കൊല്ലം ജില്ലയില്‍ പെട്ട ഒരു സ്വകാര്യ ആശുപത്രി. കാലഘട്ടം 1995. ശിശുരോഗചികിത്സകനായി ഞാന്‍ മെല്ലെ വേരുറയ്ക്കുന്ന കാലം. പീക്രി കുഞ്ഞുങ്ങളുടെ അല്ലറ ചില്ലറ രോദനങ്ങളൊഴിച്ചാല്‍ ടോക്കണ്‍ സമ്പ്രദായപ്രകാരം ഒ.പിയില്‍ വളരെ സമാധാനപരമായി പോളിംഗ് നടന്നുകൊണ്ടിരിക്കുന്നു. പെട്ടെന്ന് അതാ വരുന്നു, ഒരു വലിയ ആരവം! പത്തോളം പേര്‍ ചേര്‍ന്ന് ഒ.പി പ്രവേശം നടത്തുന്നു. തടിമാടന്‍മാരും തടിമാടികളും.
എന്റെ നെഞ്ചൊന്നാളി! ഒരാള്‍ക്കൂട്ട ആക്രമണം മണക്കുന്നില്ലേ? ചികിത്സിച്ചാലും അടി ചികിത്സിച്ചില്ലെങ്കിലും അടി എന്ന നൈഷ്ഠിക ആചാരം പ്രചാരത്തിലായി വരുന്ന കാലമായിരുന്നു അത്.
ആ ശരീര മാംസപിണ്ഡങ്ങള്‍ക്കിടയില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്ന പട്ടിണിക്കോലം കണക്കെ ഒരു യുവതിയും അവരുടെ കൈയ്യില്‍ പിടിച്ചിരിക്കുന്ന അശുവായ ശിശുവിനെയും കണ്ടപ്പോള്‍ എന്റെ സംശയമൊക്കെ വെറുതേ മല കയറിയതാണെന്നു മനസ്സിലായി. 'എന്താണ് പ്രശ്‌നം?'
എന്റെ ചോദ്യത്തിന് ടി.വി ചര്‍ച്ചയിലെന്നപോലെ അവിടെ വന്നവരൊക്കെ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ ആങ്കറിന്റെ റോളെടുത്ത് ഇടപെട്ടു. എന്റെ ചോദ്യം കുട്ടിയുടെ അമ്മയോടാണ്. എന്താണു പ്രശ്‌നം?
ആ സാധുസ്ത്രീ പറഞ്ഞു തുടങ്ങി. കുട്ടിക്ക് പനിയും ജലദോഷവും ചുമയുമായിരുന്നു. ഡോക്ടറെ കാണിച്ചു മരുന്നു കൊടുത്തു. രണ്ട് ദിവസം ആയപ്പോള്‍ വയറിളക്കം തുടങ്ങി. ഇപ്പോള്‍ കഫക്കെട്ടും വയറിളക്കവും.
''ഡോക്ടര്‍, ഞാന്‍ കുഞ്ഞിന്റെ അമ്മയുടെ സഹോദരനാണ്. കുഞ്ഞിന്റെ അച്ഛന്‍ സ്ഥലത്തില്ല, ദുബായിലാണ്. ഞങ്ങള്‍ ആദ്യം കാണിച്ചത് നാട്ടില്‍ ആലപ്പുഴയിലെ ഒരു ഡോക്ടറെയാണ്. കുട്ടിക്ക് കഫക്കെട്ട് കുറവില്ലെന്നറിഞ്ഞു വന്ന തിരുവനന്തപുരത്തുള്ള കുഞ്ഞിന്റെ അച്ഛന്റെ ആള്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു പേരുവെട്ടി തിരുവനന്തപുരത്തു കൊണ്ടുപോയി. അവിടത്തെ ചികിത്സ തുടങ്ങിയപ്പോഴാണ് വയറിളക്കം തുടങ്ങിയത്.''
ഇതിനിടയില്‍ മറ്റൊരാള്‍ എനിക്കും പറയാനുണ്ടെന്ന് വിരല്‍ പൊക്കി കാണിച്ചു മുന്നിലേക്കു വന്നു. 'ഞാന്‍ കുഞ്ഞിന്റെ അച്ഛന്റെ സഹോദരനാണ്. ഞങ്ങള്‍ തിരുവനന്തപുരത്താണ്. ഡോക്ടര്‍ക്കറിയാമല്ലോ തിരുവനന്തപുരത്താണല്ലോ ഏറ്റവും നല്ല ചികിത്സ കിട്ടുന്നത്. അതുകൊണ്ട് ഞങ്ങള്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ കുട്ടിയെ അഡ്മിറ്റു ചെയ്തു. പിറ്റേന്ന് വയറിളക്കം തുടങ്ങി. ഇതറിഞ്ഞ് കുട്ടിയുടെ അമ്മയുടെ ആള്‍ക്കാര്‍ അവിടെ വന്ന് ബഹളമുണ്ടാക്കി.
