമില്ലാത്തതും പഠിച്ചാലേ വിജയിക്കാനാകൂ എന്ന തിരിച്ചറിവു വന്നതോടെ സിനിമയും ക്രിക്കറ്റും എ. ആർ. റഹ്മാന്റെ പാട്ടുകളുമൊക്കെ മാറ്റിവച്ചു പഠിച്ചു. മൂന്നാം ശ്രമത്തിൽ ഐഎഎസ് കിട്ടി.
ആരാണ് ആദ്യം പ്രണയം പറഞ്ഞത് ?
ഉമേഷ്: മസൂറിയിലെ അക്കാഡമിയിൽ വച്ചാണ് ഇഷ്ടം തോന്നിത്തുടങ്ങിയത്. അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണു വിഘ്നേശ്വരിക്ക്, ആൺസുഹൃത്തുക്ക ൾ ആരുമില്ല. എല്ലാ കാര്യത്തിലും മുന്നിൽ നിൽക്കുമെങ്കിലും ഒരു കാര്യത്തിൽ ഞാൻ വളരെ പിന്നിലായി പോയി, ഹിമാലയൻ ട്രക്കിങ്. കഷ്ടപ്പെട്ടുള്ള ആ കയറ്റത്തിൽ കൂട്ടുണ്ടായിരുന്നതു വിഘ്നേശ്വരിയാണ്.
ബാക്കി 18 പേരും അതിവേഗം ബഹുദൂരം മലകയറുമ്പോൾ സംസാരപ്രിയനായ ഞാൻ പറയുന്നതു കേൾക്കുകയല്ലാതെ വിഘ്നേശ്വരിക്കും തരമില്ല. ആ ഏഴുദിവസം കൊണ്ട് തിരിച്ചും ഇഷ്ടമുണ്ടെന്ന് എനിക്കു തോന്നി.
വിഘ്നേശ്വരി: സംസാരത്തിൽ ചില സൂചനയൊക്കെ നേരത്തേ കിട്ടിയിരുന്നു. ഞാൻ ഒരു വർഷം സീനിയറാണ്. ഒരിക്കൽ എന്തോ ഗ്രൂപ് ആക്ടിവിറ്റിക്കു നിർദേശങ്ങൾ നൽകുന്നതിനിടെ ഉമേഷ് അതു ശ്രദ്ധിക്കാതെ സംസാരിച്ചു കൊണ്ടിരിക്കുന്നതു കണ്ടു. ‘ചേച്ചി പറയുന്നതു കേൾക്കൂ, ഇവിടെ ശ്രദ്ധിക്ക്.’ എന്നു ദേഷ്യപ്പെട്ടതിനു പിന്നാലെ മറുപടി, ‘പറയുന്നതു കേൾക്കാം, ചേച്ചി എന്നൊന്നും പറയല്ലേ... ’
ഉമേഷ്: ഇഷ്ടമാണെന്നു പറഞ്ഞതിനു പിന്നാലെ രണ്ടുപേരും വീട്ടിൽ കാര്യം പറഞ്ഞു. വിഘ്നേശ്വരിയുടെ വീട്ടിൽ ഞെട്ടലായി. ആൺകുട്ടികൾ കൂട്ടുകാരായി പോലുമില്ല, പിന്നെയെങ്ങനെ... എല്ലാവർക്കും പൂർണ സമ്മതമായിരുന്നു. പിന്നാലെ വിവാഹനിശ്ചയം നടത്തി. പിന്നാലെയാണു പരിശീലനത്തിന്റെ ഭാഗമായുള്ള ഭാരത് ദർശൻ യാത്ര. ആ രണ്ടുമാസം ആൻഡമാൻ നിക്കോബറിലും ഗോവയിലും ഛത്തീസ്ഗഡിലും അലഹബാദിലും ഡൽഹിയിലുമൊക്കെ ഒന്നിച്ചു പോയി.

