ജാമി സ്കോട്ട് എന്ന ബ്രിട്ടീഷ് പൗരൻ ഓക്സ്ഫഡ് - ആസ്ട്രാസെനക വാക്സീനെതിരെ കോടതിയിൽ നൽകിയ പരാതിയും അതിൽ കമ്പനി എടുത്ത നിലപാടും കൊറോണക്കാലത്തിനു ശേഷം ഈ വാക്സീനെ ഒരിക്കൽ കൂടി ലോകമൊട്ടാകെ ശ്രദ്ധാകേന്ദ്രമാക്കി.
കോവിഡ്- 19 ചൈനയിൽ പ്രത്യക്ഷപ്പെട്ട്, ആദ്യത്തെ ആഴ്ചകൾക്കുള്ളിൽ തന്നെ ആ വൈറസിന്റെ പൂർണ ജനിതക ഘടന (genome) ശാസ്ത്രജ്ഞർക്കു കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നു. ആ മഹത്തായ നേട്ടമാണ് ഒരു വർഷത്തിനുള്ളിൽ തന്നെ അഞ്ചോ ആറോ വാക്സീനുകളുടെ നിർമിതിയിലേക്ക് നയിച്ചത്.
ഇന്ത്യയിൽ 2021 ന്റെ തുടക്കത്തിൽ തന്നെ കോവിഷീൽഡ്, കോവാക്സീൻ എന്നീ രണ്ടു വാക്സീനുകൾ നൽകാൻ സർക്കാർ അനുമതി നൽകിയിരുന്നു. ലോകത്തെമ്പാടുമായി 1358 കോടി ആളുകളും ഇന്ത്യയിൽ 175 കോടി ജനങ്ങളും ലഭ്യമായ വാക്സീനുകളിൽ ഏതെങ്കിലും സ്വീകരിച്ചവരാണ്. ഇന്ത്യയിൽ ഏകദേശം 145 കോടിയിലധികം പേരാണ് കോവിഷീൽഡ് വാക്സീൻ സ്വീകരിച്ചത്.
ഓക്സ്ഫഡ്- ആസ്ട്രസെനക്ക കമ്പനിയുമായുണ്ടാക്കിയ ധാരണയനുസരിച്ച് ഇന്ത്യൻ കമ്പനിയായ സീറം ഇൻസ്റ്റിട്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച ChAdox1 വാക്സീനാണ് കോവിഷീൽഡ്. ആസ്ട്രസെനക്കാ എന്ന ബ്രിട്ടീഷ്-സ്വീഡൻ കമ്പനി ചിത്രത്തിൽ വരുന്നത് വാക്സിന്റെ ഫണ്ടിങ്- മാർക്കറ്റിങ് ഏജൻസിയായി മാത്രമാണ്. ഫണ്ടിങ് ഏജൻസി ആയതിനാൽ വാക്സീന്റെ പേറ്റന്റ് അവരുടെ പേരിലാണ് ലഭ്യമാവുക.
2020 ഡിസംബറിൽ ബ്രിട്ടനിൽ വാക്സീന് അനുമതി ലഭിച്ചപ്പോൾ തന്നെ ഏതൊരു പുതിയ മരുന്നും /വാക്സീനും മാർക്കറ്റിലിറക്കുമ്പോൾ ആധുനിക വൈദ്യശാസ്ത്രം അനുശാസിക്കുന്ന രീതിയിൽ വാക്സീന്റെ ഗുണവശങ്ങളോടൊപ്പം ആശാസ്യമല്ലാത്ത ഫലങ്ങളും കമ്പനി കൃത്യമായി പ്രഖ്യാപിച്ചിരുന്നു. ലോകാരോഗ്യ സംഘടനയാവട്ടെ 2021 മെയ് മാസത്തിലും വീണ്ടും പിന്നീട് ജൂൺ 2023ലും വാക്സീന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ആധികാരികമായ രേഖകൾ പുറത്തിറക്കിയിരുന്നു താനും.
