നമുക്ക് ഉള്ള പോലെയുള്ള ബാല്യകാലസ്മരണകളായിരുന്നില്ല പാലക്കാട് മഞ്ഞളൂർ സ്വദേശിയായ അർച്ചനയുടേത്. അർച്ചനയുടെ ഒാർമചിത്രങ്ങളിൽ കൂടുതലും ആശുപത്രികിടക്കകളും മരുന്നിന്റെ ഗന്ധവും ഫിസിയോതെറപ്പി ഉപകരണങ്ങളും ആയിരുന്നു. സ്പൈനൽ മസ്കുലർ അട്രോഫി എന്ന രോഗത്തിനെതിരെയുള്ള പോരാട്ടമായിരുന്നു അർച്ചനയുെട ബാല്യകാലം...
ജന്മനാ ഉള്ള രോഗം തന്റെ സ്വപ്‌നങ്ങൾക്ക് ഒരു തടസ്സമാകാൻ അർച്ചന അനുവദിച്ചില്ല. 2024 ൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്നു മെഡിക്കൽ ബിരുദം കരസ്ഥമാക്കുമ്പോൾ അർച്ചന ലോകത്തോടു വിളിച്ചു പറഞ്ഞു... സ്വപ്നങ്ങൾക്കും ചിറകു മുളയ്ക്കും. അവ ഉയർന്നു പറക്കും... അർച്ചന തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
പതിയെ വിടർന്ന സ്വപ്നം
ഡോക്ടർ എന്നതു പെട്ടെന്നൊരു ദിവസം മനസ്സിൽ തോന്നിയ മോഹം അല്ല. എന്റെ ആശുപത്രിവാസത്തിനിെട പതിയെ രൂപം കൊണ്ട സ്വപ്നമായിരുന്നു. ജനിച്ച് ആറാം മാസത്തിൽ തന്നെ എനിക്ക് ആരോഗ്യപ്രശ്നമുണ്ടെന്നു വീട്ടുകാർക്കു മനസ്സിലായി. അച്ഛൻ വിജയൻ പോസ്റ്റ് ഒാഫീസ് ഉദ്യോഗസ്ഥൻ ആയിരുന്നു. അമ്മ ദേവി അക്ഷയ സെന്ററിലും. സെറിബ്രൽ പാൾസി എന്നാണ് ആദ്യം വിചാരിച്ചിരുന്നതെങ്കിലും വർഷങ്ങൾ കഴിഞ്ഞാണ് എസ്എംഎ ആണെന്നു കണ്ടെത്തിയത്. ആരോഗ്യപ്രശ്നമുണ്ടെങ്കിലും കുഞ്ഞുനാൾ മുതലെ സംഗീതം അഭ്യസിച്ചു. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ പദ്യപാരായണത്തിന് എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കവിത എഴുതും. കവിതകൾ ‘അർച്ചനപൂക്കൾ’ എന്ന പേരിൽ പുസ്തകമാക്കിയിട്ടുണ്ട്.
ചികിത്സകർ നമ്മോടു കുറച്ചു കൂടി സ്നേഹവും കരുതലും കാണിച്ചിരുന്നെങ്കിൽ എന്ന് ആശുപത്രിവാസത്തിനിെട പലതവണ തോന്നിയിട്ടുണ്ട്. രോഗികളോടു കരുതൽ ഉള്ള ഡോക്ടർമാർ ഇല്ല എന്നല്ല. അത്തരമൊരു ചികിത്സകനെ ഞാൻ കണ്ടുമുട്ടിയിട്ടില്ല എന്നു മാത്രം. അങ്ങനെയാണു രോഗികൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ഡോക്ടർ ആകണം എന്ന മോഹം ഉള്ളിൽ മുളപൊട്ടിയത്.
കടമ്പകൾ കടന്ന്
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു വെക്കേഷൻ സമയത്തു പാലക്കാട് എൻട്രൻസ് കോച്ചിങ്ങിനു ചേർന്നു. പ്ലസ്ടു കഴിഞ്ഞ ശേഷം 2016ൽ മെഡിക്കൽ എൻട്രൻസ് എഴുതി. അന്നു നീറ്റ് പരീക്ഷയല്ല. നല്ല മാർക്ക് ഉണ്ടായിരുന്നു. എന്നാൽ പ്രവേശനം ലഭിക്കണമെങ്കിൽ മെഡിക്കൽ ബോർഡിന്റെ അനുമതി വേണം. തിരുവനന്തപുരത്തു വച്ചായിരുന്നു ബോർഡുമായി കൂടിക്കാഴ്ച. അന്നു ഞാൻ വീൽചെയർ ഉപയോഗിച്ചിരുന്നില്ല. ശാരീരികവൈകല്യം ഉള്ളതു കൊണ്ട് എംബിബിഎസ്സിന് അഡ്മിഷൻ നൽകാൻ പ്രയാസമാണ് എന്നാണ് അവർ പറഞ്ഞത്. പകരം മറ്റു വൈദ്യശാസ്ത്രമേഖലകളിൽ സീറ്റ് തിരഞ്ഞെടുക്കാൻ നിർദേശിച്ചു. കിട്ടിയ ചാൻസ് കളയരുത് എന്നെല്ലാം ഉപദേശം ലഭിച്ചു. എംബിബിഎസ് മതി എന്ന തീരുമാനത്തിൽ ഞാൻ ഉറച്ചുനിന്നു. ഒടുവിൽ സീറ്റ് വേണ്ട എന്നു ഞാൻ ഔദ്യോഗികമായി എഴുതി നൽകി.
