ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതും നമുക്കറിയാം. എന്നാൽ ഭക്ഷണശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉണ്ട്. ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ചശേഷം മധുരം കഴിക്കുന്നവരുണ്ട്, പുകവലിക്കുന്നവരുണ്ട്. ചിലർക്ക് ഉടൻ തന്നെ കിടന്നുറങ്ങാനായിരിക്കും താൽപര്യം. നിറഞ്ഞ വയറോടെ ചെയ്യാൻ പാടില്ലാത്ത പത്തു കാര്യങ്ങൾ മനസ്സിലാക്കാം.
മലർന്നു കിടക്കരുത്
ആഹാരം കഴിഞ്ഞുടൻ മലർന്നു കിടക്കുന്നതു ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. പുളിച്ചു തികട്ടലിനു സാധ്യത കൂടുതലാണ്. പുളിച്ചു തികട്ടുന്നതു കൊണ്ടു അന്നനാളത്തിനു ദോഷം സംഭവിക്കാം. ഭക്ഷണശേഷം അരമണിക്കൂർ കഴിഞ്ഞു കിടക്കുന്നതാണ് ഉചിതം.
കാപ്പി ഉടൻ കുടിക്കേണ്ട
ഭക്ഷണശേഷം കാപ്പി കുടിക്കുന്നതു പുളിച്ചു തികട്ടലിനെ പ്രോത്സാഹിപ്പിക്കുന്നു. കാപ്പിയിലെ കഫീൻ അമ്ലത്തിന്റെ ഉൽപാദനം കൂട്ടുന്നതാണു പുളിച്ചു തികട്ടലിനു കാരണം. കൂടാതെ അസിഡിറ്റിക്കും കാരണമാകാം. ഇത് അന്നനാളത്തിന്റെയും ആമാശയത്തിന്റെയും പ്രവർത്തനത്തെ തകരാറിലാക്കും.
തണുത്ത വെള്ളത്തിൽ കുളിക്കരുത്
ഭക്ഷണശേഷം തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ഉപാപചയപ്രവർത്തനം , ദഹനം, ആഗിരണം എന്നീ പ്രക്രിയകൾക്കു തടസ്സമാണ്. തണുത്ത വെള്ളം ശരീരത്തിൽ വീഴുന്നതു ബാഹ്യവും ആന്തരികവുമായ താപനിലയിലുണ്ടാക്കുന്ന വൈരുദ്ധ്യമാണു പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണം. ഇതു ഹൃദയസ്പന്ദന നിരക്കിനെ വരെ ബാധിക്കാം.
മദ്യം വേണ്ടേ വേണ്ട
ഭക്ഷണശേഷം മദ്യപിച്ചാൽ കഴിച്ച ഭക്ഷണം ഛർദിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ ഛർദിക്കുന്നതിനിടെ ഭക്ഷണ അവശിഷ്ടങ്ങൾ തിരികെ അന്നനാളത്തിലേക്കു പ്രവേശിക്കാൻ സാധ്യതയുണ്ട്. ഇത് അപകടകരമായ അവസ്ഥയാണ്.
പുകവലിക്കരുത്
ആഹാരശേഷം നമ്മുെട ശരീരത്തിന്റെ ആഗിരണ തോത് വളരെ കൂടുതലാണ്. അതുകൊണ്ടു തന്നെ പുകവലിച്ചാൽ സിഗരറ്റിലെ അപകടകാരികളെ വളരെ വേഗം ശരീരം വലിച്ചെടുക്കുന്നു. സിഗരറ്റിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തധമനി ചുരുങ്ങുന്നതിനു കാരണമാകുന്നു. ആഹാരശേഷം ഹൃദയം രക്തത്തെ സുഗമമായ ദഹനപ്രക്രിയയ്ക്കായി ആമാശയത്തിലേക്കും കുടലിലേക്കും വർധിച്ച അളവിൽ അയയ്ക്കുന്നു. അതുകൊണ്ടു തന്നെ ഹൃദയത്തിൽ ഉള്ള രക്തത്തിന്റെ അളവു കുറവായിരിക്കും. നിക്കോട്ടിൻ കാരണം ധമനികൾ ചുരുങ്ങുന്നതോടെ ഹൃദയപ്രവർത്തനം തകരാറിലാകാം.
