Friday 31 December 2021 11:27 AM IST

ക്ഷീണവും വരുതിയിൽ നിൽക്കാത്ത പ്രമേഹവും ടിബി ലക്ഷണമാകാം: കോവിഡ് വന്ന പ്രമേഹരോഗികൾ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

Asha Thomas

Senior Sub Editor, Manorama Arogyam

tbcorew

മാസ്ക് ധരിക്കുകയും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യുക പോലുള്ള കോവിഡ് പ്രതിരോധനടപടികൾ മൂലം ക്ഷയരോഗം പോലെയുള്ള ശ്വാസകോശ അണുബാധകളുടെ പകർച്ച വലിയ തോതിൽ കുറഞ്ഞു എന്നത് വലിയ നേട്ടമാണ്. എങ്കിലും കോവിഡ് ക്ഷയരോഗനിയന്ത്രണത്തിൽ ആഴത്തിലുള്ള ചില പരിക്കുകളേൽപിച്ചിട്ടുണ്ട് എന്നത് നിഷേധിക്കാനാകാത്ത കാര്യമാണ്. കോവിഡിനെ ഭയന്ന് പുറത്തുപോയി ചികിത്സ തേടുന്നത് കുറഞ്ഞതു കൊണ്ട് ടിബി റിപ്പോർട്ടിങ് കുറ‍ഞ്ഞു എന്നതു മാത്രമല്ല കാര്യം. പ്രമേഹ രോഗം ഉള്ളവരെ പോലെ പ്രതിരോധശേഷിക്കുറവ് ഉള്ളവരിൽ ഉറങ്ങിക്കിടന്ന ടിബി അണുക്കൾ (ലേറ്റന്റ് ടിബി) കോവിഡിനെ തുടർന്ന് ശക്തിയാർജിച്ച് പെട്ടെന്നു ടിബി രോഗമായി മാറുന്ന അവസ്ഥ വർധിച്ചിട്ടുണ്ട് എന്ന് പ്രമേഹചികിത്സാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

പ്രമേഹരോഗബാധിതർക്ക് ക്ഷയരോഗം പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണെന്നു തെളിയിക്കപ്പെട്ട വസ്തുതയാണ്. പ്രമേഹരോഗത്തോടൊപ്പം കോവിഡ് 19 ഉം കൂടിചേരുമ്പോൾ ടിബി അണുബാധ രോഗമായി മാറുന്ന സാധ്യതയ്ക്ക് ശക്തി കൂടുകയാണ്. ക്ഷയരോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്ന ആപത്ഘടകമാണ് പ്രമേഹം എന്നതുപോലെ തന്നെ കോവിഡ് 19 രോഗം പിടിപെടാനും സങ്കീർണമാകാനുള്ള സാധ്യത കൂട്ടുന്ന ഒന്നുകൂടിയാണ്. പ്രമേഹരോഗം ഉള്ളവരിൽ ടിബി ചികിത്സിച്ചു ഭേദമാക്കുന്നതും ബുദ്ധിമുട്ടേറിയ കാര്യമാണ്. 2021 ലെ ടിബി റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ പ്രമേഹരോഗികളിൽ 31 ശതമാനത്തിനും ക്ഷയരോഗമുണ്ട്.  

‘‘ കോവിഡ് വന്നവരിൽ രണ്ടുതരത്തിൽ പ്രതിരോധശേഷിയിൽ ഇടിവു വരാം. ഒന്ന്, കോവിഡ് വൈറസ് മൂലമുള്ള പ്രതിരോധശേഷി കുറയൽ, രണ്ട്, സ്റ്റിറോയ്ഡ് ചികിത്സ പോലുള്ള കോവിഡിനുള്ള ചികിത്സ കൊണ്ട് പ്രതിരോധശേഷിയിൽ വരുന്ന ഇടിവ്. അപ്പോൾ പ്രമേഹം ഉള്ളവരിലാണ് കോവിഡ് പിടിപെടുന്നതെങ്കിൽ ശരീരത്തിന്റെ പ്രതിരോധശേഷിയിൽ മൂന്നിരട്ടി കുറവു വരികയാണ്. തന്മൂലം ഉള്ളിൽ നിർജീവമായി കിടന്നിരുന്ന (ഡോർമന്റ്) ടിബി അണുക്കൾ സജീവമാകുന്നത് പെട്ടെന്നു ടിബി രോഗമാകാൻ കാരണമായേക്കാം. ’’ മുതിർന്ന പ്രമേഹരോഗവിദഗ്ധനും കോഴിക്കോട് ഡയാബ് കെയർ ഇന്ത്യയുടെ ചെയർമാനുമായ ഡോ. പി. സുരേഷ്കുമാർ പറയുന്നു.

