വൃക്കകളുെട ആരോഗ്യം സംരക്ഷിക്കാൻ നിത്യജീവിതത്തിൽ പാലിക്കാവുന്ന 10 കാര്യങ്ങൾ
പരിശോധന പ്രധാനം
എല്ലാവരും ഒരു പ്രായം കഴിഞ്ഞാൽ വൃക്കകളുെട പ്രവർത്തന പരിശോധനകൾ ചെയ്യണം. ചെറുപ്രായം ആണെന്നു കരുതി ഒഴിവാക്കരുത്. ജനിച്ചയുടൻ തന്നെ പരിശോധനകൾ നടത്താറുണ്ട്. തുടർന്നു പത്തു വയസ്സാകുമ്പോൾ െചയ്യാം. പരിശോധനാഫലങ്ങളിൽ കുഴപ്പമില്ലെങ്കിലും വ്യക്തി ആരോഗ്യവാനാണെങ്കിലും അഞ്ചു വർഷത്തിലൊരിക്കൽ കിഡ്നി ഫങ്ഷൻ െടസ്റ്റ് െചയ്യുക. പാരമ്പര്യമായി വൃക്കരോഗം വരാൻ സാധ്യതയുള്ളവർ രണ്ടു വർഷം കൂടുമ്പോൾ പരിശോധനകൾ നടത്തണം.
പ്രമേഹം നിയന്ത്രിക്കണം
പ്രമേഹം ഉള്ള 30 ശതമാനം പേർക്കും വൃക്കരോഗം വരാൻ സാധ്യതയുണ്ട്. പ്രമേഹം നിയന്ത്രിക്കണം. അതിനൊപ്പം വർഷത്തിലൊരിക്കൽ വൃക്കകളുെട പരിശോധനകളും െചയ്യണം. പ്രമേഹം കണ്ണിനെ ബാധിച്ചിട്ടുണ്ടെങ്കിൽ വൃക്കകളുെട ആരോഗ്യവും തകരാറിലാകാം. അതിനാൽ കണ്ണിനു പ്രശ്നമുള്ളവരും വൃക്കപരിശോധന നടത്തണം.
ബിപി നിയന്ത്രിക്കണം
വൃക്കകളെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണു രക്താതിമർദം. 40 വയസ്സിനു താഴെയുള്ളവരിൽ രക്താതിമർദം വരാനുള്ള പ്രധാന കാരണം വൃക്ക രോഗങ്ങളും വൃക്കയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഞരമ്പിനെ ബാധിക്കുന്ന പ്രശ്നങ്ങളുമാണ്. ഇവർ ബിപി മാത്രം ചികിത്സിക്കാതെ വൃക്കകൾക്കുള്ള പരിശോധനകൾ െചയ്യണം. അതുപോലെ മുതിർന്നവർക്ക് അമിത രക്തസമ്മർദം കാരണം വൃക്കരോഗം വരാം. ബിപിക്കുള്ള ചില മരുന്നുകൾ വൃക്കരോഗം തീവ്രമാക്കാൻ സാധ്യത ഉണ്ട്. ബിപി ചികിത്സ എടുക്കുന്നവർ എല്ലാ വർഷവും വൃക്കയുടെ പ്രവർത്തനം പരിശോധിക്കണം.
പുകവലിയും മദ്യപാനവും വേണ്ടേ വേണ്ട
പുകവലിയും മദ്യപാനവും എല്ലാ അവയവങ്ങളെയും ബാധിക്കാം. ചില ബിയറുകൾ പോലുള്ളവ വൃക്കയിൽ കല്ലിന്റെ പ്രശ്നം വരുത്താം. മറ്റു ലഹരിപദാർഥങ്ങളും വൃക്കകളെ ദോഷകരമായി ബാധിക്കാം. ഇവ ഒഴിവാക്കാം.
മരുന്നുകൾ സൂക്ഷിച്ച്
ഒാവർ ദ് കൗണ്ടറായി വാങ്ങുന്ന മരുന്നുകൾ വൃക്കകളെ ദോഷകരമായി ബാധിക്കാം. മരുന്നുകൾ രാസവസ്തുക്കൾ കൊണ്ടു നിർമിച്ചവയാണ്. അതിനാൽ തന്നെ ഇവയ്ക്കൊക്കെ പാർശ്വഫലങ്ങൾ ഉണ്ടാകും. വേദനാസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, പരിശോധനകൾക്ക് ഉപയോഗിക്കുന്ന ഡൈ എന്നിവയെല്ലാം വൃക്കകളെ ബാധിക്കും. മെർക്കുറി, ലെഡ് തുടങ്ങിയ ഘനലോഹങ്ങൾ അടങ്ങിയ മരുന്നുകൾ അപകടം വരുത്താം. ചർമത്തിൽ പുരട്ടാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ പോലും പ്രശ്നം സൃഷ്ടിക്കാം. ഡോക്ടർ നിർദേശിക്കുന്ന മരുന്നും ഡോസും പാലിക്കുക.
