ഒരു കരിയർ തിരഞ്ഞെടുക്കുമ്പോൾ അതിനുള്ളിലെ തന്നെ സേഫ് സോണിൽ ഇരിക്കാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. വൈദ്യശാസ്ത്രത്തിലെ പോപ്പുലർ സ്പെഷാലിറ്റികളിലെ കരിയർ തിരഞ്ഞെടുക്കാതെ ശൈശവദശയിലായിരുന്ന ചികിത്സാ വിഭാഗത്തിനായി ജീവിതം മാറ്റിവച്ച ഒരു വ്യക്തിയാണ് ഡോ. റോയ് ചാലി. കേരളത്തിൽ യൂറോളജി ചികിത്സാ വിഭാഗത്തിന്റെ മറ്റൊരു പേരായി മാറിക്കഴിഞ്ഞ വ്യക്തിയായിരുന്നു പരേതനായ ഡോ. റോയ്. യൂറോളജി വിഭാഗത്തിന്റെ തുടക്കവും വളർച്ചയും നേരിൽ കണ്ട ഡോ. റോയ് തന്റെ അഞ്ച് പതിറ്റാണ്ടിലേറെ നീളുന്ന ചികിത്സാരംഗത്തെ അനുഭവങ്ങൾ മനോരമ ആരോഗ്യം 2021 ഒക്ടോബർ ലക്കത്തിൽ പങ്കുവച്ചിരുന്നു. മറക്കാനാവാത്ത ചികിത്സാനുഭവങ്ങളോടൊപ്പം കേരളത്തിലെ യൂറോളജി വിഭാഗത്തിന്റെ വളർച്ചയും വികാസവും അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അറിയാം.
‘‘മുളന്തുരുത്തിയാണ് എന്റെ നാട്. ജനിച്ചതും പത്തു വയസ്സുവരെ വളർന്നതും മലേഷ്യയിലായിരുന്നു. പിന്നീട് കേരളത്തിൽ വന്നു. ചെറുപ്പത്തിൽ സ്കൂളിലേക്കു പോകുന്ന വഴിയിൽ ഒരു സർക്കാർ ആശുപത്രിയുണ്ടായിരുന്നു. അവിടെ ഡോക്ടർ രോഗികളെ പരിശോധിക്കുന്നത് റോഡിൽ നിന്നു നോക്കിയാൽ കാണാമായിരുന്നു. ഡോക്ടർക്കു ചുറ്റും എപ്പോഴും ധാരാളം പേർ ഉണ്ടാകും. എല്ലാവരും വളരെ ബഹുമാനത്തോടെയാണ് ഡോക്ടറോട് ഇടപെടുന്നത്. ഒരു ഡോക്ടർക്കു ലഭിക്കുന്ന ബഹുമാനവും അംഗീകാരവും നേരിൽ കാണുന്നത് ആ ആശുപത്രിയിൽ വച്ചായിരുന്നു. അങ്ങനെയാണ് ഡോക്ടർ ആകണം എന്ന ആഗ്രഹം മനസ്സിലുദിച്ചത്. സ്കൂളിലെ ഒരു ഉപന്യാസരചന മത്സരത്തിൽ ജീവിതത്തിൽ ആരാകണം എന്ന വിഷയത്തിൽ ഡോക്ടർ ആകുന്നതിനെ കുറിച്ച് എഴുതിയതൊക്കെ ഇന്നും ഒാർമയുണ്ട്.
പത്താം ക്ലാസ് കഴിഞ്ഞ് ഇന്റർമീഡിയറ്റിനു സയൻസ് തന്നെ എടുത്തു. അന്ന് എംബിബിഎസ് പ്രവേശനം മാർക്കിന്റെ അടിസ്ഥാനത്തിലാണ്. 1956ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിഷൻ ലഭിച്ചു. 1961ൽ എംബിബിഎസ് പൂർത്തിയാക്കി. തുടർന്ന് സർജറിയിൽ പിജിയ്ക്കു ജോയിൻ െചയ്തു. എംബിബിഎസ് പഠനകാലത്താണ് സർജറിയിൽ താൽപര്യം ഉണ്ടായത്. ഞങ്ങളെ പഠിപ്പിച്ചിരുന്ന സർജറി വിഭാഗം അധ്യാപകൻ പ്രഫ. സി. രാഘവാചാരി എന്നെ സ്വാധീനിച്ചിരുന്നു. പ്രഫഷനോടുള്ള അദ്ദേഹത്തിന്റെ ആത്മാർഥത, അടിസ്ഥാനപാഠങ്ങളിൽ ഊന്നിയുള്ള അധ്യാപനരീതി എല്ലാ എന്നെ ആകർഷിച്ചിരുന്നു. 1965ൽ എംഎസ് പൂർത്തിയാക്കി.
