സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒട്ടേറെ പേർ ചികിത്സയിലായിരിക്കുന്ന സാഹചര്യമാണ്. നിലവിൽ തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, വയനാട് , മലപ്പുറം ജില്ലകളിലായി 18 ആക്ടീവ് കേസുകളാണ് ഉള്ളത്. എങ്ങനെയാണ് ഈ മസ്തിഷ്ക ജ്വരം വരുന്നതെന്നു നോക്കാം.
നെഗ്ലേരിയ ഫൗലേരി അഥവാ തലച്ചോറു തീനി അമീബ ആണ് രോഗകാരണം. കായലുകളും അരുവികളും പോലുള്ള ശുദ്ധജലാശയങ്ങളിലാണു സാധാരണ ഇവ കാണുക. കടലിൽ കാണാറില്ല. സാധാരണഗതിയിൽ, അമീബ ശരീരത്തിലെത്തി ഒന്നു മുതൽ അഞ്ചു വരെയുള്ള ദിവസങ്ങൾക്കുള്ളിൽ(വെള്ളത്തിൽ കുളി കഴിഞ്ഞ ദിവസം മുതൽ) ലക്ഷണങ്ങൾ കണ്ടുതുടങ്ങും.കാലുവേദന,ഛർദി,പനി,വെളിച്ചത്തിലേക്കു നോക്കാൻ പ്രയാസം,കുഞ്ഞുങ്ങളിൽ വിശപ്പു കുറയുക എന്നിവ കാണാം.രോഗം തീവ്രമായാൽ മയക്കം, ഫിറ്റ്സ് എന്നിവ വരാം.
മറ്റു കാരണങ്ങളാലുള്ള മെനിൻജൈറ്റിസ് രോഗങ്ങളേക്കാൾ ഗുരുതരമാണ് പ്രൈമറി അമീബിക് മെനിൻജൈറ്റിസ് എന്ന അമീബിക് മസ്തിഷ്ക ജ്വരം. മരണസാധ്യത വളരെ കൂടിയ രോഗമായതിനാൽ പനിയടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നു വിദഗ്ധർ നിർദേശിക്കുന്നു.
സാധാരണ ചൂടുകൂടുന്ന സമയങ്ങളിലാണ് അമീബയുടെ വളർച്ചാനിരക്കു കൂടുന്നത്. മൂക്കിലൂടെ എത്തുന്ന അമീബ ഗന്ധമറിയുന്ന ഒാൾഫാക്റ്ററി ട്രാക്റ്റ് വഴി തലച്ചോറിലേക്കെത്തുന്നു. കർണപടത്തിലുള്ള സുഷിരം വഴിയും തലച്ചോറിലെത്താം. തലച്ചോറിലെത്തുന്ന അമീബ നീർക്കെട്ടുണ്ടാക്കി മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്നു.
അമീബിക് മസ്തിഷ്ക ജ്വരം തടയാൻ
കെട്ടിക്കിടക്കുന്ന വെള്ളത്തിലോ ഉപയോഗിക്കാതെയും വൃത്തിയാക്കാതെയും കിടക്കുന്ന ജലാശയങ്ങളിലോ ചാടുന്നതും മുങ്ങിക്കുളിക്കുന്നതും ഒഴിവാക്കണം.
∙ ജലാശയങ്ങളിൽ കുളിക്കുമ്പോൾ മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണം.നേസൽ ക്ലിപ് ഉപയോഗിക്കുകയോ മൂക്കു പൊത്തിപ്പിടിക്കുകയോ ചെയ്യുക.
∙ ജലാശയങ്ങൾ വൃത്തിയാക്കാനിങ്ങുന്നവരും ശ്രദ്ധിക്കണം.അടിത്തട്ട് കുഴിക്കുകയോ കലക്കുകയോ ചെയ്യുമ്പോൾ അമീബ ശരീരത്തിലെത്താം.
∙ കുറേകാലമായി വൃത്തിയാക്കാത്ത ടാങ്കുകളിലെ വെള്ളം ഉപയോഗിക്കരുത്.
∙ മൂക്കിലോ തലയിലോ ശസ്ത്രക്രിയയ്ക്കു വിധേയരായവർ, തലയിൽ പരുക്കുകളേറ്റവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
∙ സ്വിമ്മിങ് പൂളുകളിലെയും വാട്ടർ തീം പാർക്കുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്തു ശുദ്ധമായതാണെന്ന് ഉറപ്പുവരുത്തണം.
∙ തിളപ്പിച്ച് അണുവിമുക്തമാക്കാത്ത വെള്ളം കൊണ്ട് മൂക്കും മൂക്കിനുൾവശവും കഴുകുന്നത് ഒഴിവാക്കണം.
∙ ജലസംഭരണികളും വലിയ വാട്ടർ ടാങ്കുകളും മൂന്നു മാസം കൂടുമ്പോൾ വൃത്തിയാക്കണം.