Tuesday 31 March 2020 03:14 PM IST : By Shyama

വ്യാജപ്രചരണങ്ങൾക്ക് ഗുഡ്ബൈ...നമുക്കൊരുക്കാം മാതൃകാ വാട്‌സാപ്പ് ഗ്രൂപ്പുകൾ!!!

news-whatzapp

സൂര്യന് കീഴിലുള്ള എന്ത് കാര്യത്തെ കുറിച്ചും അതിനപ്പുറവും ഉള്ള കാര്യങ്ങളെ കുറിച്ച് ആധികാരികം എന്ന് തോന്നിക്കുന്ന വിവരങ്ങൾ വരുന്നത് കൊണ്ടുതന്നെ വാട്സാപ്പിന് ഇപ്പോൾ 'വാട്സാപ്പ് സർവകലാശാല' എന്നൊരു ആക്ഷേപ വിളിപ്പേരുണ്ട്. അതൊകൊണ്ട് തന്നെ ഇന്നീ ലോക്ക് ഡൗൺ ഘട്ടത്തിൽ നാം ഓരോരുത്തരും ഏറെ നേരം ചിലവഴിക്കുന്ന വാട്‌സാപ്പ് ഇടങ്ങൾ മെച്ചപ്പെടുത്തേണ്ട കടമ നമുക്ക് ഓരോരുത്തർക്കുമുണ്ട്.

മദ്യവും നാരങ്ങയും തേനും മറ്റും ചേർത്ത് കുടിച്ചാൽ കൊറോണ അകറ്റാം, മറ്റ് നാടുകളിൽ ആളുകൾ ചെയ്യ്യുന്ന ചില പ്രവർത്തികൾ നമ്മുടെ നാട്ടിലേതാണെന്നു പറഞ്ഞു പ്രചരിപ്പിക്കുക, ഏതെങ്കിലും തരത്തിലുള്ള ചില ഭക്ഷണ വസ്തുക്കൾ കഴിച്ചാൽ കോറോണയെ തടുക്കാം തുടങ്ങി പലതരം വ്യാജ വാർത്തകൾ ആധികാരികം എന്ന മട്ടിൽ നമുക്ക് മുന്നിൽ എത്തുന്നുണ്ട്. ഇവയുടെ സത്യാവസ്ഥ അറിയും മുൻപേ അത് പലരിലേക്കും എത്തുകയും ഉപകാരപ്പെടട്ടെ എന്ന് കരുതി നമ്മിൽ പലരും അയക്കുന്ന മെസ്സേജുകൾ പല തരം അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യന്നു.

അതുകൊണ്ടു നമ്മൾ ഭാഗമായിട്ടുള്ള വാട്‌‌സാപ്പ് ഗ്രൂപ്പുകൾ എങ്കിലും നമുക് മാതൃക ഗ്രൂപ്പൂകൾ ആക്കി മാറ്റം. അതിനായിതാ ചില പൊടിക്കൈകൾ...  

1. ദിവസം തുടങ്ങുന്പോൾ പോസിറ്റീവ് ആയ മെസ്സേജുകൾ മാത്രം അയക്കുക. നല്ല ഉദ്ധരണികളോ ആധികാരിക സ്രോതസിലൂടെ വന്ന മികച്ചൊരു ആശയമോ പങ്ക് വെക്കാം. കഴിവതും അനാവശ്യമായ ഇമേജുകളോ വീഡിയോകളോ ഒഴിവാക്കാം. ഇത് ഡൌൺലോഡ് ആയി വരുന്ന സമയത്തെ അത്ര അധികം ഇന്റർനെറ്റ് പാഴാകാതിരിക്കട്ടെ.

2. നിങ്ങൾ തുടരുന്ന ആരോഗ്യ ശീലങ്ങൾ ഗ്രൂപ്പിൽ പറയാം. ടെക്സ്റ്റ് ആയിട്ടോ വോയിസ് നോട്ട് ആയിട്ടോ ആവശ്യമെങ്കിൽ വീഡിയോ ആയിട്ടോ അയക്കാം. ഗ്രൂപ്പ് അംഗങ്ങൾ നല്ല ആശയങ്ങൾക്ക് പ്രോത്സാഹനം നൽകി പറ്റുന്നവർ അവ സ്വന്തം ദിനചര്യയിൽ ഉൾപെടുത്തുക. ചെയ്യുന്നവരെ അഭിനന്ദിക്കാം. ഇതേക്കുറിച്ചു ദിവസവും ചർച്ച ചെയ്യാം, മടി കൂടാതെ നല്ല ശീലങ്ങൾ മുന്നോട്ട് കൊണ്ടുപോകാം.

