Saturday 02 February 2019 03:30 PM IST : By സ്വന്തം ലേഖകൻ

ആ വിഡിയോ വൈസ് പ്രിൻസിപ്പൽ ഒരുക്കിയ കെണി; വാളകം ബ്രൈറ്റ് പബ്ലിക് സ്കൂളിലെ അധ്യാപകർ പ്രതികരിക്കുന്നു!

valakam

കുട്ടിയുടെ പഠന നിലവാരം അന്വേഷിക്കാൻ സ്‌കൂളിലെത്തിയ ഒരമ്മയ്ക്ക് അധ്യാപകരിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത അപമാനത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രിൻസിപ്പലും പ്രധാന അധ്യാപികയും കൂടി പാരന്റിനോട് അതിരൂക്ഷമായി കടുത്ത ഭാഷയിൽ സംസാരിക്കുന്ന വിഡിയോ ഞെട്ടലോടെയാണ് സാക്ഷര കേരളം കണ്ടത്. മാന്യമായി പെരുമാറാൻ പോലും അറിയാത്ത ഈ അധ്യാപകർ എങ്ങനെയാണ് നല്ലൊരു വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക എന്നാണ് സോഷ്യൽ മീഡിയയിലൂടെ നിരവധിപേർ ചോദിച്ചത്.  

മുവാറ്റുപുഴ വാളകം ബ്രൈറ്റ് പബ്ലിക് സ്കൂളിലാണ് അധ്യാപകർ ചേർന്ന് രക്ഷിതാവിനെ അസഭ്യം പറഞ്ഞത്. സോഷ്യൽ മീഡിയയിൽ അധ്യാപകർക്കെതിരെ കടുത്ത രോഷം ഉയരുന്നതോടെ വിഡിയോ മുൻനിർത്തി സ്കൂൾ പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ബന്ധപ്പെട്ട അധ്യാപകരും രംഗത്തുവന്നു. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രി‍ൻസിപ്പൽ ജോർജ് ഐസക്കും ഭാര്യയും പ്രധാനാധ്യാപികയുമായ ലീലാമ്മ കെ എമ്മും പ്രതികരിച്ചത്. ഈ പ്രശ്‍നങ്ങൾക്കെല്ലാം പുറകിൽ മാനേജ്മെന്റ് അംഗം കൂടിയായ വൈസ് പ്രിൻസിപ്പൽ രവീന്ദ്രൻ പിള്ളയാണെന്നാണ് ഇരുവരും ആരോപിക്കുന്നത്. 

‍"തുടർച്ചയായി ക്ലാസിൽ പുസ്തകം കൊണ്ടുവരാത്തത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് കുട്ടിയ്ക്കെതിരെ അധ്യാപകർ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് രക്ഷിതാക്കളെ വിളിച്ചുവരുത്താൻ തീരുമാനിച്ചത്. സ്കൂളിലെത്തിയ രക്ഷിതാക്കൾ പ്രിൻസിപ്പലിന്റെ മുറിയിൽ വന്ന് ഏറെ നേരം സംസാരിച്ചു. തുടക്കം തൊട്ടേ പ്രകോപനപരമായ രീതിയിലാണ് അവർ സംസാരിച്ചത്. എന്നോട് തട്ടിക്കയറുകയും മോശമായി സംസാരിക്കുകയും ചെയ്തു. ഞാൻ പഠിപ്പിച്ച കുട്ടിയാണവർ. അവർ അത്തരത്തിൽ സംസാരിച്ചത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഒടുവിൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് ഞാൻ മുറിയിൽ നിന്നിറങ്ങി പ്രധാനാധ്യാപികയുടെ ക്യാബിനിലേക്ക് പോയി.

അവർ പിന്നീട് വൈസ് പ്രിൻസിപ്പലുമായി മുക്കാൽ മണിക്കൂറോളം സംസാരിച്ചു. അതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. ശേഷമാണ് മൊബൈൽ ക്യാമറ ഓണാക്കി പ്രധാനാധ്യാപികയുടെ മുറിയിലെത്തിയത്. അവിടെയെത്തിയ ശേഷവും പ്രകോപനപരമായ സംസാരം തുടര്‍ന്നു. സഹികെട്ടപ്പോഴാണ് ഞങ്ങൾ പൊട്ടിത്തെറിച്ചത്. അവിടെ മുതലുള്ള വി‍ഡിയോയാണ്  അവർ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. 

വൈസ് പ്രിൻസിപ്പൽ ഒരുക്കിയ കെണിയാണിതെന്നാണ് ഞങ്ങൾ കരുതുന്നത്. അയാൾ ഉൾപ്പെടെ 14 ഷെയർ ഹോൾഡേഴ്സിനെയും കൂട്ടി ഞങ്ങളാണ് ഈ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങിയത്. ഞങ്ങളെ ഇരുവരെയും പ്രധാനസ്ഥാനത്തു നിന്ന് പുറത്താക്കാൻ രവീന്ദ്രപിള്ള പലതരത്തിലും ശ്രമിച്ചിട്ടുണ്ട്. മൂന്ന് മാസങ്ങൾക്കു മുന്‍പ് സ്കൂളിലെ ലിഫ്റ്റ് നിർമാണവുമായി ബന്ധപ്പെട്ട് ഞങ്ങൾക്കെതിരെ സാമ്പത്തിക ആരോപണമുന്നയിച്ചിരുന്നു. അന്ന് സ്കൂളിൽ നോട്ടീസ് പതിച്ചും വ്യാജപ്രചാരണങ്ങൾ നടത്തിയും ഞങ്ങളെ മാനസികമായി തളർത്തിയിരുന്നു. 

അടുത്തിടെ ഫ്രണ്ട് ഓഫീസിലെ ക്ലാർക്കിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മാനേജ്മെന്റ് ഒരാഴ്ച ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. അതിന്റെ വൈരാഗ്യം കൂടി അയാൾക്ക് ഞങ്ങളോടുണ്ട്. 1200 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളാണ്. എല്ലാ രക്ഷിതാക്കളും ഞങ്ങൾക്കൊപ്പമുണ്ട്. അതുതന്നെയാണ് ഞങ്ങളുടെ ബലവും." - പ്രിൻസിപ്പൽ ജോർജ് ഐസക്ക് പറയുന്നു.