Monday 14 August 2023 05:24 PM IST

കാടും മേടും താണ്ടി മണിക്കൂറുകൾ നടന്നു ആദിവാസി കുടികളിലേക്ക്; ഡോ. അശ്വതി സോമന്റെ ചികിത്സാനുഭവങ്ങൾ....

Sruthy Sreekumar

Sub Editor, Manorama Arogyam

dr3979u98u

ചില നിയോഗങ്ങൾ ദൈവം നേരിൽ വന്നു നമ്മളെ ചുമതലപ്പെടുത്തുന്നതുപോലെ തോന്നും. കാരണം നിയോഗവഴിയിെല പ്രതിബന്ധങ്ങൾ അപകടകരമാണെങ്കിലും മനസ്സു മടുപ്പിച്ചാലും നമ്മൾ പിന്തിരിയില്ല. ഡോ. അശ്വതി സോമൻ തന്റെ തൊഴിലിനെ അത്തരമൊരു നിയോഗമായിട്ടാണു കാണുന്നത്Ð കാടിന്റെ മക്കളെ ചികിത്സിക്കുക എന്ന നിയോഗം. ശരീരവും മനസ്സും ഒരുപോലെ തളർന്നു പോകുന്ന കാട്ടിലേക്കുള്ള സഞ്ചാരങ്ങൾ നിലമ്പൂരിലെ ട്രൈബൽ മെഡിക്കൽ ഒാഫിസറായ ഡോ. അശ്വതിക്ക് ഒരിക്കലും മടുക്കാത്ത സാഹസികതയാണ്.

അച്ഛനെ പോലെ ഡോക്ടർ

‘‘ കുട്ടിക്കാലത്തു തന്നെ ഡോക്ടർ പ്രഫഷൻ ഇഷ്ടമായിരുന്നു. ഡോക്ടറായ അച്ഛനായിരുന്നു റോൾ മോഡൽ. എനിക്കു ഡോക്ടർ എന്ന തൊഴിൽ ത്രില്ലിങ് ആയിട്ടാണ് തോന്നുന്നത്. പണ്ടുമുതലേ ഒരു കാര്യത്തിനു പിന്നിലെ കാര ണം കണ്ടുപിടിക്കാൻ എനിക്കു വലിയ ഉത്സാഹമായിരുന്നു. രോഗം കണ്ടുപിടിക്കുന്നത് എങ്ങനെ, എങ്ങനെ ഭേദമാക്കാം... ഇതിനെല്ലാം ഉത്തരം കണ്ടുപിടിക്കേണ്ട മെഡിക്കൽ പ്രഫഷൻ ത്രില്ലിങ് രംഗം തന്നെയല്ലെ... നമ്മൾ എത്ര പഠിച്ചാലും ഒാരോ ദിവസവും പുതിയ അറിവുകൾ നമ്മളെ തേടിവരും...

ട്രൈബൽ ഒാഫിസറായി

പഠനം കഴിഞ്ഞ് ആദ്യം ചേർന്നത് കോട്ടപ്പുറം പിഎച്ച്സിയിൽ മെഡിക്കൽ ഒാഫിസർ ആയിട്ടായിരുന്നു. പിന്നീടാണു നിലമ്പൂരിലെ ട്രൈബൽ മൊബൈൽ മെഡിക്കൽ യൂണിറ്റിലേക്കു മാറുന്നത്. ആശുപത്രിയിൽ ഇരുന്നു രോഗികളെ ചികിത്സിക്കുന്നതിനു പകരം ഒാരോ ദിവസവും, കാടിനുള്ളിലേക്കു പോയി ചികിത്സിക്കുക എന്നതു നൽകുന്ന അനുഭവം ഒരു ചികിത്സകനു മറ്റൊരിടത്തു നിന്നും കിട്ടില്ല. ഒാരോ ദിവസവും ഒാരോ ഇടത്തേക്കാണു യാത്ര... പലതരം ആളുകളോട് ഇടപഴകാൻ അവസരം ലഭിക്കും. പുതിയ കാര്യങ്ങൾ പഠിക്കും... മാത്രമല്ല ഡോക്ടർ എന്ന നിലയിൽ ഒരുപാടു കാര്യങ്ങൾ െചയ്യാനാകും.

