Monday 20 June 2022 02:34 PM IST

‘അമ്മാ നെഞ്ചുവേദനിക്കുന്നു...’ ആൻജിയോഗ്രാം ചെയ്തപ്പോൾ ഞെട്ടി, ആ കുഞ്ഞിന്റെ നെഞ്ചിൽ 2 ബ്ലോക്കുകൾ: അനുഭവം പങ്കിട്ട് ഡോക്ടർമാർ

Sruthy Sreekumar

Sub Editor, Manorama Arogyam

heart-surgery

വീട്ടിലും സ്കൂൾ മുറ്റത്തുമായി ഒാടിനടന്നു കളിക്കുന്ന 13 വയസ്സുള്ള പെൺകുട്ടി. കുറച്ചുനാളായി അവൾ അച്ഛനോടും അമ്മയോടും പറയുന്നുണ്ട്, നെഞ്ചുവേദനിക്കുന്നു എന്ന്. ഇനി പഠിക്കാതിരിക്കാനുള്ള ഒഴിവ്കഴിവ് പറയുകയാണോ മകൾ എന്നു പോലും ഒരുവേള ആ മാതാപിതാക്കൾ സംശയിച്ചിരിക്കാം. എന്നാലും നാട്ടിലെ പല ഫിസിഷ്യൻമാരെയും കാണുന്നു. കാര്യമായി മാറ്റമില്ല. ഇടയ്ക്കു വേദന വരും. അങ്ങനെയിരിക്കെ ഒരു നാൾ കുട്ടി അസഹ്യമായ നെഞ്ചുവേദന കൊണ്ട് പുളഞ്ഞു. വീട്ടുകാർ ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടുന്ന് നേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് റഫർ െചയ്യുന്നു. അത്യാഹിത വിഭാഗത്തിൽ നിന്ന് നേരെ കാർഡിയോളജി വിഭാഗത്തിലേക്ക്. ഒടുവിൽ ഡോക്ടർമാർ ആ കുട്ടിയുെട രോഗം കണ്ടെത്തി. ഹൃദയത്തിന്റെ പ്രധാന രക്തധമനികളിൽ വലിയ രണ്ട് ബ്ലോക്കുകൾ. ബൈപ്പാസ് ശസ്ത്രക്രിയ മാത്രമാണ് പരിഹാരം. അങ്ങനെ തിരുവനന്തപുരം മെഡിക്കൽ കോളജിന്റെ ചികിത്സാ ചരിത്രത്തിൽ ആദ്യമായി ഒരു കുട്ടിക്ക് ബൈപ്പാസ് ശസ്ത്രക്രിയ നടത്തി. സങ്കീർണമായി ശസ്ത്രക്രിയ വിജയകരമാവുകയും ആ കുട്ടി ഇന്ന് മിടുക്കിയായി സാധാരണ ജീവിതം നയിക്കുകയും െചയ്യുന്നു.

ദക്ഷിണേന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും പ്രായം കുറഞ്ഞ കുട്ടിക്ക് ബൈപ്പാസ് ശസ്ത്രക്രിയ നടത്തുന്നത്. ഹൃദയാഘാതം വന്ന്, തിരിച്ചറിയാതെ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിൽ നിന്ന് ആ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ദൗത്യത്തിൽ പ്രധാന പങ്കുവഹിച്ച രണ്ടു പേരാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം പ്രഫസറായിരുന്ന ഡോ. എ. ജോർജ് കോശിയും കാർഡിയോ തൊറാസിക് വിഭാഗം പ്രഫസറായ ഡോ. വി. സുരേഷ് കുമാറും. തങ്ങളുെട ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത, അപൂർവമായ ചികിത്സാ അനുഭവം ഇരുവരും മനോരമ ആരോഗ്യവുമായി പങ്കുവയ്ക്കുന്നു.

കൊല്ലം സ്വദേശികളായ ദമ്പതികളുടെ മകളാണ് 13 വയസ്സുകാരി. മെലിഞ്ഞ ശരീരമുള്ള ഒരു കൊച്ചു കുട്ടി. ആദ്യം ഈ കുട്ടിയെ പരിശോധിച്ചത് കാർഡിയോളജിസ്റ്റ് ഡോ. എ. ജോർജ് കോശിയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം.

