Tuesday 02 November 2021 04:04 PM IST

‘പുഴുനുരയ്ക്കുന്നു, അസഹീനയമായ ദുർഗന്ധവും... ലൈംഗികാതിക്രമത്തിന് ഇരയായ 18കാരി’: ഡോ. സി.ജെ ജോൺ പറയുന്ന അനുഭവം

Sruthy Sreekumar

Sub Editor, Manorama Arogyam

cjjohn

കടലിലെ തിരമാലകളെ പോലെയാണ് മനുഷ്യമനസ്സുകളും. ചിലപ്പോൾ രൗദ്രഭാവത്തിൽ തീരത്തെ വിഴുങ്ങുന്ന തിരമാല പോലെ... ചിലപ്പോൾ സ്നേഹപൂർവം പുൽകി പിൻവാങ്ങുന്ന തിരമാല പോലെ. ഈ മനസ്സിന്റെ ആഴങ്ങളിലേക്കു കടക്കുന്ന ഒരുകൂട്ടം ചികിത്സകരുണ്ട് Ð സൈക്യാട്രിസ്റ്റുകൾ. വിചിത്രവും സങ്കീർണവുമായ മനുഷ്യമനസ്സുകളെ കൈകാര്യം ചെയ്യുന്ന പ്രഗൽഭന്മാരായ സൈക്യാട്രിസ്റ്റുമാരിൽ ഒരാളാണ് ഡോ. സി.ജെ. ജോൺ. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ചീഫ് സൈക്യാട്രിസ്റ്റായ ഡോ. ജോൺ കാൽ നൂറ്റാണ്ടിലേറെ നീളുന്ന വൈദ്യവൃത്തിക്കിടെ വ്യത്യസ്തങ്ങളായ മനുഷ്യമനസ്സുകളെ അടുത്തറിഞ്ഞിട്ടുണ്ട്. ആ അനുഭവങ്ങളിലൂെട...

റോൾ മോഡലായ ഡോക്ടർ

പെരുമ്പാവൂരാണ് എന്റെ നാട്. ഡോക്ടർ ആകണം എന്ന താൽപര്യത്തിനു പിന്നിൽ ഞങ്ങളെയൊക്കെ ചികിത്സിച്ചിരുന്ന ഒരു ഡോക്ടർ ആയിരുന്നു. തോംമ്പ്ര ഡോക്ടർ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. വളരെ സൗമ്യനായ വ്യക്തി. എല്ലാവരോടും വളരെ സ്നേഹത്തോടെയും മനുഷ്യത്വപരമായിട്ടും മാത്രമെ പെരുമാറുകയുള്ളൂ. ഒരു ഡോക്ടർക്കു സമൂഹത്തിൽ ലഭിക്കുന്ന സ്നേഹവും ബഹുമാനവും എന്നെ ആകർഷിച്ചിരുന്നു. അങ്ങനെയാണ് മെഡിസിൻ പഠിച്ചാലോ എന്നു മനസ്സിൽ തോന്നിയത്. അന്ന് എൻട്രസ് ഒന്നുമില്ലല്ലോ. പ്രീഡിഗ്രി മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. എംബിബിഎസ് കിട്ടിയാൽ നല്ലത്, ഇല്ലെങ്കിൽ മറ്റൊരു വഴി എന്നായിരുന്നു ചിന്ത.

അങ്ങനെ 1970ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസിനു സീറ്റ് ലഭിച്ചു. പഠനം തുടങ്ങിയശേഷമായിരുന്നു ശരിക്കുള്ള ടെൻഷൻ തുടങ്ങിയത്. എപ്പോഴും പരീക്ഷകൾ...റാഗിങ്.. ആദ്യത്തെ ഒരു വർഷം മാത്രമെ ഈ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുള്ളൂ.

പഠനത്തോടൊപ്പം കലാസാംസ്കാരിക മേഖലയിലും സജീവമായിരുന്നു. സർവകലാശാല യൂണിയൻ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു, ലേഖനങ്ങൾ എഴുതിയിരുന്നു, നാടക മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. മെഡിസിൻ പഠിക്കുന്ന ഒരാൾക്കു മനുഷ്യനുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളുമായി നിരന്തരമായ സമ്പർക്കം ഉണ്ടെങ്കിൽ അതു ഗുണപരമായ സ്വാധീനം ഉണ്ടാക്കും എന്നുതന്നെയാണ് എന്റെ വിശ്വാസം.