പലരും എത്താൻ മടിക്കുന്ന ഇടമാണ് കാട്. ഇപ്പോൾ ഞാൻ ചെറുപ്പമാണ്. കാട്ടിലൂെടയുള്ള സഞ്ചാരം വലിയ പ്രയാസം ഉണ്ടാക്കില്ല. അതുകൊണ്ടുതന്നെയാണ് ഈ
മേഖല ഞാൻ തിരഞ്ഞെടുത്തത്. എന്നെക്കൊണ്ടു കഴിയാവുന്ന സഹായം ആദിവാസിമേഖലയിലുളളവർക്കു െചയ്യാൻ കഴിയണം എന്നു മനസ്സിലുണ്ട്. പലരും പറഞ്ഞിരുന്നു ഇതു സ്ത്രീകൾക്കു പറ്റിയ പണിയല്ല എന്ന്. എന്നാൽ ഒരു ഡോക് ടർ എന്ന നിലയിൽ ആ നിലപാടിനോട് എനിക്കു വിയോജിപ്പാണ്. ശരിയാണ്, കാട്ടിലൂെടയുള്ള യാത്ര ശ്രമകരമാണ്. വന്യജീവികൾ ഉണ്ടാകും, കാലാവസ്ഥ പ്രതികൂലമാകാം, ആളുകൾ തുറന്നിടപഴകാൻ തയാറാകാതിരിക്കാം... ഇങ്ങനെ ഒട്ടേറെ ഘടകങ്ങളുണ്ട്. ഇവയെല്ലാം കൊണ്ടുതന്നെ പലരും പിന്നോട്ടു പോയിട്ടുണ്ട്. ഇതെല്ലാം കേട്ടപ്പോൾ എന്നാൽ പിന്നെ ഒരു കൈ നോക്കിക്കളയാം എന്നൊരു ചിന്തയാണ് എനിക്കുണ്ടായത്.

കാടിന്റെ മക്കൾ

രാവിലെ ജീപ്പിൽ ആദിവാസി കോളനികളിലേക്കു പോകും. ചിലയിടങ്ങളിൽ ജീപ്പിൽ നിന്ന് ഇറങ്ങി നടന്നാലേ കോളനികളിലേക്ക് എത്താനാകൂ. ചില കോളനികളിലേക്കു പത്തിലേറെ കിലോമീറ്റർ നടക്കേണ്ടി വരാം . കാട്ടിലേയ്ക്കുള്ള യാത്ര പ്രയാസമേറിയതാണ്. നിരപ്പായ പ്രദേശമല്ലല്ലോ... പാറക്കെട്ടുകളും കുഴികളുമൊക്കെ ഉണ്ടാകും. പലയിടത്തും ടോയ്‌ലറ്റ് സൗകര്യം പോലും ഉണ്ടാകില്ല. ദിവസവും ഒരു പാടു ദൂരം യാത്ര െചയ്തു മടങ്ങിവരാറുണ്ട്. നിലമ്പൂരുള്ള ഒാഫിസിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള മേഖലയിലേക്ക് ഒക്കെ പോകാറുണ്ട്. അതിൽ തന്നെ 40 കിലോമീറ്റർ ഒാഫ് റോഡ് യാത്രയായിരിക്കും. നമ്മൾ ഭയങ്കരമായി ക്ഷീണിക്കും.