3. അധികസമയം പുറത്തിറങ്ങാൻ സാധിക്കാത്തതുകൊണ്ട് നമ്മിൽ പലരും മൊബൈൽ അടിമത്വത്തിലേക്ക് പോകാനിടയുണ്ട്.അത്‌ ഒഴിവാക്കാൻ ദിവസവും 2-3 മണിക്കൂർ മാത്രം ഫോൺ ഉപഗോഗിക്കുക. ഒറ്റയടിക്ക് കുത്തിയിരിക്കട്ടെ അര മണിക്കൂറുള്ള ഇടവേള നിശ്ചയിച്ചു അപ്പോൾ മാത്രം ഫോൺ എടുക്കാം. ബാക്കി സമയം വായന, എഴുത്, മറ്റ് ജോലികൾ എന്നിവക്കായി ചിലവഴിക്കാമല്ലോ.

4. പോസിറ്റീവ് ആയ പുസ്തകങ്ങളെ കുറിച് ഗ്രൂപ്പിൽ പറയാം. അവയുടെ നിയമപ്രകാരമുള്ള കോപ്പികൾ മാത്രം അയക്കാം. വ്യാജ പകർപ്പുകൾ വേണ്ട.

5. അനാവശ്യമായ തർക്കങ്ങൾ ഈ സമയത്ത്‌ ഒഴിവാക്കാം. സംവാദവും തർക്കവും തമ്മിലുള്ള വ്യത്യാസവും മനസിലാക്കാം. ഒരാൾ പറയുന്ന കാര്യത്തിനു യുക്തിപരമായ കാര്യങ്ങൾ ഉപഗോഗിച്ചു വ്യക്തിഹത്യത ചെയ്യാതെ മറുപടി പറയുന്നതാണ് സംവാദം. യുക്തിയില്ലാതെ വ്യക്‌തിപരമായ ആക്ഷേപങ്ങൾ ആവർത്തിക്കുന്നതാണ് തർക്കം. സംവാദങ്ങൾക്കൊടുവുൽ വ്യക്തിബഹുമാനം നഷപ്പെടുന്നില്ല, ഇരു കൂട്ടരും പുതിയ കാര്യങ്ങൾ പഠിക്കുന്നുണ്ട്.തർക്കം വ്യക്തിബന്ധങ്ങളെ ഉലക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ നിന്ന് എത്രയും വേഗത്തിൽ സ്വയം പിന്മാറുക.

6. പരിഭ്രാന്തി പരത്തുന്ന വാർത്തകൾ ഞാനായിട്ട് മറ്റുള്ളവരിലേക്ക് എത്തിക്കില്ല എന്ന് ഗ്രൂപ്പിൽ ഓരോരുത്തരും തീരുമാനിക്കുക. രോഗികളുടെ അവസ്ഥ കാണുന്നത് ഡോക്ടർമാർക്ക് മുന്നൊരുക്കങ്ങൾ എടുക്കാൻ സഹായകമായേക്കും എന്നാൽ സാധാരണക്കാർക്ക് അത് ആധി കൂട്ടാനേ ഉപകരിക്കൂ. ഈ അവസരത്തിൽ ആളുകൾ അല്ലാതെ തന്നെ പരിഭ്രാന്തരാണ്, നമ്മളായിട്ട് അതിനു ആക്കം കൂട്ടാതിരിക്കുക.

7. ഏതൊരു വാർത്ത ഷെയർ ചെയ്യ്യുന്നതിനു മുൻപും അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക.അനുബന്ധമായ ഒന്ന് രണ്ടു ലേഖനങ്ങൾ വായിച്ചു നോക്കാം, വിശ്വസ്തമായ പത്രത്തിൽ/വാർത്തയിൽ അതുമായി ബന്ധപ്പെട്ട വിവരമുണ്ടോ എന്ന് നോക്കാം. അറിവുള്ളവരെ വിളിച്ചു ചോദിക്കാം.ഇതല്ലെങ്കിൽ സംശയം തോന്നുന്നവ ഫോർവേഡ് ചെയ്യ്യാതിരിക്കുക.

8. ആരോഗ്യവിവരങ്ങൾ ഫോർവേഡ് ചെയ്യ്യുമ്പോൾ കേരള സർക്കാരിന്റെ ആരോഗ്യവകുപ്പ്, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ലോകാരോഗ്യ സംഘടന, അംഗീകൃതരായ നിങ്ങൾ കണ്ടു പരിചയിച്ച/ കേട്ട് പരിചയിച്ചവർ പറയുന്ന വിവരങ്ങൾ എന്നിവ മാത്രം ഷെയർ ചെയ്യുക.

വ്യാജ സന്ദേശങ്ങൾക്കെതിരെ അതുണ്ടാക്കുന്നവർക്കെതിരെ സർക്കാർ കടുത്ത നടപടികളെടുക്കുന്ന വാർത്തകൾ നിങ്ങളും വായിക്കുന്നുണ്ടല്ലോ...അതിലൊരാൾ നിങ്ങളാവാതെ നോക്കാം.

വിവരങ്ങൾക്ക് കടപ്പാട് : ഡോ. അരുൺ ബി. നായർ,

കൺസൽടെന്റ് സൈക്കാട്രിസ്റ്,

മെഡിക്കൽ കോളേജ്, തിരുവനന്തപുരം.