യൂറോളജിയിലേക്ക്
പണ്ടത്തെ കാലത്ത് വയറുവേദനയുമായി ഒരാൾ വന്നാൽ ശസ്ത്രക്രിയ െചയ്തു വയർ തുറന്നാലേ രോഗം നിർണയിക്കാൻ കഴിയുമായിരുന്നുള്ളൂ. അതേസമയം മറ്റ് ചികിത്സാ വിഭാഗങ്ങളുമായി താരതമ്യപ്പെടുത്തിയാൽ യൂറോളജി പ്രശ്നവുമായി വരുന്ന വ്യക്തികളിൽ ശസ്ത്രക്രിയ ചെയ്യാതെ തന്നെ രോഗനിർണയം നടത്താൻ സാധിക്കുമായിരുന്നു. മാത്രമല്ല ആ സമയത്താണ് സർജറി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറായ ഡോ. എബ്രഹാം വെല്ലൂരിൽ നിന്ന് പരിശീലനം നേടിയ ശേഷം ഒരു ഉപകരണം കൊണ്ടുവരുന്നത്. മൂത്രസഞ്ചിയുെട ഉള്ളിലേക്കു ലൈറ്റ് അടിച്ചുനോക്കുന്ന ഉപകരണമായിരുന്നു അത്. ഇതെല്ലാം കണ്ട് എനിക്ക് യൂറോളജി വിഭാഗത്തോട് താൽപര്യം തോന്നുകയായിരുന്നു.
എയിംസിൽ ചേരുന്നു
എംബിബിഎസ് കഴിഞ്ഞ് കുറച്ചു കാലം മെഡിക്കൽ കോളജിൽ ട്യൂട്ടറായി ജോലി നോക്കിയിരുന്നു. അതു കഴിഞ്ഞാണ് പിജിക്കു ചേരുന്നത്. പിജി പൂർത്തിയാക്കിയശേഷം യൂറോളജിയിൽ തന്നെ എംസിഎച്ച് എടുക്കാൻ തീരുമാനിച്ചു. അന്ന് ഡൽഹി എയിംസിലും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും മാത്രമെ യൂറോളജി എംസി
എച്ച് കോഴ്സ് ഉണ്ടായിരുന്നുള്ളൂ. പ്രവേശന പരീക്ഷ ഇല്ല. ഇന്റർവ്യൂ മാത്രം. എയിംസിൽ ഇന്റർവ്യൂവിനു ചെല്ലുമ്പോൾ ഞാൻ മാത്രമായിരുന്നു ഏക ഉദ്യോഗാർഥി. കാരണം അക്കാലത്ത് യൂറോളജി വിഭാഗം അത്ര പ്രശസ്തമായിരുന്നില്ല. 1967ൽ ഞാൻ എയിംസിൽ ചേർന്നു. എയിംസിലെ രണ്ടാമത്തെ ബാച്ച് ആയിരുന്നു ഞാൻ.
കരിയറിനെ കുറിച്ച് ആശങ്കയില്ല
എന്റെ പഠനകാലത്ത് യൂറോളജി എന്നു തന്നെയല്ല മറ്റ് സർജിക്കൽ സ്പെഷാലിറ്റികളും വികസിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഭൂരിപക്ഷം ഡോക്ടർമാർക്കും ഇത്തരം െചറിയ സ്പെഷാലിറ്റികളിൽ ഉപരിപഠനം നടത്തിയാൽ കരിയർ എങ്ങനെയാകും എന്ന ആശങ്ക ഉണ്ടായിരുന്നു.