അവിടുത്തെ ജനങ്ങളുെട വിശ്വാസം നേടിയെടുക്കാൻ പ്രയാസമുണ്ടായിരുന്നില്ല. കാരണം എനിക്കു മുൻപേ ധാരാളം ഡോക്ടർമാരും ആരോഗ്യവകുപ്പു ജീവനക്കാരും ഈ
പ്രദേശങ്ങളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ടല്ലോ. എന്നാൽ തുടക്കത്തിൽ എന്നോട് അടുക്കാൻ വിമുഖത കാണിച്ചിട്ടുണ്ട്. ഞാൻ വിളിച്ചാൽ കുടിയിൽ നിന്ന് ഇറങ്ങി വരാതിരിക്കുക, നമ്മളുെട ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിനു പകരം അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ പറയുക... അങ്ങനെ. ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും അകൽച്ച എല്ലാം മാറി. പാട്ടു പാടിയും ഡാൻസു കളിച്ചുമൊക്കെ അവരോട് അടുക്കാൻ ശ്രമിച്ചിട്ടുണ്ട്.

ആദിവാസികൾ പരസ്പരം സംസാരിക്കുന്ന ഭാഷ നമുക്കു മനസ്സിലാക്കാൻ പ്രയാസമാണ്. മലയാളമല്ലത്. കന്നഡയും തമിഴും ഇടകലർന്ന പോലെ ഒരു ഭാഷ. എന്നാൽ അവർ നമ്മളോടു മലയാളത്തിലാണു സംസാരിക്കുക. ഇപ്പോൾ അവർ സംസാരിക്കുന്നതു കേട്ടാൽ എനിക്കു മനസ്സിലാകും. ചുമയ്ക്ക് അവർ കെമ്മല് എന്നാണ് പറയുക.

42 കോളനികളുെട ചുമതലയുണ്ടിപ്പോൾ. ചില കോളനികളിൽ 200–300 പേർ ഉണ്ടാകും. ചിലയിടങ്ങളിൽ 20–50 വരെ മാത്രവും. ചോലനായ്ക്കർ, പതിനായ്ക്കർ, കാട്ടുനായ്ക്കർ, പണിയർ തുടങ്ങിയ ആദിവാസി വിഭാഗക്കാരാണ് ഈ കോളനികളിൽ കൂടുതലും.

കോവിഡ് കാലത്തും ഞങ്ങൾ കാടിനുള്ളിലേക്കു പോയി ട്ടുണ്ട്. കാരണം മെഡിക്കൽ ക്യാംപുകൾ നിർത്തിയാൽ അവിടെയുള്ള ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടും. രോഗം കൂടി നിന്ന സമയത്തൊക്കെ പിപിഇ കിറ്റ് ധരിച്ചാണു ചികിത്സിച്ചിരുന്നത്. ചൂടുള്ള സമയത്ത്, പിപിഇ കിറ്റൊക്കെ ധരിച്ചു കാടിനുള്ളിൽ, വസ്ത്രം മാറാൻ പോലും സൗകര്യമില്ലാതെ വല്ലാതെ പ്രയാസപ്പെട്ടു. എങ്ങനെയൊക്കെയോ ആ ബുദ്ധിമുട്ടുകൾ തരണം െചയ്തു. അവർക്കു വാക്സിനേഷൻ നൽകാനുള്ള ക്യാംപുകളും സംഘടിപ്പിച്ചു. ബോധവൽക്കരണ
ക്ലാസ്സുകൾ നടത്തിയശേഷമാണ് ഇവർക്കു വാക്സിനേഷന്റെ പ്രാധാന്യം മനസ്സിലാക്കികൊടുത്തത്. ഒട്ടുമിക്ക പേരും വാക്സീൻ എടുക്കുകയും െചയ്തു. ആദിവാസി വിഭാഗക്കാർക്കു പ്രഥമശുശ്രൂഷ പരിശീലന ക്ലാസ്സുകൾ നൽകി യിട്ടുണ്ട്. ബിപി അപ്പാരറ്റസ്, ഒാക്സിമീറ്റർ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കേണ്ട വിധവും പഠിപ്പിച്ചിട്ടുണ്ട്.

