Monday 20 June 2022 02:16 PM IST

പെയിൻ കില്ലറുകളുടെ അമിത ഉപയോഗം, കടുപ്പമുള്ള ചായ, കാപ്പി... അൾസറിലേക്ക് നയിക്കുന്നത് ഈ ശീലങ്ങൾ

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

stomach-ulcer

മനുഷ്യശരീരത്തിലെ പ്രധാന അ വയവങ്ങളിലൊന്നായ ‘വയർ’ ആണ് എല്ലാ രോഗങ്ങളുടെയും ഇരിപ്പിടമെന്നു വൈദ്യശാസ്ത്രം പൊതുവെ പറയുന്നുണ്ട്. ദഹനത്തെ സഹായിക്കുകയും മികച്ച പ്രതിരോധശേഷിക്കു കാരണമാകുകയും ചെയ്യുന്ന ദശലക്ഷക്കണക്കിനു നല്ല ബാക്ടീരിയകളുടെ കേന്ദ്രമാണ് ഉദരമെന്ന് ആ ധുനികവൈദ്യശാസ്ത്രവും വിശദീകരിക്കുന്നുണ്ട്.

അനാരോഗ്യകരമായ ഭക്ഷണപാനീയശീലങ്ങളും ഉറക്കശീലവും മൂലം വയറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഇന്നു വളരെ വർധിക്കുകയാണ്. ദഹനത്തിന്റെയും ആഗിരണത്തിന്റെയും പ്രധാന സ്ഥാനമായ കുടലിനെ ഏറ്റവും കൂടുതൽ ബാധിക്കുന്ന രോഗങ്ങളിൽ ഒന്നാണ് അൾസർ.

എന്താണ് അൾസർ?

ആമാശയത്തിലെ മ്യൂക്കോസ എന്ന ആവരണം ക്ഷാരഗുണമുള്ള രണ്ടുതരം പദാർഥങ്ങൾ ഉൽപാദിപ്പിക്കുന്നു. മ്യൂക്കോസ, ബൈ കാർബണേറ്റ്. ഈ പദാർഥങ്ങൾ ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിനെ സന്തുലിതാവസ്ഥയിൽ നിർത്തു ന്നു. ഈ മ്യൂക്കോസയിൽ ഉണ്ടാകുന്ന പദാർത്ഥങ്ങളുടെ ഉൽപാദനക്കുറവോ, കൂടുതൽ ആസി‍ഡ് ഉൽപാദനമോ സംഭവിക്കുമ്പോൾ ആമാശയത്തിന്റെ വക്കിലോ ചെറുകുടലിന്റെ തുടക്കത്തിലോ ഉള്ള വിള്ളലുകളും വ്രണങ്ങളും അൾസർ ആകുന്നു.

ഗ്യാസ്ട്രിക് അൾസർ അഥവാ ആമാശയത്തിലെ അൾസർ, ഡുവോഡിനൽ അഥവാ ചെറുകുടലിന്റെ ആദ്യഭാഗത്തുണ്ടാകുന്ന അൾസർ എന്നിങ്ങനെ രണ്ടു വിഭാഗം അൾസറുണ്ട്.ഡുവോഡിനൽ അൾസറാണ് കൂടുതലായും കാണപ്പെടുന്നത്. ഇ തിനു പിന്നിലെ 20 ശതമാനവും പാരമ്പര്യഘടകമാണ്.

മറ്റു കാരണങ്ങൾ

അൾസറിനു കാരണമാകുന്നതു പ്രധാനമായും ഹെലിക്കോ ബാക്ടർ പൈലോറി (എച്ച്. പൈലോറി) എന്ന ബാക്ടീരിയ ബാധയാണ്. തുടർച്ചയായ വേദന സംഹാരി ഉപയോഗം, സ്റ്റീറോയ്ഡ‍്, ആസിഡ് കൂടുതലായി ഉൽപാദിപ്പിക്കുന്ന ഭക്ഷണങ്ങൾ, മദ്യം, കടുപ്പമുള്ള ചായ, കാപ്പി, അമിത മുളക് ഉപയോഗം ഇവയും അൾസറിനു കാരണമാകാം. മാനസിക പിരിമുറുക്കം, ഉറക്കക്കുറവ്, അസമയത്തുള്ളതും അനാരോഗ്യകരവുമായ ആരോഗ്യരീതി, നിർജലീകരണം എന്നിവയും അൾസറിന്റെ കാരണങ്ങളാണ്.

∙വയറിന്റെ മധ്യഭാഗത്ത് അതിശക്തമായോ ചെറുതായോ വേദന

∙ ദഹനക്കുറവ്∙ എരിച്ചിൽ∙ വയർ വീർക്കൽ ∙ മനം പിരട്ടൽ/ഛർദ്ദി

∙പുളിച്ചു തികട്ടുക അങ്ങനെ ഒട്ടേറെ ലക്ഷണങ്ങളുണ്ട്.