‘‘ പ്രമേഹരോഗികളിൽ പലരിലും സാധാരണയായുള്ള ടിബിയുടെ ലക്ഷണങ്ങളോടെയല്ല (Atypical Symptoms) ക്ഷയരോഗം പ്രകടമാവുന്നത് എന്നതും ശ്രദ്ധേയമാണ്. പനി, ചുമ, ഭാരം കുറയൽ പോലുള്ള ലക്ഷണങ്ങളൊന്നും കാണണമെന്നില്ല. ചെറിയൊരു ക്ഷീണം, ചികിത്സ ചെയ്തിട്ടും രക്തത്തിലെ പഞ്ചസാര താഴാതിരിക്കുക, സാധാരണയിൽ കവിഞ്ഞ ഡോസിലുള്ള ഇൻസുലിനോടു പോലും പ്രതികരിക്കാതിരിക്കുക, ഇഎസ്ആർ കൂടിക്കാണുക എന്നിവയൊക്കെ കോവിഡ് വന്ന പ്രമേഹരോഗികളിൽ കാണുകയാണെങ്കിൽ വിശദമായ പരിശോധനകൾ നടത്തണം.

പക്ഷേ, സാധാരണഗതിയിൽ ശരീരഭാരം കുറയുക, ക്ഷീണം എന്നിവയൊക്കെ പ്രമേഹരോഗത്തിന്റെ പാർശ്വഫലങ്ങളായിട്ടാവും ആളുകൾ കരുതുക. ടിബി പോലുള്ളൊരു അണുബാധയുടെ ഫലമാണെന്ന് ആരും ആലോചിക്കില്ല. അതുകൊണ്ടു തന്നെ ക്ഷയരോഗം തിരിച്ചറിയപ്പെടാൻ വൈകിപ്പോകാം.

പ്രമേഹരോഗിയിലെ മാറാത്ത ചുമ

കോവിഡ് വന്നതുകൊണ്ട് പോസ്റ്റ് കോവിഡ് ഫോളോ അപ് പരിശോധനകളുടെയും മറ്റും ഭാഗമായി എക്സ് റേ പോലുള്ള ശ്വാസകോശ സംബന്ധമായ പരിശോധനകൾ നടത്തുന്നത് വർധിച്ചിട്ടുണ്ട്. ഇങ്ങനെ ചെസ്റ്റ് എക്സ് റേ എടുക്കുന്ന സമയത്ത് ടിബി പോലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനാകും. പക്ഷേ, പലപ്പോഴും കോവിഡ് ഭേദമായ ശേഷം വരുന്ന ചുമയെ ഡോക്ടർമാരും പോസ്റ്റ് കോവിഡ് ചുമ എന്നു നിസ്സാരമാക്കുകയാണ് പതിവ്. അതും പ്രമേഹരോഗികളാണെങ്കിൽ വലിയ അപകടത്തിന് ഇടയാക്കാമെന്നു ഡോ. സുരേഷ് പറയുന്നു.

‘‘ഈയടുത്ത് ഒരു കേസ് കണ്ടത് ഒാർക്കുന്നു. പ്രമേഹരോഗിയാണ്. കോവിഡിന്റെ സമയത്ത് നല്ല ചുമയുയായി ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. കോവിഡ് മാറിയിട്ടും ചുമ മാറിയില്ല. ഡോക്ടറെ കണ്ടപ്പോൾ പോസ്റ്റ് കോവിഡ് ചുമ ആണ്, പതിയെ മാറിക്കോളും എന്നു പറഞ്ഞു. എക്സ് റേ എടുത്തപ്പോൾ ശ്വാസകോശത്തിന്റെ രണ്ടു ലോബിലും എന്തോ പ്രശ്നം കണ്ടെങ്കിലും ടിബിയുടേതാണെന്ന് അപ്പോൾ മനസ്സിലായില്ല.

