ആത്മാവിന്റെ ആഴങ്ങളിലേയ്ക്കുള്ള യാത്രയായിരുന്നു അത്. പിന്നിട്ട വഴിയിലെ സമൃദ്ധിയുടെ വാതായനങ്ങൾ ചേർത്തടച്ചു. സ്ഥാനചിഹ്നങ്ങളെല്ലാം അഴിച്ചു വച്ചു. ആന്തരികാനന്ദം പകരുന്ന ദൈവിക ചൈതന്യത്തിന്റെ നിറവിൽ നിശ്ശബ്ദതയുടെ ഉപാസകനായി, ഏകാന്തതാപസനായി, പരിത്യാഗിയായി പുതിയൊരു ദേശത്തേയ്ക്ക്...
ഇടുക്കി ജില്ലയിലെ മുറിഞ്ഞപുഴയ്ക്കടുത്ത് നല്ലതണ്ണി എന്ന മലമ്പ്രദേശത്ത് തന്റെ ഏകാന്തതാപസ ജീവിതത്തിന്റെ ഒന്നര വർഷം പൂർത്തിയാക്കുകയാണ് പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ. ആസ്ബസ്റ്റോസ് മേഞ്ഞ ഒരു കൊച്ചുവീട്ടിൽ മഞ്ഞും മഴയും വേനൽക്കാറ്റും കനത്ത ആഘാതമേൽപ്പിക്കുമ്പോഴും ദൈവാനുഭവത്തിന്റെ നിറവിൽ ആ നല്ല ഇടയൻ പ്രാർഥനയിലും ധ്യാനത്തിലും ലയിക്കുന്നു. തന്നെ തേടിയെത്തുന്നവരുടെ ദുഃഖങ്ങൾക്കു കാതോർക്കുന്നു. നോമ്പുകാലവും ഉയിർപ്പുകാലവും ജീവിതനവീകരണത്തിനായി ഉദ്ബോധിപ്പിക്കുമ്പോൾ തന്റെ ലാളിത്യമാർന്ന ജീവിതവഴികളും ധ്യാനാത്മകചിന്തകളും അദ്ദേഹം പങ്കു വയ്ക്കുകയാണ്.....
‘‘ താപസജീവിതം നൽകുന്നത് ആന്തരികാനന്ദമാണ്. പുറംലോകവുമായുള്ള വാതിലുകൾ അടയുമ്പോഴും ആന്തരികമായ ആനന്ദം കെട്ടു പോകുന്നില്ല’’ – മാർ ജേക്കബ് മുരിക്കൻ പറയുന്നു. ശരീരത്തിന്റെ പ്രലോഭനങ്ങളെയും ഇന്ദ്രിയാഭിലാഷങ്ങളെയും നിയന്ത്രിക്കാൻ സാധിക്കണമെന്ന് അദ്ദേഹം ഒാർമിപ്പിക്കുന്നു. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു സമൂഹത്തിന്റെയും നമ്മുടെയും പ്രപഞ്ചത്തിന്റെയും നന്മയ്ക്കായി അതിനെ പാകപ്പെടുത്തിയെടുക്കണം. അഹം എന്ന ഭാവത്തെ പിന്നിലേക്കു മാറ്റി ദൈവം മുൻപിലേക്കു വരണം. നാം ചുരുങ്ങണം, ദൈവം വളരണം. നോമ്പ് , ഉപവാസം, പ്രാർഥന എന്നിങ്ങനെയുള്ള ആത്മീയ തപശ്ചര്യകളിലൂടെ ഉദ്ദേശിക്കുന്നത് അതാണ്. നാമറിയാതെ അഹം വളർന്നുകൊണ്ടിരിക്കും. സ്വയം പരിശോധിക്കുക, നവീകരിക്കുക, വിശുദ്ധീകരിക്കുക. സ്വയം എളിമപ്പെടുത്താനുള്ള അവസരമായാണ് മാർ ജേക്കബ് മുരിക്കൻ നോമ്പുകാലത്തെ കാണുന്നത്.
‘‘ നോമ്പുകാലത്തെ ഉപവാസം , ദാനധർമം , നീതിയുടെ പ്രവർത്തനം , പ്രാർഥന എന്നിവയാൽ കൂടുതൽ അലംകൃതമാക്കുക. ഭക്ഷണനിയന്ത്രണം ആത്യന്തികമായി ദൈവവുമായി കൂടുതൽ ഐക്യപ്പെടാനാണ്. നാം കഴിക്കാതിരിക്കുമ്പോൾ, മറ്റൊരാളുടെ വിശപ്പകറ്റാൻ കഴിയുമ്പോഴാണ് നോമ്പിന്റെ പ്രസക്തി. ഏത് അവസ്ഥയിലും ദൈവം നൽകുന്ന കൃപയിലൂടെ നീങ്ങുമ്പോൾ ജീവിതം വിജയകരമായി മാറും. ദൈവം തരുന്നതൊക്കെ നല്ലതാണ് എന്ന അനുഭവത്തിലേക്കു നാം വരുകയാണ് ...’’
വിശദമായ വായനയ്ക്ക് മനോരമ ആരോഗ്യം ഏപ്രില് ലക്കം കാണുക