ജമ്മു അതിർത്തിയിലെ രാഷ്ട്രീയ റൈഫിൾസിൽ വച്ച് ഞങ്ങൾ രണ്ടു യൂണിറ്റിലായിപ്പോയി. ഉച്ചഭക്ഷണത്തിനും മറ്റുമേ ഒന്നിച്ചു വരൂ. ആ അഞ്ചു ദിവസവും ആർമി ഫോൺ വഴി സംസാരിക്കുമായിരുന്നു. ആ വർഷം ഫെബ്രുവരി അ ഞ്ചിന്, വിഘ്നേശ്വരിയുടെ ജന്മദിനത്തിന് ഒഡീഷയിലായിരുന്നു. അടുത്ത ജന്മദിനത്തിനായിരുന്നു വിവാഹം.
വിഘ്നേശ്വരി: വാർത്തകൾ വന്നതു ജാതിപ്രശ്നങ്ങളെ അതിജീവിച്ചു വിവാഹം കഴിച്ചു എന്നാണ്. സിനിമയിലല്ലാതെ അങ്ങനെയൊന്നും ഞങ്ങൾ കേട്ടിട്ടു പോലുമില്ല.
collector-family-2 ഉമേഷ്, ധനുശ്രീ, ധഷിക്, വിഘ്നേശ്വരി, അമ്മ ശാന്തി, അച്ഛൻ വെള്ളൈച്ചാമി, ചേച്ചി ഭുവനേശ്വരി
മുമ്പ് കേരളത്തിൽ വന്നിട്ടുണ്ടോ ?
വിഘ്നേശ്വരി: വർഷങ്ങൾക്കു മുൻപേ തിരുവനന്തപുരത്തും ഗുരുവായൂരിലും മൂന്നാറിലും കൊച്ചിയിലുമൊക്കെ ടൂർ വന്നിട്ടുണ്ട്. സിവിൽ എൻജിനിയറിങ്ങിനു പഠിക്കുമ്പോൾ ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തിയത് ഇടുക്കി ഡാമിലേക്കിലാണ്. 15 വർഷം മുൻപ് ഇടുക്കി ഡാമിനെ പഠിച്ച ഞാൻ ഇടുക്കി കലക്ടറായതു നിയോഗമാകും.
ഉമേഷ്: വീട്ടുകാരും കൂട്ടുകാരുമൊക്കെ എല്ലാ വർഷവും ശബരിമലയിൽ വരുമെങ്കിലും ദൈവത്തിലൊന്നും അത്ര വിശ്വാസമില്ലാത്തതു കൊണ്ടു ഞാൻ വന്നിട്ടേയില്ല. സർവീസിൽ കയറിയ പിറകേ ശബരിമലയിൽ സ്പെഷൽ ഓഫിസറായി. ആ രണ്ടരമാസം കൊണ്ടു 18 പ്രാവശ്യം മല ചവിട്ടി. അതൊന്നും പതിനെട്ടാംപടി വഴിയല്ല എന്നു മാത്രം.
പാലക്കാട് അസിസ്റ്റന്റ് കലക്ടറായത് ഒരു മൺസൂൺ കാലത്താണ്. മധുരയിൽ മഴയേയില്ല, ഇവിടെ എല്ലാ ദിവസവും മഴ. പാലക്കാടു കോട്ടയിലെ ഇരമ്പലുള്ള മഴയും അട്ടപ്പാടിയിലെ കാറ്റിനൊപ്പമുള്ള മഴയുമൊക്കെ ഇഷ്ടപ്പെട്ടു. ആ സമയത്തു യുപിയിലെ ഫത്തേപ്പൂരിലാണു വിഘ്നേശ്വരി. ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പിനു കുളിരായി മഴ കൂട്ടുനിന്നു. ഞാൻ കേരള കേഡറും വിഘ്നേശ്വരി യുപി കേഡറുമാണ്. സിവിൽ സർവീസിലുള്ളവർ വിവാഹിതരായാൽ ഏതെങ്കിലും ഒരു കേഡർ തന്നെ കിട്ടും, അങ്ങനെ ഞാൻ വയനാടും വിഘ്നേശ്വരി കോഴിക്കോടും സബ് കലക്ടർമാരായി കേരളത്തിലേക്കു വന്നു.