അതുപോലെ മറക്കാനാകാത്ത ഒന്നാണ് 2019ലെ പ്രളയകാലം. കവളപ്പാറയിൽ ഉരുൾ പൊട്ടിയശേഷം അവിടെ ഡ്യൂട്ടിക്കു പോയിട്ടുണ്ട്. മൃതദേഹങ്ങൾ മണ്ണിനടിയിൽ നിന്നു
കുഴിച്ചെടുക്കുന്നതൊക്കെ നേരിൽ കണ്ടു മരവിച്ചുനിന്നിട്ടുണ്ട്. പ്രളയത്തെ തുടർന്നു പല ആദിവാസി കോളനികളും ഒറ്റപ്പെട്ടിരുന്നു. അതൊന്നും പുറംലോകം അറി‍ഞ്ഞിരുന്നില്ല. മഞ്ചേരിക്ക് അടുത്ത് മണ്ണള്ള എന്ന സ്ഥലത്തെ ചോലനായ്ക്കർ വിഭാഗത്തിലെ കുറച്ചുപേരെ കാൺമാനില്ല എന്ന വിവരം ലഭിച്ചു. ജില്ലാ കലക്ടറുെട നിർദേശത്തെ തുടർന്നു ഞാൻ അടങ്ങുന്ന മെഡിക്കൽ സംഘം കാട്ടിനുള്ളിലേക്കു പോയി. ഉരുൾപൊട്ടലിനെ തുടർന്നു വഴിയാകെ തകർന്നു കിടക്കുകയായിരുന്നു. നടക്കുമ്പോൾ കാൽമുട്ടിനു മുകളിൽ വരെ മണ്ണിൽ പുതഞ്ഞുപോയിട്ടുണ്ട്. ഒടുവിൽ ആദിവാസികളെ കണ്ടെത്തി, ഭക്ഷണവും മരുന്നും ഒക്കെ നൽകി.

മറക്കാനാകാത്ത രോഗി

മറക്കാനാകാത്ത ധാരാളം രോഗികൾ ഉണ്ട്. എങ്കിലും പെട്ടെന്ന് ഒാർമ വരുന്ന ഒരാളുണ്ട്. മാതൻ എന്നായിരുന്നു േപര്. അദ്ദേഹത്തിനു 100 വയസ്സിൽ കൂടുതലുണ്ട് എന്നാണു മറ്റുള്ളവർ പറഞ്ഞുള്ള അറിവ്. മാഞ്ചീരിയിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട വ്യക്തിയാണ്. എപ്പോഴും ചിരിച്ച മുഖം. നല്ല ആരോഗ്യം. ഭാര്യയെ ഭയങ്കര ഇഷ്ടമാണ്. അവർക്കു
വേണ്ടിയുള്ള മരുന്നുകളെല്ലാം ചോദിച്ചു വാങ്ങും. ഇവരൊക്കെ വലിയ ഭാരം ചുമലിൽ തൂക്കിയിട്ടാണു കാടു കയറുന്നത്. ഈ മാതൻ എന്നോടു പറഞ്ഞ പരാതി, പുള്ളിക്ക് ഭാരം എടുത്തു പോകുമ്പോൾ വേദന അനുഭവപ്പെടുന്നു എന്ന്   ! ഞാൻ ഞെട്ടിപ്പോയിട്ടുണ്ട്. ഇത്രയും പ്രായം ഉള്ള ആൾ 50 കിലോ വരെ ഭാരം ചുമന്ന്, നാലഞ്ച് മണിക്കൂർ നടക്കുമ്പോൾ ശരീരത്തിന്റെ അവിടെയും ഇവിടെയുമൊക്കെ വേദന ഉണ്ടെന്നാണു പറയുന്നത് !

