ചെവിയുടെ ആരോഗ്യത്തിന് അത്ര പ്രാധാന്യമൊന്നും കൽപിക്കാത്തവരാണു നാം. വളരെ ഉദാസീനമായി ചെവികളെ പരിഗണിക്കുന്ന രീതിയാണു പൊതുവെ എല്ലാവർക്കും ഉള്ളത്. എന്തും ഏതും ചെവിയിലിടുമ്പോഴും ചെവിക്ക് എന്തു പ്രശ്നം വരാനാണ് എന്ന മനോഭാവമാണു പ്രകടമാകുന്നത്. പഞ്ചേന്ദ്രിയങ്ങളിൽ പ്രധാനസ്ഥാനം അർഹിക്കുന്ന ചെവിയുടെ സംരക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്. അവയാകട്ടെ ചെവിയുടെ ആരോഗ്യത്തിന്റെ അടിസ്ഥാന ശിലകളുമാണ്.
ചെവി വൃത്തിയാക്കണോ ?
ചെവിയിൽ എന്തെങ്കിലുമൊക്കെ ഇട്ടു വൃത്തിയാക്കാൻ ചിലർക്ക് ഒരു പ്രത്യേക വിരുതാണ്. ഇയർ ബഡ്സിനു പുറമെ തൂവലിട്ടു കറക്കിയും തുണി പിരിച്ചു കടത്തിയും സ്ലൈഡും പെൻസിലും സേഫ്‌റ്റിപിന്നുമൊക്കെയിട്ടുമാണ് ‘ഈ വൃത്തിയാക്കൽ’ പുരോഗമിക്കുന്നത്. സ്ലൈഡ്, പെൻസിൽ എന്നിവ പോലെ കൂർത്ത അഗ്രമുള്ള വസ്തുക്കൾ ചെവിയിൽ ഇടുമ്പോൾ ചെവിയ്ക്കുള്ളിലെ ചർമം മുറിയാൻ സാധ്യതയുണ്ട്. പ്രമേഹ
രോഗി കൂടിയാണെങ്കിൽ മുറിവു പെട്ടെന്നു പഴുക്കുകയും അണുബാധ വരാൻ ഇടയാകുകയും ചെയ്യുന്നു. പ്രമേഹരോഗികളിൽ ചെവിയിൽ വരുന്ന അണുബാധ ചികിത്സിക്കുക എന്നതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂർത്ത അഗ്രമുള്ള വസ്തുക്കൾ ഏൽപിക്കുന്ന ആഘാതത്താൽ ഇയർ ഡ്രം അഥവാ കർണപടത്തിനു ക്ഷതം വരാനുമിടയാകാം. കർണപടം പൊട്ടുന്ന സാഹചര്യം ഉണ്ടാകാമെങ്കിലും അത് അപൂർവമാണ്. ചെവിയിലെ ചർമത്തിനുണ്ടാകുന്ന മുറിവിൽ വെള്ളവും കൂടി വീഴുന്ന സാഹചര്യമുണ്ടാകുമ്പോൾ അതു പഴുക്കാനും അണുബാധ ഉണ്ടാകാനും ഇടയാകുന്നതാണു സാധാരണ കണ്ടു വരുന്നത്. പ്രമേഹരോഗികളിൽ വെള്ളം വീഴാതെ തന്നെ ഈ മുറിവ് പഴുക്കാനിടയാകും. മാത്രമല്ല, അണുബാധ ഉണ്ടായാൽ അസഹ്യവേദനയും അനുഭവപ്പെടും. ഡോക്ടർമാർ അഭിപ്രായപ്പെടുന്നതു ചെവിയിൽ ഒരു കാരണവശാലും ഒന്നും ഇടരുതെന്നും ചെവി സ്വയം വൃത്തിയാക്കാൻ ശ്രമിക്കരുതെന്നുമാണ്.
ഇയർ ബഡ്സ് വാക്സ് നീക്കാൻ നല്ലതാണോ?
ഏതു സാഹചര്യത്തിലായാലും ചെവി വൃത്തിയാക്കേണ്ടതു വിദഗ്ധ ഡോക്ടർമാരാണ്. മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. പലരുടെയും ചെവിയിൽ വൃത്തിയാക്കാൻ തക്ക വിധത്തിലുള്ള അഴുക്കു രൂപപ്പെടാറില്ല. ചെവി വൃത്തിയാക്കേണ്ട ഒരു അടിയന്തര സാഹചര്യം വന്നാൽ തന്നെ മൂർച്ച ഉള്ളത് ഒന്നും ചെവിയിൽ ഇടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നല്ല ഗുണമേൻമയുള്ള ഇയർ ബഡ്സ് മാത്രം ഉപയോഗിക്കുക. ബഡ്സ് ഇടുമ്പോൾ വാക്സും അഴുക്കും പൂർണമായി എടുക്കാമെന്നാണു പൊതുവെ എല്ലാവരും കരുതുന്നത്. എന്നാൽ ഇയർ ബഡ്സ് കൊണ്ടു വാക്സ് എടുക്കുമ്പോൾ യഥാർഥത്തിൽ സംഭവിക്കുന്നതു പകുതി വാക്സ് മാത്രം ബഡിൽ പറ്റിപ്പിടിക്കുകയും ബാക്കി വാക്സും അഴുക്കും ഉള്ളിലേക്കു തള്ളപ്പെടുകയുമാണ്. അങ്ങനെ ബഡ്സ് ഉപയോഗിക്കുമ്പോൾ ചെവിയിൽ വാക്സ് കൂടിക്കൂടി അടിയാൻ ഇടയാകുന്നു. ബഡ്സ് ഉപയോഗിക്കുന്ന സമയത്ത് ആരെങ്കിലും കയ്യിൽ തട്ടുന്ന സാഹചര്യം ഉണ്ടായാൽ അതു ചെവിക്കു ഗുരുതരമായ പരുക്കും വരുത്താം. മുതിർന്നവർ ബഡ്സ് ഉപയോഗിക്കുന്നതു കുട്ടികൾക്കും തെറ്റായ മാതൃകയാണു നൽകുന്നത്. മുതിർന്നവരെ അനുകരിച്ചു കുട്ടികൾ ബഡ്സ് ചെവിയിലിടുകയും അതു ഗുരുതര പ്രശ്നങ്ങളിലേക്കു നയിക്കുകയും ചെയ്യാം.
കട്ടി പിടിച്ച ഇയർ വാക്സ് അലിയിക്കുന്നതിനു ഡ്രോപ്സ് രൂപത്തിലുള്ള മരുന്നുകൾ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. വാക്സ് അലിഞ്ഞതിനു ശേഷം പിന്നീടു ഡോക്ടർ അതു നീക്കം ചെയ്യുന്നു. സുരക്ഷിതമായി ഇയർ വാക്സ് നീക്കം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ചില ഉപകരണങ്ങളും ഇന്നു വിപണിയിൽ ലഭ്യമാണ്.
ഡോക്ടർ ചെവി വൃത്തിയാക്കുന്നതാണ് ഏറ്റവും സുരക്ഷിതം എന്ന് അറിയുക.
വിവരങ്ങൾക്കു കടപ്പാട്
ഡോ. അനീഷ് പി. അസീസ്
അസി.പ്രഫസർ , ഇഎൻടി വിഭാഗം
ഗവ. മെഡി.കോളജ്, തിരുവനന്തപുരം