ADVERTISEMENT

ബിപി കൂടുതലായിരുന്നു. ഡോക്ടര്‍ മരുന്നൊക്കെ എഴുതി തന്നിട്ടുണ്ട്. പക്ഷേ, ഞാനതു കഴിച്ചില്ല. ബിപിക്കു  മരുന്നു കഴിച്ചിട്ടു വേണം ഉള്ള വൃക്കയും കരളും പോകാന്‍....

ബിപി മരുന്നു കഴിച്ചു തുടങ്ങി രണ്ടു വര്‍ഷമായി..ഇപ്പോള്‍ ബിപിയൊക്കെ നോര്‍മലാണ്...ഇനിയെന്തിനാ മരുന്ന് ?

പിള്ളേരു വിളിക്കുമ്പോഴൊക്കെ പറയും, പപ്പ ഇടയ്ക്കൊക്കെ ബിപി നോക്കണേന്ന്...മരുന്നൊക്കെ കൃത്യമായി കഴിക്കുന്നുണ്ട്...പിന്നെന്തിനാ എപ്പോഴും ബിപി നോക്കുന്നത് ?

ഇനിയുമുണ്ട് ബിപി മരുന്നു സംബന്ധിച്ച ധാരണകള്‍. ഇതൊക്കെ സത്യമാണോ എന്നറിയണ്ടേ...?

. അമിത രക്തസമ്മർദം ഒരു നിത്യഹരിത വിഷയമാണ്. 1950 കളിൽ രക്താതിമർദത്തിനുള്ള ആദ്യ മരുന്നു കണ്ടുപിടിച്ചതിനു ശേഷം ഇന്നുവരെ രോഗനിർണയത്തിന്റെ കാര്യത്തിലും ചികിത്സയുടെ കാര്യത്തിലും ഉൾപ്പെടെ പല പുരോഗതികളും ഉണ്ടായിട്ടുണ്ട്. വളരെ ഫലപ്രദമായ ഒട്ടേറെ പുതിയ മരുന്നുകളും വന്നു. എന്നിട്ടും എന്തുകൊണ്ടാണു മിക്കവരിലും അമിത രക്തസമ്മർദം നിയന്ത്രണവിധേയമല്ലാതെ മറ്റ് അവയവങ്ങളെ ബാധിക്കുന്ന തരത്തിലേക്കു പോകുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? അതിന്റെ പ്രധാനപ്പെട്ട കാരണം ബിപി മരുന്നുകൾ സംബന്ധിച്ച് ആളുകളിൽ ഇപ്പോഴും നിലനിൽക്കുന്ന തെറ്റിധാരണകൾ തന്നെയാണ്. ചില പ്രധാന തെറ്റിധാരണകളും അവയുടെ യാഥാർഥ്യവും, ബിപി മരുന്നു കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും വിശദമായി അറിയാം.

ADVERTISEMENT

∙ ബിപിക്ക് ഒറ്റ മരുന്നു പോരേ ?

രക്തം ഹൃദയധമനികളുടെ ഭിത്തിയിൽ ചെലുത്തുന്ന മർദമാണു രക്തസമ്മർദം. അതു കൂടുതലാകുമ്പോൾ അമിത ബിപി (Hypertension) ആകുന്നു

ADVERTISEMENT

പ്രത്യേകിച്ചു കാരണങ്ങളൊന്നും ഇല്ലാതെ വരുന്ന അമിത രക്തസമ്മർദത്തിനു (Essential hypertension) ചികിത്സയെടുക്കുന്നവരിൽ 70 ശതമാനം പേരിലും രണ്ടുതരം രക്തസമ്മർദ നിയന്ത്രണ മരുന്നുകളെങ്കിലും വേണ്ടിവരുന്നുവെന്നു പഠനങ്ങൾ പറയുന്നു. ഇതു തുടക്കത്തിലേ നൽകുന്നതാകാം, അല്ലെങ്കിൽ പിന്നീടു കൂട്ടിച്ചേർക്കുന്നതാകാം.

മിക്കവരിലും ഒറ്റ ഗുളിക കൊണ്ടു തന്നെ ബിപി നിയന്ത്രിക്കാനാകും. പക്ഷേ, എന്തു കാരണം കൊണ്ടാണു ബിപി വർധിച്ചിരിക്കുന്നത്, എത്ര വർധിച്ചിട്ടുണ്ട്, രോഗിയുടെ പ്രായം തുടങ്ങിയുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ ചിലപ്പോൾ ഒന്നിലധികം മരുന്നുകൾ എഴുതേണ്ടിവരും.