എൻഡോസ്കോപ്പി പരിശോധനയിലൂടെ അൾസർ കണ്ടെത്താം. ചിട്ടയായ ആഹാരരീതിയിലൂടെയും ജീവിതശൈലിയിലൂടെയും അൾസറിനെ തടയാനാകും. പുകവലി, മദ്യം എന്നിവ പൂർണമായും ഒഴിവാക്കുകയും വേദന സംഹാരികൾ വർജിക്കുകയും വേണം. സമ്മർദം ഒഴിവാക്കി മാനസിക ഉന്മേഷം നിലനിർത്തുത്താം. .ഉറക്കവും ആവശ്യമാണ്.

ഭക്ഷണവും അൾസറും

അൾസറിന്റെ ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞു ചികിത്സിക്കുക എന്നത് ഏറെ പ്രധാനമാണ്. ഭക്ഷണ ക്രമീകരണമാണ് ഏറ്റവും ഫലപ്രദമായ പ്രതിവിധി. ദഹനരസങ്ങളുടെ ഉൽപാദനം കുറയ്ക്കുന്ന രീതിയിലായിരിക്കണം ആഹാര ക്രമീകരണം. അസിഡിറ്റി സാധാരണ ഗതിയിലാക്കുക, ആമാശയ ച ലനങ്ങൾ കുറയ്ക്കുക, ആമാശയത്തിലെ യാന്ത്രിക പ്രവർത്തനങ്ങളുടെ ഫലമായി വ്രണങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകൾ കുറയ്ക്കുക എന്നിവ ഭക്ഷണ ക്രമീകരണത്തിലൂടെ സാധിക്കുന്നു.

ഇറച്ചി, മസാലകൾ, എരിവും പുളിയും, കടുപ്പമേറിയ ചായ, കാപ്പി, മദ്യം എന്നിവ ദഹന രസങ്ങളുടെ ഉൽപാദനത്തെ വർധിപ്പിക്കുന്നു. ക്രമരഹിതമായി പല സമയങ്ങളിലായി ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിനു ഭക്ഷണം കഴിക്കാത്തതും നല്ലതല്ല.

ഇടനേരങ്ങളിൽ കഴിക്കാം

എരിവ്, പുളി, ഇവ മിതമായ അളവി ൽ ഉപയോഗിക്കുക. ആഹാരം ക്ഷമയോടെ ചവച്ചരച്ചു കഴിക്കുക. ആവശ്യാനുസരണം ഭക്ഷണം ആസ്വദിച്ചു കഴിക്കുക. വയറു നിറയെ കഴിക്കുന്നതിനു പകരം ഇടനേരങ്ങളിൽ ചെറിയ അളവിൽ സമയത്തു കഴിക്കുക.ധാരാളം വെള്ളം കുടിക്കുക.

പാലും പാലുൽപ്പന്നങ്ങളും, കടുപ്പം കുറഞ്ഞ ചായ, മസാലയില്ലാത്ത സൂപ്പ്, പഴച്ചാറുകൾ, മൃദുവായ പഴവർഗങ്ങൾ, വേവിച്ചതും ആവിയിൽ പുഴുങ്ങിയതുമായ പച്ചക്കറികളും പ ഴവർഗങ്ങളും, ചപ്പാത്തി, ഗോതമ്പ്, അരി, റാഗി, ഓട്സ്, മുട്ട, കൊഴുപ്പു കുറഞ്ഞ മത്സ്യം, ചിക്കൻ ഇവ കഴിക്കാം.

രോഗി ഒഴിവാക്കേണ്ടവ

ഉപ്പും മസാലയും കൂടിയ ഭക്ഷണം , കുരുമുളക്, കഫീൻ കൂടുതലടങ്ങിയ കടുപ്പമേറിയ ചായ, കാപ്പി, ഇൻസ്‌റ്റന്റ് കാപ്പി, കോള, വറുത്തതും പൊരിച്ചതും കൊഴുപ്പേറിയതും, ജ ങ്ക് ഫൂഡും മധുരപലഹാരങ്ങളും, അച്ചാറുകൾ ഇവ ഒഴിവാക്കാൻ ശ്രദ്ധിക്കണം.

അൾ‌സറിനെ തടയുന്ന ഭക്ഷണരീതികൾ

∙ഭക്ഷ്യനാരുകളടങ്ങിയ ഒാട്സ്, റാ ഗി, പയറുവർഗങ്ങൾ, നട്സ്, കാരറ്റ്, ആപ്പിൾ, ഇലക്കറികൾ

∙ വൈറ്റമിൻ എ അടങ്ങിയ ഇലക്കറികൾ, ചീര, ബ്രോക്ക്‌ലി, മധുരക്കിഴങ്ങ്, മത്തങ്ങ, കാരറ്റ്, കാപ്സിക്കം ഇവ ദഹനനാളത്തിലെ മ്യൂക്കോസ ഉത്പാദിപ്പിക്കുന്നു.

∙ഫ്ളേവനോയ്ഡ് അടങ്ങിയ ഉള്ളി, വെളുത്തുള്ളി, ബെറീസ്, ഇവ ആമാശയ വീക്കം , എച്ച്. പൈലോറി അണുബാധ , ആമാശയ കാൻസർഎന്നിവയിൽ നിന്ന് ഉദരത്തെ സംരക്ഷിക്കുന്നു. ഗ്രീൻ ടീക്ക് എച്ച്. പൈലോറിയെ പ്രതിരോധിക്കാനാകുമെന്നു പഠനങ്ങൾ തെളിയിക്കുന്നു.