എയിംസിൽ പഠിക്കുമ്പോഴും യൂറോളജി വിഭാഗം വളർച്ചയുെട പാതയിലായിരുന്നു. വളരെ കുറച്ചു ഉപകരണങ്ങളെ ഉണ്ടായിരുന്നുള്ളൂ. എയിംസിലെ സംസ്കാരം നമ്മളെ വല്ലാതെ സ്വാധീനിക്കും. എത്ര വലിയ ഡോക്ടർ ആണെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു തെറ്റുവന്നാൽ അതു തുറന്നു സമ്മതിക്കാൻ മടി കാണിച്ചിരുന്നില്ല. ചെയ്യുന്ന തൊഴിലിനോട് സത്യസന്ധത പുലർത്തുന്നവരായിരുന്നു അവിടെയുള്ള ചികിത്സകർ.
രോഗികൾ ധാരാളം
യൂറോളജി സംബന്ധമായ രോഗങ്ങൾ എല്ലാം അന്നും ഇന്നും ഒരുപോെലയാണ്. ഒരു വ്യത്യാസം മാത്രം. അന്ന് ശസ്ത്രക്രിയ എന്നാൽ ഒാപ്പൺ സർജറിയായിരുന്നു. അന്നും എയിംസ് പോലുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിൽ യൂറോളജി വിഭാഗത്തിൽ ധാരാളം രോഗികൾ വരുമായിരുന്നു. കേരളത്തിൽ നിന്നുവരെ വരാറുണ്ടായിരുന്നു. പഠനം കഴിഞ്ഞ് 1969ൽ തിരികെ വന്നു. സർജറിയിൽ അസിസ്റ്റന്റ് പ്രഫസറായി കോഴിക്കോട് മെഡിക്കൽ കോളജിൽ ജോയിൻ െചയ്തു. അന്നു കേരളത്തിൽ യൂറോളജി പോസ്റ്റിങ് തിരുവനന്തപുരത്തും കോഴിക്കോടും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അവി
െട ഒഴിവുകൾ ഇല്ലായിരുന്നു. ഒടുവിൽ കോട്ടയം മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ യൂറോളജി എന്ന തസ്തിക സൃഷ്ടിച്ച് എന്നെ നിയമിച്ചു. വളരെ കുറച്ചു മാസങ്ങളെ അവിെട നിന്നുള്ളൂ. അതുകഴിഞ്ഞ് 1970ൽ തിരികെ കോഴിക്കോട് തന്നെ വന്നു.
റിട്ടയർ ചെയ്യുന്നതു വരെ കോഴിക്കോട് മെഡിക്കൽ കോളജിലാണ് പ്രവർത്തിച്ചത്.
കോഴിക്കോട് എന്ന പ്രവർത്തനമേഖല
കോഴിക്കോട് മെഡിക്കൽ കോളജിൽ യൂറോളജി പ്രത്യേക ചികിത്സാ വിഭാഗമായി ആരംഭിച്ചിരുന്നുവെങ്കിലും മൂത്രാശയവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ കൈകാര്യം െചയ്തിരുന്നത് സർജറി വിഭാഗമായിരുന്നു. ആദ്യത്തെ രണ്ട് വർഷം സർജറി ആവശ്യമില്ലാത്ത കേസുകളായിരുന്നു ഡിപ്പാർട്ട്മെന്റിൽ നോക്കിയിരുന്നത്. കിടക്കകളുെട എണ്ണവും വളരെ കുറവായിരുന്നു. കൂടുതൽ ഉപകരണങ്ങൾ ഇല്ലായിരുന്നു. അതിനാൽ തന്നെ പൊതുജനങ്ങൾക്ക് ഞങ്ങളിൽ വിശ്വാസം വരാൻ കുറച്ചു കാലമെടുത്തു. 1973Ð74 കാലഘട്ടത്തിൽ സ്പെഷാലിറ്റി വിഭാഗങ്ങളുെട സേവനം മെച്ചപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് ഫണ്ട് അനുവദിച്ചുനൽകി. അതിനെതുടർന്ന് യൂറോളജി വിഭാഗത്തിലേക്കു ഏറ്റവും പുതിയ ചികിത്സാ ഉപകരണങ്ങൾ വാങ്ങാൻ സാധിച്ചു.
