ബോഡി ബില്‍ഡിങ്ങോ?! ബോഡി ബില്‍ഡിങ് പ്രഫഷനാക്കുന്നതിനെക്കുറിച്ച് ചോ ദിച്ചാല്‍ ഒരു ശരാശരി പാലക്കാട്ടുകാരിയുടെ ആദ്യപ്രതികരണം ഇങ്ങനെയൊരു മറുചോദ്യമായിരിക്കും. അങ്ങനെ ചോദിച്ച്, ആയിരക്കണക്കിനാളുകളിൽ ഒരാളായി ഏതെങ്കിലുമൊരിടത്ത് 'അടങ്ങിയൊതുങ്ങി'യിരിക്കാന്‍ നിള തയാറായില്ല. അതുകൊണ്ടെന്താ, ആഗ്രഹിച്ചതുപോലെ ആരോഗ്യമുള്ളൊരു ശരീരം സ്വന്തമാക്കാനായി. എത്രയോ പേര്‍ക്ക് ആരോഗ്യവും ആത്മവിശ്വാസവും നേടിക്കൊടുക്കാനുമായി. നിളയുടെ ശ രിയായ തീരുമാനത്തിനുള്ള സമ്മാനമാണ് 2022ലെ മിസ് കേരള ബോഡി ബില്‍ഡിങ് പട്ടം. മെലിഞ്ഞ പെണ്‍കുട്ടിയില്‍ നിന്നു മസില്‍വുമണിലേക്കുള്ള രസകരമായ കൂടുമാറ്റത്തെക്കുറിച്ച് അഭിഭാഷക കൂടിയായ നിള റിബി പറയുന്നു.
സന്യാസം വിട്ട് ബോഡി ബില്‍ഡിങ്ങിലേക്ക്
സ്‌കൂള്‍ കാലഘട്ടത്തില്‍ സ്‌പോര്‍ട്‌സില്‍ സജീവമായിരുന്നു എന്നല്ലാതെ അ പ്പോഴൊന്നും ഇങ്ങനെയൊരു രംഗത്തെക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ലാ യിരുന്നു. ചെസ്സില്‍ മൂന്ന് വര്‍ഷം പാലക്കാട് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനക്കാരിയായിരുന്നു.കബഡിയായിരുന്നു മറ്റൊരു ഇനം. അമ്മ വിദ്യാഭ്യാസവ കുപ്പിലായിരുന്നതുകൊണ്ട് ഇടയ്ക്കിടയ്ക്കു സ്ഥലംമാറ്റം കിട്ടും. അങ്ങനെ പതിനാലോളം സ്‌കൂളുകളില്‍ പഠിക്കാന്‍ ഭാഗ്യമുണ്ടായി! പാലക്കാടും ഊട്ടിയിലുമായിട്ടാണ് സ്‌കൂളിങ് മുഴുവനാക്കിയത്. കോളജുകാലം ബെംഗളൂരുവിലും ചെന്നൈയിലും. നിയമത്തില്‍ ബിരുദ മെടുത്തത് ബെംഗളൂരുവില്‍ നിന്ന്.
വിവാഹം കഴിക്കണമെന്ന് അന്നൊന്നും ആഗ്രഹിച്ചിട്ടില്ല. ലോകം മുഴുവന്‍ സഞ്ചരിക്കണം എന്നതു മാത്രമായിരുന്നു ആഗ്രഹം. അങ്ങനെ കാശിയിലേക്ക് ഒറ്റയ്ക്ക് ഒരു മാസത്തെ യാത്ര പോയി. ഒരു വീഗന്‍ ആയി ആത്മീയതയിലേക്കു പോകാനും സന്യാസിനിയാകാനും തീരുമാനിച്ചു. ബെംഗളൂരുവില്‍ തിരിച്ചെത്തി വീഗന്‍ ജീവിതം തുടര്‍ന്നു. 12 കിലോ കുറഞ്ഞു. കൊറോണ വന്നതോടെ എന്റെ കുടുംബം കേരളത്തിലും ഞാന്‍ ബെംഗളൂരുവില്‍ ഒറ്റയ്ക്കുമായി. മൂന്നുമാസം ഞാനും എന്റെ നായയും മാത്രം ആ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചു. മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലും ആരുമുണ്ടായിരുന്നില്ല. അങ്ങനെ ഡിപ്രഷനും ഏകാന്തതയും വല്ലാതെ ബാധിക്കാന്‍ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ ജിമ്മിങ് തുടങ്ങാന്‍ പറഞ്ഞു.
