സ്ത്രീകളെ കൊണ്ട് സാധിക്കില്ല എന്ന് സമൂഹം കൽപിച്ചുനൽകിയിരിക്കുന്ന ചില മേഖലകളുണ്ട്. ഇഷ്ടത്തോടെ, ആ മേഖലയിലേക്ക് കടന്നുചെല്ലാൻ ശ്രമിക്കുമ്പോൾ പ്രോത്സാഹനത്തോടെയുള്ള ഒരു നോട്ടം പോലും ലഭിക്കണമെന്നില്ല. പകരം പിന്നോട്ടടിക്കുന്ന നൂറുനൂറ് വാക്കുകൾ ആവും കേൾക്കുക. എന്നാൽ ഈ കടമ്പകൾ എല്ലാം കടന്ന് ലക്ഷ്യത്തിലെത്തിയ ഒരാളാണ് ഡോ. വിനിത വി. നായർ. സർജറിയിൽ സ്പെഷലൈസ് ചെയ്യുന്ന സ്ത്രീ ഡോക്ടർമാരുെട എണ്ണം തന്നെ വളരെ കുറവാണ് നമ്മുെട നാട്ടിൽ. അപ്പോൾ ബഹുഭൂരിപക്ഷവും പുരുഷ ഡോക്ടർമാർ മാത്രമുള്ള കാർഡിയാക് തെറാസിക് സർജറി എന്ന മേഖലയാണ് തന്റെ സ്വപ്നം എന്നു തിരിച്ചറിഞ്ഞ ഡോക്ടറാണ് വിനിത. പല പ്രതിബന്ധങ്ങളും തരണം ചെയ്ത് ആ സ്വപ്നത്തിലേക്ക് എത്തിയ ഡോക്ടർ ഇന്ന് കേരളത്തിലെ ഏറ്റവും ശ്രദ്ധേയയായ ലേഡി കാർഡിയാക് സർജൻമാരിൽ ഒരാളാണ്. തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല എന്ന് അനുഭവങ്ങളിലൂെട വായനക്കാരോട് പറയുകയാണ് ഡോ. വിനിത.
കുട്ടിക്കാലത്തെ സ്വപ്നം
തിരുവനന്തപുരം വട്ടപ്പാറയാണ് എന്റെ സ്വദേശം. അച്ഛനും അമ്മയും അധ്യാപകരായിരുന്നു. എനിക്ക് ഒരു ചേച്ചിയുണ്ട്. ഞാനും ചേച്ചിയും എസ്‌എസ്എൽസി റാങ്കോടെയാണ് പാസ്സായത്. ചേച്ചിക്കു പ്രീഡിഗ്രി കഴിഞ്ഞപ്പോൾ എംബിബിഎസ്സിന് അഡ്മിഷൻ കിട്ടി. എനിക്ക് ഡോക്ടർ എന്ന ആഗ്രഹം ഉണ്ടായിരുന്നില്ല. ആർക്കിടെക്റ്റ് ആകണമെന്നായിരുന്നു മനസ്സിൽ. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ഒരു ദിവസം ടിവിയിൽ ബീറ്റിങ് ഹാർട്ട് സർജറിയെക്കുറിച്ചൊരു പരിപാടി കാണാനിടയായി. അത് എന്നെ വല്ലാതെ സ്വാധീനിച്ചു. ഡോക്ടർ ആയാലോ എന്നൊരു ചിന്ത കടന്നുകൂടി. വൈദ്യപഠനത്തോട് എന്നെ അടുപ്പിച്ച മറ്റൊരു സംഭവം കൂടിയുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കടന്നൽ കുത്തേറ്റ് അലർജിക് റിയാക്‌ഷൻ വന്നു ബോധം മറഞ്ഞ എന്നെ വീട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോയി. അന്ന് മെഡിസിൻ വിഭാഗത്തിലെ ഡോ. ജോയി ഫിലിപ്പാണ് ചികിത്സിച്ചത്. അദ്ദേഹം റൗണ്ട്സിനു വരുമ്പോൾ ആ വാർഡിലെ അന്തരീക്ഷമാകെ മാറും. ചുറുചുറുക്കോടെ, തമാശയൊക്കെ പറഞ്ഞാണ് അദ്ദേഹം രോഗികളോട് ഇടപെടുന്നത്. ഒരു ഡോക്ടർക്കു കിട്ടുന്ന ബഹുമാനവും അംഗീകാരവും അന്നാണ് നേരിൽ കാണുന്നത്. അങ്ങനെ വൈദ്യപഠനം തിരഞ്ഞെടുക്കാൻ തീരുമാനിച്ചു. പ്രീഡിഗ്രി ഫസ്റ്റ് റാങ്കിൽ പാസ്സായി 1999ൽ തിരുവനന്തപുരത്ത് എംബിബിഎസ്സിനു ചേർന്നു.