ഡ്രൈവിങ് ഒഴിവാക്കാം
വയർ നിറഞ്ഞു കഴിഞ്ഞാൽ ഉറക്കം വരാൻ സാധ്യതയുണ്ട്. ആമാശയത്തിലേക്കും കുടലിലേക്കും കൂടുതൽ രക്തം പമ്പ് െചയ്യപ്പെടുന്നതിനാൽ തലച്ചോറിലേക്കും മിതമായ അളവിലെ രക്തം ലഭിക്കുകയുള്ളൂ. ഇതാണ് ഉറക്കത്തിനും മന്ദതയ്ക്കും കാരണം. ഈ അവസ്ഥയിൽ വാഹനമോടിച്ചാൽ ഡ്രൈവിങ്ങിൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയാതെ വരും. ആഹാരശേഷം അരമണിക്കൂർ കഴിഞ്ഞു വാഹനമോടിക്കാം.
മരുന്നുകൾ ഉടൻ വേണ്ട
ഭക്ഷണത്തിനുശേഷം കഴിക്കേണ്ട ചില മരുന്നുകൾ ഉണ്ട്. ഇവ ഭക്ഷണത്തിനു തൊട്ടു പിന്നാലെ കഴിക്കരുത്. 15–30 മിനിറ്റു കഴിഞ്ഞു കഴിക്കുന്നതാണ് ഉത്തമം. മരുന്നിന്റെ ശരിയായ ആഗിരണം നടക്കാൻ വേണ്ടിയാണിത്.
സോഫ്റ്റ് ഡ്രിങ്കുകൾ ഒഴിവാക്കുക
ഭക്ഷണശേഷം നുര പതയുന്ന ശീതളപാനീയങ്ങൾ കുടിക്കുന്നതു വയറിന് അസ്വസ്ഥത ഉണ്ടാക്കും. ഈ ഡ്രിങ്കുകളിൽ അടങ്ങിയിരിക്കുന്ന കാർബൺ ഡൈഒാക്സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങൾ വയറു പെരുക്കത്തിനു കാരണമാകും. ഇതു ദഹനക്കേടിനു വഴി തെളിക്കും.
പ്രമേഹമുള്ളവരും പഴങ്ങളും
ഉച്ചഭക്ഷണം കഴിഞ്ഞാൽ കുറച്ചു മധുരമോ പഴമോ കഴിക്കുന്നതു ചിലരുെട പതിവാണ്. എന്നാൽ പ്രമേഹപൂർവാവസ്ഥയിൽ ഉള്ളവരും പ്രമേഹമുള്ളവരും ആഹാരശേഷം മധുരം ഒഴിവാക്കുക. ഭക്ഷണശേഷം ശരീരത്തിലെ അന്നജത്തിന്റെ അളവു കൂടും.
ലൈംഗിക ബന്ധം
ശരീരത്തിലെ രക്തപ്രവാഹം ഭക്ഷണശേഷം ദഹനപ്രക്രിയയ്ക്ക് ഉപയോഗിക്കപ്പെടുന്നതി നാൽ ലൈംഗിക അവയവങ്ങളിൽ വേണ്ടത്ര എത്തില്ല. ഇത് ഉത്തേജനത്തെയും അതുവഴി ലൈംഗികബന്ധത്തെയും പ്രതികൂലമായി ബാധിക്കും.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ബി. പത്മകുമാർ, ആലപ്പുഴ
ഡോ. ടൈറ്റസ് ശങ്കരമംഗലം, തിരുവല്ല