രക്തക്കട്ടകളുണ്ടാക്കും ടിടിഎസ്
വാക്സീനിന്റെ പ്രധാന പാർശ്വഫലമായ ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രം ( Thrombosis with thrombocytopenia syndrome -TTS) എന്ന ഗുരുതരാവസ്ഥയെക്കുറിച്ചും മരുന്നു കമ്പനിയും, ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പു നൽകിയിരുന്നു. രക്തക്കട്ടകളുണ്ടാവുകയും (clots) പ്ലേറ്റ്ലെറ്റുകളുടെ (Platelets) എണ്ണം ക്രമാതീതമായി കുറഞ്ഞു പോവുകയുമാണ് ടിടിഎസിന്റെ പ്രധാന പ്രശ്നങ്ങൾ. അനിയന്ത്രിതമായ രക്തവാർച്ചയിലേക്കും മറ്റു സങ്കീർണതകളിലേക്കും ഇതു നയിച്ചേക്കാം. ശ്വാസംമുട്ട്, നെഞ്ചുവേദന, കാലുകളിൽ വേദന / നീര്, കഠിനമായ വയറുവേദന, കടുത്ത തലവേദന എന്നിവയൊക്കെയാണ് സാധാരണ രോഗലക്ഷണങ്ങൾ.
എന്നാൽ, കോടതിയിൽ ടിടിഎസിന്റെ സാദ്ധ്യതകളെ കമ്പനി ശരിവെച്ചത്, മറച്ചുവെച്ച പുതിയ കാര്യം എന്ന നിലയിലാണ് വാക്സീൻ വിരുദ്ധർ ലോകമെമ്പാടും കൊണ്ടാടിയത്.
1918-ൽ കോവിഡ്- 19 നെ അപേക്ഷിച്ച് പ്രസരണശേഷി വളരെ കുറഞ്ഞ സ്പാനിഷ് ഫ്ലൂ താരതമ്യേന കുറച്ചു രാജ്യങ്ങളിൽ മാത്രം പരന്നിട്ടു പോലും അഞ്ചു കോടി മനുഷ്യരുടെ മരണത്തിനു കാരണമായ ദാരുണ കഥ നാം ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്. കോവിഡ് - 19 ലോകത്തിലെ മിക്കവാറും രാജ്യങ്ങളിൽ മുഴുവൻ പടർന്നുപിടിച്ചിട്ടും ഇന്നുവരെ മനുഷ്യകുലം അറിഞ്ഞ എറ്റവും സംക്രമണ ശേഷി കൂടിയ രോഗങ്ങളിലൊന്നായിട്ടും മരണം 67 ലക്ഷത്തിൽ താഴെ ഒതുക്കാൻ കഴിഞ്ഞത് വാക്സീൻ കൊണ്ടു മാത്രമാണ്..
ഇന്ത്യയിൽ ഒരു കോടി വാക്സീൻ സ്വീകർത്താക്കളിൽ 3 - 4 പേർക്ക് മാത്രമാണ് ടിടിഎസ് വരുന്നതിനുള്ള സാധ്യത. പടിഞ്ഞാറൻ രാജ്യങ്ങളിലും യൂറോപ്പിലും അതു പത്തുലക്ഷത്തിൽ നാല് ടിടിഎസ് എന്ന നിലയിൽ ഉയരുന്നുണ്ട്. ജനിതക പ്രശ്നങ്ങളാണ് അസാധാരണമായ ഈ ഗുരുതരാവസ്ഥക്ക് കാരണം. പ്രതിരോധ വ്യവസ്ഥയുടെ ആണിക്കല്ലായ പ്ലേറ്റ്ലറ്റ് ഫാക്ടർ 4 എന്ന പ്രോട്ടീനിൽ (PF4) വരുന്ന ഉൽപരിവർത്തനമാണ് (Mutation) ഇതിലേക്കു നയിക്കുന്നത്.