ജിം ജീവിതം
എന്റെ ഉയരം അഞ്ച് അടിയാണ്. വീട്ടിലിരുന്നു തടി വച്ച് ശരീരം വല്ലാതെ ബോറായി. എല്ലാ തരത്തിലും ഹെല്‍തി ആകാന്‍ വേണ്ടി എന്തായാലും ജിമ്മില്‍ പോകാമെന്നു തീരുമാനിച്ചു. അന്ന് എന്റെ ഫ്രണ്ട് ആയിരുന്ന റിബിക്ക് ബെംഗളൂരുവില്‍ രണ്ട് ജിം ഉണ്ട്. അങ്ങനെ റിബിയുടെ കീഴില്‍ പരിശീലനം തുടങ്ങി. എനിക്കും ബോഡി ബില്‍ഡ് ചെയ്യണം എന്നു പറഞ്ഞപ്പോള്‍ റിബി സപ്പോർട്ട് ചെയ്തു. ഞങ്ങള്‍ നല്ല ഫ്രണ്ട്‌സ് ആ യി. എന്റെ ഡിപ്രഷനും അരക്ഷിതാവസ്ഥയുമൊക്കെ മാറാന്‍ റിബി ഒരുപാടു സഹായിച്ചു. ജിമ്മില്‍ പോകുന്ന സ മയത്ത് ഹാപ്പി ആയിരുന്നു. ബോഡി ആക്ടീവ് ആയി. മടിയൊക്കെ മാറി. റിബിയുടെ ഈ രംഗത്തുള്ള അറിവും ആളുടെ സ്വഭാവവും എനിക്കിഷ്ടമായി. സന്യാസജീവിതം അവസാനിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കഴിഞ്ഞവര്‍ഷം വിവാഹം റജിസ്റ്റര്‍ ചെയ്തു.
ആദ്യമൊക്കെ ചെറിയ ചില അസ്വാരസ്യങ്ങള്‍ രണ്ടു കുടുംബത്തില്‍ നിന്നുമുണ്ടായിരുന്നു. ഞങ്ങളെ മനസിലായപ്പോള്‍ അതൊക്കെ മാറി. റിബിയിലൂടെയാണ് ബോഡി ബില്‍ഡിങ്ങിലേക്കു വരുന്നതും എന്റെ കരിയര്‍ ആക്കുന്നതും. 2022 ല്‍ മിസ് കേരള ബോഡി ബില്‍ഡിങ് ടൈറ്റിലും കിട്ടി.
8 മീല്‍സ്, 20 മുട്ട
നമ്മുടെ ശരീരത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്ന ആരും ആദ്യം ത ന്നെ കൃത്യമായും ചിട്ടയോടെയും വ്യായാമം ചെയ്യാന്‍ തുടങ്ങണം. കൃത്യസമയത്ത് ഉണരണം, കൃത്യം അളവു വെള്ളം കുടിക്കണം, കൃത്യമായി കാര്‍ഡിയോ വ്യായാമങ്ങളും ചെയ്യണം. സാധാരണ ഒരു വ്യക്തിയെക്കാളും ഭാരമെടുക്കുന്നതു നമ്മുടെ ശരീരത്തിന് ആവശ്യത്തിലേറെ സമ്മര്‍ദം നല്‍കുന്നുണ്ട്. അതു ബാധിക്കാതിരിക്കാനായി മസാജ് ചെയ്യും. വൈറ്റമിന്‍ ടാബ്‌ലറ്റുകള്‍ കഴിക്കും.
ഓരോ മത്സരത്തിനും ഓരോ തരം വര്‍ക് ഔട്ടുകളാണ് ചെയ്യേണ്ടത്. രാവിലെ ഒരു 40 മിനിറ്റ് നടക്കാന്‍ പോകും. പിന്നെ ജിമ്മിലേക്ക്. പരിശീലനത്തിനു വരുന്നവർക്ക് ട്രെയിനിങ് കൊടുക്കുന്നതിനിടയില്‍ എനിക്കായി ഉദരത്തിനുള്ള വർക് ഔട്ട് മാത്രം ചെയ്യും. ദിവസത്തില്‍ പലതവണയായി എട്ടു ചെറിയ മീല്‍സ് കഴിക്കും. ഭക്ഷണത്തിൽ മീന്‍ ഒരിക്കലും മിസ് ചെയ്യില്ല. വെജിറ്റേറിയന്‍ ആയിരുന്നു പണ്ട്. ബോഡി ബില്‍ഡിങ്ങിനു വേണ്ടി കഷ്ടപ്പെട്ട് മീനും ചിക്കനുമൊക്കെ കഴിക്കാന്‍ തുടങ്ങി. ചിക്കനും മീനുമൊക്കെ കഴിച്ചാലേ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ കിട്ടൂ.