1976ലാണ് എന്റെ കീഴിൽ ഒരു അസിസ്റ്റന്റ് പ്രഫസർ വരുന്നത്. അതുവരെ രണ്ടുപേരെ വച്ചാണ് ഡിപ്പാർട്ട്മെന്റ് പ്രവർത്തനം മുന്നോട്ട് പോയത്. 1980 ആയപ്പോഴേക്കും യൂറോളജി വിഭാഗം പൂർണതോതിൽ സജ്ജമായി. 1981ൽ പിജി കോഴ്സും ആരംഭിച്ചു. അക്കാദമിക് തലത്തിലും ഡിപ്പാർട്ട്മെന്റിനും നല്ല പേര് ലഭിച്ചു.
എന്റെ മുന്നിലെത്തുന്ന രോഗികളോട് അവരുെട രോഗത്തെ കുറിച്ചും ചികിത്സയിലെ പ്രയോജനങ്ങളെ കുറിച്ചും സങ്കീർണതകളെ കുറിച്ചും വിശദീകരിക്കും. ശസ്ത്രക്രിയയ്ക്കിടെ പ്രതീക്ഷിച്ചതിലും കൂടുതൽ സങ്കീർണതകൾ സംഭവിച്ചാലും രോഗികൾ പരാതി പറഞ്ഞിരുന്നില്ല. അവർക്കു നമ്മളെ വിശ്വാസമായിരുന്നു. പതിയെ കൂടുതൽ രോഗികൾ നേരിട്ടു തന്നെ യൂറോളജി വിഭാഗത്തിലേക്കു വരാൻ തുടങ്ങി.
രോഗങ്ങൾ അന്നും ഇന്നും
അന്നത്തെ കാലത്ത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങളായിരുന്നു കൂടുതൽ. മൂത്രം നിലച്ച് , ട്യൂബ് ഇട്ട അവസ്ഥയിലാണ് രോഗികൾ വരുക. ഇന്ന് ആളുകൾ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ചികിത്സ തേടുന്നു. ചെറിയ മൂത്രതടസ്സം വരുമ്പോഴേ ഡോക്ടറുെട പക്കൽ എത്തും. കാരണം രോഗത്തെ കുറിച്ചും ലക്ഷണങ്ങളെ കുറിച്ചും അവർക്ക് അറിവുണ്ട്. ആദ്യ ഘട്ടത്തിൽ മരുന്നു കൊണ്ടു തന്നെ രോഗം ഭേദമാക്കാം. മരുന്നു കൊണ്ടു കഴിയുന്നില്ലെങ്കിൽ മാത്രമാണ് ശസ്ത്രക്രിയ െചയ്യുക.
ഇന്ന് വൃക്ക, മൂത്രാശയം എന്നിവിടങ്ങളിലെ കല്ല് എന്ന പ്രശ്നവുമായിട്ടാണ് കൂടുതൽ പേരും ചികിത്സ തേടുന്നത്. ഇന്ന് രോഗനിർണയം വളരെ എളുപ്പമാണ്. പണ്ട് എക്സ്റേ മാത്രമായിരുന്നല്ലോ. ചെറിയ കല്ലുകൾ എക്സ്റേയിൽ തെളിഞ്ഞു കാണില്ല. ഇന്ന് അൾട്രാ സൗണ്ട്, സിടി സ്കാനിങ് വഴി എല്ലാ കൃത്യമായി കാണാനാകും. ആദ്യ കാലത്ത് കല്ലിന്റെ പ്രശ്നത്തിനും ഒാപ്പൺ സർജറിയായിരുന്നു ചെയ്തിരുന്നത്. ഇപ്പോൾ മൂത്രദ്വാരത്തിൽ കൂടി ട്യൂബ് കടത്തി മൂത്രനാളിയിലെ കല്ല് പൊടിച്ചുകളയുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വൃക്കയിലെ കല്ലിനു ശരീരത്തിന്റെ വശത്തു തുളയുണ്ടാക്കി വൃക്കയിലേക്കു ട്യൂബ് കടത്തി കല്ല് പൊടിച്ചു കളയും. ശരീരത്തിനു പുറത്തുഘടിപ്പിച്ച ഉപകരണത്തിൽ നിന്നുള്ള തരംഗങ്ങൾ വഴി കല്ല് പൊടിച്ചുകളയുന്ന രീതിയും നിലവിലുണ്ട്. പണ്ടത്തെ അത്ര വേദനാജനകമല്ല ഇന്നത്തെ ചികിത്സാരീതികൾ. ആശുപത്രി വാസം കുറവാണ്. മാത്രമല്ല മുറിവു കാരണമുള്ള സങ്കീർണതകളും ഇല്ല. വ്യക്തിക്കു വളരെ വേഗം തന്നെ സാധാരണ ജീവിതത്തിലേക്കു മടങ്ങാം. ഒാപ്പൺ ശസ്ത്രക്രിയ ആയിരുന്നപ്പോൾ 5Ð10 ദിവസം വരെ ആശുപത്രിവാസം വേണ്ടിവന്നിരുന്നു.
