Tuesday 19 February 2019 10:33 AM IST : By സ്വന്തം ലേഖകൻ

ഈ റോഡ് ഇനിയെങ്കിലും ഒന്നു നന്നാക്കുമോ?; വസന്തകുമാറിന്റെ കുടുംബം ചോദിക്കുന്നു

vasanthakumar

ലക്കിടി ∙ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ഹവിൽദാർ വി.വി. വസന്തകുമാറിന്റെ വീട്ടിലേക്കെത്താനുള്ള മൺറോഡ് നന്നാക്കണമെന്ന് ആവശ്യമുയരുന്നു. പൂക്കോട് സർവകലാശാലയിൽനിന്നു കൊക്കമൂല– ഡെയറി പ്രൊജക്ട് വരെയുള്ള റോ‍ഡ് തകർന്നിട്ട് വർഷങ്ങളായി. ഈ വഴി പൂർണമായി ടാർ ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങളുണ്ടാകുമെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

ഒരു ഓട്ടോറിക്ഷയ്ക്കു മാത്രം കഷ്ടിച്ചു കടന്നുപോകാവുന്ന റോഡിൽ വേനൽക്കാലത്തു പൊടിശല്യവും രൂക്ഷമാണ്. റോഡിന്റെ തുടക്കഭാഗത്ത് 200 മീറ്ററോളം കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. സുഗന്ധഗിരിയോടു ചേർന്നുകിടക്കുന്ന മേഖലയിലെ ഒട്ടേറെ കുടുംബങ്ങൾക്കു പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴിയാണിത്.

ചികിത്സയുൾപ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പുറത്തേക്കെത്തണമെങ്കിൽ ഈ റോ‍ഡ് ടാർ ചെയ്തേ മതിയാകൂ. റോഡിന്റെ ശോചനീയാവസ്ഥ മൂലം വസന്തകുമാറിന്റെ ഭൗതികദേഹവുമായെത്തിയ സൈനികവ്യൂഹത്തിലെ വാഹനങ്ങൾക്ക് പൂക്കോട് സർവകലാശാലയ്ക്കുള്ളിൽനിന്ന് ജവാന്റെ വീടിനടുത്തേക്കു വരാനേ കഴിഞ്ഞില്ല. ഏറെ ബുദ്ധിമുട്ടിയാണ് ആംബുലൻസ് പോലും വീട്ടിലെത്തിച്ചത്.

More