നെഞ്ചുവേദനയുമായി ഒരു കുട്ടി

‘‘ ആ കുട്ടി ഒരു മാസമായി നെഞ്ചുവേദന എന്ന് പരാതി പറയുന്നുണ്ടായിരുന്നുവത്രേ. കളിക്കാൻ പറ്റുന്നില്ല. ഒാടുമ്പോഴെല്ലാം നെഞ്ചുവേദനയാണ് എന്ന്. അച്ഛനും അമ്മയും അടുത്തുള്ള പല ആശുപത്രികളിലും കാണിച്ചു. അവിെടയെല്ലാം വേദന കുറയ്ക്കാനുള്ള മരുന്ന് നൽകിയിരുന്നു. ഒരു കാർഡിയോളജിസ്റ്റിനെ അവർ കാണിച്ചിരുന്നില്ല. കാരണം ഹൃദ്രോഗം എന്ന സാധ്യത അവർ ചിന്തിച്ചതേയില്ല. അവരുെട കുടുംബത്തിലെ ആർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഇല്ലായിരുന്നു. കുട്ടിയാണെങ്കിലോ മെലിഞ്ഞതും. ഒരു ദിവസം കുട്ടിക്കു നെഞ്ചുവേദന കലശലായപ്പോൾ വീണ്ടും കൊല്ലത്തെ ഒരാശുപത്രിയിലേക്കു പോയി. അവിടുന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. അന്ന് കാർഡിയോളജി ഒപിയിൽ ഞാനായിരുന്നു യൂണിറ്റ് ചീഫ്. അങ്ങനെയാണ് എന്റെ അടുത്ത് കുട്ടി എത്തുന്നത്.

നെഞ്ചുവേദനയോടൊപ്പം ശ്വാസതടസ്സവും ഉണ്ടായിരുന്നു. നെഞ്ചുവേദന ആയതുകൊണ്ടു തന്നെ ആദ്യം ഇസിജി എടുത്തു നോക്കി. അതിൽ കാര്യമായ വ്യതിയാനം കണ്ടില്ല. എന്നാൽ കുട്ടിയ്ക്കു നെഞ്ചുവേദന കുറവില്ല എന്നു കണ്ടപ്പോൾ അൽപ്പനേരത്തിനു ശേഷം വീണ്ടും ഇസിജി എടുത്തു അതിൽ കുറച്ചു വ്യതിയാനം കണ്ടു. തുടർന്ന് രക്തപരിശോധന നടത്തി. അതിൽ ട്രോപ്പോണിന്റെ അളവ് കൂടുതലാണെന്നു കണ്ടു. അതായത് ഹൃദയാഘാത ലക്ഷണം തന്നെ. കൊച്ചു കുട്ടിയാണെങ്കിലും രോഗം സ്ഥിരീകരിക്കാൻ ആൻജിയോഗ്രാം െചയ്യാൻ തീരുമാനിച്ചു. ഉടൻ തന്നെ എക്കോയും ആൻജിയോഗ്രാമും െചയ്തു. ആൻജിയോഗ്രാം െചയ്തപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള രണ്ട് ബ്ലോക്കുകൾ ആയിരുന്നു കണ്ടത്. രണ്ട് കൊറോണറി ആർട്ടറികളാണ് നമുക്കുള്ളത്. ഇടതും വലതും. വലതുവശത്തെ രക്തക്കുഴലിൽ കുഴപ്പമില്ലായിരുന്നു. ഇടതുഭാഗത്തുള്ള കൊറോണറി ആർട്ടറിയാണ് പ്രധാനപ്പെട്ടത്. ഇതിനെ മെയിൻ സ്റ്റം എന്നാണ് പറയുക. ഇത് രണ്ടായി വിഭജിക്കപ്പെടുന്നു. ഈ വിഭജനം നടക്കുന്ന ജങ്ഷനിലാണ് ബ്ലോക്ക് കണ്ടെത്തിയത്.

heart-surgey-doctors ഡോ. എ. ജോർജ് കോശി, ഡോ. വി. സുരേഷ് കുമാർ

വിഭജനം നടക്കുന്നതിനു തൊട്ടു മുൻപുള്ള ഭാഗത്ത് രക്തക്കുഴൽ വല്ലാതെ വികസിച്ചിരിക്കുന്നതായും കണ്ടു. ഇങ്ങനെ വികസിച്ചിരിക്കുന്നതിനാലാണ് ആൻജിയോപ്ലാസ്റ്റി െചയ്യുന്നതിനെക്കാൾ നല്ലത് ബൈപ്പാസ് ശസ്ത്രക്രിയയാണ് എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തിയത്. മഹാധമനിയുെട ചില ഭാഗങ്ങളിലും അതിന്റെ ചില ശാഖകളായ രക്തധമനികളിലും ചുരുക്കം കണ്ടിരുന്നു. ആൻജിയോഗ്രാം െചയ്തശേഷം ഡോ. സുരേഷുമായി ചർച്ച നടത്തി. അങ്ങനെയാണ് ബൈപ്പാസ് ചെയ്താലേ കുട്ടിയെ രക്ഷിക്കാൻ കഴിയൂ എന്ന തീരുമാനത്തിലെത്തിയത്.