വേദനാസംഹാരികൾ കൊടുക്കാം എന്നല്ലാതെ പ്രത്യേകിച്ചു ചികിത്സ ഒന്നും ഇല്ല. കാരണം പ്രായമാകുമ്പോൾ സംഭവിക്കുന്ന മാറ്റമാണിതൊക്കെ. അടുത്തിടെ അദ്ദേഹം മരിച്ചു.
കാടിറങ്ങി, സാധനങ്ങൾ വാങ്ങാൻ വരുകയായിരുന്ന മാതനും സംഘവും കാട്ടാനയുെട മുന്നിൽപെട്ടു. കൂടെയുണ്ടായിരുന്നവരെ ഒാടിച്ചു വിട്ടെങ്കിലും മാതനു രക്ഷപ്പെടാൻ കഴിഞ്ഞില്ല. മാതന്റെ മൃതദേഹം കാണാൻ ഞാൻ പോയില്ല. എനിക്കു മാതന്റെ നിറഞ്ഞ ചിരിയുള്ള മുഖം എന്നും മനസ്സിൽ വേണമെന്നായിരുന്നു.

കാട്ടിലേക്കുള്ള യാത്രകൾ

യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. നമ്മൾ വായിച്ചറിഞ്ഞ കാടും നേരിട്ടു കാണുന്ന കാടും തമ്മിൽ വ്യത്യാസമുണ്ട്. ഒരേ വഴി തന്നെ പലസമയത്ത് പല തരത്തിലാണു കാണുക. അതായത് ഒരു സമയത്തു വരണ്ടുകിടക്കുകയാണെങ്കിൽ പിന്നീടു പച്ചപ്പു നിറഞ്ഞു നിൽക്കും. പല നിറത്തിലുള്ള പക്ഷികളൊക്കെ കാഴ്ചയ്ക്കു മനോഹരമാണ്. പേടിപ്പെടുത്തിയ അനുഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കൽ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിൽ മെഡിക്കൽ ക്യാംപിനു പോയ ജീപ്പ് കേടായി ഉൾവനത്തിൽ മണിക്കൂറുകളോളം കുടുങ്ങി. പകൽസമയത്തു പോലും കാട്ടാനകൾ ഇറങ്ങുന്ന ഇടമായിരുന്നു. ഒടുവിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

മനസ്സു മടുപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചില സീനിയർ ഡോക്ടർമാരുെടയും സമീപനം വളരെ വ്യത്യസ്തമാണ്. അതായത് ഡ്യൂട്ടിക്കിടെ കൂടുതൽ ജോലി
ചെയ്താൽ പ്രോത്സാഹിപ്പിക്കുന്നതിനു പകരം ആരോടു ചോദിച്ചിട്ടാണ് ഇതെല്ലാം െചയ്തത് എന്ന ചോദ്യം ഉണ്ടായിട്ടുണ്ട്. എന്തിനേറെ നമ്മുെട ചുമതലയില്ലാത്ത ആദിവാസി മേഖലയിൽ സംഭവിച്ച മരണത്തിന്റെ ഉത്തരവാദിത്തം വരെ എന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം ഉണ്ടായിട്ടുണ്ട്. ഇതെല്ലാം നമ്മുെട മനോവീര്യത്തെ തകർക്കും.

ഇപ്പോൾ അഞ്ചര വർഷമായി ഞാൻ ട്രൈബൽ ഒാഫിസറായി സേവനമനുഷ്ഠിക്കുന്നു. സ്ഥലംമാറ്റത്തിനു ശ്രമിക്കാറില്ല. കാട്ടിലെ ജോലിയിൽ ഞാൻ സന്തുഷ്ടയാണ്. കാരണം
കാടിന് ഒരു സത്യമുണ്ട്. നമ്മൾ സത്യസന്ധമായി കാടിനെയും കാടിന്റെ മക്കളെയും സേവിച്ചാൽ നന്മകൾ മാത്രമെ തിരികെ ലഭിക്കൂ...’’

Tags:
  • Manorama Arogyam