കോവിഡ് കൊണ്ടും വരാം
അപൂർവമായ ഈ അസുഖം വാക്സീൻ കൊണ്ടുമാത്രമാണു സൃഷ്ടിക്കപ്പെടുന്നത് എന്ന വാദം തികച്ചും വാസ്തവ വിരുദ്ധമായ കാര്യമാണ്. യഥാർത്ഥത്തിൽ കോവിഡ്- 19 വന്ന പത്തുലക്ഷം രോഗികളിൽ 25-60 പേർക്ക് ടിടിഎസ് വരുന്നുണ്ട്. അതായത് വാക്സീൻ സ്വീകർത്താക്കളെ അപേക്ഷിച്ച് ഇന്ത്യയിലെ കോവിഡ് രോഗികൾക്ക് ടിടിഎസ് വരാൻ 70 ഇരട്ടിയിലധികം സാധ്യതയുണ്ട് എന്നർത്ഥം. ഈ സാധ്യതയാണ് കോവിഡ് വാക്സീന്റെ ഉപയോഗം വഴി തടയാൻ കഴിഞ്ഞത്.
മറ്റൊരു പ്രധാന വസ്തുത, ടിടിഎസ് അടക്കമുള്ള പാർശ്വഫലങ്ങൾ എല്ലാം തന്നെ ആദ്യത്തെ 33 ദിവസങ്ങൾക്കുള്ളിലാണ് പ്രത്യക്ഷപ്പെടുക എന്നുള്ളതാണ്. അതുകൊണ്ടുതന്നെ രണ്ടുവർഷത്തിനു ശേഷം ഒട്ടും സാംഗത്യമില്ലാത്ത ആരോപണമാണ് വാക്സീനു നേരെ ഉയർത്തുന്നത്.
ഏറ്റവും ഒടുവിൽ ആസ്ട്രാസെനക്ക വിപണിയിൽ നിന്നു വാക്സീൻ പിൻവലിച്ചതു വലിയ ചർച്ചക്ക് വഴിയൊരുക്കുകയുണ്ടായി. മോഡേൺ മെഡിസിനിന്റെ ഫാർമക്കോ വിജിലൻസിന്റെ മികവാണ് ഇതിന്റെ അടിസ്ഥാനം. ഓരോ മരുന്നുകൾക്കും പകരം കൂടുതൽ മികച്ച, പാർശ്വഫലങ്ങൾ വീണ്ടും കുറഞ്ഞ മരുന്നുകൾ കണ്ടുപിടിക്കുമ്പോൾ ആദ്യത്തെ മരുന്നു പിൻവലിക്കുകയും പുതിയ മരുന്നു വിപണിയിൽ ഇറക്കുകയുമാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ധാർമികതയും നൈപുണ്യവും.
ഇന്ത്യയിൽ 30 കോടിയിലധികം പേർ സ്വീകരിച്ച കോവാക്സിൻ, അഡിനോവൈറസ് വെക്ടർ വാക്സീനുകളിൽ (കോവിഷീൽഡ്) നിന്നു വ്യത്യസ്തമായി, ഒരു നിർജീവ (killed vaccine) വാക്സീൻ ആയതു കൊണ്ടുതന്നെ ഇത്തരം ഗുരുതരാവസ്ഥകൾക്കു സാധ്യത കുറവാണ്. കോവിഷീൽഡ് വാക്സിനെ കുറിച്ചുള്ള ചർച്ചകൾ മാധ്യമങളിൽ വന്നു തുടങ്ങിയപ്പോൾ തന്നെ ഈ ഇന്ത്യൻ നിർമിത വാക്സീൻ ടിടിഎസ് പോലുള്ള അത്യപൂർവ ഗുരുതരാവസ്ഥകൾ ഉണ്ടാക്കില്ലെന്നു നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു.
കോവിഷീൽഡ് വാക്സീൻ സ്വീകർത്താക്കൾ ഒട്ടും ഭയപ്പെടേണ്ടതില്ല എന്നതാണ് ഈ ചർച്ചയുടെ ഫലശ്രുതി.
(പ്രമുഖ ശിശുരോഗവിദഗ്ധനും എഴുത്തുകാരനുമാണു ലേഖകൻ)