ജിമ്മില്‍ പോയിട്ടും പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലേ.. ഇതാ എളുപ്പം ഭാരം കുറയാന്‍ ഈ പച്ചക്കറികൾ സഹായിക്കും. എളുപ്പത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കുന്ന, മുറ്റത്തെ അടുക്കളത്തോട്ടത്തിൽ നിന്നോ തൊട്ടടുത്ത പച്ചക്കറിക്കടയിൽ നിന്നോ വാങ്ങാവുന്ന തനി നാടൻ പച്ചക്കറികളാണ് ഇവയെല്ലാം... ഇതാ, ഡയറ്റീഷൻ നിർദേശിക്കുന്ന, എളുപ്പം വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ആറു നാടൻ പച്ചക്കറികളെ പരിചയപ്പെടാം.

ചീര
ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായകമാണു ചീര. ഇതിൽ ഒട്ടേറെ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. അയണും ഫോളിക് ആസിഡും ഉണ്ട്. ഫ്ളവനോയിഡുകളും ആന്റി ഒാക്സിഡന്റുകളുമുണ്ട്. ഇതു ശരീരഭാരം കുറയ്ക്കുമ്പോഴും രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. ആരോഗ്യത്തിനു മാത്രമല്ല മുടി വളർച്ച പോലെയുള്ള അഴകു വർധിപ്പിക്കാനും ചീര ഗുണകരമാണ്.
ഇതിൽ നാരുകൾ അടങ്ങിയിക്കുന്നതിനാൽ ദഹിക്കുന്നതു സാവധാനമാണ്. എളുപ്പം വിശക്കുകയില്ല. കാലറി അളവും നന്നേ കുറവാണ്. ചീര കറി വച്ചും ജൂസ് ആയും കഴിക്കാം.

മുരിങ്ങ
പോഷകകലവറയാണ്. ധാരാളം കാൽസ്യവും പൊട്ടാസ്യവുമുണ്ട്. മിക്കവാറും എല്ലാ അമിനോ ആസിഡുകളും വൈറ്റമിനുകളും അടങ്ങിയിട്ടുണ്ട്. ഇതു ശരീരത്തിനു രോഗപ്രതിരോധശക്തി നൽകും, നീർക്കെട്ടു കുറയ്ക്കും. മുരിങ്ങയുടെ ഇലയാണ് ഏറ്റവും പോഷകസമൃദ്ധം. 100 ഗ്രാം മുരിങ്ങയിലയിൽ ഏകദേശം 27 ഗ്രാം പ്രോട്ടീനും 34 ഗ്രാം ഫൈബറും 133 ശതമാനം അയണും 176 ശതമാനം വൈറ്റമിൻ എയും ഉണ്ട്.
മുരിങ്ങയിലയിലയിലെ നാരുകൾ വിശപ്പു ശമിപ്പിക്കാൻ ഗുണകരമാണ്. മാത്രമല്ലഇതു ശരീരത്തിന്റെ ഉപാപചയപ്രവർത്തനങ്ങളെ വർധിപ്പിച്ച് കൂടുതൽ കാലറി എരിഞ്ഞുതീരാൻ സഹായിക്കും. മുരിങ്ങയില കറി വച്ചു കഴിക്കാം. ഇലകൾ കൊണ്ടു സൂപ്പ് ഉണ്ടാക്കുകയോ ഉണക്കിയ ഇല പൊടിച്ചതു തിളച്ച വെള്ളത്തിൽ ഇട്ടു 10 മിനിറ്റു വച്ചു ചായയായി കുടിക്കുകയോ ചെയ്യാം.

മത്തങ്ങ
മത്തങ്ങയ്ക്ക് അൽപം മധുരരുചിയായതുകൊണ്ട് ഭാരം കുറയ്ക്കലിനു ഗുണകരമാകുമോ എന്ന സംശയം പലർക്കുമുണ്ട്. ഏറെ നാരുകളുള്ള പച്ചക്കറിയാണെന്നതു തന്നെ ഭാരം കുറയ്ക്കലിനു ഗുണകരമാണ്. തന്നെയുമല്ല ഇതു ദഹനത്തിനും ഏറെ ഗുണകരമാണ്, മലബന്ധം തടയും. അങ്ങനെ പരോക്ഷമായും ഭാരം കുറയലിനെ സഹായിക്കുന്നു. 100 ഗ്രാം മത്തങ്ങയിൽ ഏകദേശം 26 കാലറിയേ ഉള്ളൂ. സ്മൂത്തിയായും സൂപ്പ് ആയും കറികളിൽ ചേർത്തും കഴിക്കാം. മത്തങ്ങയുടെ വിത്തുകളും നാരിന്റെയും പ്രോട്ടീനിന്റെയും മികച്ച സ്രോതസ്സാണ്.