വൈകുന്നേരം ഒന്നര മണിക്കൂര്‍ വ ര്‍ക് ഔട്ട് ചെയ്യും. രാത്രി പത്തരയാകുമ്പോഴേക്കും ഉറങ്ങും. രാവിലെ അഞ്ച് മണിക്ക് ഉണരും. പിന്നെ പറ്റുമ്പോഴൊക്കെയും ഉറങ്ങും. കാരണം ശരീരത്തിന് എത്രത്തോളം വിശ്രമം കൊടുക്കുന്നോ അത്രത്തോളം മസിലുകള്‍ വളരും. 5-6 ലീറ്റര്‍ വെള്ളം കുടിക്കും. വെള്ളം കുടിക്കാന്‍ തീരെ ഇഷ്ടമല്ല, പക്ഷേ, ചൂടുവെള്ളം കുടിച്ചുകുടിച്ച് അത്രയും ഒപ്പിക്കും. വെള്ളം കുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഈ സൂത്രം പ്രയോഗിക്കാം കേട്ടോ. ചൂടുവെള്ളം കുടിച്ചാല്‍ വീണ്ടും വെള്ളം കുടിക്കാന്‍ തോന്നും. താമസിക്കുന്ന പ്രദേശത്തെ കാലാവസ്ഥയനുസരിച്ചു വെള്ളം കുടിക്കാം. ശരീരത്തിന് ആവശ്യത്തിനു വെള്ളം കിട്ടിയില്ലെങ്കില്‍ അതു മറ്റ് അവയവങ്ങളില്‍ നിന്നു വെള്ളം വലിച്ചെടുക്കും. അപ്പോള്‍ സ്‌ട്രെസ് തോന്നും. വെള്ളം തന്നെ കുടിക്കണമെന്നില്ല. ജൂസോ മോരോ കുടിക്കാം. എഴുന്നേറ്റ ഉടനെ ഒരു ലീറ്റര്‍ അല്ലെങ്കില്‍ ചുരുങ്ങിയത് അര ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കും. രാത്രി കിടക്കുന്നതിനു മുന്‍പും ഇതുപോലെ കുടിക്കും.
മത്സരമുള്ള സമയത്തും ഇല്ലാത്ത സമയത്തും ഡയറ്റ് വ്യത്യാസപ്പെടും. ആദ്യം മസില്‍ ബില്‍ഡ് ചെയ്യുന്ന സമയത്ത് പ്രോട്ടിനും കാര്‍ബോ ഹൈഡ്രേറ്റ്‌സും ഒരുപാട് കഴിക്കും. ചിക്കനും മീ നും മുട്ടയുമൊക്കെ. ഞാന്‍ കൂടുതലും മീനാണ് കഴിക്കാറ്. ട്യൂണ, സാൽമൺ ഒക്കെയാണെങ്കില്‍ ഒരു ദിവസം ഒരു കിലോ കഴിക്കും. 20 മുട്ടവെള്ള കഴിക്കും. മത്സരമില്ലാത്തപ്പോഴാണെങ്കില്‍ ഇഷ്ടമനുസരിച്ച് എല്ലാ ഭക്ഷണവും കഴിക്കും. ഭയങ്കര ഫൂഡി ആണ് ഞാന്‍. ചോറാണ് കൂടുതല്‍ ഇഷ്ടം. നല്ല ബോഡി ഉണ്ടാക്കാനായി ജീവിതകാലം മുഴുവന്‍ കഠിനമായി ഡയറ്റ് ചെയ്യണമെന്നൊന്നുമി ല്ല. ഒരു മൂന്നുമാസം നല്ലവണ്ണം ഭക്ഷണം കഴിക്കുക. പിന്നൊരു മൂന്നുമാസം കാര്‍ഡിയോ ഒക്കെ ചെയ്ത് ബോഡി കുറയ്ക്കുക.