രണ്ടു മാസമായിട്ടും ചുമ മാറുന്നില്ലെന്നു മാത്രമല്ല രക്തത്തിലെ ഷുഗർ നിരക്ക് വല്ലാതെ വർധിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് എന്റെയടുത്തു വരുന്നത്. എക്സ് റേ എടുത്തുനോക്കിയപ്പോൾ ബൈ ലാറ്ററൽ ബേസൽ ന്യൂമോണൈറ്റിസ് പോലെ കാണുന്നു. എന്നാൽ, കോവിഡ് മാറി രണ്ടുമാസം കഴിഞ്ഞിട്ട് ന്യൂമോണൈറ്റിസ് സാധാരണ കാണാറില്ല. അതുകൊണ്ട് ഒരു സിടി സ്കാൻ എടുക്കാൻ നിർദേശിച്ചു. സിടി സ്കാൻ എടുത്തപ്പോൾ ക്ഷയരോഗമാണ് പ്രശ്നമെന്നു വ്യക്തമായി.

സാധാരണഗതിയിൽ ശ്വാസകോശത്തിന്റെ മുകൾഭാഗത്താണ് (Upper lobe) ടിബിയുടെ ലീഷൻസ് കൂടുതലുണ്ടാവുന്നത്. ഈ രോഗിയുടെ കാര്യത്തിൽ ശ്വാസകോശത്തിന്റെ താഴ്ഭാഗത്ത് ഇരു ലോബുകളിലും ലീഷൻസ് ഉണ്ടായിരുന്നു. കാണുമ്പോൾ സാധാരണഗതിയിൽ ടിബി ആണെന്നു സംശയിക്കുകയില്ല.

drsuresh

ശരീരത്തിൽ വ്യാപിക്കുന്ന ടിബിയും

സാധാരണഗതിയിൽ ടിബി എന്നു പറയുമ്പോൾ ശ്വാസകോശം പോലെ ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്ത് അണുബാധ ഉണ്ടായിട്ട് ക്യാവിറ്റി ഉണ്ടാക്കി അവിടെയുള്ള കോശങ്ങളെ ക്ഷയിപ്പിക്കുക ആണ് കാണുക. പക്ഷേ, അനിയന്ത്രിതമായ പ്രമേഹരോഗം ഉള്ളവരെ പോലെ വലിയ തോതിൽ ഇമ്യൂണോകോംപ്രമൈസ്ഡ് ആയ ചില ആളുകളിൽ ടിബി അണുക്കൾ രക്തം വഴി ശരീരത്തിൽ എല്ലാ ഭാഗത്തേക്കും, എല്ലാ കോശകലകളിലേക്കും വ്യാപിക്കുന്നതായും കാണുന്നു; അർബുദം വ്യാപിക്കുന്നതുപോലെ. ഇതിനെ ഡിസ്സെമിനേറ്റഡ് ടിബി എന്നാണ് പറയുക. കടുത്ത ക്ഷീണം, ഭാരം കുറയുക, പ്രത്യേകിച്ച് ഷുഗർ വളരെ അനിയന്ത്രിതമാവുക, രക്തപരിശോധനയിൽ ഇഎസ്ആർ, സിആർപി എന്നീ അണുബാധ സൂചകങ്ങൾ വളരെ ഉയർന്നു കാണുക എന്നിവയാണ് ഡിസ്സെമിനേറ്റഡ് ടിബിയിൽ സാധാരണ കാണുന്ന ലക്ഷണങ്ങൾ.

ഇവരിൽ ശ്വാസകോശത്തിന്റെ എക്സ് റേ എടുത്താലും ചെറിയ കുത്തുകൾ പോെലയേ കാണുകയുള്ളൂ. കോവിഡിനു ശേഷം വരാവുന്ന ലങ് ഫൈബ്രോസിസിന്റെ ലക്ഷണമായും ഇതേപോലെയുള്ള കുത്തുകൾ കാണപ്പെടാം. അതുകൊണ്ട് ഇങ്ങനെയുള്ള കേസുകളിൽ ഡോക്ടർമാർ ആശയക്കുഴപ്പത്തിലാകും. ടിബിയാണോ അതോ പൾമനറി ഫൈബ്രോസിസ് ആണോ എന്ന്. ഇവരിൽ കഫം പരിശോധിച്ചു നോക്കിയാലും ടിബി ആണെന്നു തീർച്ചപ്പെടുത്താൻ സാധിക്കണമെന്നില്ല.