ആദ്യം വെറുത്തു

ഞാൻ പഠിക്കുന്ന കാലത്ത് മാനസികപ്രശ്നമുള്ളവർക്ക് വൈദ്യസഹായം നൽകുന്നതിനു പകരം പാരമ്പര്യ വൈദ്യവും മന്ത്രവാദവും ഒക്കെയായിരുന്നു പരീക്ഷിച്ചിരുന്നത്. മനോരോഗവിദഗ്ധരും കുറവായിരുന്നു. സത്യത്തിൽ സൈക്യാട്രിയെ വെറുത്തിരുന്ന ഒരാളായിരുന്നു ഞാൻ. അതിനു കാരണമോ അന്നത്തെ മെന്റൽ ഹോസ്പിറ്റലുകളുെട ദയനീയാവസ്ഥയും. പഠനകാലത്ത് ഞങ്ങൾക്ക് ഇത്തരം കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടതുണ്ട്. അവിെട ഒറ്റ സെല്ലിൽ 25ഒാളം പേർ, നഗ്നരും അർധ നഗ്നരുമായിട്ടാകും കിടക്കുക.

സൈക്യാട്രിയോടുള്ള അകൽച്ച കുറയാൻ കാരണമായ ഒരു സംഭവം ഉണ്ടായി. നാലാം വർഷം ഞങ്ങൾക്ക് ബെംഗളൂരു നിംഹാൻസിലേക്ക് പഠനയാത്ര ഉണ്ടായിരുന്നു. അവിെട ചെന്നപ്പോൾ നമ്മുെട നാട്ടിലേതിൽ നിന്നും വളരെ വ്യത്യസ്തമായൊരു ചിത്രം. മനോരോഗചികിത്സയ്ക്ക് ഒരു ശാസ്ത്രമുണ്ടെന്ന് അവിെട നിന്നാണ് അറിഞ്ഞത്. സൈക്യാട്രി എന്ന ശാഖയുെട സാധ്യതകൾ മനസ്സിലാക്കി. ആ യാത്ര കഴി‍ഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു, ഉപരിപഠനം സൈക്യാട്രിയിൽ മതി, അതും നിംഹാൻസിൽ.

എംബിബിഎസ് കഴിഞ്ഞ് ഞാൻ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജൂനിയർ റെസിഡന്റായി ജോയിൻ െചയ്തു. ആ കാലത്തേ അവിെട സൈക്യാട്രി വിഭാഗം ഉണ്ട്. ആ വിഭാഗത്തിൽ ചേരണമെന്നായിരുന്നു ആഗ്രഹം. എന്നാൽ സീറ്റ് ഒഴിവില്ലാത്തതിനാൽ ഒൻപത് മാസം മെഡിസിൻ വിഭാഗത്തിൽ പ്രവർത്തിച്ചു. അതുകഴിഞ്ഞ് സൈക്യാട്രി വിഭാഗത്തിൽ ചേർന്നു. ഡോ. വി.എം.ഡി. നമ്പൂതിരിയായിരുന്നു സൈക്യാട്രി വിഭാഗം മേധാവി.

നിംഹാൻസിലേക്ക്

1978ലാണ് നിംഹാൻസിൽ പിജി റസിഡന്റായി ജോയിൻ ചെയ്യുന്നത്. നിംഹാൻസിൽ ആദ്യം സൈക്യാട്രിയിൽ രണ്ട് വർഷത്തെ ഡിപ്ലോമ കോഴ്സ് ആണ് െചയ്തത്. തുടർന്ന് രണ്ടു വർഷത്തെ എംഡി. പഠനം കഴിഞ്ഞ് ഒരു വർഷം അവിെട തന്നെ സീനിയർ റെസിഡന്റായി പ്രവർത്തിച്ചു. എന്നാൽ കേരളത്തിലേക്കു തന്നെ മടങ്ങണം എന്ന് ആദ്യമേ നിശ്ചയിച്ചിരുന്നു. അങ്ങനെ 1983ൽ വീണ്ടും കോലഞ്ചേരിയിൽ ജോയിൻ െചയ്തു. രണ്ടു വർഷം കഴിഞ്ഞ് കൊല്ലത്തെ ഉപാസന ആശുപത്രിയിൽ. ആറു വർഷം കഴിഞ്ഞ് 1992 ലാണ് എറണാകുളം മെ‍ഡിക്കൽ ട്രസ്റ്റിൽ വരുന്നത്.