സർജറി വേണോ?
ഫസ്റ്റ് ഇയർ കഴിഞ്ഞാണ് ക്ലിനിക്കൽ പരിശീലനം തുടങ്ങുന്നത്. കാർഡിയാക് സർജറി എന്നത് അന്നേ പേരും പെരുമയും ഉള്ള വിഭാഗമായിരുന്നു. സർജറിയിൽ തുടർപഠനം എന്നു പറയുമ്പോഴൊക്കെ നിരുത്സാഹപ്പെടുത്താൻ ധാരാളം പേർ ഉണ്ടായിരുന്നു. ലേഡി സർജൻ എന്നതു സാധ്യമല്ല എന്നായിരുന്നു ധ്വനി. സർജൻ ആയാൽ കുടുംബജീവിതം താറുമാറാകും. പുരുഷ ഡോക്ടർമാർ തിളങ്ങുന്ന മേഖലയായതിനാൽ അവരെക്കാൾ പതിന്മടങ്ങ് പ്രയത്നിച്ചാലേ ഈ വിഭാഗത്തിൽ ശോഭിക്കാൻ കഴിയൂ എന്നെല്ലാം പലരും പറഞ്ഞു.
2005 ഒക്ടോബറിൽ ഹൗസ് സർജൻസി പൂർത്തിയാക്കി. അതു കഴിഞ്ഞുള്ള ജനുവരി, മാർച്ച് മാസങ്ങളിലാണ് എൻട്രൻസ് പരീക്ഷ. ഓൾ ഇന്ത്യ എൻട്രൻസിൽ 140ാം റാങ്ക് ലഭിച്ചു. കേരള എൻട്രൻസിൽ 22ാം റാങ്കും. എന്നാലും ഒാൾ ഇന്ത്യ കോട്ടയിൽ കയറാം എന്നു തീരുമാനിച്ചു ഡൽഹിയിലേക്കു ട്രെയിനിൽ പുറപ്പെട്ടു. ട്രെയിൻ പാതിവഴിയായപ്പോഴാണ് ചോദ്യപേപ്പർ ചോർച്ച സംശയിച്ച് റാങ്ക് ലിസ്റ്റ് റദ്ദ് െചയ്തതായി അറിയിപ്പു ലഭിച്ചത്. രണ്ടു മാസം കഴിഞ്ഞപ്പോൾ വീണ്ടും ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എന്റെ റാങ്ക് 100 ആയി ഉയർന്നു. അപ്പോഴേക്കും എവിെട പഠിക്കണം എന്നതിൽ കൺഫ്യൂഷൻ വന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗം മികച്ചതാണ്. മാത്രമല്ല സ്പെഷാലിറ്റി പോസ്റ്റിങ്ങിനായി എല്ലാ മെഡിക്കൽ വിഭാഗങ്ങളും ശ്രീചിത്ര, ആർസിസി പോലുള്ള സ്ഥാപനങ്ങളും അതേ ക്യാംപസിൽ തന്നെയുണ്ട്. പിജി മെഡിക്കൽ കോളജിലും സൂപ്പർ സ്പെഷാലിറ്റി ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും എടുക്കുന്നതാണ് നല്ലത് എന്ന് എന്റെ സീനിയർ അഭിപ്രായപ്പെട്ടു. അങ്ങനെ 2006ൽ തിരുവനന്തപുരത്തു തന്നെ ചേർന്നു.