ADVERTISEMENT

ബിപി കൂടാൻ പല കാരണങ്ങളുണ്ട്. ചിലരിൽ വൃക്കയുടെ പ്രശ്നമാകാം. അമിതവണ്ണം കൊണ്ടു ബിപി കൂടാം. ഇത്തരം സാഹചര്യങ്ങളിൽ അമിത ബിപി കുറയ്ക്കാനുള്ള മരുന്നിനൊപ്പം ബിപിയുടെ കാരണം പരിഹരിക്കുവാനുള്ള മരുന്നുകൾ കൂടി വേണ്ടിവരും. പ്രധാന അവയവങ്ങളെ ബാധിക്കുന്ന കാര്യത്തിലും ബിപി കുപ്രസിദ്ധമാണ്. അതു തടയാനും മരുന്നു നൽകാറുണ്ട്. പ്രത്യേകിച്ചു കാരണമില്ലാത്ത എസൻഷ്യൽ ഹൈപ്പർടെൻഷൻ ആണെങ്കിൽ പോലും ബിപി കൂടുന്നതിലേക്കു നയിച്ച ഘടകമെന്തെന്നു (പ്രായം, പാരമ്പര്യം, അമിതവണ്ണം) കണ്ടുപിടിച്ച് അതിന് അനുസൃതമായ വ്യക്തിഗത ചികിത്സ നൽകേണ്ടതുണ്ട്.

ഒരു മരുന്നു തന്നെ ഉയർന്ന ഡോസിൽ ഉപയോഗിക്കുന്നതിനു പകരം ബിപി കുറയ്ക്കാൻ സഹായിക്കുന്ന പല മരുന്നുകൾ കുറഞ്ഞ ഡോസിൽ ഉപയോഗിക്കുന്ന രീതിയുമുണ്ട്. മൊത്തത്തിലുള്ള പാർശ്വഫലം കുറയ്ക്കാൻ ഇതു സഹായകമാണ്.

∙ മരുന്ന് ഏതു സമയത്തു കഴിക്കണം ?

ബിപിയുടെ സാധാരണ അളവ് 120/80 ആണ്. ബിപി നിരക്കുകളെ സംബന്ധിച്ചുള്ള യൂറോപ്യൻ സൊസൈറ്റി ഫോർ ഹൈപ്പർടെൻഷന്റെ മാർഗനിർദേശം അനുസരിച്ചു ബിപി 140/80 നു മുകളിലായാൽ രക്താതിമർദം എന്നു കണക്കാക്കാം. ഡോക്ടറുടെ മേൽനോട്ടത്തിൽ രണ്ടു മൂന്നു തവണകളായി ആവർത്തിച്ചു നോക്കിയിട്ടും ബിപി ഈ നിരക്കിലോ അതിനു മുകളിലോ ആണെങ്കിൽ അമിത രക്തസമ്മർദം ഉറപ്പിക്കാം, മരുന്നു തുടങ്ങാം.

പൊതുവെ, രണ്ടോ അതിലധികമോ മരുന്നുകൾ ബിപിക്കു കഴിക്കേണ്ടി വരും. ഇവയ്ക്കോരോന്നിനും ഒരേ ഔഷധപ്രവർത്തനമല്ല. പല മരുന്നുകളും പല രീതിയിൽ, പല സമയപരിധിക്കുള്ളിലാണു പ്രവർത്തിക്കുന്നത്. പാർശ്വഫലങ്ങളും ഒന്നിനൊന്നു വ്യത്യസ്തം. ഇതൊക്കെ പരിഗണിച്ചാണു ഡോസും സമയവും പറയുന്നത്.

ചില മരുന്നുകൾ വെറുംവയറ്റിൽ കഴിക്കുമ്പോഴാണു മികച്ച ഫലം ലഭിക്കാറ്. പക്ഷേ, പലരിലും വെറുംവയറ്റിൽ മരുന്നു കഴിക്കുമ്പോൾ ക്ഷീണവും ഗ്യാസും നെഞ്ചെരിച്ചിലുമൊക്കെ അനുഭവപ്പെടാം. അങ്ങനെയുള്ളവരോട് ആഹാരത്തിനൊപ്പം മരുന്നു കഴിക്കാൻ നിർദേശിക്കാറുണ്ട്. എന്തായാലും മരുന്നിന്റെ കാര്യത്തിൽ എപ്പോഴും ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശം അതുപടി പാലിക്കുന്നതാകും ഉത്തമം.