തിരിച്ചടികളിൽ തളരാതെ
തൃശൂരിൽ താമസിച്ചു വീണ്ടും എൻട്രൻസ് കോച്ചിങ്ങിനു ചേർന്നു. അമ്മയും കൂെട ഉണ്ടായിരുന്നു. ഇതേ മെഡിക്കൽ ബോർഡിനെ തന്നെയാണു വീണ്ടും നേരിടേണ്ടത് എന്ന് അറിയാമായിരുന്നു. അയോഗ്യതയായി അവർ പറയുന്ന ശാരീരികപരിമിതികളിൽ മാറ്റം വരുത്താൻ എനിക്കു സാധിക്കില്ല. എന്നാൽ എന്നെ തിരസ്കരിക്കാന്‍ കഴിയാത്ത വിധം ഉയർന്ന റാങ്കു നേടുകയായിരുന്നു ലക്ഷ്യം. അങ്ങനെ ഒരു വർഷത്തിനു ശേഷം വീണ്ടും പരീക്ഷ എഴുതി. അതു നീറ്റ് പരീക്ഷ ആയിരുന്നു. തലേ വർഷത്തെക്കാൾ മികച്ച മാർക്കും നേടി. അതുകഴിഞ്ഞാണല്ലോ യഥാർഥ പരീക്ഷണം. അതേ മെഡിക്കൽ ബോർഡ്. അവിടെ എത്തുന്നതു വരെ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ ഡോക്ടർമാരുെട മുൻപിൽ എത്തിയപ്പോൾ എല്ലാം പോയി. കഴിഞ്ഞ വർഷം നടന്നതുതന്നെ സംഭവിക്കും എന്ന ഉൾവിളി ഉണ്ടായി. അതു തന്നെ നടന്നു.
അന്ന് അച്ഛനും അമ്മയും പറഞ്ഞു, കിട്ടുന്ന ഒപ്ഷൻ സ്വീകരിക്കുന്നത് അല്ലേ നല്ലത് എന്ന്. കാരണം വീണ്ടും ശ്രമിച്ചാലും ഇതു തന്നെയല്ലേ സംഭവിക്കുക. എനിക്കു തീരുമാനം എടുക്കാൻ സാധിക്കുന്നില്ലായിരുന്നു. എന്നാലും എംബിബിഎസ് മതി എന്നു തന്നെ ഞാൻ പറഞ്ഞു. അപ്പോഴേക്കും റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ എനിക്കു കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് അഡ്മിഷൻ ലെറ്റർ ലഭിച്ചിരുന്നു. എന്നാൽ മെഡിക്കൽ ബോർഡിന്റെ യോഗ്യത ലഭിക്കാത്തതിനാൽ അതു റദ്ദായി. അതേ വർഷം ഡിസെബിലിറ്റി ആക്റ്റ് ചില ഭേദഗതികളോടെ ഇറങ്ങി. 16 തരം ഡിസെബിലിറ്റി ഉള്ളവർ വൈദ്യപഠനത്തിനു യോഗ്യരാണ് എന്നാണ് ആ ആക്റ്റ് പറയുന്നത്. വീണ്ടും നീറ്റ് പരീക്ഷ എഴുതാം എന്നു തീരുമാനിച്ചു. അങ്ങനെ 2018ൽ പരീക്ഷ എഴുതി. അത്തവണ നാഷനൽ മെഡിക്കൽ ബോർഡിനു മുൻപിലാണു ഹാജരായത്. ചെന്നൈയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രോഗികൾക്കു ലഭിക്കേണ്ട പരിചരണം നൽകാൻ ശാരീരികമായി ഫിറ്റ് ആണോ എന്നാണ് അവർ നോക്കിയത്. എനിക്കു യോഗ്യത ലഭിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചേർന്നു.