ജനങ്ങളിലേക്ക് എത്തണം

നിംഹാൻസിൽ പഠിക്കുന്ന കാലത്ത് കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി കർണാടകയിലെ ഗ്രാമങ്ങളിൽ പോകുമായിരുന്നു. നമ്മൾ അവിെട െചല്ലുമ്പോൾ ജനങ്ങൾ കൂട്ടംകൂടും. അപ്പോൾ അവരോടു ചില ലക്ഷണങ്ങളെ കുറിച്ച് പറയും, തനിെയ സംസാരിക്കുക, ഉൾവലിഞ്ഞിരിക്കുക തുടങ്ങിയവ. ഈ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആരെങ്കിലും ഗ്രാമത്തിൽ ഉണ്ടോ എന്ന് ചോദിക്കും. അപ്പോൾ അവർ ഒരു വീട്ടിൽ അത്തരമൊരു വ്യക്തിയുണ്ടെന്ന് പറയും. ഞങ്ങൾ ആ വീട് അന്വേഷിച്ച് കണ്ടുപിടിച്ചു ചെല്ലുമ്പോൾ കാണുന്നത് വീടിന്റെ ഇരുട്ടുകോണിൽ പൂട്ടിയിട്ടിരിക്കുന്ന രോഗിയെയായിരിക്കും. വീട്ടുകാർക്കു രോഗത്തെകുറിച്ച് വിശദമായി പറഞ്ഞുകൊടുക്കും. ഒരു മാസത്തേയ്ക്കുള്ള മരുന്നും സൗജന്യമായി നൽകും.

ഒരു മാസം കഴിഞ്ഞ് ഇതേ ഗ്രാമത്തിൽ ചെല്ലുമ്പോൾ വ്യത്യസ്ത ചിത്രമാണ് കാണുക. രോഗിയെ കുറിച്ച് അന്വേഷിക്കുമ്പോൾ അദ്ദേഹം കൃഷിയിടങ്ങളിൽ പണിക്കു പോയിയെന്നാണ് കേൾക്കുക. ഇത്തരം ഒരാളെ കർമനിരതനാക്കിയതിലുള്ള ആദരം ഗ്രാമവാസികളുെട മുഖത്തുണ്ടാകും. നമ്മൾ ആളുകളിലേക്ക് ഇറങ്ങി, ശാസ്ത്രീയ അറിവുകൾ പ്രചരിപ്പിക്കുമ്പോഴാണ് തെറ്റായ ധാരണകളിൽ മുങ്ങികിടക്കുന്ന ഈ വൈദ്യശാസ്ത്ര രംഗത്തിന് സ്വീകാര്യത വരുന്നതെന്ന പാഠം അങ്ങനെയാണ് അറിഞ്ഞത്. ഒാരോ ദേശത്തിനും പറ്റിയ മാതൃകകൾ ഉണ്ടാക്കണം. വ്യത്യസ്ത തലങ്ങളിലുള്ള ക്ലാസുകളും മാധ്യമങ്ങളിലൂെടയുള്ള ബോധവൽക്കരണവും മാനസികാരോഗ്യ രംഗത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകലുമായിരുന്നു കേരളത്തിൽ സ്വീകരിച്ച മാതൃക.

നിയമങ്ങൾ ഉണ്ട്

മാനസികാരോഗ്യ ചികിത്സ ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്ന നിയമങ്ങൾ പണ്ടുമുതൽ തന്നെ ഉണ്ട്. മാനസികപ്രശ്നമുള്ളവർ പുറത്തു നിന്നാൽ മറ്റു വ്യക്തികൾക്കു അപകടമുണ്ടാക്കാതിരിക്കുക എന്നതിനായിരുന്നു അന്നത്തെ നിയമം ലക്ഷ്യം വച്ചിരുന്നത്. ഇന്ത്യൻ ലൂണസി ആക്റ്റ് എന്നായിരുന്നു നിയമത്തിന്റെ പേര്. ആ പേരിൽ തന്നെ സ്റ്റിഗ്മ ഉണ്ട്. മാനസികപ്രശ്നമുള്ളവരെ കോടതിയിൽ ഹാജരാക്കി ജയിൽ പോലുള്ള മുറിയിൽ പൂട്ടിയിട്ട് നിർബന്ധപൂർവം ചികിത്സ നൽകുന്ന രീതി. ഞാൻ പ്രാക്ടീസ് തുടങ്ങിയ സമയത്ത് മെന്റൽ െഹൽത് ആക്റ്റ് എന്ന് പേരിലായി ആ നിയമം.

