Wednesday 19 June 2024 11:15 AM IST : By സ്വന്തം ലേഖകൻ

ആസ്ബറ്റോസ് ഷീറ്റ് ഇട്ട മുറികളിൽ കിടക്കുന്നത് കാൻസറിനു കാരണമാകുമോ? ഒഴിവാക്കാം ഈ 5 സാഹചര്യങ്ങൾ

canp43243

വാഹനങ്ങളിൽ നിന്നുള്ള വിഷപ്പുക, കുടിവെള്ള മലിനീകരണം, അൾട്രാവയലറ്റ് രശ്മികൾ എന്നിങ്ങനെ നിത്യജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ഒട്ടേറെ കാര്യങ്ങളെ ഇന്ന് അർബുദകാരണങ്ങളായി ചേർത്തു വായിക്കുന്നുണ്ട്. എന്താണു യാഥാർഥ്യം എന്നറിയാം.


വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള വിഷപ്പുക കാൻസറിലേക്കു  നയിക്കുമോ ?

 ലോകത്തെ അർബുദബാധിതരുടെ കണക്കെടുപ്പിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ശ്വാസകോശഅർബുദബാധിതരുടെ എണ്ണം. കുട്ടികൾ മുതൽ  പ്രായമായവർ വരെ ശ്വാസകോശ അർബുദബാധിതരായുണ്ട്. ശ്വാസകോശ അർബുദം അതു കൊണ്ടു തന്നെ പുകവലികൊണ്ടു മാത്രം ഉണ്ടാകുന്നതാണ് എന്നു പറയാൻ കഴിയില്ല. പുകവലി ശ്വാസകോശ അർബുദത്തിന്റെ ഏറ്റവും പ്രധാനകാരണം ആണെങ്കിലും ക്രമാതീതമായ അന്തരീക്ഷ മലിനീകരണം പുകവലിക്കാത്തവർക്കിടയിൽ പോലും ശ്വാസകോശ അർബുദത്തിനു കാരണമാകുന്നു എന്നതാണു കണക്കുകൾ സൂചിപ്പിക്കുന്നത്. 

വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറന്തള്ളുന്ന പുക അതുകൊണ്ടു തന്നെ വായു മലിനീകരണത്തിനും അർബുദം വരാനുള്ള സാഹചര്യത്തിനും കാരണമാകുന്നുണ്ട്. കണികാമലിനീകരണം (particle pollution) ഇന്നു  ലോകം നേരിടുന്ന പ്രധാനപ്പെട്ട അന്തരീക്ഷ മലിനീകരണം ആണ്. പുകയിൽ അടങ്ങിയിരിക്കുന്ന സൂക്ഷ്മ കണങ്ങൾ, പ്രത്യേകിച്ച് 10 മൈക്രോ മീറ്ററിലും താഴെ വലു പ്പമുള്ളവ, ശ്വാസകോശത്തിന്റെ ഉള്ളിലേക്ക് എത്തിപ്പെടാൻ സാധ്യത ഉള്ളവയാണ്. ഇത്തരം കണങ്ങൾ പലതും അസിഡിക് സ്വഭാവം ഉള്ളതോ,  ലോഹകണങ്ങളോ, ആക്റ്റീവ് ഓർഗാനിക് കണങ്ങളോ ആകാൻ സാധ്യത ഏറെയാണ്. 

പ്ലാസ്റ്റിക് കത്തിക്കുന്നതു കാൻസറിനു കാരണമാണോ?

   പ്ലാസ്റ്റിക് കത്തുമ്പോൾ പുറത്തേക്കു വരുന്ന വാതകങ്ങൾ പലതും മനുഷ്യർക്കെന്ന പോലെ മൃഗങ്ങൾക്കും ഹാനികരമാണ്. പ്ലാസ്റ്റിക്കിൽ അടങ്ങിരിക്കുന്ന രാസവസ്തുക്കളുടെ സ്വഭാവം അനുസരിച്ചാണ്   ദോഷങ്ങൾ കണക്കാക്കുന്നത്.

അക്രിലിക് പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന മീതൈൽ അക്രലേറ്റ് പോലുള്ള വാതകം കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എങ്കിലും സാധാരണ പ്ലാസ്റ്റിക് കത്തുമ്പോൾ പുറത്തു വരുന്ന ബ്യുട്ടഡീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ വാതകങ്ങൾ അർബുദത്തിനു  പ്രധാന കാരണം ആകുന്നു എന്നാണു  പഠനങ്ങൾ സൂചിപ്പിക്കുന്നത്. കാൻസർ പഠനങ്ങൾ നടത്തുന്ന അന്താരാഷ്ട്ര ഏജൻസി ആയ െഎ എ ആർ സി- ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച് ഒാൺ കാൻസർ -  ( IARC)  ബ്യുട്ടഡീനെ ലുക്കീമിയയുടെ പ്രധാന കാരണങ്ങളിൽ ഒന്നായി കണക്കാക്കിയിട്ടുള്ളതാണ്. IARC പഠനങ്ങൾ പ്രകാരം ഫോർമാൽഡിഹൈഡ് മൂക്കിലേയും തൊണ്ടയിലെയും അർബുദത്തിനു  പ്രധാന കാരണം ആണ്.