നന്നായി വെള്ളം കുടിക്കുക
നന്നായി വെള്ളം കുടിക്കുക. പ്രത്യേകിച്ചു വേനൽക്കാലത്ത്. ദിവസവും ഒന്നര ലീറ്റർ – മൂന്നു ലീറ്റർ വരെ വെള്ളം കുടിക്കാം. ഇതു
മൂത്രാശയ അണുബാധ, കല്ല് തുടങ്ങിയവ പ്രതിരോധിക്കും. എന്നാൽ വൃക്കരോഗം ബാധിച്ചവർ വെള്ളത്തിന്റെ അളവു നിയന്ത്രിക്കണം.
ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുക
ഇന്ന് ഏറ്റവും ഭീഷണി സൃഷ്ടിക്കുന്നതു ഫാസ്റ്റ് ഫൂഡ് സംസ്കാരവും മറ്റും കൊണ്ടു വരുന്ന ജീവിതശൈലീപ്രശ്നങ്ങളാണ്. കൊഴുപ്പും ഉപ്പും കൂടിയ ഭക്ഷണം, അമിതവണ്ണം, വ്യായാമരാഹിത്യം തുടങ്ങിയ പ്രശ്നങ്ങൾ വൃക്കകളെ ദോഷകരമായി ബാധിക്കാം. പൊണ്ണത്തടി (മോർബിഡ് ഒബിസിറ്റി) വൃക്കകളെ നേരിട്ടു ബാധിക്കാം. ഈ അവസ്ഥയാണ് എഫ്എസ്ജിഎസ് (ഫോക്കൽ സെഗ്‌മെന്റ്ൽ ഗ്ലോമറുലോസ്ക്ലീറോസിസ്). ഇതു തടയാനായി കൃത്യമായ വ്യായാമം, ആരോഗ്യഭക്ഷണം, ആരോഗ്യകരമായ ശരീരഭാരം എന്നിവ പാലിക്കണം.
മസാജും വ്യായാമവും സൂക്ഷിച്ച്
അമിതമായി വ്യായാമം െചയ്യുന്നതു പേശികൾക്കു കേടു വരുത്താം. ഇങ്ങനെ സംഭവിച്ചാൽ റാബ്ഡോ മയോലൈസിസ് എന്ന രോഗാവസ്ഥ വരാം. േപശികളിലാണു ക്രിയാറ്റിനിൻ ശേഖരിച്ചിരിക്കുന്നത്. പേശികൾക്കു തകരാർ സംഭവിക്കുമ്പോൾ അതിനുള്ളിലെ ക്രിയാറ്റിനിൻ രക്തത്തിൽ കലർന്നു വൃക്കപരാജയം സംഭവിക്കാം. ഒരുപാടു നേരം തുടർച്ചയായി, ശക്തിയായി മസാജ് െചയ്താലും ഈ പ്രശ്നം വരാം.
തടസ്സങ്ങൾ ഒഴിവാക്കാം
കല്ല് പോലുള്ള തടസ്സങ്ങൾ കാരണം വൃക്കരോഗം വരാം. ഇതിന് ഒബ്സ്ട്രക്റ്റീവ് നെഫ്രോപതി എന്നാണു പറയുന്നത്. യൂറിക് ആസിഡ്, കാത്സ്യം ഒാക്സലേറ്റ്, കാത്സ്യം ഫോസ്ഫേറ്റ്എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടു കല്ലു രൂപപ്പെടാം. ഒരിക്കൽ കല്ലിന്റെ പ്രശ്നം ഉണ്ടായാൽ വീണ്ടും വരാൻ സാധ്യത കൂടുതലാണ്. ഇത്തരക്കാർ രണ്ടു വർഷം കൂടുമ്പോൾ സ്കാനും രക്തപരിശോധനകളും നടത്തണം. കല്ലിന്റെ പ്രകൃതം അനുസരിച്ചു ഭക്ഷണരീതിയിൽ മാറ്റം വരുത്തണം. നന്നായി വെള്ളം കുടിക്കുകയും വേണം.
ആഹാരത്തിൽ ശ്രദ്ധ വേണം
സമീകൃതാഹാരം കഴിക്കാം.മാംസാഹാരം നിയന്ത്രിക്കണം. പ്രോട്ടീനിന്റെ അളവു കൂടുന്നതു കരളിനെയും വൃക്കകളെയും ദോഷ കരമായി ബാധിക്കാം. കാർബോഹൈഡ്രേറ്റിന്റെയും അളവും കുറയ്ക്കാം. ഉപ്പ് മിതമായി ഉപയോഗിക്കുക.
ഡോ. സുനിൽ ജോർജ്
മേധാവി
നെഫ്രോളജി വിഭാഗം
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്