Saturday 17 July 2021 11:20 AM IST : By സ്വന്തം ലേഖകൻ

നടുവേദന വില്ലനാകുന്നത് എപ്പോൾ? ഈ അപായസൂചനകളെ വിട്ടുകളയരുത്

backpain7686

മുൻപ് പ്രായമാകുമ്പോൾ മാത്രം ഉണ്ടാകുന്ന ശാരീരിക പ്രശ്നമായിരുന്നു നടുവേദന. ഇന്നത് പ്രായഭേദമന്യേ ഒരു സാധാരണ പ്രശ്നം ആയി മാറിക്കഴിഞ്ഞു. തുടർച്ചയായി തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുത്തുന്നതിനും വർധിച്ച ചികിത്സാചെലവിലൂടെ സാമ്പത്തിക ഭദ്രതയെയും ജീവിതനിലവാരത്തെയും ബാധിക്കുന്ന ഈ നടുവേദന എല്ലാവർക്കും ഒരു തലവേദന തന്നെയാണ്. എന്നാൽ വിജയകരമായ ചികിത്സാരീതികൾ കണ്ടുപിടിക്കപ്പെട്ട രോഗം എന്ന നിലയിൽ നടുവേദനയെ  ഒരു ഭീകര അസുഖമായി കണ്ടു ഭയപ്പെടേണ്ടതില്ലതന്നെ. പുതിയ ചികിത്സാരീതികൾ സുരക്ഷിതവും അനായാസകരവും ആണ്. ‌

നടുവേദന അനുഭവിക്കുന്നവർ എപ്പോഴാണ് വൈദ്യസഹായവും വിദഗ്ധ പരിശോധനയും തേടേണ്ടത്?

∙ശക്തമായ നടുവേദന മൂന്നു നാലു ദിവസത്തെ വീട്ടുചികിത്സ കൊണ്ട് മാറുന്നില്ലങ്കിൽ.

∙ പരുക്കുകളാലുള്ള വേദനയ്ക്ക് വൈകാതെ ചികിത്സ തേടണം

∙ നടുവേദന ഏകദേശം ആറ് ആഴ്ചയിൽ കൂടുതൽ നീണ്ടു
നിന്നാൽ

∙ കാലിലേക്ക് പടരുന്ന നടുവേദന

∙ പെട്ടെന്ന് അതികഠിനമായുള്ള വേദന ഉണ്ടായാൽ.

‘റെ‍ഡ് ഫ്ലാഗ്’ സൂചനകൾ

നടുവേദനയ്ക്ക് അടിയന്തര വൈദ്യസഹായം തേടേണ്ട ചില അപായസൂചനകളുണ്ട്. അവയാണ് റെഡ് ഫ്ലാഗ് സൈൻസ്.

∙നടുവേദനയ്ക്കൊപ്പം കാൽ മരവിപ്പ്, തളർച്ച ഉണ്ടായാൽ.

·∙കാലുകളിലേക്കു പടരുന്ന വേദന അതികഠിനമായാൽ.

·∙സ്വയം അറിയാതെ മലമൂത്ര വിസർജ്ജനം നടക്കുകയോ മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്താൽ.

∙ ഇരിക്കുമ്പോൾ പ്രതലവുമായിമായി സമ്പർക്കത്തിലാവുന്ന ഭാഗത്തോ, ജനനേന്ദ്രിയത്തിലോ മരവിപ്പ് ഉണ്ടായാൽ

·∙ നടുവേദനയ്ക്കൊപ്പം  ശക്തമായ പനി ഉണ്ടെങ്കിൽ

∙ വൃക്ക, മൂത്രാശയ രോഗികൾക്കോ, സ്റ്റിറോയിഡുകൾ, പ്രതിരോധത്തെ ബാധിക്കുന്ന മരുന്നുകൾ കഴിക്കുന്നവർക്കോ നടുവേദന വന്നാൽ

∙ നിങ്ങളുടെ പുറകുവശത്ത് നിന്ന്, തോളുകൾക്കിടയിലേക്ക് വേദന വരുന്നതായി തോന്നിയാൽ.

∙ നടുവേദനയ്ക്കൊപ്പം ലൈംഗികശേഷി കുറവ്  ഉണ്ടായാൽ.

∙അസ്ഥിശോഷണത്തിനു ചികിത്സ ചെയ്യുന്നവർ, കാൻസറുള്ളവർ, · കാൻസർ ചരിത്രമുള്ളവർ–എന്നിവർക്ക് നടുവേദന കണ്ടാൽ

∙രാത്രി ഉറക്കത്തെ ബാധിക്കുന്ന നടുവേദന ഉണ്ടായാൽ.

∙പിൻഭാഗത്ത് ഒരു വീക്കം അല്ലെങ്കിൽ വൈകല്യം കണ്ടാൽ.

ഈ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായ ഒന്നിന്റെ അടയാളമാവാം. അവ അടിയന്തരമായി പരിശോധിക്കേണ്ടതുണ്ട്. അപായകരമായതെന്തെങ്കിലും ഉണ്ടാകുമെന്ന് പേടിക്കേണ്ടതില്ല. എങ്കിലും യഥാസമയം രോഗനിർണ്ണയം നടന്നു, ശരിയായ അവസരത്തിൽ ചികിത്സ ലഭിച്ചാൽ വലിയ പ്രത്യാഘതങ്ങൾ ഒഴിവാക്കാം; കേടുപാടുകൾ കുറക്കാം.

ഡോ. രാജേഷ് വി.

സീനിയര്‍ കൺസൽറ്റന്റ്,

ഓർത്തോപീഡിക് സർജൻ,

മാതാ ഹോസ്പിറ്റൽ,

കോട്ടയം

Tags:
  • Daily Life
  • Manorama Arogyam