സർജറിയിൽ പിജി െചയ്യുന്നതിന്റെ പേരിൽ ധാരാളം കല്യാണാലോചനകളും മുടങ്ങിയിട്ടുണ്ട്. പഠനത്തിനിെട ഒരു കോൺഫറൻസിൽ വച്ച് ഡോ. മുരളിയെ പരിചയപ്പെട്ടു. എന്റെ താൽപര്യങ്ങൾ അദ്ദേഹം മനസ്സിലാക്കി. അങ്ങനെ ഞങ്ങൾ വിവാഹിതരായി. 2007ൽ മകൾ ജനിച്ചു. 2009ൽ എന്റെ പിജി പൂർത്തിയായി. അപ്പോൾ ഞാൻ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നു. ഹൗസ് സർജൻസി കഴിഞ്ഞപ്പോൾ അസിസ്റ്റന്റ് സർജൻ പോസ്റ്റിലേക്കുള്ള പിഎസ്‌സി പരീക്ഷ ജയിച്ചിരുന്നു. അങ്ങനെ 2009ൽ പന്തളത്ത് പിഎച്ച്സിയിൽ അസിസ്റ്റന്റ് സർജൻ ആയി ജോയിൻ െചയ്തു. കുഞ്ഞ് ജനിച്ചു കുറച്ചു മാസങ്ങൾക്കു ശേഷം കാർഡിയാക് സർജറി പഠനത്തിലേക്കു പോകാൻ തീരുമാനിച്ചു. അതിനു മുന്നോടിയായി കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയാക് സർജൻ ഡോ. ടി. കെ. ജയകുമാർ സാറിന്റെ കീഴിൽ രണ്ടു മാസത്തെ പരിശീലനത്തിനു ചേർന്നു. ജൂലൈയിൽ എയിംസിലെ പരീക്ഷ എഴുതി. എഴുത്തുപരീക്ഷ വിജയിച്ച് ഇന്റർവ്യൂവിൽ എത്തിയപ്പോൾ ഞാൻ മാത്രമെ സ്ത്രീയായിട്ടുളളൂ. വളരെ വർഷങ്ങൾക്കുശേഷമാണ് ഒരു ലേഡി ഡോക്ടർ ഇന്റർവ്യൂതലം വരെ എത്തുന്നത് എന്ന് അറിഞ്ഞു. നന്നായി പെർഫോം െചയ്തു. പക്ഷേ ലിസ്റ്റ് വന്നപ്പോൾ പേര് ഇല്ല. ആറു മാസം കാത്തിരുന്നു വീണ്ടും ശ്രമിച്ചു. ഈ സമയത്ത് നിരുത്സാഹപ്പെടുത്താൻ ധാരാളം പേർ ഉണ്ടായിരുന്നു. എന്റെ ഒരു സീനിയറിന്റെ വാക്കുകൾ ഇപ്പോഴും ഒാർമയുണ്ട്., ‘ തന്നെ പോലുള്ള ലേഡീസിനു മെറിറ്റ് ലിസ്റ്റ് നോക്കി സീറ്റ് കിട്ടുന്ന മെഡിക്കൽ കോളജാണ് നല്ലത്. ഇന്റർവ്യൂ ഉള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നും കിട്ടാൻ സാധ്യതയില്ല’ എന്ന്. ഇന്നും എന്തെങ്കിലും മോശം അവസ്ഥ വരുമ്പോൾ ഈ വാക്കുകൾ ഒാർക്കും. പല ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഇന്റർവ്യൂവിനു പോയപ്പോൾ പലരും മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്, Its not a job for ladies. വല്ലാതെ ഹരാസ് െചയ്ത ഇന്റർവ്യൂകളിൽ നിന്ന് ഇറങ്ങിപ്പോന്നിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ഈ സംഭവങ്ങളാണ് മുന്നോട്ടു പോകാൻ പ്രചോദനം നൽകിയത്.
