Saturday 29 June 2024 05:42 PM IST : By ഡോ. കെ. ജി. അലക്സാണ്ടര്‍

നല്ല ഡോക്ടർമാരുടെ പരമ്പര നാളെയും തുടരും -  ഡോ.കെ.ജി.അലക്സാണ്ടർ

dralex324 ഡോ. കെ. ജി. അലക്സാണ്ടര്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍

ജൂലൈ 1 ദേശീയ  ഡോക്ടര്‍ ദിനം.  

’’ചികിത്സ മാത്രമല്ല മനുഷ്യർ ആഗ്രഹിക്കുന്നത്. സ്നേഹത്തോടെയുള്ള പരിചരണവും വളരെ പ്രധാനമാണ്. ’’ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എംഡിയും ചെയര്‍മാനുമായ ഡോ. കെ. ജി. അലക്സാണ്ടര്‍ നല്‍കുന്ന ഡോക്ടര്‍ ദിന സന്ദേശം.

ചെറുപ്പത്തിലേ തന്നെ ഒരു ഡോക്ടർ ആവണമെന്നുള്ള ആഗ്രഹം എന്റെ ഉള്ളിൽഎങ്ങനെയോ ഉണ്ടായിരുന്നു. പക്ഷെ ബി.എസ്.സി യുടെ റിസൾട്ട്‌ വന്നപ്പോൾ  0.5% മാർക്കിന്റെ കുറവുകൊണ്ട്കേരളത്തിൽ മെഡിസിന് എനിക്ക് അഡ്മിഷൻ കിട്ടിയില്ല. പക്ഷെ ബീഹാറിലെ മുസാഫർപൂരിൽ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ അഡ്മിഷൻ തരപ്പെട്ടു. പിന്നീട് മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഡി എടുത്തു. തുടർന്ന് കൊച്ചിയിലും തിരുവനന്തപുരത്തുമായി ഓരോ വർഷം സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തു.

ആ  സമയത്താണ്‌ കോഴിക്കോട് ഒരാശുപത്രി തുടങ്ങാൻ സാഹചര്യം ഒരുങ്ങിയത്. 1987 ലാണ് അത്. 55 കിടക്കകളുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ രൂപം കൊള്ളുന്നതങ്ങനെയാണ്. "ഡോക്ടർ" എനിക്കിഷ്ടപ്പെട്ട പ്രൊഫഷനാണ്. ഒപ്പം ആശുപത്രിയുടെ നടത്തിപ്പും കൂടി ചേർന്ന് ഡബിൾ റോളിലായി.

കേരളത്തിലും പുറത്തും ആതുരസേവന രംഗത്ത്  സംഭവിക്കുന്ന മാറ്റങ്ങൾ ഞാൻ കാണുന്നുണ്ടായിരുന്നു. അക്കാലത്തു ഡോക്ടർമാർക്കു സമൂഹത്തിൽ നല്ല ആദരവു ലഭിച്ചിരുന്നു. പഴയ തലമുറയിലെ അതികായൻമാരായ ഡോക്ടർമാരെ കുറിച്ച് ജനം ഇപ്പോഴും പറയാറുണ്ട്. വലിയ അധ്യാപകർ, നല്ല ചികിത്സകർ.. സൗമ്യതയോടെ സ്നേഹത്തോടെ പെരുമാറുന്നവർ. അതെ, ഡോക്ടർമാരുടെ കുലത്തിൽ ഇതേ പോലെ ധാരാളം പേരുണ്ട്. അവരിൽ നിന്നെല്ലാം നല്ലത് പകർത്താൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, ശ്രമിച്ചിട്ടുണ്ട്.

അതായിരുന്നു നല്ല കാലം. നല്ലതെല്ലാം പോയേ..