∙ എന്നും ഒരേ സമയത്തു കഴിക്കണോ ?

ബിപി പോലെയുള്ള ജീവിതശൈലീ രോഗങ്ങളുടെ മരുന്നുകൾ ജീവിതകാലം മുഴുവൻ കഴിക്കണം. ഇങ്ങനെ ദീർഘകാലം കഴിക്കേണ്ട മരുന്നുകളുടെ കാര്യത്തിൽ ഒരു ചിട്ടയും ക്രമവും കൊണ്ടുവരുന്നതു നല്ലതാണ്. ഉദാഹരണത്തിന്, ആഹാരത്തോടു ചേർത്തു കഴിച്ചിരുന്ന മരുന്നുകൾ പെട്ടെന്നൊരു ദിവസം മുതൽ വെറുംവയറ്റിൽ കഴിച്ചാൽ പ്രശ്നമാകാം.

എന്നും ഒരേ സമയത്തു കഴിച്ചു ശീലിച്ചാൽ മരുന്നു കഴിക്കുന്ന കാര്യം മറന്നുപോകില്ല. മരുന്നിന്റെ ബയോ അവയ്‌ലബിലിറ്റി അഥവാ ശരീരത്തിന് ഉപയോഗിക്കാവുന്ന രീതിയിലുള്ള മരുന്നിന്റെ ലഭ്യത രക്തത്തിൽ ഒരേ രീതിയിൽ നിൽക്കും. മാത്രമല്ല, ശരീരത്തിന്റെ ഒരു ഭാഗമെന്നപോലെ മരുന്നിനെ കൊണ്ടുപോകാൻ ശ്രദ്ധിക്കുന്നതു രോഗനിയന്ത്രണം കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കും.

∙ മരുന്നങ്ങു കഴിച്ചാൽ പോരേ, ഇടയ്ക്കിടെ ഡോക്ടറെ കാണണോ ?

ഡോക്ടറുടെ മേൽനോട്ടത്തിൽ അല്ലാതെയുള്ള അശാസ്ത്രീയമായ മരുന്നു കഴിക്കൽ ബിപി അതിരുവിട്ടു മറ്റ് അവയവങ്ങളെ ബാധിക്കാൻ പ്രധാന കാരണമാണ്. ഉദാഹരണത്തിന്, രോഗത്തിന്റെ തുടക്കസമയത്തു ഡോക്ടർ എഴുതിക്കൊടുത്ത കുറിപ്പടി തന്നെ വർഷങ്ങളായി ഉപയോഗിക്കുന്നവരുണ്ട്. പിന്നീടൊരു തവണ കൂടി അവർ ഡോക്ടറെ കാണാൻ മിനക്കെട്ടിട്ടുണ്ടാകില്ല. മരുന്നു കൊണ്ടു ബിപി ശരിക്കും നിയന്ത്രണത്തിലായിട്ടുണ്ടോ എന്നു ശ്രദ്ധിക്കുന്നുണ്ടാകില്ല. അമിത ബിപി അവയവങ്ങളെ ബാധിക്കുന്നുണ്ടോ എന്നറിയാനുള്ള അവശ്യ പരിശോധനകൾ ചെയ്യുന്നുണ്ടാകില്ല. ഇങ്ങനെ ഒരു ഡോക്ടറുടെ മേൽനോട്ടമില്ലാതെ, വർഷങ്ങളായി ഒരേ മരുന്നു കഴിച്ചുകൊണ്ടിരിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യാം.

∙ അസുഖം വന്നാൽ തൽക്കാലം മരുന്നു നിർത്തണോ ?

എന്തെങ്കിലും അസുഖം വന്നെന്നു കരുതി ബിപി മരുന്നു കഴിക്കാതിരിക്കേണ്ട കാര്യമില്ല. പക്ഷേ, ചില
പ്രത്യേക സാഹചര്യങ്ങളിൽ ബിപി മരുന്നുകളുടെ അളവു ക്രമീകരിക്കേണ്ടതായി വരും. അസുഖത്തിനു
ഡോക്ടറെ കാണുമ്പോൾ ഇക്കാര്യത്തിൽ ഉപദേശം തേടാം.