ഇന്ന് ഇതു മെന്റൽ െഹൽത് കെയർ ആക്ട് ആണ്. മാനസികവെല്ലുവിളി നേരിടുന്ന വ്യക്തികളുെട മനുഷ്യാവകാശങ്ങളിലാണ് ഈ ആക്ടിലെ ഫോക്കസ്. കേരളത്തിലെ മൂന്നു സർക്കാർ മാനസികാരോഗ്യകേന്ദ്രങ്ങളിലും ആധുനിക ചികിത്സാരീതികളും നൽകിവരുന്നു. എല്ലാ ജില്ലാ ആശുപത്രികളിലും മാനസികാരോഗ്യ വിഭാഗം ഉണ്ട്. പലയിടത്തു സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ടീമുണ്ട്. സമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയും സജീവമാണ്. ഇതൊക്കെ കൺമുന്നിൽ ഉണ്ടായ സന്തോഷകരമായ മാറ്റങ്ങളാണ്. താലൂക്ക് ആശുപത്രി തലത്തിലും ഇനി മാനസികാരോഗ്യ ചികിത്സ ഒരുക്കേണ്ടതുണ്ട്.

പ്രാക്ടീസ് തുടങ്ങിയ കാലത്ത് സമനില തെറ്റിയവരെ മാത്രമെ സൈക്യാട്രിസ്റ്റിന്റെ പക്കൽ എത്തിക്കേണ്ടതുള്ളൂ എന്ന മനോഭാവമായിരുന്നു. വിഷാദം, ഉത്കണ്ഠ പോലുള്ള ലഘു മാനസികരോഗങ്ങൾക്ക് ഡോക്ടറുെട സഹായം തേടാം എന്ന് അറിവും ഇല്ലായിരുന്നു. ഇപ്പോൾ ഈ പ്രശ്നങ്ങൾ ഉള്ളവർ ചികിത്സ തേടാൻ തുടങ്ങി. പണ്ടു വളരെ കുറച്ചു കുട്ടികൾ മാത്രമെ എത്തിയിരുന്നുള്ളൂ. ഇന്ന് ആ സ്ഥിതിയിലും വ്യത്യാസം വന്നു. പഠനപ്രശ്നങ്ങളുമായിട്ടെല്ലാം ധാരാളം കുട്ടികൾ വരുന്നുണ്ട്. പലപ്പോഴും കുട്ടികൾക്ക് ഉണ്ടാകുന്ന ശാരീരികപ്രശ്നങ്ങൾ മനോജന്യമായിരിക്കാം. എന്നാൽ മാതാപിതാക്കൾ അത് അംഗീകരിക്കില്ല. ഒരു കുട്ടിയെ ചികിത്സിച്ച അനുഭവം പറയാം. അഞ്ചു വയസ്സുള്ള ആൺകുട്ടി. പെട്ടെന്ന് അവനു കാഴ്ചശക്തി നഷ്ടമായി. ആദ്യം കുട്ടിയെ ഒഫ്താൽമോളജിസ്റ്റിനെയാണ് കാണിച്ചത്. ഡോക്ടർ പരിശോധിച്ചതിൽ നിന്ന് കണ്ണിനു തകരാർ ഒന്നും കണ്ടുപിടിച്ചില്ല. മാത്രമല്ല ഇത്രയും ചെറിയ പ്രായത്തിൽ പെട്ടെന്ന് അന്ധത വരേണ്ട കാര്യവുമില്ല. വിശദമായ പരിശോധനയ്ക്കായി കുട്ടിയെ അഡ്മിറ്റ് െചയ്തു. രാത്രി പെട്ടെന്ന് വാർഡിലെ വൈദ്യുതി നിലച്ചു. അപ്പോൾ ഈ കുട്ടി ഉറക്കെ നിലവിളിച്ചു. കാഴ്ചയില്ല എന്നു പറയുന്ന കുട്ടി പവർകട്ട് കാരണമുള്ള ഇരുട്ടു കണ്ടു നിലവിളിക്കേണ്ടതില്ലല്ലോ. മനോജന്യമായ അന്ധതയാണോ എന്ന സംശയത്തെ തുടർന്ന് എന്റെ അടുത്തേയ്ക്കു വിട്ടു. കുട്ടിയുമായി കൂടുതൽ സംസാരിച്ചപ്പോഴാണ് പ്രശ്നത്തിനു കാരണം മനസ്സിലായത്. അച്ഛനും അമ്മയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കൽ അച്ഛൻ അമ്മയോട് നിന്നെ ഞാൻ ഉപേക്ഷിക്കും, കുഞ്ഞിനെ ‍ഞാൻ നോക്കും എന്നെല്ലാം പറയുന്നതു കുട്ടി കേട്ടു. ഇതോടെയാണു കുട്ടിക്കു കണ്ണു കാണാൻ കഴിയാതെ വന്നത്. മാതാപിതാക്കളുെട പ്രശ്നം പരിഹരിച്ചപ്പോൾ ഇളംമനസ്സിന്റെ സംഘർഷം മാറി. മനോജന്യ അന്ധതയും പോയി.