കേരളത്തിൽ ആദ്യത്തെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത് എന്റെ നേതൃത്വത്തിലായിരുന്നു. ഡിപ്പാർട്ട്മെന്റ് ഒാഫ് ട്രാൻസ്പ്ലാന്റ് സർജറി ഇൻ യൂറോളജി എന്ന പ്രത്യേക വിഭാഗം മെഡിക്കൽ കോളജിൽ രൂപീകരിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നടന്നില്ല.
മറക്കാനാവാത്ത ധാരാളം ചികിത്സാ അനുഭവങ്ങൾ ഉണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചു നടന്ന സംഭവം പറയാം. 55 വയസ്സുള്ള വ്യക്തി. അദ്ദേഹത്തിനു ജന്മനാ ഒരു വൃക്ക മാത്രമെ ഉള്ളൂ. ബിപി, ആസ്മ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ട്. നട്ടെല്ലിൽ കൂനും ഉണ്ടായിരുന്നു. മൂത്രം പോകുന്നില്ല എന്നതായിരുന്നു പ്രശ്നം. പരിശോധനകൾ നടത്തിയതിൽ നിന്ന് അദ്ദേഹത്തിനു വൃക്കയിൽ മൂത്രം ഉണ്ടാകുന്നുണ്ടെങ്കിലും അതു പുറത്തുപോകുന്നില്ല എന്ന് കണ്ടെത്തി. മൂത്രക്കുഴലിലെ (യൂറിറ്റർ) കല്ലായിരുന്നു പ്രശ്നം. ഡയാലിസിസ് ഒന്നും ഇല്ലാത്ത കാലം. ഒാപ്പൺ സർജറി ചെയ്ത് വൃക്കയിലേക്ക് ട്യൂബ് ഇടാവുന്ന ആരോഗ്യസ്ഥിതിയും രോഗിക്ക് ഇല്ല. അന്ന് പുതിയൊരു ഉപകരണം വാങ്ങിയ സമയമായിരുന്നു. മൂത്രദ്വാരത്തിൽ കൂടി ട്യൂബ് കടത്തി, മൂത്രനാളിയിലെ കല്ലിനെ മറികടന്ന് വൃക്കവരെ എത്തിക്കാം. അങ്ങനെ െചയ്ത് വൃക്കയിൽ കെട്ടികിടക്കുന്ന മൂത്രം പുറത്തെത്തിക്കാം. വളരെ മൈനറായിട്ടുള്ള പ്രോസീജിയർ. ഉടനടി ചെയ്തില്ലെങ്കിൽ രോഗിയുെട ജീവനു തന്നെ ആപത്താണ്. രോഗിയെ ഒാപ്പറേഷൻ തീയറ്ററിൽ എത്തിച്ചപ്പോൾ അനസ്തീസിയ കൊടുക്കാൻ ഡോക്ടർ സമ്മതിച്ചില്ല. അന്ന് ഞാൻ സർജറി വിഭാഗത്തിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. അനസ്തറ്റിസ്റ്റ് സർജറി വിഭാഗം മേധാവിയോട് ‘ഡോ. റോയ് പരീക്ഷണത്തിനായി ഒരു രോഗിയെ തീയറ്ററിൽ കൊണ്ടുവന്നിട്ടുണ്ട്. രോഗി മരിച്ചുപോകാൻ സാധ്യതയുണ്ട്’ എന്ന് പരാതി പറഞ്ഞു. ആ ഡോക്ടറെ കുറ്റം പറയാൻ കഴിയില്ല. ഈ പ്രോസീജിയറിനെ കുറിച്ച് അദ്ദേഹം ആദ്യമായി കേൾക്കുകയാണ്. ഒടുവിൽ എന്റെ അധ്യാപകൻ കൂടിയായ സർജറി പ്രഫസർ എന്നെ വിളിപ്പിച്ചു, കാര്യം