∙ മരുന്നു കഴിക്കുന്നുണ്ടല്ലോ. പിന്നെ എന്തിനാണു ബിപി നോക്കുന്നത് ?

ആദ്യഘട്ടത്തിൽ, മരുന്നു കൊണ്ടു അമിത ബിപി നിയന്ത്രണത്തിലാകുന്നുണ്ടോ എന്നറിയാൻ പരിശോധന കൂടിയേ തീരൂ. മരുന്നു കഴിച്ചു തുടങ്ങുമ്പോൾ ചിലരിൽ ബിപി അളവു കൂടിയും കുറഞ്ഞുമൊക്കെ പോകാം. ചിലരിൽ പെട്ടെന്നു ബിപി താഴ്ന്നു പോകാം. ഇടയ്ക്കിടയ്ക്കു ബിപി പരിശോധിച്ചു നോക്കിയാലേ ഇത്തരം പ്രശ്നങ്ങൾ തിരിച്ചറിയാനും ഡോക്ടറെ കണ്ട് അതനുസരിച്ചു മരുന്നുകളിൽ വ്യത്യാസം വരുത്താനും സാധിക്കൂ. യുവാക്കളിലും അമിത ബിപി വില്ലനാകുന്ന അവസ്ഥ ഉള്ളതുകൊണ്ടു പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും 25 വയസ്സു കഴിയുമ്പോൾ മുതൽ കുടുംബഡോക്ടറുടെ സഹായത്തോടെ ക്രമമായി ബിപി പരിശോധിക്കുന്നതു നല്ലതാണ്. രക്താതിമർദ പാരമ്പര്യവും അമിതവണ്ണവുമുള്ളവർ പ്രത്യേകിച്ചും.

ആശുപത്രിയിൽ വച്ചു നോക്കുമ്പോൾ ബിപി വർധിച്ചു കാണുന്ന വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ, മരുന്നു കഴിച്ചിട്ടും ബിപി കുറയാത്ത റെസിസ്റ്റീവ് ഹൈപ്പർടെൻഷൻ പോലെയുള്ള പ്രശ്നങ്ങളെ തിരിച്ചറിയാനും കൃത്യമായ ബിപി പരിശോധന സഹായിക്കും. അമിത രക്തസമ്മർദവുമായി ബന്ധപ്പെട്ട മറ്റു സങ്കീർണതകളിലേക്കു പോകുന്നില്ല എന്നുറപ്പാക്കാനും പരിശോധന നല്ലത്.

തിരക്കിട്ടോടി വന്നു ബിപി നോക്കരുത്. ബിപി മെഷീന്റെ കഫ് നേരാംവണ്ണം കെട്ടേണ്ടതും പ്രധാനമാണ്. വസ്ത്രത്തിനു മുകളിലൂടെ കഫ് കെട്ടരുത്. കൈ മേശയിലോ മറ്റോ താങ്ങുനൽകി വച്ചിട്ടു വേണം നോക്കാൻ. വീട്ടിൽ ബിപി നോക്കുന്നവർ ഇടയ്ക്കു ബിപി മെഷീൻ ലാബിലെയോ മറ്റോ സാധാരണ ബിപി മീറ്ററുമായി ഒത്തുനോക്കി അളവു കൃത്യമാണെന്ന് ഉറപ്പാക്കണം.

∙ ബിപി മരുന്നിനു ദോഷഫലങ്ങൾ കൂടുതലാണോ ?

ഒരു മരുന്നും പരിപൂർണമായി സുരക്ഷിതമല്ല. അതുകൊണ്ടാണു മരുന്നുകൾ എപ്പോഴും ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രം കഴിക്കണമെന്നു പറയുന്നത്. മറ്റേതു മരുന്നുകൾക്കുമുള്ളതു പോലെ ബിപി മരുന്നിനും ചില പാർശ്വഫലങ്ങളുണ്ടാകാം. മനംമറിയൽ, ഛർദി പോലുള്ള ലഘുവായ പാർശ്വഫലങ്ങൾ തുടങ്ങി ചൊറിച്ചിൽ, ഫിറ്റ്സ് എന്നീ ഗൗരവകരമായ പ്രശ്നങ്ങൾ വരെ ഉണ്ടാകാം. പാർശ്വഫലങ്ങൾ ഗൗരവമുള്ളതാണെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്. പക്ഷേ, അമിത ബിപിക്കു മരുന്നു കഴിക്കാത്തതിനെ തുടർന്നു വരുന്ന ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കപ്രശ്നങ്ങൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ മരുന്നിന്റെ പാർശ്വഫലങ്ങൾ എത്രയോ നിസ്സാരമാണ്, അപൂർവവും.