മഴ കണ്ടു പേടിച്ചത് ആ സമയത്താണ്, 2018ലെ പ്രളയം. തൊട്ടടുത്ത വർഷം മേപ്പാടിയിൽ മണ്ണിടിച്ചിലുണ്ടായി. പതിനഞ്ചു ദിവസം അവിടെ ക്യാംപ് ചെയ്തു മണ്ണിനടിയിൽ ഒരു ജീവനെങ്കിലും ശേഷിക്കുന്നുണ്ടോ എന്നു തിരയുകയായിരുന്നു. ഇപ്പോൾ മഴ നിർത്താതെ പെയ്യുന്നതു കണ്ടാൽ പേടിയാണ്.

എന്താണു പരസ്പരം ഇഷ്ടമുള്ള കാര്യങ്ങൾ?
ഉമേഷ്: വിഘ്നേശ്വരി ആരിലും ഗുഡ് ഇംപ്രഷൻ ഉണ്ടാക്കാൻ ശ്രമിക്കാറില്ല. ആദ്യം ടഫ് എന്നു തോന്നുമെങ്കിലും ജോലിയിലും ജീവിതത്തിലുമുള്ള ആത്മാർഥതയാണ് അ തിനു പിന്നിലെന്ന് അടുത്തറിയുമ്പോൾ മനസ്സിലാകും. ആ ദ്യത്തെ ആൺസുഹൃത്ത് ഞാനാണ്, എന്നെ വിവാഹം കഴിക്കുകയും ചെയ്തു. ഞാൻ ഇടയ്ക്കു തമാശ പറയും My biggest achievement in life is I make you fall in love with me എന്ന്.
വിഘ്നേശ്വരി: ഉമേഷിന് എല്ലാവരോടും ഒരുപോലെ ഇടപെടാനും ആ ബന്ധം ഊഷ്മളമായി നിലനിർത്താനും അറിയാം. കൈൻഡ് ഹാർട്ടഡ് ആണ്, സർവീസ് മൈൻഡഡ്. ഒരുപോലെ ജോലി ചെയ്യുന്നവരാണു ഞങ്ങൾ. ഇലക്‌ഷൻ വന്നാലും മഴ വന്നാലും ഒരേ ഉത്തരവാദിത്തം. ഇടുക്കിയിൽ അവധി പ്രഖ്യാപിക്കും മുൻപ് ഉമേഷിനെ വിളിക്കും, അവിടെ മഴയുണ്ടോ ?
ഉമേഷ്: രണ്ടുപേർക്കും പിന്നെ ഒരുപോലെ ഇഷ്ടമുള്ളതു പാട്ടും സിനിമയുമാണ്. തമിഴ് സിനിമ ആദ്യദിവസം തന്നെ കാണും. മലയാളം സിനിമകൾ റിവ്യൂ വന്ന ശേഷമേ കാണൂ. കമലഹാസനും ധനുഷും വിജയുമാണു തമിഴിലെ ഇഷ്ടതാരങ്ങൾ. മലയാളത്തിൽ ലാലേട്ടനും മമ്മൂക്കയും കഴിഞ്ഞാൽ ഫഹദ് ഫാസിലിനെ ആണിഷ്ടം. ഹോം കണ്ട് ഇന്ദ്രൻസിന്റെയും മഞ്ഞുമ്മൽ ബോയ്സ് കണ്ട് സൗബിന്റെയും ഫാൻസായി.
എ.ആർ. റഹ്മാന്റെ ‘തൊട തൊട മലർന്തതില്ലൈ...’ എന്ന പാട്ടാണ് ഏറ്റവുമിഷ്ടം. മസൂറിയിലെ ട്രെയ്നിങ് സമയം. എന്റെ കുറച്ചു സുഹൃത്തുക്കൾ ആ വർഷം ഐഎഎസ് പരീക്ഷ തോറ്റു. ആ വിഷമത്തിലിരുന്ന എന്നെ പല തരത്തിൽ വിഘ്നേശ്വരി സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും രക്ഷയില്ല. അവസാനം ഈ പാട്ടു പാടി. ആ നിമിഷവും ഈ പാട്ടും സ്പെഷൽ ആണ്.
ഇനി അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങൾ പറയൂ...
