Wednesday 03 October 2018 02:13 PM IST : By സ്വന്തം ലേഖകൻ

നെഞ്ചകം നിറഞ്ഞ് ആ വയലിൻ; ബാലഭാസ്കർ ഇനി ജനമനസുകളിലെ ഹൃദയതാളം–വിഡിയോ

bala-crem-ation

മലയാളികളുടെ ഹൃദയതാളത്തിനൊപ്പിച്ച് വയലിൻ തന്ത്രികൾ മീട്ടിയ കലാകാരന് കണ്ണീരോടെ വിട. തേജസ്വിനിയെന്ന കുഞ്ഞുമാലാഖ പാറിപ്പറന്നു പോയ വഴിയെ അവളുടെ അച്ഛനും യാത്രയായി. ഒരായുഷ്ക്കാലത്തിനും അപ്പുറമുള്ള പാട്ടോർമ്മകൾ ബാക്കി തന്ന ബാലഭാസ്കർ ഇനി സഹൃദയ മനസുകളിൽ അമരനായി നിൽക്കും. സംഗീതവും പ്രണയവും ഇഴചേർന്ന ഹിരൺമയയിൽ ലക്ഷ്മി മാത്രം തനിച്ചായി.

വീടായ ‘ഹിരൺമയ’യിലെ അന്ത്യകർമങ്ങൾക്കുശേഷം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ശാന്തികവാടം വരെയുള്ള അന്ത്യയാത്രയുടെ സമയത്തും തന്റെ പ്രിയപ്പെട്ട വയലിൻ സുഹൃത്തുക്കൾ ബാലഭാസ്കറിന്റെ നെഞ്ചോടു ചേർത്തുവച്ചു. കണ്ണീർ തടം കെട്ടി നിന്ന ആ നിമിഷങ്ങളിൽ മൂക സാക്ഷിയാകാൻ ബാലുവിനെ ഹൃദയത്തോട് ചേർത്ത് നിർത്തിയ സുഹൃദ് വലയം ഒന്നാകെയെത്തി.

പിജി പഠനത്തിനും ബാലു–ലക്ഷ്മി പ്രണയത്തിനും പശ്ചാത്തലമൊരുക്കിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും പിന്നീട് കലാഭവൻ തിയേറ്ററിലും ചൊവ്വാഴ്ച പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ള ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചിരുന്നു. കല–സാമൂഹിക–സാംസ്കാരിക രംഗത്തെ നിരവധി പേരും ആ അനശ്വര കലാകാരന് ഹൃദയത്തിന്റെ ഭാഷയിൽ മടക്കയാത്ര ചൊല്ലി.

കഴിഞ്ഞ മാസം 25നു പുലര്‍ച്ചെ തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്തിനടുത്ത് അപകടത്തില്‍പെടുകയായിരുന്നു. ബാലഭാസ്കറിനൊപ്പം മുന്‍സീറ്റിലിരുന്ന രണ്ടുവയസുകാരി മകള്‍ തേജസ്വിനി അന്നേദിവസം തന്നെ മരിച്ചു. ഭാര്യ ലക്ഷ്മിയും സുഹൃത്ത് അര്‍ജുനും ഇപ്പോഴും ചികില്‍സയിലാണ്‌.