കഫക്കെട്ട് മാത്രമുണ്ടായിരുന്ന കുട്ടിക്ക് എങ്ങനെ വയറിളക്കം വന്നു? അത് ചികിത്സയുടെ പിഴവാണെന്നൊക്കെ പറഞ്ഞായിരുന്നു ബഹളം. അപ്പോഴാണ് അതുവഴി പോയ ഒരാള്‍ ഒരു പരിഹാരം നിര്‍ദ്ദേശിച്ചത്.''
എന്താണത്? എന്റെ ആകാംക്ഷ ഇരട്ടിച്ചു.
''അയാള്‍ പറഞ്ഞത്, നിങ്ങള്‍ രണ്ടുകൂട്ടരുടെയും സ്ഥലങ്ങളായ ആലപ്പുഴയിലും തിരുവനന്തപുരത്തും ചികിത്സിക്കണ്ട. ഇതിന്റെ ഇടയിലുള്ള കൊല്ലം ജില്ലയില്‍ ചികിത്സിച്ചാല്‍ തര്‍ക്കം ഉണ്ടാവുകയില്ല ......''
ഞങ്ങള്‍ രണ്ടു കൂട്ടര്‍ക്കും അതു സ്വീകാര്യമായി. അതാണിവിടെ വന്നത്. അപ്പോള്‍ സംഗതിയുടെ കിടപ്പതാണ്. തിരുവനന്തപുരത്തുള്ള അച്ഛന്റെ ആൾക്കാര്‍ക്കും ആലപ്പുഴയിലുള്ള അമ്മയുടെ ആള്‍ക്കാര്‍ക്കും തമ്മില്‍ വഴക്കുകൂടാനാണ് താല്പര്യം. കുട്ടിയുടെ അസുഖം ഭേദമാകണമെന്നല്ല. ഞാനതൊന്നും കാര്യമാക്കാതെ കുട്ടിയെ പരിശോധിച്ചു. കഫക്കെട്ടും വയറിളക്കവും. രണ്ടു മൂന്നു ദിവസത്തെ കിടത്തിചികിത്സ കൊണ്ടു ഭേദമാക്കാവുന്നതേയുള്ളു.
അങ്ങനെ ആ വിരുദ്ധ ചേരിക്കാരെ വരാന്തയില്‍ ചര്‍ച്ചയ്ക്കു വിട്ടുകൊണ്ട് കുട്ടിയെ മുറിയില്‍ അഡ്മിറ്റു ചെയ്തു. പിറ്റേന്ന് കുട്ടിക്ക് നല്ല കുറവുണ്ടായി. പക്ഷേ ചര്‍ച്ചാതൊഴിലളികള്‍ അവരുടെ ഊഴവും കാത്തു അവിടെ തന്നെ നിന്നു. രണ്ടു വിഭാഗത്തിന്റെയും പ്രതിനിധികള്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് എന്നെ കാണാന്‍ വന്നു.
''ഡോക്ടര്‍ തുറന്നു പറയണം. ഇത് ആലപ്പുഴ/തിരുവനന്തപുരത്തെ ഡോക്ടറുടെ ചികിത്സാപിഴവല്ലേ?'' ഞാന്‍ അവരെ സമാധാനിപ്പിച്ചു. ഏതായാലും കുട്ടിയുടെ അസുഖം കുറഞ്ഞല്ലോ. മുമ്പു നടത്തിയ ചികിത്സയെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല.
അതു കേട്ടയുടന്‍ അവരുടെ മുഖഭാവം മാറി. ത്രികോണ മത്സരത്തില്‍ തോറ്റ രണ്ടു പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ രീതിയിലായി മുഖഭാവം. പിറ്റേന്ന് കുട്ടിയുടെ വയറിളക്കവും പനിയും ചുമയുമൊക്കെ നന്നായി കുറഞ്ഞു. കുട്ടിയുടെ അമ്മ വളരെ സന്തോഷത്തോടെ കുട്ടിക്കു നല്ല കുറവുണ്ടെന്നു പറഞ്ഞു. എന്നാല്‍ രണ്ടുവിഭാഗം ബന്ധുക്കളും അതിനോടു വിയോജിച്ചു.