ഒടുവിൽ ബൈപാസ്

ഡോ. സുരേഷ് : ‘‘ആൻജിയോഗ്രം െചയ്തശേഷം ഡോ. ജോർജ് കോശിയുമായി സംസാരിച്ചു. വളരെ സങ്കീർണമായ സ്ഥലത്താണ് ബ്ലോക്ക് എന്നതിനാൽ തന്നെ ആൻജിയോപ്ലാസ്റ്റി െചയ്യാൻ കഴിയില്ല എന്നായിരുന്നു ഡോ. ജോർജിന്റെ നിരീക്ഷണം. അടുത്ത ഒാപ്ഷൻ ബൈപ്പാസ് തന്നെയാണ്. ശസ്ത്രക്രിയ നടത്തുന്നതിനു മുൻപുള്ള പ്രധാന കടമ്പ കുട്ടിയുെട മാതാപിതാക്കളുെട സമ്മതം വാങ്ങുക എന്നതാണ്. 13 വയസ്സുള്ള തങ്ങളുെട മകൾക്ക് ബൈപാസ് ശസ്ത്രക്രിയ െചയ്യണം എന്നത് അവിശ്വസനീയതയോടെയും അദ്ഭുതത്തോടെയുമാണ് കുട്ടിയുെട മാതാപിതാക്കൾ കേട്ടത്. അവരോട് ഞങ്ങൾ വിശദമായി സംസാരിച്ചു. ശസ്ത്രക്രിയ െചയ്താൽ കുട്ടിയുെട ജീവനു അപകടം സംഭവിക്കുമോ എന്ന സ്വാഭാവികമായ ഭയം അവർക്കുണ്ടായിരുന്നു. അത്തരം അപടകങ്ങൾ ഒന്നും സംഭവിക്കില്ലെന്ന് അവർക്കു ഉറപ്പു കൊടുത്തു. മാത്രമല്ല കുട്ടിയുെട ആരോഗ്യസ്ഥിതി മോശമാണെന്നും ശസ്ത്രക്രിയ െചയ്തില്ലെങ്കിൽ മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അവരെ ബോധ്യപ്പെടുത്തി.

ഒരു രക്തക്കുഴലിൽ 90 ശതമാനവും മറ്റേ രക്തക്കുഴലിൽ 80 ശതമാനവും ബ്ലോക്ക് ഉണ്ടായിരുന്നു. ഈ അവസ്ഥയിൽ രോഗം തിരിച്ചറിയാതെ കുറച്ചു ദിവസങ്ങൾ കൂടി മുൻപോട്ട് പോയിരുന്നെങ്കിൽ ഹൃദയാഘാതം സംഭവിക്കുമായിരുന്നു. ’’

മിടിക്കുന്ന ഹൃദയത്തിൽ

‘‘ബൈപാസ് ശസ്ത്രക്രിയ ചെയ്യുന്നതിനു മുൻപ് ഡിപ്പാർട്ട്മെന്റിലെ ഡോക്ടർമാർ തമ്മിൽ വിശദമായി ചർച്ച നടത്തി. ഇത്രയും െചറിയ കുട്ടിയ്ക്ക് ശസ്ത്രക്രിയ ആയതിനാൽ എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു. മുതിർന്നവർക്കു ചെയ്യുന്നതിലും സങ്കീർണമാണ് കുട്ടികളിലെ ഹൃദയശസ്ത്രക്രിയകൾ. കുട്ടിയുെട കാലിൽ നിന്നും നെഞ്ചിനകത്തു നിന്നും രക്തക്കുഴൽ എടുത്തിരുന്നു. രണ്ട് രക്തക്കുഴലും പ്രത്യേകമായി കണക്റ്റ് െചയ്യുകയായിരുന്നു. സാധാരണ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കു ഉണ്ടാകാവുന്ന കോംപ്ലിക്കേഷനുകൾ ഒഴിവാക്കാൻ വേണ്ടി ബീറ്റിങ് ഹാർട്ട് ശസ്ത്രക്രിയയാണ് നടത്തിയത്. അതായത് ഹൃദയത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കാതെയുള്ള ശസ്ത്രക്രിയ. ഹാർട്ട്–ലങ് മെഷീൻ ഇല്ലാതെയാണ് ശസ്ത്രക്രിയ െചയ്തത്. ശ്വാസകോശത്തിനും വൃക്കയ്ക്കും തലച്ചോറിനും മറ്റും കുഴപ്പം വന്നില്ല. ചെറിയ രക്തക്കുഴലുകൾ ആയതിനാൽ തന്നെ വളരെ സങ്കീർണമായിരുന്നു. മൂന്നു നാല് മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടിയെ പോസ്റ്റ് സർജിക്കൽ ഐസിയൂവിലേക്ക് മാറ്റി.