അന്വേഷിച്ചു. ഞാൻ ആ ഉപകരണത്തെ കുറിച്ചും പ്രോസീജിയറിനെ കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു. അദ്ദേഹം ഒാപ്പറേഷനുമായി മുന്നോട്ട് പോകാൻ സമ്മതിച്ചു. അങ്ങനെ ആ രോഗിയുെട ജീവൻ രക്ഷിക്കാനായി. വളരെ ലളിതമായി ആ പ്രോസീജിയർ ചെയ്യാൻ 10Ð15 മിനിറ്റു മാത്രമെ എടുത്തുള്ളൂ.
എന്റെ തുടക്കകാലത്ത് എംബിബിഎസ് പഠിച്ചിറങ്ങുന്ന പലരും യൂറോളജിയിൽ ട്രെയിനിങ്ങിനു വരാൻ താൽപര്യപ്പെട്ടിരുന്നില്ല. താരത്മ്യേന ചെറുപ്പക്കാരനായ എന്റെ കീഴിൽ പ്രവർത്തിക്കാൻ മടി കാണിച്ചവരും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതേ വിഭാഗത്തിൽ ചേരാൻ മെഡിക്കൽ വിദ്യാർത്ഥികളുെട താൽപര്യം കാണുമ്പോൾ സന്തോഷം തോന്നുന്നു.
യൂറോളജി വിഭാഗത്തിന്റെ വളർച്ചയിൽ സംതൃപ്തിയും അഭിമാനവും...
ഡോ റോയി തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസും സർജറിയിൽ പിജിയും. ഡൽഹി എയിംസിൽ നിന്ന് യൂറോളജിയിൽ എംസിഎച്ചും എടുത്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു യൂറോളജി വിഭാഗം പ്രഫസറായി 1992ൽ റിട്ടയർ െചയ്തു. റിട്ടയർമെന്റിനുശേഷം കോഴിക്കോട് തന്നെ നാഷനൽ ഹോസ്പിറ്റൽ, ഫാത്തിമ ഹോസ്പിറ്റൽ, പിവിഎസ് എന്നിവിടങ്ങളിൽ ജോലി െചയ്തു. 2000ൽ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ജോയിൻ െചയ്തു. നിലവിൽ അവിടുത്തെ വകുപ്പ് മേധാവിയും സീനിയർ കൺസൽറ്റന്റും. ഈ ആശുപത്രികളിൽ എല്ലാം യൂറോളജി വിഭാഗത്തിനു തുടക്കം കുറിച്ചത് ഡോ. റോയ് ആണ്. ദേശീയ, അന്തർദേശീയ ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സർജിക്കൽ അസോസിയേഷന്റെ ഡോ. രാഘവാചാരി ഒറേഷൻ, കേരള സർക്കാരിന്റെ എമിനന്റ് ഡോക്ടർ അവാർഡ്, യൂറോളജിക്കൽ സൊസൈറ്റി ഒാഫ് ഇന്ത്യയുെട യൂറോളജി ഗോൾഡ് മെഡൽ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ആനി. മക്കൾ : ഡോ. പൗലോസ് ചാലി ( സീനിയർ കൺസൽറ്റന്റ്, യൂറോളജി വിഭാഗം, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ) മാമ്മൻ ചാലി (ഇൻവെസ്റ്റ്മെന്റ് ബാങ്കർ, അമേരിക്ക)