ഒരു രോഗിയുടെ ഉദാഹരണം പറയാം. മരുന്നു കഴിച്ചിട്ടും പഥ്യം നോക്കിയിട്ടും നിയന്ത്രിക്കാനാവാത്ത പ്രമേഹവുമായി വന്ന രോഗി. അവർക്ക് കോവിഡ് വന്നുഭേദമായതാണ് ഭാരം നന്നായി കുറഞ്ഞിട്ടുണ്ട്. ഷുഗർ കൂടുമ്പോൾ സാധാരണ വിശപ്പു വർധിക്കുകയാണ് ചെയ്യുക. ഇവർക്ക് വിശപ്പ് തീരെ ഇല്ല. ഇൻസുലിൻ എടുത്തിട്ടും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സാധിക്കുന്നില്ല. എക്സ് റേ എടുത്തുനോക്കിയപ്പോൾ ശ്വാസകോശത്തിൽ ചെറിയ കുത്തുകൾ പോെലയുള്ള പാടുകൾ വ്യക്തമായിട്ടുണ്ട്. കോവിഡ് സുഖമായ ശേഷംമുള്ള ഘട്ടത്തിൽ എടുത്ത ചെസ്റ്റ് എക്സ് റേയിലേക്കാളും പാടുകൾ തെളിഞ്ഞിട്ടുണ്ട്. സാധാരണഗതിയിൽ പാടുകളുടെ എണ്ണം കുറയുകയും മങ്ങുകയുമൊക്കെ ചെയ്യേണ്ടതാണ്. അതുകൊണ്ട് സിടി സ്കാൻ നിർദേശിച്ചു. അപ്പോഴാണ് ഡിസ്സെമിനേറ്റഡ് ടിബി സംശയിക്കുന്നുവെന്നു റിപ്പോർട്ട് വരുന്നത്.

ഉടനെ തന്നെ തൊട്ടടുത്തുള്ള ടിബി സെന്ററിലേക്ക് റഫർ ചെയ്തു. അവിടെ ടിബിയുടെ ചികിത്സ ആരംഭിച്ച് മൂന്നു നാല് ആഴ്ചകൾക്കുള്ളിൽ തന്നെ പ്രമേഹമരുന്നുകളോട് രോഗിയുടെ ശരീരം പ്രതികരിച്ചുതുടങ്ങി, ഷുഗർനിലയൊക്കെ നിയന്ത്രിതമായി. ’’ ഡോ. സുരേഷ് പറയുന്നു.

ചികിത്സയിൽ ശ്രദ്ധിക്കാൻ

പ്രമേഹരോഗികൾക്ക് ടിബി പിടിപെടുമ്പോൾ രണ്ടും അങ്ങോട്ടുമിങ്ങോട്ടും നില വഷളാക്കാനിടയുണ്ടെന്നു വിദഗ്ധർ പറയുന്നു. അതായത് ഇവരിൽ ശരീരത്തിലെ ഷുഗർനിരക്ക് വരുതിയിൽ നിർത്താൻ (Glycemic control) പ്രയാസമായിരിക്കും, അതുപോലെ തന്നെ ക്ഷയരോഗനിയന്ത്രണം താരതമ്യേന കുറച്ച് മന്ദഗതിയിലായിരിക്കും. അതുകൊണ്ട് പ്രമേഹമുള്ള ക്ഷയരോഗബാധിതരിൽ കുറച്ചുകൂടി കർശനമായ മോണിട്ടറിങ്ങിന്റെ ആവശ്യമുണ്ട്. ഇല്ലായെന്നുണ്ടെങ്കിൽ ചികിത്സ പരാജയപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