എയിംസിൽ പരിശീലനത്തിനായി
എയിംസിലെ അടുത്ത പരീക്ഷയ്ക്കു മുൻപ് അവിെട തന്നെ നോൺ അക്കാദമിക് സീനിയർ റെസിഡന്റായി ജോയിൻ െചയ്തു. എയിംസിൽ ഇന്റേണൽ ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ മുൻഗണന ലഭിക്കും. ജൂലൈ മുതൽ നവംബർ വരെ അവിടെ പ്രവർത്തിച്ചു. ഒരു ദിവസം പോലും ലീവ് എടുത്തില്ല. എന്റെ മകൾക്ക് അന്ന് രണ്ടേകാൽ വയസ്, മോന് നാലു മാസവും. കുട്ടികളെ ഭർത്താവിന്റെ വീട്ടുകാരെ ഏൽപ്പിച്ചാണ് പോയത്. എയിംസിലെ ആ നാല് മാസം എന്നു പറയുന്നത് ഡൂ ഒാർ ഡൈ എന്ന അവസ്ഥയാണ്. ഡിസംബറിൽ എയിംസിലെയും ശ്രീചിത്രയിലെയുo എൻട്രൻസ് എഴുതി. രണ്ടിടത്തും കിട്ടി. എയിംസിൽ ഫൈനൽ ലിസ്റ്റിൽ ഉൾപ്പെട്ടു. അങ്ങനെ 2011 ജനുവരിയിൽ എയിംസിൽ അക്കാഡ്സ് സീനിയർ റെസിഡന്റായി ജോയിൻ ചെയ്തു. 16 വർഷങ്ങൾക്ക് ശേഷമാണ് ഒരു ലേഡി ഡോക്ടർ ആ വിഭാഗത്തിൽ ജോയിൻ ചെയ്യുന്നത്. ആദ്യ ആറുമാസം നല്ല കഷ്ടപ്പാടായിരുന്നു. രാത്രിയെന്നോ പകലെന്നോ നോക്കാതെ ജോലി ചെയ്തു.
ആ ആറ് മാസം അവിടെ പിടിച്ചു നിന്നാൽ പിന്നെ നമ്മൾ ഏതു ദുർഘടമായ അവസ്ഥയും തരണം ചെയ്യും.
ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റായി 2013 ൽ പഠനം പൂർത്തിയാക്കി. അവിടെ തന്നെ കൺസൽറ്റന്റ് ആയി തുടരാനുള്ള അവസരം ഉണ്ടായിരുന്നു. പക്ഷെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. 2014 ഏപ്രിലിൽ കോട്ടയം മെഡിക്കൽ കോളജിൽ അസി. പ്രഫസർ ആയി കരാർ അടിസ്ഥാനത്തിൽ ജോയിൻ ചെയ്തു. എനിക്ക് പീഡിയാട്രിക് കാർഡിയാക് സർജറിയിലായിരുന്നു കൂടുതൽ താൽപര്യം. മെഡിക്കൽ കോളജിൽ പീഡിയാട്രിക് കാർഡിയോളജി പ്രത്യേക യൂണിറ്റിനെ കുറിച്ച് ഡോ. ടി.കെ.ജയകുമാറുമായി സംസാരിച്ചു. അദ്ദേഹം പിന്തുണ നൽകി. യൂണിറ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി ഐസിയു, തീയറ്റർ പ്രോട്ടോക്കോൾ രൂപപ്പെടുത്താനായി ശ്രീചിത്ര, നാരായണ ഹൃദയാലയ, മുംബൈ ഫോർട്ടിസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ പോയി പരിശീലനം നേടി. തുടർന്ന് യൂണിറ്റ് ആരംഭിച്ചു. അതുകഴിഞ്ഞ് യുഎസ്സിലെ ബോസ്റ്റണിലും കാനഡയിലെ ടൊറന്റോയിലും പീഡിയാട്രിക് കാർഡിയാക് സർജറിയിൽ പരിശീലനം നേടി. 2015ൽ കോട്ടയം മെഡി. കോളജിൽ ആദ്യ കാർഡിയാക് ട്രാൻസ്പ്ലാന്റ് നടത്തിയ ടീമിൽ ഉണ്ടായിരുന്നു. 2018ൽ ഞാൻ കോട്ടയത്തെ കാരിത്താസ് ഹോസ്പിറ്റലിൽ ജോയിൻ െചയ്തു. ഭർത്താവും അപ്പോഴേക്കും കാരിത്താസിൽ ഗ്യാസ്ട്രോ സർജനായി ചേർന്നിരുന്നു. മെഡിക്കൽ കോളജിൽ ഉള്ളപ്പോൾ തന്നെ കാർഡിയാക് തൊറാസിക്കിൽ ഡിഎൻബി എഴുതിയെടുത്തിരുന്നു.