രാവിലെയായിരുന്നു ശസ്ത്രക്രിയ. വൈകുന്നേരം തന്നെ കുട്ടിക്കു ബോധം വീണു. അടുത്ത ദിവസം തന്നെ വെന്റിലേറ്ററിൽ നിന്നും മാറ്റി. കാപ്പി ഒക്കെ കുടിച്ചു. ഐസിയൂവിൽ നാല് ദിവസം കിടത്തി. ശസ്ത്രക്രിയ കഴിഞ്ഞ ദിവസം മുഴുവൻ ഐസിയൂവിൽ ഞാനടക്കമുള്ള ഡോക്ടർമാർ കുട്ടിയുെട കൂടെ ഉണ്ടായിരുന്നു. െചറിയ കുട്ടിയായതിനാൽ തന്നെ ഐസിയൂവിൽ പ്രത്യേക കരുതൽ നൽകിയിരുന്നു.

ശസ്ത്രക്രിയ വിജയമാണെന്ന് വീട്ടുകാരെ അറിയിച്ചപ്പോഴാണ് അവർക്കു ശ്വാസം നേരെ വീണത്. എന്നാലും അടുത്ത ദിവസം കുട്ടിയെ നേരിൽ കണ്ട് സംസാരിക്കുന്നതുവരെ അവർക്കു ടെൻഷൻ ഉണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോൾ ആശുപത്രി വിടുകയും െചയ്തു.’’

ഡോ. സുരേഷിന്റെ നേതൃത്വത്തിൽ ഡോ. കൃഷ്ണ, ഡോ. കിഷോർ, ഡോ. മഹേഷ്, അനസ്തീസിയ വിഭാഗത്തിലെ ഡോ. ഗോപാലകൃഷ്ണൻ, ഡോ. ഷീലാ വർഗീസ്, ഡോ. അമൃത, ഡോ. ജയശ്രീ, സ്റ്റാഫ് നഴ്സ് രൂപ, ടെക്നീഷ്യന്മാരായ അനുരാധ, നിഷാന എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

കുട്ടിക്കു ഇങ്ങനെ ഒരു അവസ്ഥ വന്നതിന്റെ കാരണം വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നാണ് ഡോ. ജോർജ് കോശി പറയുന്നത്. ‘‘ബൈപ്പാസിനിെട രക്തധമനികളിൽ നിന്ന് രണ്ട് സ്ഥലങ്ങളിൽ നിന്ന് ബയോപ്സി എടുത്തു പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലും ഹൃദ്രോഗത്തിന്റെ കാരണം വ്യക്തമായില്ല. മുതിർന്ന വ്യക്തികളിൽ അതിരോസ്ക്ലീറോസിസ് (കൊഴുപ്പ് അഥവാ പ്ലാക്ക് നിറഞ്ഞ് രക്തക്കുഴൽ അടയുന്ന അവസ്ഥ) എന്ന രോഗാവസ്ഥ കാരണമാണ് സാധാരണയായി ഈ പ്രശ്നം കണ്ടുവരാറുള്ളത്. എന്നാൽ ഈ കുട്ടിക്ക് അതുണ്ടായിരുന്നില്ല. ജന്മനാൽ ഉള്ള പ്രശ്നമാണോ എന്നറിയാനുള്ള പരിശോധനകൾ നടത്തിയെങ്കിലും അത്തരമൊരു കാരണവും കണ്ടെത്താനായില്ല. കുടുംബാംഗങ്ങളിൽ ആർക്കും ഹൃദ്രോഗമുള്ളതായും മനസ്സിലാക്കാൻ സാധിച്ചില്ല. കുട്ടിയുെട ബിപിയും കൊളസ്ട്രോളും നോർമലും. ’’

ആശുപത്രി വിട്ടതിനു ശേഷവും കുട്ടി കൃത്യമായ ഇടവേളകളിൽ ആശുപത്രിയിൽ എത്തിയിരുന്നു. മിടുക്കിയായി സ്കൂളിൽ പോകുന്നുണ്ട്. ഒരു മരുന്നും കഴിക്കുന്നില്ല. കുട്ടി വളരുംതോറും രക്തധമനികളെ ഈ രോഗം ബാധിക്കുന്നുണ്ടോ എന്ന് ഇടയ്ക്ക് പരിശോധിക്കേണ്ടിവരും.

13 വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു എന്ന വാർത്തയായി ഒടുങ്ങേണ്ട ഒരു കുരുന്ന് ജീവനെയാണ് ഈ ഡോക്ടർമാർ കൃത്യമായ നിരീക്ഷണത്തിലൂെടയും സമയബന്ധിതമായ ചികിത്സയിലൂെടയും മരണത്തിൽ നിന്ന് രക്ഷിച്ച് പുതുജീവനേകിയിരിക്കുന്നത്. ബിഗ് സല്യൂട്ട് ഫോർ യൂ ഡോക്ടേഴ്സ്... കേരളം സല്യൂട്ട് െചയ്തു നിൽക്കേണ്ട രണ്ടുപേരാണിവർ.