പ്രോബയോട്ടിക്സ് , ഇഞ്ചി , നിറമാർന്ന പഴങ്ങൾ, തേൻ, മഞ്ഞൾ ,വെളുത്തുള്ളി, കറ്റാർവാഴ, തേങ്ങ, ഉലുവ, കാൻബറി ജ്യൂസ് എന്നിവ അൾസർ ഉണങ്ങുന്നതിനു സഹായിക്കും.

അൾസർ രോഗിക്ക്

സാംപിൾ മെനു

∙അതിരാവിലെ - 6–7 am

കാപ്പി /ചായ -ഒരു കപ്പ്

∙പ്രഭാതഭക്ഷണം - 8 am

ഇഡലി–4/ ദോശ–3/ അപ്പം– 3

∙ സാമ്പാർ– 1കപ്പ് / വെജിറ്റബിൾ കറി –1 കപ്പ്

കാപ്പി /ചായ - ഒരു കപ്പ്

∙ഇടനേരം - 10–10.30 am ഒാട്സ് / റാഗി കാച്ചിയത് , പഴവർഗങ്ങൾ– ഒരു കപ്പ്

∙ഉച്ചഭക്ഷണം - 1–2 pm

ചോറ്- ഒന്നര കപ്പ്– 2 കപ്പ്

/ചപ്പാത്തി 3– 4,

പാലക് ചീര– പരിപ്പ് കറി– ഒരു കപ്പ്, / ചിക്കൻ / മത്സ്യം –100 ഗ്രാം.

പച്ചക്കറികൾ– ഒരു കപ്പ്,

തൈര് – ഒരു കപ്പ്

∙വൈകുന്നേരം - 4 pm

ചായ / കാപ്പി –1 കപ്പ്

പഴം പുഴുങ്ങിയത് – ഒരെണ്ണം

നട്സ് – കാൽ കപ്പ്

∙സന്ധ്യാനേരം – 6 pm

ഇളനീർ വെള്ളം / ജ്യൂസ് / മോരുംവെള്ളം/ സൂപ്പ് ( മസാലയില്ലാതെ നേർപ്പിച്ചത് )– ഒരു ഗ്ലാസ്

∙രാത്രി - 7.30– 8 pm

സാദം/ കിച്ചടി

∙കിടക്കാൻ നേരം - 10pm

പാൽ – ഒരു കപ്പ് , പഴം – ഒന്ന്

പ്രീബയോട്ടിക്സും

പ്രോബയോട്ടിക്സും

മികച്ച ഉദരാരോഗ്യത്തിന് പ്രീബയോ ട്ടിക്സിന്റെയും പ്രോബയോട്ടിക്സിന്റെയും പങ്കു വളരെ വലുതാണ്. പ്രീബയോട്ടിക്സ് കുടലിലെ നല്ല ബാക്ടീരിയകളെ പരിപോഷിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്തുന്നു. വാഴപ്പഴം, ആപ്പിൾ, വെളുത്തുള്ളി, ഉള്ളി തുടങ്ങിയ പ്രകൃതിദത്ത പ്രീബയോട്ടിക് ഭക്ഷണം നമ്മുടെ ഉദരാരോഗ്യത്തെ സംരക്ഷിക്കുന്നു.

ശരീരത്തിനു ഗുണകരമായ നല്ല ബാക്ടീരിയയാണ് പ്രോബയോട്ടിക്സ്. ഇവ മനുഷ്യന്റെ കുടലിലും ചില ഭക്ഷണങ്ങളിലും കാണുന്നു. പ്രോബയോട്ടിക്സ് ദോഷകരമായ ബാക്ടീരിയകളുടെ വളർച്ച തടയുകയും ആരോഗ്യദഹനം സാധ്യമാക്കുകയും ചെയ്യുന്നു. ലാക്‌റ്റിക് ആസിഡ് ബാക്ടീരിയ, ബിഫിഡോ ബാക്ടീരിയ എന്നിവയാണ് മനുഷ്യന്റെ ഉദരത്തിൽ സമൃദ്ധമായുള്ളവ. നമ്മൾ ഉപയോഗിക്കുന്ന തൈര് പ്രോബയോട്ടിക്സ് ഉറവിടമാണ്. പുളിപ്പിച്ച സോയപാൽ, പുളിപ്പിച്ച കാബേജ്, പുളിപ്പിച്ച പച്ചക്കറികൾ എന്നിവയും പ്രോബയോട്ടിക് സ്രോതസ്സുകളാണ്.

വിവരങ്ങൾക്ക് കടപ്പാട്:

നിസിമോൾ മേരി ജോസ്

ക്ലിനിക്കൽ ഡയറ്റീഷൻ

മോഹം ഹോസ്‌പിറ്റൽ,

എരമല്ലൂർ

ആലപ്പുഴ