ക്ഷയേരാഗമുള്ള പ്രമേഹബാധിതരിൽ സാധാരണ ക്ഷയരോഗത്തിനുള്ള ഡോട്സ് ചികിത്സ തന്നെ മതിയെങ്കിലും ഷുഗർ നിയന്ത്രണം കൃത്യമായി നടപ്പിലാക്കാൻ ശ്രദ്ധിക്കണം. പ്രമേഹത്തിനുള്ള മരുന്നുകൾ കൃത്യമായി കഴിക്കണം. ചിലപ്പോൾ, ഗുളികകഴിക്കുന്നവർക്ക് ഇൻസുലിൻ കുത്തിവയ്പിലേക്ക് മാറേണ്ടി വരും. ഇതൊക്കെ കൃത്യമായി നടപ്പിലാക്കണം. പ്രമേഹരോഗബാധിതരായ ക്ഷയരോഗികളിൽ ക്ഷയരോഗം വീണ്ടും വരാൻ ബാക്കിയുള്ളവരെ അപേക്ഷിച്ച് നേരിയ സാധ്യത കൂടുതലാണ്. ക്ഷയരോഗചികിത്സയുടെ സമയത്ത് ഗ്ലൂക്കോസ് നിയന്ത്രണത്തിൽ കാണിച്ചിരുന്ന ജാഗ്രത തുടർന്നും നിലനിർത്താതിരുന്നാൽ പ്രത്യേകിച്ചും. അതുകൊണ്ട് ക്ഷയരോഗം ഭേദമായ ശേഷവും പ്രമേഹത്തെ നിയന്ത്രണത്തിൽ നിർത്താൻ പ്രത്യേകം ജാഗ്രത പുലർത്തണം.

554654d ഡോ. രാകേഷ് പി എസ്, ഡോ. മനു എംഎസ്

പ്രമേഹരോഗികളിൽ ടിബി അണുബാധയ്ക്ക് സ്ക്രീനിങ് വേണോ?

പ്രമേഹരോഗബാധിതരിൽ ലേറ്റന്റ് ടിബി അഥവാ ടിബി അണുബാധ ആക്ടീവ് ടിബി രോഗമായി മാറാനുള്ള സാധ്യത കൂടുന്ന സാഹചര്യത്തിൽ ലേറ്റന്റ് ടിബി സ്ക്രീനിങ് നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണെന്നു ചില വിദഗ്ധരും ഈ മേഖലയിൽ നടന്ന ചില പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.

‘‘ നിലവിലുൽ നമ്മുടെ രാജ്യത്തിന്റെ പ്രോട്ടോക്കോളിൽ പ്രമേഹരോഗബാധിതർക്ക് ടിബി അണുബാധയുണ്ടോ (Latent TB) എന്നറിയാനുള്ള സ്ക്രീനിങ് നടത്താൻ നിർദേശമില്ല.’’ ഡോ. രാകേഷ് പി എസ് (മെഡി. കൺസൽറ്റന്റ്, ലോകാരോഗ്യസംഘടന, നാഷനൽ ടിബി എലിമിനേഷൻ പ്രോഗ്രാം) പറയുന്നു. ‘‘അതിനു രണ്ടു കാരണമാണുള്ളത്. എച്ച്ഐവി ബാധിതരിൽ ക്ഷയരോഗം പിടിപെടാനുള്ള സാധ്യത 10 മടങ്ങ് അധികമാണ്. ക്ഷയരോഗിയുമായി അടുത്തിടപെട്ട കുടുംബാംഗങ്ങൾക്ക് രോഗം വരാനുള്ള സാധ്യത 5–6 മടങ്ങ് സാധ്യത അധികമുണ്ട്. അതുകൊണ്ട് ഈ രണ്ട് ഗ്രൂപ്പിൽ പെട്ടവരിലും ടിബി സ്ക്രീനിങ് ചെയ്യുന്നുണ്ട്. ഇവരുമായി താരതമ്യം ചെയ്യുമ്പോൾ പ്രമേഹരോഗികൾക്ക് ക്ഷയരോഗം പിടിപെടാനുള്ള സാധ്യത കുറവാണ് (2–3 മടങ്ങ്). തന്നെയുമല്ല, പ്രമേഹരോഗം ഉള്ളവരുടെ എണ്ണം വളരെ കൂടുതലാണ് താനും. ഏതാണ്ട് 20 ശതമാനം പേർക്ക് പ്രമേഹരോഗം ഉണ്ട്. ഇത്രയും പേരെ സ്ക്രീൻ ചെയ്യാൻ മനുഷ്യവിഭവശേഷിയുടെ കുറവുണ്ട്. അതുകൊണ്ട് പ്രമേഹരോഗബാധിതരിൽ നേരത്തെ ടിബി രോഗം കണ്ടെത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. തീർച്ചയായും ലേറ്റന്റ് ടിബി സ്ക്രീനിങ് പോളിസി വരണമെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്ന എല്ലാവരുടെയും ആഗ്രഹം. ’’