സാലഡ് കുക്കുമ്പർ
ധാരാളം നാരുകൾ കൂടാതെ നല്ല തോതിൽ ജലാംശവും ഉള്ള പച്ചക്കറിയാണ് കുക്കുമ്പർ. കാലറി വളരെ കുറവാണെന്നത് ഇതിനെ ഭാരം കുറയ്ക്കലിന് ഉത്തമമാക്കുന്നു. 100 ഗ്രാം കുക്കുമ്പറിൽ 16 കാലറിയോളമേ ഉള്ളൂ. ഏകദേശം 80 ശതമാനത്തോളം ജലാംശം ഉള്ള ഈ പച്ചക്കറി കഴിച്ചാൽ പെട്ടെന്നു വയറു നിറയും. ചർമത്തിൽ ജലാംശം നിലനിർത്താനും ഇതു സഹായിക്കും. നാരുകളുടെയും ആന്റി ഒാക്സിഡന്റുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ഏറെയുണ്ട്. ഡീ ടോക്സിഫിക്കേഷൻ ഫലം നൽകും. സാലഡായും ജൂസ് ആയും ശുദ്ധജലത്തിൽ ഇട്ടുവച്ച് പാനീയമായും ഉപയോഗിക്കാം. വേനലിൽ പ്രത്യേകിച്ച് സാലഡ് ജൂസ് കുടിക്കുന്നതു ശരീരത്തെ തണുപ്പിക്കും. ചിലർ കുക്കുമ്പർ കൂടുതലായി ഉൾപ്പെടുത്തി ‘കുക്കുമ്പർ ഡയറ്റ്’ ചെയ്യാറുണ്ട്. പക്ഷേ, കുക്കുമ്പർ ഭാരം കുറയ്ക്കലിനുള്ള ഒരു മാജിക് മരുന്നൊന്നുമല്ല എന്നു മറക്കരുത്.

തക്കാളി
ധാരാളം പോഷകങ്ങൾ ഉള്ള തക്കാളി ഭാരം കുറയ്ക്കലിന് ഗുണകരമാണ്. ധാരാളം വൈറ്റമിനുകളുണ്ട്. തക്കാളിയിലെ ലൈക്കോപീൻ എന്ന ആന്റി ഒാക്സിഡന്റ് ഘടകം ശരീരത്തിലെ കൊഴുപ്പിന്റെ ഉപാപചയത്തെ സഹായിക്കുന്നു. ലൈക്കോപീൻ കോശനാശത്തെ തടയാനും ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുള്ള ഒാക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാനും കാലറി കുറവാണെന്നതും ധാരാളം നാരുകളുണ്ടെന്നതും ഭാരം കുറയ്ക്കലിന് ഇതിനെ അനുയോജ്യമാക്കുന്നു. 100 ഗ്രാം തക്കാളിയിൽ 20 കാലറിയോളമേ ഉള്ളൂ. ജൂസ് ആയും സൂപ്പ് വച്ചും സാലഡ് ആയും കുടിക്കാം.

കാരറ്റ്
കിഴങ്ങുവർഗ്ഗങ്ങളിലെ റാണിയാണു കാരറ്റ്. കണ്ണുകൾക്കും ഹൃദയാരോഗ്യത്തിനും ഏറ്റവും ഗുണകരം. കാൻസറിനെ പോലും പ്രതിരോധിക്കുന്നു. ചർമം മൃദുവാക്കാനും ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്നു. കാലറി വളരെ കുറവാണെന്നതു കൊണ്ടു ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ സഹായകമാണ്. സൂപ്പ് ആയും സാലഡ് ആയും കഴിക്കാം. പച്ചയ്ക്ക് അരിഞ്ഞ് ഉപ്പും കുരുമുളകുമിട്ട് സ്നാക്കു പോലെ കഴിക്കാനും ഉത്തമം. കാരറ്റിലെ നാരുകളും സ്വാഭാവികമായ മധുരവും വിശപ്പു കുറയ്ക്കാൻ സഹായിക്കും.

ഏതു പച്ചക്കറികൾ ആയാലും ഉപയോഗത്തിനു മുൻപേ നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച്, പച്ചയ്ക്ക് സാലഡ് ആയോ സ്നാക്ക് ആയോ കഴിക്കുമ്പോൾ...വിനാഗിരിയിലോ ഉപ്പും മഞ്ഞൾപ്പൊടിയുമിട്ട വെള്ളത്തിലോ കഴുകി വൃത്തിയാക്കി ഉപയോഗിക്കാം. ഇനി, ധൈര്യമായി ചോറ് കുറച്ച് ഈ പച്ചക്കറികളൊക്കെ ആവശ്യത്തിനു കഴിച്ചോളൂ. ശരീരഭാരം വേഗം കുറയും. ഉറപ്പ്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. അനിതാ മോഹൻ, പോഷകാഹാര വിദഗ്ധ, തിരുവനന്തപുരം