പോരാട്ടത്തിന്റെ ദിനങ്ങൾ
കോട്ടയത്തു വന്നശേഷമാണു യഥാർഥ പോരാട്ടം ആരംഭിച്ചത്. ഒറ്റനോട്ടത്തിൽ കോളജ് ക്യാംപസ് കണ്ടപ്പോൾ ഇവിടെ പഠിക്കാൻ ഒരു പ്രയാസവും ഉണ്ടാകില്ല എന്നു തോന്നി. എന്നാൽ ആ തോന്നലിനെ തകിടംമറിക്കുന്ന അനുഭവങ്ങളാണ് എനിക്കായി കാത്തിരുന്നത്. ഞാൻ ജോയിൻ െചയ്യുന്ന സമയത്തു ഭിന്നശേഷി സൗഹൃദമല്ലാത്ത ക്യാംപസ് ആയിരുന്നു. പലയിടങ്ങളിലും വീൽ ചെയർ ഉപയോഗിക്കാനുള്ള റാംപുകൾ ഇല്ലായിരുന്നു.
അമ്മയും ഞാനും ആശുപത്രിയ്ക്കടുത്തു വീടെടുത്തു താമസമാക്കി. മെഡിക്കൽ കോളജിൽ ചേർന്ന ശേഷമാണു വീൽചെയർ ഉപയോഗിക്കാൻ തുടങ്ങിയത്. ദിവസങ്ങൾ കഴിയവെ ആണു പല ബുദ്ധിമുട്ടുകളും അനുഭവിക്കാൻ തുടങ്ങിയത്. പലയിടങ്ങളിലും എത്തിപ്പെടാൻ പറ്റുന്നില്ല. പഠനത്തിന്റെ ഭാഗമായി ആശുപത്രിയുെട പലയിടങ്ങളിലും പോകേണ്ടിവരുമല്ലോ? അവിെട െചല്ലുമ്പോഴാണു റാംപ് ഇല്ല എന്ന് അറിയുക. നാലു നിലകളിലായിട്ടാണു ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. ഒരു ക്ലാസ് ഒന്നാം നിലയിലാണെങ്കിൽ അടുത്ത ക്ലാസ് മൂന്നാം നിലയിൽ ആയിരിക്കും. അവിടെ ലിഫ്റ്റ് ഉള്ളതു കൊണ്ടു കുഴപ്പമില്ലായിരുന്നു.
ചില ക്ലാസുകളിലേക്ക് പോകാൻ പടികൾ മാത്രമെ കാണൂ. അങ്ങനെ വരുമ്പോൾ അമ്മ ആ വകുപ്പ് മേധാവിയുെട അടുത്ത് അപേക്ഷ നൽകും, ക്ലാസ് മറ്റൊരു ഇടത്തേക്കു മാറ്റിനൽകാൻ. അങ്ങനെ പതിയെ ഒാരോ കാര്യവും ശരിയാക്കിയെടുത്തു. രണ്ടു നിലകൾക്കിടയിലുള്ള അനാട്ടമി ഡിസെക്‌ഷൻ ഹാളിലേക്കു പോകാൻ ഒക്കെ പ്രയാസമായിരുന്നു. ഇങ്ങനെയുള്ള ഞാൻ എംബിബിഎസ് പഠിക്കാൻ വരരുതായിരുന്നു എന്ന തരത്തിലുള്ള സംസാരമൊക്ക േകട്ടിട്ടുണ്ട്. അതെല്ലാം ഭയങ്കര മെന്റൽ ടോർച്ചർ ആയിരുന്നു.
എനിക്കു സ്കോളിയോസിസും ഉണ്ട്. എന്നാൽ അതൊന്നും എന്റെ പഠനത്തെ ബാധിച്ചിട്ടില്ല. ഹൗസ് സർജൻസി െചയ്യുമ്പോൾ 48 മണിക്കൂറുകൾ ഒക്കെ ഡ്യൂട്ടി െചയ്തിട്ടുണ്ട്. ഹൗസ് സർജൻസിയിൽ ആദ്യത്തെ പോസ്റ്റിങ് പീഡിയാട്രിക്സ് വിഭാഗത്തിലായിരുന്നു. വളരെയധികം ആസ്വദിച്ചു ജോലി െചയ്ത ദിവസങ്ങളായിരുന്നു അത്. അതുകൊണ്ടു പിജി പീഡിയാട്രിക്സിൽ വേണമെന്നാണ് ആഗ്രഹം. അതിനുള്ള പരിശീലനത്തിലാണിപ്പോൾ. എനിക്കു ഡോക്ടർ ആകാൻ കഴിയില്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണു ഡോ. അർച്ചന വിജയൻ എന്ന പദവി. എന്റെ ആഗ്രഹങ്ങൾക്കും വാശികൾക്കും ഒപ്പം നിന്ന അച്ഛനും അമ്മയ്ക്കും ഉള്ള സമ്മാനവും...