സർക്കാർ ആശുപത്രികളിലെ സ്ക്രീനിങ് 

‘‘ പ്രമേഹരോഗമുള്ളവരിൽ ക്ഷയരോഗം പിടിപെടുന്ന അവസ്ഥ കോവിഡിനെ തുടർന്ന് വലിയ തോതിൽ കൂടിയെന്നൊന്നും പറയാനായിട്ടില്ല. ’’ സ്േറ്ററ്റ് ടിബി ട്രെയിനിങ് ആൻഡ് ഡെമോൺസ്ട്രേഷൻ സെന്റർ (എസ്ടിഡിസി) കൺസൽറ്റന്റ് ഡോ. മനു എം എസ് പറയുന്നു.

‘‘കോവിഡിനു മുൻപ് 2019 ൽ തന്നെ ക്ഷയരോഗനിയന്ത്രണത്തിന്റെ ഭാഗമായി നാഷനൽ ലെവലിൽ പ്രമേഹരോഗബാധിതരിൽ ടിബിയുടെ ലക്ഷണങ്ങൾക്കായും ക്ഷയരോഗബാധിതരിൽ പ്രമേഹമുണ്ടോ എന്നും ബൈ ഡയറക്‌ഷനൽ സ്ക്രീങ് നടത്തുന്നുണ്ടായിരുന്നു. കേരളത്തിൽ സർക്കാർ തലത്തിൽ ഏതാണ്ട് 1300 ഒാളം ജീവിതശൈലീ രോഗ (എൻസിഡി )ക്ലിനിക്കുകൾ ഉണ്ട്. ഈ എൻസിഡി ക്ലിനിക്കുകളിൽ എത്തുന്ന കോവിഡ് വന്നുപോയ പ്രമേഹബാധിതരിലും ടിബിയുടെ നാല് പ്രധാന ലക്ഷണങ്ങൾക്കായി സ്ക്രീനിങ് നടത്തുന്നുണ്ട്. ലക്ഷണങ്ങൾ ഉള്ളവരെ ക്ഷയരോഗ പരിശോധനയ്ക്കായി റഫർ ചെയ്യുകയും ചെയ്യുന്നു. എൻസിഡി ക്ലിനിക്കുകളിൽ വരുന്നവർ മിക്കവാറും തന്നെ പ്രതിരോധശേഷിയിൽ ഇടിവു വന്നവരാണ്. അവരിൽ ക്ഷയരോഗവ്യാപനം തടയുക എന്ന ഉദ്ദേശത്തോടെ കഫ് കോർണർ സംവിധാനവും നേരത്തെ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. ചുമ പോലെ ശ്വാസകോശരോഗ ലക്ഷണവുമായി വരുന്നവരെ കഫ് കോർണറിലേക്ക് പ്രവേശിപ്പിച്ച് ക്ഷയരോഗ സ്ക്രീനിങ് നടത്തുകയും മാസ്ക് ധരിക്കാൻ നൽകുകയും അവർക്ക് ആശുപത്രിയിൽ അധികം കഴിച്ചുകൂട്ടാതെ പെട്ടെന്നു തന്നെ ഡോക്ടറെ കണ്ട് മടങ്ങാവുന്ന രീതിയിൽ ചികിത്സ ഫാസ്റ്റ് ട്രാക്ക് ചെയ്യുകയും ചെയ്തിരുന്നു. അതിപ്പോഴും തുടരുന്നുണ്ട്. ’’