പഴയ മഹത്വം ഇന്നില്ല എന്നു പരി തപിക്കുന്നവർ ചിലരുണ്ട്. ഞാനതിനോട് യോജിക്കുന്നില്ല. മിടുക്കരായ ധാരാളം പേര് ഇന്നുമുണ്ട്. അവർ മാറ്റങ്ങൾ അപ്പപ്പോൾ അറിയുന്നു,ഉൾക്കൊള്ളുന്നു. ചികിത്സയുടെയും അറിവിന്റെയും പുതിയ പാഠങ്ങൾ പങ്കിടുന്നു. പുതിയ തലമുറയെക്കുറിച്ചു ഒരു വിയോജിപ്പ് പറഞ്ഞാൽ ചിലർ കംഫർട്ട് സോണിൽ ജീവിക്കണമെന്നാഗ്രഹിക്കുന്നു.   പ്രസവം ഒരു രോഗമല്ലല്ലോ. പക്ഷെ അതിൽ എന്തെങ്കിലും സങ്കീർണത സംഭവിച്ചാൽ ജനം പൊറുക്കില്ല. ഈ ടെൻഷൻ ഒന്നും നേരിടാൻ യുവഡോക്ടർമാർ മുതിരുന്നില്ല. അതെ സമയം ലാപ്റോസ്കോപിക് സർജറി, ഇൻഫെർട്ടിലിറ്റി തുടങ്ങിയവ സ്പെഷ്യലൈസ് ചെയ്യാനാണ് അവർക്കു താല്പര്യം.

എല്ലാവരും മാറുമ്പോൾ രോഗികളുടെ സമൂഹവും മാറാതിരിക്കുമോ?

ശരിയാണ്, കാലത്തിനനുസരിച്ചു രോഗികളും മാറുന്നുണ്ട്. അന്ന് അവർ കൂടുതൽ വിനയാന്വിതർ ആയിരുന്നു. സാമ്പത്തികമായി വിഷമിച്ചിരുന്നു. സ്വയം ഗൂഗിൾ ഡോക്ടർ ആയിമാറി ചോദ്യങ്ങൾ ഇത്ര കണ്ടു ചോദിച്ചിരുന്നില്ല.ആശുപത്രികളും ഡോക്ടർ മാരും ഇത്ര അധികം ഉണ്ടായിരുന്നില്ല. ഒരു താലൂക്കിൽ ഒരു ഡോക്ടർ ഉണ്ടായാലായി. എന്റെ നാടായ പത്തനാപുരത്തു ഒരേയൊരു ഡോക്ടറേയുണ്ടായിരുന്നള്ളൂ, ഡോക്ടർ ജോൺ. എം.ബി.ബി.എസിനെ കാണാൻ പോവുകയാ.. എന്നാണ് ആളുകൾ പറയുക.

ഇപ്പോഴോ?

"ഡോക്ടറെ നമുക്ക് ആ ടെസ്റ്റ്‌ ചെയ്യണ്ടേ " ടെസ്റ്റുകൾ ഇങ്ങോട്ട്‌ നിർദേശിക്കുന്നവരും കുറവല്ല.സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥ അവരുടെ മനോഭാവത്തെയും കുറച്ചു മാറ്റിയതുപോലുണ്ട്.രോഗി രോഗത്തെ ക്കുറിച്ചും ചികിത്സയെക്കുറിച്ചും  അറിയുന്നത് വളരെ നല്ലതാണ്. പക്ഷെ പ്രസക്തി ഇല്ലാത്ത ചോദ്യങ്ങൾക്കു മറുപടി പറയാൻ ഞങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്.

ജോലിയുടെ സംഘർഷം അനുഭവിക്കുന്നവരാണോ ഡോക്ടർമാർ? ഞാൻ ആലോചിച്ചു നോക്കിയിട്ടുണ്ട്. എല്ലാ മേഖലകളിലും മനുഷ്യർ പിരിമുറുക്കം അറിയുന്നുണ്ട്. ചികിത്സയുടെ ഫലം പൂർണ്ണമായും ഡോക്ടറുടെ കയ്യിലല്ലല്ലോ. 