ആസ്ബസ്റ്റോസ് അർബുദത്തിനു  കാരണം ആകുന്നു എന്നതിൽ അടിസ്ഥാനമുണ്ടോ ?  

വലിയ അളവിൽ ആസ്ബസ്റ്റോസ് കണങ്ങൾ ശ്വസന വ്യവസ്ഥയിൽ വരുന്നത് ശ്വാസകോശ കാൻസ റിനു  കാരണമാകും. ആസ്ബസ്റ്റോസ്  റൂഫ്   ഇട്ട മുറികളിൽ കിടക്കുന്നതു നേരിട്ടു  കാൻസറിനു കാരണം ആകില്ല.  പക്ഷെ കാലപ്പഴക്കം മൂലം ആസ്ബസ്റ്റോസ് ഷീറ്റുകളിൽ നിന്ന് ആസ്ബസ്റ്റോസ് പൊടി  വരുന്നുണ്ടെങ്കിൽ അതു  ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രത്യേകിച്ചും ആസ്ബസ്റ്റോസ് ഫാക്ടറികളിലെ  തൊഴിലാളികൾക്ക്. ഇത് മീസോതീലിയോമ , ശ്വാസകോശ കാൻസർ തുടങ്ങിയവയ്ക്കു  കാരണം ആകാം.

അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കാതിരിക്കുന്നതിലൂടെ ചർമ അർബുദത്തെ പ്രതിരോധിക്കാനാകുമോ?

അമിതമായി ചർമത്തിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ ആണ് ചർമകോശങ്ങളുടെ ഡി എൻ എ യുടെ നാശത്തിനു കാരണമാകുന്നത്. കോശങ്ങളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഡി എൻ എ യുടെ അപര്യാപ്തത കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയ്ക്കും വിഘടനത്തിനും വഴി തെളിക്കുകയും അതു വഴി ചർമകോശ കാൻസറിനു  കാരണമാവുകയും ചെയ്യുന്നു.അമിതമായ തോതിൽ സൂര്യ പ്രകാശം, പ്രത്യേകിച്ച് പകൽ പത്തുമണി മുതൽ വൈകിട്ടു  നാല് മണി വരെ, കൊള്ളാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായ മുൻകരുതൽ. എസ് പി എഫ് 30 നു മുകളിൽ വരുന്ന സൺ സ്ക്രീൻ ക്രീം   ഉപയോഗിക്കുന്നതും നല്ലൊരു മുൻകരുതൽ ആണ്.

കുടിവെള്ള മലിനീകരണം ഒഴിവാക്കുന്നതിലൂടെ ഏതെങ്കിലും വിധത്തിൽ കാൻസറിനെ തടയാനാകുമോ? പ്രത്യേകമായി ആഴ്സെനിക്കിന്റെ അംശം കലരുന്നതും മറ്റും?

ശുദ്ധമായവെള്ളം ആരോഗ്യമായ ശരീരത്തിന് ഏറ്റവും അനിവാര്യ ഘടകമാണ്. കുടിവെള്ള മലിനീകരണം ഒഴിവാക്കുന്നതു  കാൻസറിനെ  മാത്രമല്ല മറ്റു പല ആരോഗ്യ പ്രശ്നങ്ങളെയും ഒഴിവാക്കുന്നതിനും  പ്രധാനമാണ്. ലോഹങ്ങളുടെ അമിതമായ സാന്നിധ്യമുള്ള കുടിവെള്ളം സ്ഥിരമായി ഉപയോഗിക്കുന്നത് പലപ്പോഴും  കാൻസറിനു  കാരണം ആകുന്നുണ്ട്. പഠനങ്ങളിൽ പറയുന്നത് കുടിവെള്ളത്തിൽ ആഴ്സനിക് , നൈട്രേറ്റ്, ഡിസിൻഫെക്ഷൻ ബൈ പ്രോഡക്ട് (DBP) എന്നിവയുടെ അളവ് കൂടുകയാണെങ്കിൽ പലതരത്തിൽ ഉള്ള കാൻസറിനു  സാധ്യതയുണ്ട്  എന്നാണ്.  പ്രത്യേകിച്ച് ആഴ്സനിക്കിന്റെ അളവ് കൂടുകയാണെങ്കിൽ മൂത്രാശയ കാൻസറിനു  കാരണമാകാം. നൈട്രേറ്റിന്റെയും  DBP യുടെയും അളവ് ക്രമാതീതമായി കൂടിയാൽ ആമാശയം, തൈറോയ്ഡ്, വൃക്ക, അണ്ഡാശയം തുടങ്ങിയ അവയവങ്ങളിൽ കാൻസർ സാധ്യതയുണ്ടെന്നു പഠനങ്ങളിൽ പറയുന്നുണ്ട്. അതുകൊണ്ട് ശുദ്ധമായ വെള്ളം കുടിക്കുവാൻ  നാം ശ്രദ്ധിക്കണം. 

ഡോ. സ്നിഗ്ധ  പി. പി. , അസിസ്‌‌റ്റന്റ് പ്രഫസർ 

റേഡിയേഷൻ ഒാങ്കോളജി വിഭാഗം

ഗവ. മെഡി. കോളജ് , കോട്ടയം 

Tags:
  • Manorama Arogyam