ലേഡി സർജനോ ?
കാരിത്താസിലാണല്ലോ ഞാൻ സ്വതന്ത്രയായി പ്രാക്ടീസ് െചയ്യാൻ ആരംഭിച്ചത്. ലേഡി ഹാർട്ട് സർജനായതു കൊണ്ട് ചില രോഗികൾക്കെങ്കിലും എന്നെ വിശ്വാസത്തിലെടുക്കാൻ ബുദ്ധിമുട്ടുള്ളതു പോലെ അനുഭവപ്പെട്ടിട്ടുണ്ട്. എനിക്ക് റഫർ െചയ്ത രോഗികളിൽ പലരും സഹപ്രവർത്തകരായ പുരുഷസർജൻമാരുെട രോഗികളായി ഇരിക്കുന്നത് കണ്ടിട്ടുണ്ട്.
എന്നിൽ വിശ്വാസമർപ്പിച്ചവരും ഉണ്ട്. മറക്കാൻ പറ്റാത്ത ഒരു കേസുണ്ട്. കോട്ടയം മന്ദിരം ആശുപത്രിയിൽ നിന്ന് റഫർ െചയ്ത കേസ്. കുട്ടിക്കു രണ്ടുമാസം പ്രായം, അച്ഛനും അമ്മയ്ക്കു കേൾവിശക്തിയില്ല. അമ്മൂമ്മയാണ് കൂടെ വരുന്നത്. കുഞ്ഞിന്റെ ഹൃദയത്തിന്റെ പമ്പിങ് ചേമ്പറിൽ വലിയൊരു ട്യൂമർ. കാരിത്താസിൽ ആഴ്ചയിൽ ഒരിക്കൽ ഡോ. വെങ്കിടേഷ് എന്ന പീഡിയാട്രിക് കാർഡിയോളജിസ്റ്റ് വരുന്നുണ്ട്. അദ്ദേഹത്തെ ഈ കേസ് കാണിച്ചു. ചിലപ്പോൾ എന്തെങ്കിലും സിൻഡ്രമിന്റെ ഭാഗമായി വരുന്ന ട്യൂമറാണെങ്കിൽ തനിെയ ചുരുങ്ങിപ്പോകാറുണ്ട്. അതിനാൽ ഉടനെ ശസ്ത്രക്രിയ ആവശ്യമില്ല. രണ്ടാഴ്ച കൂടുമ്പോൾ എക്കോ എടുത്തു ട്യൂമറിന്റെ വളർച്ച നോക്കാം എന്ന് അദ്ദേഹം പറഞ്ഞു. ശസ്ത്രക്രിയ ആവശ്യമായി വന്നാൽ ഒാപ്പൺ ഹാർട്ട് സർജറി മാത്രമെ പറ്റുകയുള്ളൂ. അതു കുറച്ചു സങ്കീർണവുമാണ്. കൃത്യമായി ഫോളോഅപ് െചയ്യണമെന്നു നിർദേശിച്ച് കുഞ്ഞിനെ വീട്ടിലേക്കു വിട്ടു. നാല് ആഴ്ച കഴിഞ്ഞ് അവർ വെങ്കിടേഷ് സാറിനെ കാണാൻ വന്നു. സാർ എക്കോ എടുത്തു. ആ ട്യൂമർ വളർന്നു, അതിന്റെ പകുതി ഭാഗം ഹൃദയത്തിൽ നിന്ന് വിട്ട് ശ്വാസകോശത്തിലേക്കു പോകുന്ന രക്തക്കുഴൽ ഏകദേശം പൂർണമായി തന്നെ അടച്ചുവച്ചിരിക്കുകയാണ്. ട്യൂമർ ഹൃദയത്തിൽ നിന്ന് പൂർണമായി വിട്ടുപോയാൽ പൾമണറി ആർട്ടറി അടഞ്ഞ് അപ്പോൾ തന്നെ മരണം സംഭവിക്കും എന്ന അവസ്ഥ.