രോഗികളുടെ മുറികൾ കയറി ഇറങ്ങി റൌണ്ട്സ് കഴിയുമ്പോൾ ഡോക്ടർ പല തരം വികാരങ്ങളിലൂടെ കടന്നുപോവുന്നുണ്ട്. ചെറിയ അസുഖം ഉള്ളവർ മുതൽ ഗുരുതര രോഗബാധ ഉള്ളവർ വരെ. ഒരു മുറിയിൽ രോഗം സുഖമാവുന്നതിന്റെ സന്തോഷം. അടുത്ത മുറിയിൽ ദുഃഖംമായിരിക്കും. അതുകൊണ്ട് സന്ദർഭോചിതമായി സമ്മിശ്ര വികാരങ്ങൾക്കനുസരിച്ചു ഒരു ഡോക്ടർ പ്രതികരിക്കേണ്ടതുണ്ട്. തീർച്ചയായും അതൊരു കല തന്നെയാണ്.ചികിത്സയുടെ ഒടുവിൽ രോഗി സുഖപ്പെട്ടു  കൺമുന്നിൽ നിന്ന് പുഞ്ചിരി പൊഴിക്കുന്നത് ഏത് ഡോക്ടറെയാണ് സന്തോഷിപ്പിക്കാത്തത്.

ടെസ്റ്റുകൾ കുറഞ്ഞ പഴയ കാലത്തു രോഗനിർണ്ണയത്തിന് കൂടുതൽ സമയം എടുക്കാമായിരുന്നു. വിശദ വിവരങ്ങൾ ചോദിച്ചറിയുമായിരുന്നു. ആശയവിനിമയം ഇപ്പോഴും പ്രധാനമാണ്. ചികിത്സ മാത്രം നന്നായിട്ടു കാര്യമില്ല. പലതും പറഞ്ഞു മനസിലാക്കണം . ജീവനും കയ്യിൽ പിടിച്ചിരിക്കുന്ന രോഗിയുടെ ആശങ്ക അകറ്റണം. 

പറഞ്ഞാൽ അനുസരിക്കാത്ത രോഗികളോട് ദേഷ്യപ്പെടുന്ന ഡോക്ടർമാരുണ്ട്. കഴിയുന്നത്ര ദേഷ്യപ്പെടരുതെന്നാണ് എന്റെ പക്ഷം. ചിലപ്പോൾ നിവൃത്തി ഇല്ലാതെ വരാം.എന്നാലും അതിനൊന്നും ഒരു ന്യായവും ഇല്ല.പണ്ടൊക്കെ ഒരു ഡോക്ടർ വാർഡിൽ കൂടി കടന്നുപോകുമ്പോൾ ആ പരിസരം ആദര പൂർണമാവും. ഇന്നിപ്പോൾ ഒരു ലേഡി ഡോക്ടർ കടന്നു വന്നാൽ പോലും അവിടെ കൂടി നിൽക്കുന്നവർ വഴിമാറി കൊടുക്കണമെന്നില്ല.

എല്ലാവരുടെയും ആരോഗ്യം നോക്കുന്ന ഡോക്ടർമാരുടെ ആരോഗ്യമെ ങ്ങനെയാണ്? അവർ ഓട്ടത്തിലാണ്. പലരും സ്വന്തം ആരോഗ്യം വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. മണിക്കൂറുകൾ നീണ്ട സർജറികൾ നിന്നുകൊണ്ട് ചെയ്യേണ്ട  ഡോക്ടർമാർ നല്ല സ്റ്റാമിന കാത്തുസൂക്ഷിക്കേണ്ടതുണ്ട്.  എന്റെ സഹപ്രവർത്തകനായ പ്രമുഖ ഗ്യാസ്ട്രോ സർജൻ ഡോ. ഷൈലേഷിനെ പോലുള്ള ഡോക്ടർമാർ രാത്രിഎത്ര വൈകി വീട്ടിൽ ചെന്നാലും ജിമ്മിൽ പോവുന്നത് കാണാം

