Tuesday 22 January 2019 12:52 PM IST : By സ്വന്തം ലേഖകൻ

'പാത്രം പൊട്ടില്ല, നല്ല ഉറപ്പാ!'; കരുത്ത് തെളിയിക്കാന്‍ ശ്രമിച്ച വഴിയോര കച്ചവടക്കാരന് സംഭവിച്ച അബദ്ധം; വൈറലായി വിഡിയോ!

uten09742

കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാമെന്ന കണക്കുകൂട്ടലിലാണ് പലരും വഴിയോര കച്ചവടത്തെ ആശ്രയിക്കാറുള്ളത്. എന്നാൽ നേരെ മറിച്ചാണ് കാര്യങ്ങൾ സംഭവിക്കുന്നത്. കൂടിയ വിലയ്ക്ക് ക്വാളിറ്റി കുറഞ്ഞ സാധനങ്ങൾ വാങ്ങുകയാണ് നമ്മളിൽ പലരും. അത്തരത്തിൽ ഒരു സംഭവത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

എന്നാല്‍ ഇത്തവണ അബദ്ധം പറ്റിയത് ഉപഭോക്താവിനല്ല, കച്ചവടക്കാരനാണ്. അബദ്ധം പറ്റിയതിന്റെ ദൃശ്യങ്ങളാണ് സൈബർ ലോകം ഏറ്റെടുത്തിരിക്കുന്നത്. വിഡിയോയിൽ ഒരു ഇതര സംസ്ഥാനക്കാരനാണ് വഴിയോരത്ത് പാത്രത്തിന്റെ കച്ചവടം നടത്തുന്നത്. വാങ്ങാനായി എത്തിയ ഒരാൾ രണ്ടു പാത്രങ്ങൾ പരസ്പരം മുട്ടി നോക്കി ഉറപ്പുണ്ടോ എന്ന് പരിശോധിക്കുകയാണ്. 

ഈ സമയം കച്ചവടക്കാരൻ പാത്രങ്ങൾ വാങ്ങി ശക്തിയായി ഇടിച്ച് കരുത്ത് തെളിയിക്കാൻ ശ്രമിച്ചതോടെ പണി പാളി. മൂന്നാമത്തെ അടിക്ക് തന്നെ പാത്രം പൊട്ടി തകർന്നു. ഇതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി കച്ചവടക്കാരന്‍. വാങ്ങാനെത്തിയ ആൾ ഇതുകണ്ട് പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.