ഫാസ്റ്റിങ് ചെയ്യാറേയില്ല. ഒരു നേരവും ഭക്ഷണം സ്‌കിപ് ചെയ്യാറുമില്ല. മത്സരത്തിന് ഒരാഴ്ച മുൻപ് വെള്ളം, ഉപ്പ് ഒക്കെ കുറയ്ക്കും. ശരീരത്തിനാവശ്യമുള്ള വൈറ്റമിന്‍, അയണ്‍, സിങ്ക് ഒക്കെ കിട്ടുന്ന ഗുണമേന്‍മയുള്ള ഭക്ഷണം കഴിച്ച് വര്‍ക് ഔട്ട് ചെയ്തു ശരീരം സംരക്ഷിക്കുന്ന ഒരാള്‍ക്കു പട്ടിണി കിടക്കേണ്ട ആവശ്യമില്ല. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ചെയ്യുമ്പോള്‍ പെട്ടെന്നു ഫലം കാണിക്കും. പക്ഷേ, ശരീരത്തിലെ പേശികളും കൊഴുപ്പും ലൂസാകും. സ്‌കിന്‍ ഒക്കെ തൂങ്ങി വയസ്സായവരെപ്പോലെ ആയിപ്പോകും.
സ്ത്രീ ബോഡിബില്‍ഡര്‍ ആകുമ്പോള്‍
നമ്മള്‍ എന്തു വസ്ത്രം ധരിക്കണം എ ന്നതു നമ്മുടെ ചോയ്‌സ് ആണ്. പക്ഷേ, നമ്മുടെ ആളുകള്‍ ബിക്കിനിയിട്ട ഒരു മോഡലിനെയോ ബോഡി ബില്‍ഡറെയോ നോക്കുന്ന രീതി വേറെയാണ്. ഒരു ലേഡി ബോഡി ബില്‍ഡര്‍ ബിക്കിനിയിട്ടു നില്‍ക്കുമ്പോള്‍ അവരുടെ മസിലുകളിലേക്കാണ് ദൃഷ്ടി പോകേണ്ടത്. ശ രീരത്തിലെ മറ്റൊരിടത്തേക്കും നോക്കാന്‍ തോന്നില്ല. ബ്രെസ്റ്റ് ഉണ്ടാകില്ല, ചെസ്റ്റ് ആണുണ്ടാകുക. സ്വിമ്മിങ്ങിന് സ്യൂട്ട് പോലെ ഏത് ഇനത്തിനും അതിന്റേതായ ഡ്രസ് കോഡ് ഉണ്ട്. ബോഡി ബില്‍ഡിങ് ശരീരത്തിന്റെ ഭംഗി കാണിക്കുന്ന സ്‌പോര്‍ട്ട് ആണ്. അപ്പോള്‍ ഇ താണ് അതിന്റെ ഡ്രസ് കോഡ്. അങ്ങനെയേ കാണേണ്ടതുള്ളൂ.
ഹോര്‍മോണ്‍ മാറ്റങ്ങള്‍ പേടിക്കേണ്ട
ശരിയായ രീതിയില്‍ ചെയ്താല്‍ ബോ ഡി ബില്‍ഡിങ് സ്ത്രീ ശരീരത്തെ നെഗറ്റിവ് ആയി ബാധിക്കില്ല. പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്ന ധാരാളം ട്രെയിനര്‍മാര്‍ കേരളത്തിലുണ്ട്. എന്നാല്‍ ശരിയായ ധാരണയില്ലാതെ ട്രെയിന്‍ ചെയ്യിക്കുന്നവര്‍ ആണ്‍കുട്ടികള്‍ കഴിക്കുന്ന അതേ സപ്ലിമെന്റ്‌സും ടാബ്‌ലറ്റുകളുമൊക്കെ ചിലപ്പോള്‍ പെണ്‍കുട്ടികള്‍ക്കും റഫര്‍ ചെയ്യും. അങ്ങനെയായാല്‍ അതു ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ ബാധിക്കും. സ്ത്രീ ശരീരത്തില്‍ മസിലുകള്‍ ഉണ്ടാകുന്നതു കാണാന്‍ രസമാണ്. പക്ഷേ, തെറ്റായ ട്രെയിനിങ് കാരണം മുഖത്ത് മുടി വളരുകയൊക്കെ ചെയ്ത് ആണ്‍ശരീരം പോലെയായാല്‍ കാണാന്‍ രസമുണ്ടാകില്ല.
