ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിലെ കോവിഡ് വ്യാപനം വാർത്തയിലിടം നേടിയപ്പോൾ തന്നെ കേരളത്തിലേക്കും കോവിഡ് എത്തിയതായി വാർത്തകൾ പരന്നിരുന്നു. കോട്ടയത്തും എറണാകുളത്തും തിരുവനന്തപുരത്തും കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരിക്കുകയാണ്.
ഈ വാർത്തകൾ കേട്ട് ആശങ്കപ്പെടേണ്ട ആവശ്യമില്ല. ഇനി ജാഗ്രത പുലർത്തുകയാണു പ്രധാനം.
കോവിഡ് കാലത്ത് ബ്രേക് ദ ചെയ്ൻ പോലെ ഒട്ടേറെ കാര്യങ്ങളിൽ നാം ശ്രദ്ധ പുലർത്തിയിരുന്നു. കൈകൾ കഴുകുക, പൊതുസ്ഥലങ്ങളിൽ അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നിങ്ങനെ ഒട്ടേറെ നല്ല ആരോഗ്യശീലങ്ങളും നമുക്കുണ്ടായിരുന്നു. കോവിഡ് വ്യാപനം കുറയുകയും രോഗം പടിയിറങ്ങുകയും ചെയ്തതോടെ അത്തരം കാര്യങ്ങളിൽ ശ്രദ്ധ കുറഞ്ഞു. പലരും ആശുപത്രികളിലും ആൾക്കൂട്ടത്തിലും മാസ്ക് ധരിക്കുന്നതായും കാണുന്നില്ല. പല ആശുപത്രികളിലും ശ്വാസകോശ സംബന്ധമായ അണുബാധയുള്ളവർ വരുന്നുണ്ട്.
ഒരു പകർച്ചവ്യാധി വരുമ്പോൾ മാത്രം ശീലിക്കേണ്ടതല്ല ഈ ആരോഗ്യശീലങ്ങൾ. ആരോഗ്യജീവിതത്തിനും സ്വയരക്ഷയ്ക്കുമായി ഇവ പാലിക്കുക തന്നെ വേണം. അതു കോവിഡിൽ നിന്നു മാത്രമല്ല, മറ്റു പകർച്ച വ്യാധികളിൽ നിന്നും സുരക്ഷ നൽകും.
∙ പ്രായമായവരും ഗർഭിണികളും ഗുരുതരരോഗാവസ്ഥയിലുള്ളവരും പൊതുസ്ഥലങ്ങളിലും യാത്രയിലും നിർബന്ധമായും മാസ്ക് ധരിക്കണം.
∙ യാത്ര കഴിഞ്ഞു വീട്ടിലോ ഒാഫിസിലോ വരുമ്പോഴും അല്ലാതെയും ഇടയ്ക്കിടെ കൈകൾ സോപ്പുപയോഗിച്ചു വൃത്തിയാക്കുക. പ്രത്യേകിച്ചു പൊതു വാഹനങ്ങൾ ഉപയോഗിക്കുന്നവർ. വൈകിട്ടു വീട്ടിലെത്തുമ്പോൾ മറ്റുള്ളവരുമായി ഇടപഴകും മുൻപേ കൈകാലുകൾ വൃത്തിയാക്കുകയോ കുളിക്കുകയോ പ്രധാനമാണ്.
∙ പനിയോ , ചുമയോ അനുബന്ധ ലക്ഷണങ്ങളോ അതായത് ജലദോഷം, തൊണ്ടവേദന, ചുമ , ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ മാസ്ക് ധരിക്കണം. ആശുപത്രികളിൽ പോകുന്നവരും മാസ്ക് ധരിക്കുക പ്രധാനമാണ്. ആരോഗ്യപ്രവർത്തകരും മാസ്ക് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. ആവശ്യമില്ലാതെ ആശുപത്രികളിൽ പോകുന്ന പ്രവണതയും രോഗീസന്ദർശനവും കഴിവതും ഒഴിവാക്കുക. ആശുപത്രികളിൽ നിന്നുള്ള അണുബാധകൾ ഒഴിവാക്കാൻ ഇതു സഹായിക്കും.
ഒരേ സ്ഥലത്തു കൂടുതലാളുകളിൽ സമാനമായ രോഗലക്ഷണങ്ങൾ പ്രകടമാകുമ്പോഴാണു പകർച്ച വ്യാധിയുടെ വരവ് അറിയാൻ കഴിയുന്നത്. അത്തരം ലക്ഷണങ്ങൾ നിങ്ങളുടെ നാട്ടിലോ പരിസരപ്രദേശങ്ങളിൽ അറിയാൻ കഴിയുന്നുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക. സ്വയംചികിത്സ കഴിയുന്നതും ഒഴിവാക്കുക. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ പരമാവധി വീട്ടിൽ ഇരിക്കാൻ ശ്രദ്ധിക്കുക. അതിലൂടെ മറ്റുള്ളവരിലേക്കു രോഗം പകരുന്നതിനുള്ള സാധ്യത കുറയ്ക്കാം. വൈദ്യസഹായം തേടുകയും പ്രധാനമാണ്.