Monday 03 February 2025 03:48 PM IST : By സ്വന്തം ലേഖകൻ

‘അയാൾ അവളെ ഭയങ്കരമായി ഉപദ്രവിക്കുമായിരുന്നു; ഫോൺ അടക്കം കൈകാര്യം ചെയ്തിരുന്നത് പ്രബിന്‍’: വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹൃത്ത്

vishnuja

ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത വിഷ്ണുജ നേരിട്ടത് കടുത്ത പീഡനമെന്ന് സുഹൃത്ത്. വിഷ്ണുജ നിരന്തരം പീഡനത്തിന് ഇരയായി. ഫോൺ അടക്കം കൈകാര്യം ചെയ്തിരുന്നത് ഭർത്താവ് പ്രബിനാണെന്നും സുഹൃത്ത് പറഞ്ഞു. ഭർതൃ വീട്ടിലെ പീഡനങ്ങൾ സുഹൃത്തിനോട് വിഷ്ണുജ പങ്കുവച്ചിരുന്നു.

‘‘അയാൾ അവളെ ഭയങ്കരമായി ഉപദ്രവിക്കുമായിരുന്നു. കഴുത്തിൽ കയറിട്ട് മുറുക്കുകയൊക്കെ ചെയ്തിട്ടുണ്ട്. മാനസികമായും ശാരീരികമായും ഒരുപാട് അവളെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. അവ‍ൾക്കു പറ്റുന്നില്ലെന്ന് മനസിലായപ്പോഴാണ് എന്നോട് എല്ലാം പറയാൻ തുടങ്ങിയത്. നീ ഇങ്ങു തിരിച്ചുപോരാനാണ് ഞാൻ അവളോട് പറഞ്ഞിരുന്നത്. വീട്ടിൽ അവളെ സ്വീകരിക്കുമായിരുന്നു.

വാട്സാപ്പ് അയാളുടെ ഫോണുമായി കണക്റ്റഡ് ആയിരുന്നു. വാട്സാപ്പിലൊന്നും ഫ്രീ ആയി അവൾ ഞങ്ങളോട് സംസാരിച്ചിരുന്നില്ല. അയാൾ‌ അറിയാതെ ടെലഗ്രാമിലൊക്കെയാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. അയാൾ അവളുടെ ഫോണിൽ നിന്നും മെസേജ് അയക്കുമായിരുന്നു. ഫോൺ വിളിച്ചു സ്പീക്കറിലിട്ട ശേഷം അയാൾ ഉള്ളത് അറിയിക്കാതെ ഞങ്ങളുമായി സംസാരിക്കാൻ നിർബന്ധിക്കുമായിരുന്നു’’ – സുഹൃത്ത് പറഞ്ഞു.

വിഷ്ണുജ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് കുടുംബം ഇന്നലെ ആരോപിച്ചിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് സുഹൃത്തിന്റെ ഇന്നത്തെ പ്രതികരണം.

പൂക്കോട്ടുംപാടം മാനിയിൽ പാലൊളി വാസുദേവന്റെ മകൾ വിഷ്ണുജയെ (26) 30നാണ് പ്രബിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് എളങ്കൂർ പേലേപ്പുറം കാപ്പിൽത്തൊടി പ്രബിനെ (32) മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. സങ്കൽപത്തിനൊത്ത സൗന്ദര്യവും ജോലിയുമില്ലെന്നു പറഞ്ഞു വിഷ്ണുജയെ ഭർതൃവീട്ടുകാർ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും അതുമൂലമുള്ള വിഷമമാണു ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഇന്നു കോടതിയിൽ ഹാജരാക്കും.

Tags:
  • Spotlight