ഉമേഷ്: വിഘ്നേശ്വരിക്കു ഫാമിലി ഈസ് വേൾഡ്, എനിക്കു വേൾഡ് ഈസ് ഫാമിലി. അച്ഛനും അമ്മയും ചേച്ചിയും അവരുടെ മക്കളുമാണു വിഘ്നേശ്വരിയുടെ ലോകം. ഒരു സംഭവം പറയാം. തിരുവനന്തപുരത്തു ചീഫ് സെക്രട്ടറിയുടെ ഓഫിസിൽ സ്റ്റാഫ് ഓ
ഫീസറായിരിക്കുന്ന സമയം. ബ്രഹ്മപുരം തീപിടിത്തവും പ്രതിഷേധവുമൊക്കെ ഉണ്ടായ പിറകേ എറണാകുളത്തു ജില്ലാ കലക്ടറായി ചുമതല ഏൽക്കണമെന്ന ഓർഡർ കിട്ടി. രാത്രി 11 മണിയോടെ കൊച്ചിയിലേക്കു പുറപ്പെട്ടു. അ പ്പോഴാണ് ഓർത്തത് വിഘ്നേശ്വരിയോടു കാര്യം പറഞ്ഞില്ലല്ലോ എന്ന്. ജി20 ഉച്ചകോടിക്കായി കോട്ടയത്തായിരുന്ന വിഘ്നേശ്വരി കാര്യമൊക്കെ മൂളിക്കേട്ടെങ്കിലും ബ്രഹ്മപുരം തീ കെടുത്തിയതിനേക്കാൾ പരിശ്രമം വേണ്ടി വന്നു ആ കോപാഗ്നി ശമിപ്പിക്കാൻ.
വിഘ്നേശ്വരി: 2019 ലെ ഒരു ശനിയാഴ്ച. ഞാൻ കോഴിക്കോടു നിന്നു വയനാട്ടിലെത്തി കാത്തിരിക്കുകയാണ്, ഉ മേഷ് വന്നിട്ടു പുറത്തു കറങ്ങാൻ പോണം. പക്ഷേ, ഉമേഷ് വന്നതു ലോകകപ് ഫൈനൽ കാണാനാണ്.
ഞാൻ കോളജിലും സ്കൂളിലും ബാസ്കറ്റ് ബോൾ ടീമിലുണ്ടായിരുന്നു. തമിഴ്നാട് ഇന്റർ എൻജിനീയറിങ് കോളജ് മത്സരങ്ങളിൽ പലവട്ടം കിരീടം ചൂടിയിട്ടുമുണ്ട്. എത്ര നേരം വേണമെങ്കിലും കോർട്ടിൽ ചെലവഴിക്കാൻ ഇഷ്ടമാണെങ്കിലും ഫാമിലി ടൈമിൽ എല്ലാം മാറ്റി വയ്ക്കും.
ഉമേഷ്: എപ്പോഴും ഒന്നിച്ചിരിക്കാൻ ഇഷ്ടമുണ്ടെങ്കിലും വിഘ്നേശ്വരി എന്നെ ഷോപ്പിങ്ങിനു കൊണ്ടുപോകില്ല, സെലക്‌ഷൻ തനിച്ചു ചെയ്യണമെന്നു നിർബന്ധമുണ്ട്. കേരള ഫൂഡിന്റെ ആരാധകരാണെങ്കിലും ഞാൻ ചിക്കൻ മാത്രമേ കഴിക്കൂ. എറണാകുളത്തായിട്ടു പോലും മീൻ കഴിക്കാൻ ധൈര്യം വന്നിട്ടില്ല. വിഘ്നേശ്വരിക്കു തേങ്ങ ചേർത്ത ഒരു വിഭവവും ഇഷ്ടമല്ല. ഡയറ്റൊക്കെ നോക്കുന്ന കൂട്ടത്തിലാണെങ്കിലും ചോക്‌ലേറ്റും ഐസ്ക്രീമും കിട്ടിയാൽ വിഘ്നേശ്വരി വിടില്ല. ചേച്ചി ഭുവനേശ്വരിയുടെ മക്കളായ ധനുശ്രീയും ധഷികുമാണ് അതിനു കൂട്ട്.
രൂപാ ദയാബ്ജി
ഫോട്ടോ: ഹരികൃഷ്ണൻ, കേരള പിആർഡി