അടുത്ത ദിവസം രാവിലെ തന്നെ ശസ്ത്രക്രിയ െചയ്യാൻ തീരുമാനിച്ചു. അതുവരെ കുഞ്ഞിനെ ഐസിയുവിൽ അഡ്മിറ്റ് െചയ്തു. രാവിലെ കുഞ്ഞിനെ ഒാപ്പറേഷൻ തീയറ്ററിലേക്കു മാറ്റി അനസ്തീസിയ കൊടുത്തു കഴിഞ്ഞ ഉടൻ ഒാക്സിജൻ സാചുറേഷൻ താഴാൻ തുടങ്ങി. ഹൃദയമിടിപ്പു കുറയാനും. ശസ്ത്രക്രിയ തുടങ്ങും മുൻപ് തന്നെ മരണം സ്ഥിരീക്കരിക്കേണ്ട അവസ്ഥ. എന്നാലും ഹൃദയം തുറന്നു. ഹാർട്ട് ലങ് മെഷീനുമായി കണക്റ്റ് െചയ്തു. അപ്പോഴെക്കും ഹൃദയപ്രവർത്തനം ഏതാണ്ട് നിലയ്ക്കാറായ അവസ്ഥ. ട്യൂമർ മുഴുവൻ നീക്കം െചയ്തു, ഐസിയുവിലേക്കു മാറ്റി. രാത്രി ആയപ്പോഴേക്കും മൂത്രം പോകുന്നില്ല. ബിപി താഴാൻ തുടങ്ങി. ഒാക്സിജൻ അളവും കുറയാൻ തുടങ്ങി. കുഞ്ഞിന്റെ സ്റ്റേണം തുറന്നുവച്ചു. രാത്രി െപരിട്ടോണിയൽ ഡയാലിസിസ് ആരംഭിച്ചു. മൂന്നു ദിവസം ഡയാലിസിസ് െചയ്തു. നാലാം ദിവസം ആയപ്പോൾ മൂത്രം വന്നുതുടങ്ങി. തുടർന്ന് െചസ്റ്റ് അടച്ചു. ആദ്യത്തെ മൂന്നു നാലു ദിവസം ഞാൻ മുഴുവൻ സമയവും ഐസിയുവിൽ തന്നെയായിരുന്നു. 13ാം ദിവസം കുഞ്ഞിനെ ഡിസ്ചാർജ് െചയ്തു. ആശുപത്രയിൽ നിന്ന് പോകാൻ നേരം കുഞ്ഞിന്റെ അമ്മൂമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. ആ കുഞ്ഞ് ഇന്ന് ആരോഗ്യത്തോടെ ഇരിക്കുന്നു.
പല അംഗീകാരങ്ങൾ കിട്ടുമ്പോഴും ആ..സ്ത്രീയല്ലേ.. എങ്ങനെ കിട്ടിയെന്ന് ഊഹിക്കാമല്ലോ എന്ന് കമന്റ് കേൾക്കേണ്ടി വന്നിട്ടുണ്ട്. അതിലൊന്നും ശ്രദ്ധ കൊടുക്കാതെ, നമ്മുെട കഴിവിൽ വിശ്വസിച്ച് മുന്നോട്ടു പോവുക, ഉയർച്ച മാത്രമെ ഉണ്ടാവുകയുള്ളൂ... ഉറപ്പ്...