∙ ബിപി മരുന്നു വൃക്ക കളയുമോ ?

ബിപിക്കു കഴിക്കുന്ന മരുന്നുകൾ ശരിയായി ഉപയോഗിച്ചാൽ വൃക്ക തകരാറിലാക്കില്ല, ഉറപ്പ്. എന്നാൽ ബിപി വർധനവു കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ വൃക്കകളിൽ പ്രശ്നമുണ്ടാകും. നിയന്ത്രണത്തിലല്ലാത്ത വൃക്കരോഗം കൊണ്ടു ബിപി വർധിക്കാനുമിടയുണ്ട്. ഈ രണ്ട് അവസ്ഥകളും നിയന്ത്രിക്കണം. അതിന് അനുയോജ്യമായ മരുന്നുകൾ ഡോക്ടർ നിർദേശിക്കുന്നതു കൃത്യമായി കഴിക്കുകയും വേണം.

∙ ഭക്ഷണകാര്യത്തിൽ പ്രത്യേകം എന്തെങ്കിലും ശ്രദ്ധിക്കണോ ?

ഭക്ഷണം പൊതുവെ ബിപി മരുന്നുകളുടെ പ്രവർത്തനത്തിനു തടസ്സമാകാറില്ല. പക്ഷേ, മരുന്നു കഴിക്കുന്നുണ്ട് എന്നു കരുതി ബിപി നിയന്ത്രിക്കാനുള്ള ഭക്ഷണക്രമത്തിൽ നിന്നും പിന്നോട്ടു പോകാനും പാടില്ല. ഏറ്റവും പ്രധാനം ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുകയാണ്. മൂന്നു ഘട്ടങ്ങളിലാണു നമ്മുടെ ആഹാരത്തിൽ ഉപ്പു ചേർക്കാൻ സാധ്യത. ഒന്ന്, ഭക്ഷണം വിപണിയിലെത്തിക്കുന്നതിനു മുൻപുള്ള ഉപ്പു ചേർക്കൽ. സംസ്കരിച്ച ഭക്ഷണങ്ങളിലും പായ്ക്കറ്റ് ഭക്ഷണങ്ങളിലുമൊക്കെ ഉപ്പു ചേർക്കുന്നത് ഉദാഹരണം. ഇത്തരം ഭക്ഷണങ്ങൾ ദീർഘനാൾ കേടുകൂടാതെ ഇരിക്കാൻ അമിതമായി ഉപ്പു ചേർക്കാനിടയുണ്ട്. അതിനാൽ, ബിപി പ്രശ്നമുള്ളവർ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണം. രണ്ട്, ഭക്ഷണം പാചകം ചെയ്യുമ്പോഴുള്ള ഉപ്പ് ചേർക്കൽ. ഈ ഘട്ടത്തിൽ നല്ല നിയന്ത്രണം വേണം. മൂന്നാമത്, ഭക്ഷണമേശയിൽ വച്ചുള്ള ഉപ്പു ചേർക്കലാണ്. അമിത ബിപി ഉള്ളവർ ഭക്ഷണമേശയിൽ ഉപ്പ് വയ്ക്കരുത്.

∙ രക്തസമ്മർദം സാധാരണമായാൽ മരുന്നു നിർത്താമോ ?

ഒരിക്കലും പാടില്ല. അമിത രക്തസമ്മർദം സാധാരണ നിരക്കിലേക്കു വന്നാലും മരുന്നു നിർത്തിയാൽ
പഴയ അവസ്ഥയിലേക്കു പോകാം. അതുകൊണ്ട്, ബിപി നിയന്ത്രണത്തിലായാലും ജീവിതകാലം മുഴുവനും മരുന്നു കഴിച്ചുകൊണ്ടിരിക്കണം. പക്ഷേ, മരുന്നുകളും ഭക്ഷണനിയന്ത്രണവും നിരന്തര വ്യായാമവും വഴി അമിത ബിപി ഇല്ലാത്ത അവസ്ഥയിലെന്ന പോലെ ജീവിക്കാനാകും.