പാതിരാത്രിയില്‍ എപ്പോഴോ കുട്ടി ഒരു തവണ ചുമച്ചെന്ന് ഒരു കൂട്ടരും മലത്തിന്റെ ഗന്ധം മുമ്പത്തേക്കാള്‍ കൂടിവരികയാണെന്നു മറ്റേ കൂട്ടരും വിമര്‍ശന ശരങ്ങള്‍ എയ്തുകൊണ്ടിരുന്നു.
തിരുവനന്തപുരത്തെ ഡോക്ടര്‍ മിടുക്കനാണെന്ന് അച്ഛന്‍ വിഭാഗവും ആലപ്പുഴയിലെ ഡോക്ടര്‍ മിടുമിടുക്കനെന്നു അമ്മ വിഭാഗവും പറഞ്ഞു തര്‍ക്കിച്ചെങ്കിലും ചികിത്സാ പിഴവ് ആരുടെ ഭാഗത്താണെന്ന് കണ്ടെത്താത്ത കൊല്ലത്തെ ഡോക്ടര്‍ വെറും മണ്ണുണ്ണിയാണെന്ന് ഇരു കൂട്ടരൂം ഏകസ്വരത്തില്‍ പറഞ്ഞു നടക്കുകയാണെന്ന് ചാരപ്പണിയിൽ വിദഗ്ദ്ധയായ നഴ്സിംഗ് സൂപ്രണ്ട് രഹസ്യമായി എന്നെയറിയിച്ചു.
ഇതറിഞ്ഞപ്പോള്‍ ഞാന്‍ വല്ലാതെ അസ്വസ്ഥനായി. ഗഹനമായ ആലോചനകൾക്കു ശേഷം എനിക്കൊരു കുസൃതി തോന്നി. അച്ഛന്‍ വിഭാഗം പ്രതിനിധിയെ മുറിയില്‍ വിളിച്ച് ഞാന്‍ ഇങ്ങനെ പറഞ്ഞു. ''നിങ്ങളുടെ തിരുവനന്തപുരം ഡോക്ടറുടെ ഭാഗത്ത് ഒരു പിഴവുണ്ടായിട്ടുണ്ട്. അതെനിക്കു ബോദ്ധ്യമായി.'' ഉടനെ അയാള്‍ പറഞ്ഞു.
''ഡോക്ടറെ കുട്ടിക്ക് അസുഖം ഭേദമായതുകൊണ്ട് ഈ വിവരം അമ്മയുടെ ആള്‍ക്കാരോടു പറയണ്ട. പ്ലീസ് ഡോക്ടര്‍'' ഞാന്‍ സമ്മതിച്ചു.
അടുത്തത് അമ്മവിഭാഗം പ്രതിനിധിയെ വിളിച്ച് രഹസ്യമായി ഇങ്ങനെ പറഞ്ഞു. ''നിങ്ങളുടെ ആലപ്പുഴ ഡോക്ടറുടെ ഭാഗത്ത് ഒരു പിഴവുണ്ടായിട്ടുണ്ട്. അതെനിക്ക് ബോദ്ധ്യമായി.''
ഉടനെ അയാള്‍ പറഞ്ഞു. ''ഡോക്ടറെ കുട്ടിക്ക് അസുഖം ഭേദമായതുകൊണ്ട് ഈ വിവരം അച്ഛന്റെ ആള്‍ക്കാരോട് പറയണ്ട പ്ലീസ് ഡോക്ടര്‍'' അങ്ങനെ എല്ലാം കോംപ്ലിമെന്‍സായി!!
കൊല്ലത്തെ ഡോക്ടര്‍ വെറും മണ്ണുണ്ണിയല്ല എന്ന് ഇരുകൂട്ടര്‍ക്കും പൂർണ്ണമായി ബോധ്യമാവുകയും ഡിസ്ചാര്‍ജ്ജ് ചെയ്ത് പോകുന്ന നേരത്ത് ഏകോദര സഹോദരങ്ങളെപ്പോലെ ഇരുകൂട്ടരും ഒരുമിച്ച് എന്നെ വന്നു കണ്ട് യാത്ര ചോദിക്കുകയും ചെയ്തു.
ഹാവൂ ! ഒരു ഡോക്ടറായി പോയാല്‍ എന്തൊക്കെ അഭ്യാസങ്ങള്‍ പയറ്റണം ചീത്തപ്പേരു കേൾപ്പിക്കാതെ ജീവിക്കാൻ ! !