ഒരിക്കലും മറക്കാൻ കഴിയാത്ത മറ്റൊരു അനുഭവം കൂടിയുണ്ട്. നിംഹാൻസിൽ പിജി ചെയ്യുന്ന കാലം. വഴിയരികിൽ നിന്ന് സമനില തെറ്റിയ 18കാരിയെ ആശുപത്രിയിൽ എത്തിച്ചു. ആ കുട്ടിക്കു സ്വന്തം പേരോ നാടോ ഒന്നും ഒാർമയില്ല. കുട്ടിയെ കുളിപ്പിച്ചു കഴിഞ്ഞപ്പോഴാണ് നഴ്സ് പറയുന്നത് തുടയുെട ഭാഗത്തു നിന്ന് പുഴു വരുന്നു, ഒപ്പം ദുർഗന്ധവും. അടുത്ത ദിവസം ഞാനും സഹപ്രവർത്തകനും കൂടി കുട്ടിയെ ബെംഗളൂരു മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. അവിടുത്തെ പരിശോധനയിലാണു കുട്ടി ലൈംഗികാതിക്രമത്തിനു ഇരയായിട്ടുണ്ടെന്നു മനസ്സിലായത്. കുട്ടിക്കു തമിഴ് അറിയാം. ഒരു മാസം കൊണ്ട് മുറിവുണങ്ങിയെങ്കിലും നാട് ഏതാണെന്നു ഒാർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. കോയമ്പത്തൂർ ചുറ്റുവട്ടത്താണെന്നു മനസ്സിലാക്കിയെടുത്തു, നിരന്തരം സംസാരിച്ചശേഷം കുട്ടിയിൽ നിന്ന് ഒരു ബസ്സ് നമ്പർ കിട്ടി. ആ നമ്പർ ഉപയോഗിച്ച് ഗ്രാമം തിരിച്ചറിഞ്ഞു. ഒടുവിൽ കുട്ടിയെ നഷ്ടപ്പെട്ട വിഷമത്തിലായ കുടുംബത്തെ കണ്ടെത്തി. അവർ ബെംഗളൂരുവിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി. ഏകദേശം നാലു മാസം എടുത്തു ഈ കുട്ടിയെ തിരിച്ചറിയാൻ. നിംഹാൻസിന്റെ സോഷ്യൽ വർക്ക് സംവിധാനം പിന്തുണച്ചില്ലായിരുന്നെങ്കിൽ ആ പെൺകുട്ടി ആജീവനാന്തം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയേണ്ടി വന്നേനേ. ഇങ്ങനെ എത്രയോ പേർ... അവരെ കുറിച്ചുള്ളതായിരുന്നു എന്റെ ആദ്യത്തെ മനശ്ശാസ്ത്ര ലേഖനം. ‘കാവേരീ നീ കരയരുത്’ എന്നായിരുന്നു തലക്കെട്ട്.

മനസ്സ് എന്നു പറയുന്നത് തലച്ചോറിന്റെ പ്രവർത്തനമാണെന്നും മനസ്സിന്റെ അസുഖങ്ങൾക്ക് പലതിനും ജൈവികമായ അടിസ്ഥാനങ്ങൾ ഉണ്ടെന്നും തെളിഞ്ഞിട്ടുണ്ട്. ഇതു ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുമുണ്ട്. ഈ ബോധ്യം എന്നു പറയുന്നതു വലിയ മാറ്റമാണ്. നോ ഹെൽത് വിത്തൗട്ട് മെന്റൽ െഹൽത് എന്നതു സമൂഹം മനസ്സിലാക്കണം. ശക്തമായ ഒരു പുതിയ തലമുറ മാനസികാരോഗ്യ പരിപാലന മേഖലയിൽ വളരുന്നുണ്ട്. ധാരാളം വനിതകളും ഈ രംഗത്ത് കടന്നു വരുന്നുണ്ട്. പുതിയ ഉയരങ്ങളിലേക്ക് ഈ വൈദ്യശാസ്ത്ര ശാഖയെ അവർ ഉയർത്തും എന്നാണു പ്രതീക്ഷ.

Tags:
  • Mental Health
  • Manorama Arogyam