Wednesday 20 January 2021 12:15 PM IST : By സ്വന്തം ലേഖകൻ

'കെട്ട്യോളാണെന്റെ മാലാഖ' എന്നൊന്നും പറഞ്ഞു നടന്നില്ലെങ്കിലും വേണ്ടില്ല, ഭാര്യയെ ശമ്പളമില്ലാത്ത അടുക്കളക്കാരിയായി കാണാതിരിക്കുക; കുറിപ്പ്

great-indian55433ddd

സോഷ്യല്‍ മീഡിയയില്‍ അടുത്തകാലത്ത് ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു ചിത്രമുണ്ടാകില്ല. 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' വ്യത്യസ്തമായ പ്രമേയവുമായി ശ്രദ്ധ നേടുകയാണ്. വിവാഹശേഷം ഭര്‍ത്താവിന്റെ വീട്ടിലെ അടുക്കളയില്‍ ഒതുങ്ങിക്കൂടേണ്ടി വരുന്ന സ്ത്രീകളെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. സിനിമയെ കുറിച്ച് വര്‍ഷ കണ്ണന്‍ എന്ന യുവതി ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

വര്‍ഷ കണ്ണന്‍ പങ്കുവച്ച കുറിപ്പ് വായിക്കാം; 

'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ' എന്ന സിനിമയെ കുറിച്ച് ചൂട് പിടിച്ച ചര്‍ച്ചകളാണ് എങ്ങും. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ എത്തുന്ന സ്ത്രീ അടുക്കളയുടെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങി കഴിയേണ്ടി വരുന്ന അവസ്ഥയെ കുറിച്ചാണ് ഈ സിനിമ. വിവാഹം കഴിഞ്ഞാല്‍ പിന്നെ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മുഖ്യമായ കാര്യം ഭര്‍ത്താവിന്റെ വീട്ടില്‍ ഭക്ഷണം വച്ചുവിളമ്പി കഴിയുക എന്നത് മാത്രമാണ് എന്ന ആ പഴയ ചിന്താഗതിക്ക് കുറെയൊക്കെ മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

മഹത്തായ ഇന്ത്യന്‍ അടുക്കളകള്‍ മാറി തുടങ്ങിയിരിക്കുന്നു എന്ന് സാരം. കറിയുടെ എണ്ണം കുറഞ്ഞാലും കുഴപ്പമില്ല അടുക്കളയില്‍ കിടന്ന് പെടാ പാട്‌പെട്ട് ക്ഷീണിച്ച് ആ ക്ഷീണത്തിന്റെ പ്രതിഫലനമെന്നോണം വീട്ടില്‍ വന്ന് കയറുന്ന തന്നോട് പരിഭവിക്കാതിരുന്നാല്‍ മതി കെട്ടിയോള്‍ എന്ന അഭിപ്രായക്കാരാണ് ഇന്നത്തെ ഭര്‍ത്താക്കന്മാരില്‍ പലരും. മാത്രമല്ല, ഭാര്യയുടെ സ്വപ്നങ്ങള്‍ തിരിച്ചറിഞ്ഞ് അത് യാഥാര്‍ഥ്യമാക്കാന്‍ അവളെ പ്രോത്സാഹിപ്പിച്ചു കൂടെ നില്‍ക്കുന്നവരുമുണ്ട്. എന്നാല്‍ ഇനിയും വെളിച്ചം വീശാതെ ഇരുളടഞ്ഞു കിടക്കുന്ന അടുക്കളകളും അതിനകത്ത് ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ലാതെ ഒതുങ്ങി കൂടുന്ന സ്ത്രീകളും ഒരുപാടുണ്ട് നമുക്കിടയില്‍.

ഭര്‍ത്താവിന് പലകൂട്ടം കറികളോടു കൂടെ വിഭവ സമൃദ്ധമായ സദ്യ ഒരുക്കി ഊട്ടാന്‍ ഏത് ഭാര്യയാണ് ഇഷ്ടപ്പെടാത്തത്. പക്ഷെ, അതിനായി അടുക്കളയില്‍ കിടന്ന് കഷ്ടപ്പെട്ട് ഒടുവില്‍ തളര്‍ന്ന് താന്‍ ഉണ്ടാക്കിയ ഭക്ഷണം സ്വന്തമായി ഒന്ന് രുചിച്ചു നോക്കാന്‍ പോലും തോന്നാതെ എവിടെയെങ്കിലും ഒന്ന് ചെന്നിരുന്നാല്‍ മതി എന്ന അവസ്ഥ വന്നാലോ. ആ തളര്‍ന്ന മുഖം കണ്ട് കൊണ്ട് വീട്ടില്‍ കേറി വരുന്ന ഭര്‍ത്താക്കന്മാരുടെ അവസ്ഥയോ. എന്നും ആ അവസ്ഥയില്‍ ജീവിക്കേണ്ടി വന്നാല്‍ ആര്‍ക്കായാലും അത് മടുപ്പല്ലേ.. അല്ലെങ്കിലും രുചികരമായ ഭക്ഷണമുണ്ടാക്കുന്നതും ഒരുപാട് ജോലി ചെയ്യുന്നതും കഷ്ടപ്പെട്ട് അധ്വാനിക്കുന്നതും മാത്രമല്ല ഈ കുടുംബജീവിതത്തിന്റെ 'സക്‌സസ് മന്ത്ര '.. പര്‌സപരമുള്ള സ്‌നേഹം ,കരുതല്‍ ,വിശ്വാസം , ബഹുമാനം ,പിന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ചെറിയ ചെറിയ വിട്ടുവീഴ്ചകള്‍ ... ഇതൊക്കെയാണ് സന്തോഷകരമായ അതിലുപരി സമാധാനപരമായ കുടുംബജീവിതത്തിന് ഏറ്റവും ആവശ്യം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 

കാലത്തെണീക്കുമ്പോള്‍ തന്നെ പരസ്പരമുള്ള ഒരു പുഞ്ചിരിയിലൂടെ ആ ദിവസം തുടങ്ങി നോക്കൂ, അന്ന് മുഴുവന്‍ ആ ഒരു സന്തോഷം നമ്മുടെ ഒപ്പം കാണും. ഒരു പോസിറ്റീവ് വൈബ്. വിഭവസമൃദ്ധമായ സദ്യയെക്കാളും വില പിടിപ്പുള്ള സമ്മാനങ്ങളെക്കാളുമൊക്കെ എത്രയോ വലുതല്ലേ ഇങ്ങനെയുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍. അതിപ്പോ ഒരു പുഞ്ചിരിയായാല്‍ പോലും...

ആ സിനിമയിലെ പോലെയുള്ള 'മഹത്തായ ഭാരതീയ അടുക്കള'യാണ് നിങ്ങളുടേതെങ്കില്‍ മാറി തുടങ്ങുക. ജീവിതം ഒന്നേയുള്ളൂ. പോളിസിയും പാട്രിയാര്‍ക്കിയും ഹയറാര്‍ക്കിയുമൊക്കെ പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും കുറ്റപ്പെടുത്തി നല്ലൊരു ജീവിതം നഷ്ടപ്പെടുത്തരുത്. 

NB: 'കെട്ടിയോളാണെന്റെ മാലാഖ' എന്നൊന്നും പറഞ്ഞു നടന്നില്ലെങ്കിലും വേണ്ടൂല ഭാര്യയെ ശമ്പളമില്ലാത്ത അടുക്കളക്കാരിയായി കാണാതിരിക്കുക? സ്‌നേഹം? 

Tags:
  • Spotlight
  • Social Media Viral