ചർമസൗന്ദര്യത്തിന് ഏറ്റവും പ്രധാനമായുള്ള ഒരു പ്രോട്ടീനാണു കൊളാജൻ (Collagen). ചർമം ചുളിവുകൾ വീഴാതെയും തൂങ്ങാതെയും ദൃഢമായും ശോഭയോടെയും കൂടെ ആയിരിക്കാൻ കൊളാജൻ സഹായിക്കും. ശരീരത്തിൽ ഏറ്റവുമധികം ഉള്ള ഒരു പ്രോട്ടീനാണിത്. മനുഷ്യശരീരത്തിലുള്ള പ്രോട്ടീനിന്റെ മൂന്നിലൊരു ഭാഗവും കൊളാജൻ പ്രോട്ടീനാണ്. നമ്മുടെ ശരീരം കൊളാജൻ ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും വാർധക്യം ഉൾപ്പെടെ പല കാരണങ്ങളാൽ കൊളാജൻ കുറഞ്ഞുപോകാം.
നമ്മൾ വളരെ സാധാരണമായി കഴിക്കുന്ന ചില ഭക്ഷണങ്ങളിൽ കൊളാജൻ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.
എല്ലു സൂപ്പ് (Bone Broth)
പണ്ടൊക്കെ മാംസം വാങ്ങുമ്പോൾ എല്ലു കൂടി വാങ്ങി അതു സൂപ്പ് ആക്കി കുടിക്കുന്ന രീതിയുണ്ട്. മൃഗങ്ങളുടെ അസ്ഥിയിൽ കൊളാജൻ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ചെറുതീയിൽ, വെള്ളത്തിൽ കിടന്ന് എല്ലു വെന്തു മൃദുവാകുമ്പോൾ അതിലെ മജ്ജ അലിഞ്ഞിറങ്ങും. ഇതു കൊളാജൻ വളരെ എളുപ്പത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാൻ സഹായിക്കുന്നു. എന്നുകരുതി അമിതമായ അളവിൽ കഴിക്കുന്നതു ശരീരത്തിനു ദോഷകരമാകാം.
∙ മറ്റു ഭക്ഷണങ്ങളിലെ കൊളാജനേക്കാളും മികച്ച രീതിയിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും മത്സ്യങ്ങളിലെ കൊളാജൻ. ചർമാരോഗ്യത്തിന് ഏറ്റവും ഗുണകരമായ ടൈപ്പ് 1 കൊളാജനാണ് മത്സ്യത്തിലുള്ളത്. മത്തി, അയല പോലെ ഒമേഗ 3 കൊഴുപ്പിനാൽ സമ്പുഷ്ടമായ മീനുകൾ ഏറെ ഫലപ്രദമാണ്. കക്ക ഇറച്ചിയിലെ സിങ്ക് കൊളാജൻ നിർമാണത്തിനു സഹായകമാണ്.
∙ ചിക്കൻ എല്ലിലെ മജ്ജ കൊളാജന്റെ ഒന്നാന്തരം ഉറവിടമാണ്. മാംസം കഴിക്കുന്നതോടൊപ്പം എല്ലു കൂടി ചവച്ചരച്ച് അതിലെ മജ്ജ കഴിക്കുന്നതു ഗുണകരമാണ്.
∙ മുട്ട കഴിച്ചാൽ രണ്ടുണ്ട് കാര്യം. മുട്ടയുടെ വെള്ള കൊളാജൻ അടങ്ങിയതാണ്. മുട്ടയുടെ മഞ്ഞക്കരുവിലാകട്ടെ ശരീരത്തിനു കൊളാജൻ ഉൽപാദിപ്പിക്കാൻ ആവശ്യമായ ചില പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
∙ ഒാറഞ്ചും നാരങ്ങയുമൊക്കെ സിട്രസ് വിഭാഗത്തിലുള്ള പഴങ്ങളാണ്. ഇവയിലെ വൈറ്റമിൻ സി കൊളാജൻ ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും. ഇതേ കാരണം കൊണ്ടു തന്നെ ബെറിപ്പഴങ്ങൾ, പച്ചിലക്കറികൾ, ബെൽപെപ്പർ, തക്കാളി എന്നിവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
ഭക്ഷണം ആരോഗ്യകരമാക്കുന്നതൊപ്പം കൊളാജൻ ഉൽപാദനം മെച്ചപ്പെടാനായി മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.
∙ സൂര്യപ്രകാശത്തിലിറങ്ങുമ്പോൾ എസ്പിഎഫ് 30 എങ്കിലും ഉള്ള സൺസ്ക്രീൻ മുഖത്തും പുറമേ കാണുന്ന ശരീരഭാഗങ്ങളിലും പുരട്ടുക.
∙ ദിവസവും 6–7 മണിക്കൂറെങ്കിലും ശല്യമില്ലാതെ സുഖകരമായി ഉറങ്ങണം.
∙ പുകവലി ഉപേക്ഷിക്കാം. പുകവലി ഏൽക്കുന്നതും ദോഷകരമാണ്.
∙ ദിവസവും 45 മിനിറ്റു നേരം വ്യായാമം ചെയ്യാൻ മറക്കരുത്.
∙ സ്ട്രെസ്സ് കുറയ്ക്കുക.