∙ വയോജനങ്ങളിൽ സോഡിയവും പൊട്ടാസ്യവും കുറഞ്ഞുപോകാൻ ബിപി മരുന്നു കാരണമാകുമോ ?

വാർധക്യത്തിൽ ബിപി മരുന്നുകൾ, പ്രത്യേകിച്ചു ഡൈയൂററ്റിക്സ് കഴിക്കുന്നവരിൽ സോഡിയവും പൊട്ടാസ്യവും കുറഞ്ഞുപോകാനുള്ള സാധ്യത ഉണ്ട്. എന്നുകരുതി ഡോക്ടർ പറയാതെ മരുന്നു നിർത്തുകയോ ഡോസ് സ്വയം കുറയ്ക്കുകയോ ചെയ്യരുത്. ഭക്ഷണകാര്യത്തിൽ, പ്രത്യേകിച്ച് ഉപ്പിന്റെ കാര്യത്തിലുള്ള നിയന്ത്രണത്തിൽ അയവു വരുത്താനും പാടില്ല. ഇടയ്ക്കിടയ്ക്കു ബിപി പരിശോധിക്കാനും മറക്കരുത്.

∙ മരുന്നു തലകറക്കം വരുത്തുമോ ?

എഴുന്നേറ്റു നിൽക്കുമ്പോൾ ബിപി കുറഞ്ഞു തലകറക്കം വരുന്ന അവസ്ഥയാണു പോസ്ചറൽ ഹൈപ്പോടെൻഷൻ (ഒാർത്തോസ്റ്റാറ്റിക് ഹെപ്പോടെൻഷൻ). ചില ബിപി മരുന്നുകൾ ഈ അവസ്ഥയ്ക്കു കാരണമാകാം. മാത്രമല്ല, ഈ അവസ്ഥ ഉള്ളവരിൽ അതു തീവ്രമാക്കുകയും ചെയ്യാം. ആൽഫബ്ലോക്കേഴ്സ്, ബീറ്റാ ബ്ലോക്കേഴ്സ്, ചിലതരം ഡൈയൂററ്റിക്സ് എന്നിവയ്ക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ട്. നിന്നുകൊണ്ടു മൂത്രം ഒഴിക്കുമ്പോഴാണു പലപ്പോഴും ഈ പ്രശ്നം പ്രകടമാകുക. മെലിഞ്ഞ്, നല്ല ഉയരമുള്ള വ്യക്തികളിലും ഇങ്ങനെ ബിപി താഴ്ന്നുപോകാൻ സാധ്യത കൂടുതലാണ്. അതുകൊണ്ടു ബിപി മരുന്നുകൾ കഴിക്കുന്നവർ ബാത് റൂമിലായിരിക്കുമ്പോൾ വാതിൽ പൂട്ടരുത്. മലവിസർജനസമയത്ത് അമിതമായി സമ്മർദം ചെലുത്തുകയുമരുത്. ഏറെനേരം നിന്നു മൂത്രമൊഴിക്കുന്ന രീതിയും ഒഴിവാക്കണം.

∙ ബിപി മരുന്ന് ഉദ്ധാരണപ്രശ്നങ്ങൾക്കു കാരണമാകുമോ ?

അമിത ബിപി തന്നെ ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാക്കാം. അതുപോലെ, ചില ബിപി മരുന്നുകളും ഇങ്ങനെയൊരു പ്രശ്നമുണ്ടാക്കാം. ഉദ്ധാരണപ്രശ്നമുള്ളവർ ഡോക്ടറുമായി സംസാരിച്ച്, മരുന്നിന്റെ തന്നെയാണോ പ്രശ്നം എന്നുറപ്പാക്കണം. ആവശ്യമെങ്കിൽ വാങ്ങുകയോ ഡോസ് ക്രമീകരിക്കുകയോ ചെയ്യാം.

വിവരങ്ങൾക്കു കടപ്പാട്

ഡോ. മാത്യു പാറയ്ക്കൽ
സീനിയർ ഫിസിഷൻ, കോട്ടയം

‍ഡോ. കെ. ജി. രവികുമാർ

മുൻ ഹെഡ്, ക്ലിനിക്കൽ ഫാർമസി വിഭാഗം, മെഡി. കോളജ്, തിരുവനന്തപുരം

ADVERTISEMENT