കോവിഡിനു ശേഷം തിങ്ക് എബൗട്ട് ടിബി

∙ കോവിഡ് വന്ന പ്രമേഹരോഗബാധിതരിൽ കോവിഡ് മാറിയശേഷമുള്ള ഘട്ടത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. മാസ്ക് ധരിക്കുന്നത് ക്ഷയരോഗ പകർച്ച കുറയ്ക്കുന്നുവെന്നു പറഞ്ഞെങ്കിലും വീടിനുള്ളിൽ മാസ്ക് ധരിക്കാൻ സാധ്യതയില്ലാത്തതിനാൽ ക്ഷയരോഗബാധിതരുമായി ഇടപഴകുന്ന സാഹചര്യത്തിലുള്ളവർ, അവർ പ്രമേഹരോഗികളാണെങ്കിൽ പ്രത്യേകിച്ചും പോസ്റ്റ് കോവിഡ് പരിശോധനകളിൽ ടിബി രോഗസാധ്യതയെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുകയും ആവശ്യമെങ്കിൽ പരിശോധനകൾക്ക് വിധേയരാവുകയും വേണം.

∙ പ്രമേഹരോഗം നിയന്ത്രിച്ചാൽ തന്നെ 15 ശതമാനം പേരിൽ ക്ഷയരോഗസാധ്യത കുറയ്ക്കാമെന്നു പഠനങ്ങൾ പറയുന്നു. കോവിഡ് കാലത്ത് പ്രത്യേകിച്ചും പ്രമേഹരോഗികൾ ഭക്ഷണം ക്രമീകരിക്കുക, വ്യായാമം ചെയ്യുക പോലുള്ള വഴികളിലൂടെ ഷുഗർ വരുതിയിലാക്കാൻ ശ്രദ്ധിക്കണം. ഇത് ക്ഷയരോഗസാധ്യത മാത്രമല്ല കോവിഡ് പിടിപെടാതിരിക്കാനും പിടിപെട്ടാൽ തന്നെ സങ്കീർണമാകാതിരിക്കാനും സഹായിക്കും.

∙ പ്രമേഹരോഗികളിൽ ടിബി പോലുള്ള അണുബാധകൾ പെട്ടെന്നു പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു പറഞ്ഞല്ലൊ. അതുകൊണ്ട് പ്രമേഹരോഗം ഉള്ളവരിൽ കോവിഡ് ഭേദമായ ശേഷവും ചുമ, ക്ഷീണം, ഭാരം കുറയൽ, വിശപ്പില്ലായ്മ പോലുള്ള ലക്ഷണങ്ങൾ കൂടുതൽ നീണ്ടുനിന്നാൽ ജാഗ്രത പുലർത്തണം. ഈ ലക്ഷണങ്ങൾ മെല്ലെ മെല്ലെ കുറഞ്ഞുവന്ന് ഇല്ലാതാവുകയാണ് ചെയ്യേണ്ടത്. അങ്ങനെ കുറയുന്നില്ലെങ്കിലോ ലക്ഷണങ്ങൾ കൂടിക്കൂടി വരികയാണെങ്കിലോ ഉടനെ തന്നെ കോവിഡാനന്തര പ്രശ്നമല്ലാതെ മറ്റെന്തെങ്കിലും രോഗമാണോ എന്ന് പരിശോധിച്ചുനോക്കണം.

∙ പ്രമേഹരോഗികളിൽ ഷുഗർനില അനിയന്ത്രിതമാകാൻ ടിബി ഒരു കാരണമാകാം. അതുകൊണ്ട് പതിവായി കഴിക്കുന്ന മരുന്നുകളോ ഇൻസുലിനോ കൊണ്ട് ഷുഗർനില നിയന്ത്രിച്ചു നിർത്താനാവുന്നില്ലെങ്കിൽ മറ്റ് അണുബാധകളൊന്നുമില്ല എന്നു പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്.

∙ ഷുഗർനില വഷളായാലും കോവിഡിനെ പേടിച്ച് ആശുപത്രിയിൽ പോകാതിരിക്കുന്നവരുണ്ട്. ഒാൺലൈൻ ഒപി വഴി ചികിത്സ തേടിയാലും ക്ലിനിക്കലായുള്ള ചില ലക്ഷണങ്ങളെ തിരിച്ചറിയാൻ ഡോക്ടറെ നേരിട്ടു കാണുന്നതാകും നല്ലതെന്നു പ്രമേഹവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

Tags:
  • Daily Life
  • Manorama Arogyam