ഹോർമോൺ മാറ്റങ്ങൾ വരുത്താതെ ബോഡി ബിൽഡ് ചെയ്യുന്നതാണു സുരക്ഷിതം. ശരിയായ ട്രെയിനിങ് ആണെങ്കില്‍ ഹോര്‍മോണ്‍ മാറ്റങ്ങളൊന്നും ശരീരത്തില്‍ വരില്ല. പെട്ടെന്നു ബോഡി ബില്‍ഡ് ചെയ്യണം എന്ന മനഃസ്ഥിതിയോടെ വരരുത്. ഇതൊരു സ്ലോ പ്രോസസ്സ് ആണ്. എളുപ്പത്തിലും വേഗത്തിലും ബോഡി ബില്‍ഡ് ചെയ്യാന്‍ സഹായിക്കുന്നതൊന്നും പരീക്ഷിക്കാതിരിക്കുക. ആദ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക. അതിനുശേഷം മസില്‍ ബില്‍ഡ് ചെയ്യുക. നല്ല ഭക്ഷണവും സ്‌ട്രെങ്ത് ട്രെയിനിങ്ങും ഉണ്ടെങ്കിൽ മസില്‍ സ്വാഭാവികമായി വളരും.
ജിം ലവേഴ്‌സ് കുടുംബം
അച്ഛന്‍ ക്രിസ്ത്യന്‍, അമ്മ ഹിന്ദു, ഭ ര്‍ത്താവ് മുസ്ലിം. മുഴുവന്‍ ഇന്ത്യയുടെ പ്രതീകം തന്നെയാണ് ഞങ്ങളുടെ കുടുംബം. അച്ഛന്‍ ഫെലിക്‌സ് റോയും അമ്മ ഗീതയും പാലക്കാട്ടുകാര്‍. അഡ്വക്കേറ്റ് മാത്രം ആയിരുന്നെങ്കില്‍ എത്രയോ പേരില്‍ ഒരാള്‍ മാത്രമാകേണ്ടി വന്നേനെ. വ്യത്യസ്തമായൊരു മേഖല തിരഞ്ഞെടുത്തതുകൊണ്ടാണ് ഇന്നു നിന്നെ നാലുപേര്‍ അറിയുന്നത് എന്നാണ് അച്ഛന്‍ പറയാറ്. നീയെന്തുകൊണ്ട് അഡ്വക്കേറ്റ് ആയില്ല എന്ന് ഒരിക്കല്‍പോലും ചോദിച്ചിട്ടില്ല. കണ്ണൂരിലെ പരമ്പരാഗത മുസ്ലിം കുടുംബമാണ് റിബിയുടേത്. എന്നാലും അമ്മ കട്ട പ്രോത്സാഹനമാണ്. രണ്ടു ജിമ്മിന്റെയും മേല്‍നോട്ടത്തിനൊപ്പം കര്‍ണാടകയിലെ ബോഡി ബില്‍ഡിങ് മത്സരങ്ങളൊക്കെ ഓര്‍ഗനൈസ് ചെയ്യുന്നുമുണ്ടിപ്പോള്‍ റിബി. ടീം റിബി എന്നാണ് ഞങ്ങളു
െട ടീമിന്റെ പേര്. ജിമ്മിന്റേത് ഫിറ്റ്‌ബോക്‌സ് എന്നും. എനിക്ക് ട്രെയിനിങ് വരുമ്പോള്‍ റിബി ഭക്ഷണമുണ്ടാക്കിത്തരും, വീട്ടുകാര്യങ്ങള്‍ നോക്കും. അതുപോലെ തിരിച്ചും.
നോ പ്ലാനിങ്
പ്ലാനുകളൊന്നുമില്ല. ബോഡി ബില്‍ഡിങ്ങിലും ജീവിതത്തിലും. കൊറോണക്കാലം പഠിപ്പിച്ചതതാണ്. നാളെ എന്താണെന്ന് നമുക്കറിയില്ല. ഉള്ള സമയം അ ടിച്ചുപൊളിക്കുക. ജൂണില്‍ നടക്കുന്ന IHFF അമച്വര്‍ ഒളിംപ്യാഡ് മത്സരത്തിനായി ഇപ്പോള്‍ തയാറെടുക്കുകയാണ്. അതില്‍ ഇന്ത്യയ്ക്കു വേണ്ടി ഒരു മെഡല്‍ നേടണം. അതാണ് ഇപ്പോഴത്തെ ആ ഗ്രഹവും ലക്ഷ്യവും.