എന്റെ ജീവിതം രണ്ടു തരത്തിലാണ്. ഒന്ന് ഡോക്ടർ എന്ന നിലയിലുള്ള ജീവിതം .മറ്റൊന്ന് ആശുപത്രി നടത്തിപ്പുമായി ബന്ധപ്പെട്ട ഡോക്ടർമാർക്കിടയിലും മറ്റു ആരോഗ്യപ്രവർത്തകർക്കിടയിലുമുള്ള ജീവിതം. ഒന്നിലും ഒരു പിശകും പറ്റാതിരിക്കാനുള്ള ജാഗ്രത തരണേ എന്നാണെന്റെ പ്രാർത്ഥന. എന്റെ ജീവിതത്തിലുട നീളം എത്തിക്സിനു ഞാൻ പ്രാധാന്യം നൽകാൻ ഞാൻ ശ്രദ്ധിച്ചിരുന്നു. അധാർമ്മികമായി ഒന്നും പാടില്ല, ഏറ്റവും മികച്ച ചികിത്സ രോഗിക്ക് താങ്ങാവുന്ന ചെലവിൽ നൽകിയെ മതിയാവൂ.

 ചികിത്സ മാത്രമല്ല മനുഷ്യർ ആഗ്രഹിക്കുന്നത്. സ്നേഹത്തോടെയുള്ള പരിചരണവും വളരെ പ്രധാനമാണ്. ബേബി മെമ്മോറിയിൽ ഹോസ്പിറ്റൽ തുടക്കം മുതൽ മികച്ച ഡോക്ടർമാരെ കണ്ടെത്താൻ ശ്രമിച്ചിരുന്നു.അവർ മാത്രമല്ല നഴ്സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ് തുടങ്ങി എല്ലാവരും ചേർന്ന് ഒരേ മനസുള്ള കുടുംബം പോലെയാണ് ബി.എം.എച് 

കോവിഡ് പോലെയുള്ള ഒരു മഹാമാരിയിൽ ലോകം വിറങ്ങലിച്ചുനിന്നപ്പോൾ ഇന്ത്യയ്ക്കു അത് സമർത്ഥമായി പ്രതിരാധിക്കാനും പിടിച്ചു നിൽക്കാനും കഴിഞ്ഞല്ലോ.അതു ചെറിയ കാര്യമല്ല. വിദേശത്തു നല്ല കാര്യങ്ങൾ പലതുമുണ്ട്. പരീക്ഷണങ്ങളും ഗവേഷണങ്ങളും മുന്നോട്ടുപോകുന്നു. ശരിയാണ് പക്ഷെ പൊടുന്നനെ ഒരു പ്രതിസന്ധി നേരിടാൻ അവർക്കു വേണ്ടത്ര കഴിയുന്നുണ്ടോ എന്നു   ഞാൻ സംശയിക്കുന്നു.

 അഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ട വൈദ്യരംഗത്തെക്കുറിച്ച് തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്,ദൈവം തലയിൽ കൈ വച്ചതുപോലെ തൊട്ടടുത്തുണ്ട് ഓരോ നല്ല ഡോക്ടറുടെയും ദിവസങ്ങളിൽ, പരിശ്രമങ്ങളിൽ.ആ നല്ല ഡോക്ടർമാരുടെ വലിയ പരമ്പര നാളെയും തുടരും. അതിലെവിടെയോ ചെറിയ കണ്ണിയായി ചേർന്നാൽ മതി, സഫലമായി ജീവിതം 

. ഇന്നിന്റെ  ടെക്നോളജിയും അതിന്റെ യന്ത്രങ്ങളും പരിഷ്കൃതിയുടെ ഉത്പന്നമാണ്. ടെക്നോളജിയുടെ സദ്ഫലങ്ങൾ,കൃത്യമായ രോഗനിർണ്ണയം,രോഗത്തെക്കുറിച്ചും ചികിത്സ യെക്കുറിച്ചും അഗാധജ്ഞാനം, എല്ലാം നല്ലതു പോലെ പറയാനും പങ്കിടാനുമുള്ള പാടവം.. അതെല്ലാം ഒന്നു ചേർന്നാണ് കാലം മായ്ക്കാത്ത നല്ല 'കൈപ്പുണ്യ'മുള്ള ഡോക്ടറെ സൃഷ്ടിക്കുന്നത്. കാലം അനുസ്യൂതം ഒഴുകട്ടെ.

കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ചെയർമാനും എംഡിയുമാണ്  ലേഖകൻ

Tags:
  • Manorama Arogyam