Monday 13 November 2023 05:51 PM IST : By ഡോ. ആർ. വി. ജയകുമാർ

ഉപവാസശേഷമുള്ള രക്തപരിശോധനയ്ക്ക് മുന്‍പു മരുന്നു കഴിക്കേണ്ട, ഗ്ലൂക്കോമീറ്റര്‍ പരിശോധനയില്‍ രക്തം ഞെക്കി എടുക്കരുത്-പ്രമേഹചികിത്സയിലെ 10 അബദ്ധങ്ങള്‍

diab32432

ജീവിതകാലം മുഴുവൻ ചികിത്സ ആവശ്യമായ രോഗമാണു പ്രമേഹം. പ്രമേഹമാണെന്നു സ്ഥിരീകരിച്ചു കഴിഞ്ഞാൽ അതിൽ നിന്നൊരു തിരിച്ചുപോക്ക് അത്ര സാധ്യമല്ല. അതിനാൽ തന്നെ പ്രമേഹരോഗികൾ രോഗത്തെ കുറിച്ചും അതിനെ നിയന്ത്രിക്കേണ്ടതിനെ കുറിച്ചും ചുറ്റുപാടുകളിൽ നിന്നെല്ലാം അറിവു ശേഖരിക്കാൻ ശ്രമിക്കും. പലപ്പോഴും ഇത്തരം അറിവുകൾ അബദ്ധമോ അപകടമോ ആയി മാറാൻ സാധ്യത കൂടുതലാണ്. അത്തരക്കാർക്കു സാധാരണ സംഭവിക്കാറുള്ള അബദ്ധങ്ങളും അപകടങ്ങളും അവയ്ക്കു പിന്നിലെ സത്യാവസ്ഥയും വിശകലനം െചയ്യാം.

മരുന്നു മാത്രം മതി !

പ്രമേഹനിയന്ത്രണത്തിനു മരുന്നു മാത്രം മതിയെന്ന അബദ്ധധാരണ ചിലർക്കുണ്ട്. പ്രമേഹത്തിന്റെ ചികിത്സയുടെ പ്രധാന നാലു തുണുകൾ വ്യായാമം, ആഹാരക്രമീകരണങ്ങൾ, മരുന്നുകൾ, പ്രമേഹരോഗത്തെ പറ്റിയുള്ള അറിവ് എന്നിവയാണ്. രോഗത്തിന്റെ ആരംഭത്തിൽ ചിലപ്പോൾ വ്യായാമവും ആഹാര നിയന്ത്രണവും കൊണ്ടു രോഗനിയന്ത്രണം സാധിച്ചെന്നിരിക്കും. എന്നാൽ കാലക്രമേണ ഇവ കൂടാതെ മരുന്നുകൾ കൂടി തുടങ്ങേണ്ടി വരും. മരുന്നുകൾ തുടങ്ങിയാലും ജീവിതശൈലിയിൽ ഉള്ള മാറ്റങ്ങളും വ്യായാമവും, ആഹാര ക്രമീകരണവും തുടരേണ്ടതു വളരെ അത്യാവശ്യമാണ്. ചുരുക്കി പറഞ്ഞാൽ പ്രമേഹരോഗ ചികിത്സയുടെ എല്ലാ ഘട്ടത്തിലും വ്യായാമവും ആഹാര ക്രമീകരണവും മടി കൂടാതെ െചയ്യണം.

ഇടയ്ക്കിടെ ചെക്കപ് വേണോ?

പ്രമേഹരോഗം നന്നായി ചികിത്സിച്ചില്ലെങ്കിൽ ശരീരത്തിലെ മിക്ക അവയവങ്ങളുടെയും പ്രവർത്തനത്തിൽ കേടു സംഭവിക്കും. കൂടെ കൂടെ രക്തപരിശോധനകളും അവയുെട റിപ്പോർട്ടുകളും ചികിത്സിക്കുന്ന ഡോക്ടറുമായി ചർച്ച ചെയ്ത്, ചികിത്സയിൽ വേണ്ട മാറ്റങ്ങൾ വരുത്തണം. എല്ലാ പ്രമേഹരോഗികളും മൂന്നു മാസത്തിലൊരിക്കലെങ്കിലും രക്തപരിശോധന റിപ്പോർട്ടുമായി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. എന്നാൽ ചില രോഗികൾ ഇതു ശ്രദ്ധിക്കാതെ ഡോക്ടർ ആദ്യം എഴുതിയ മരുന്നുതന്നെ സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കും. ഇത് അപകടവും അബദ്ധവുമാണ്.

ഇൻസുലിൻ മാറിപ്പോയി

പ്രമേഹരോഗം വളരെ കൂടി നിൽക്കുന്നവർക്കു രണ്ടുതരം ഇൻസുലിൻ ചിലപ്പോൾ കൊടുക്കും. ഇതിനെ ബേസൽ Ð ബോളസ് (Basal-Bolus) ഇൻസുലിൻ ചികിത്സയെന്നു പറയും. അതായതു പെട്ടെന്നു പ്രവർത്തിക്കുന്ന അലിയുന്ന ഇൻസുലിൻ മൂന്നു നേരം ഓരോ ആഹാരത്തിനു മുൻപും എടുക്കണം. പിന്നെ രാത്രി കിടക്കാൻ സമയത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന ബേസൽ ഇൻസുലിൻ എടുക്കേണ്ടി വരും. ചിലപ്പോൾ ചെറിയ അശ്രദ്ധ മൂലം ഇൻസുലിൻ പേന മാറി കുത്തി വയ്ക്കാറുണ്ട്. ഇതു കുഴപ്പങ്ങൾ ഉണ്ടാക്കും. ആഹാരത്തിനുശേഷമുള്ള രക്തത്തിലെ ഷുഗർ വളരെ കൂടാനും, രാത്രി സമയത്തു രക്തത്തിലെ പഞ്ചസാര വളരെ കുറയാനും സാധ്യതയുണ്ട്. അതുകൊണ്ടു രണ്ടുതരം ഇൻസുലിൻ ഉപയോഗിക്കുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഗുളിക കഴിക്കാതെ പരിശോധന !

ചില പ്രമേഹരോഗികൾ ഭക്ഷണശേഷം (പിപിബിഎസ്) രക്തം പരിശോ ധിക്കുമ്പോൾ അന്നേ ദിവസം മരുന്നുകൾ കഴിക്കാതിരിക്കുന്ന പതിവുണ്ട്. രാവിലെയുള്ള ഫാസ്റ്റിങ് രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ അടിസ്ഥാനത്തിലാണു രാത്രി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ കൂട്ടണോ കുറയ്ക്കണോ എന്നു തീരുമാനിക്കുന്നത്. രാവിലെ ഫാസ്റ്റിങ് ബ്ലഡ് ഷുഗർ പരിശോധിക്കുന്നതിനു മുൻപു മരുന്നുകൾ കഴിക്കേണ്ട. ആഹാരം കഴിഞ്ഞു രണ്ടു മണിക്കൂറിനുശേഷം രക്തത്തിലെ പഞ്ചസാരയുെട അടിസ്ഥാനത്തിലാണു രാവിലെ പ്രമേഹരോഗി കഴിക്കുന്ന മരുന്നുകൾ കൂട്ടണോ കുറയ്ക്കണോ എന്നു തീരുമാനിക്കുന്നത്. അതുകൊണ്ടു രക്തം പരിശോധിയ്ക്കും മുൻപ് ആഹാരം കഴിക്കുമ്പോൾ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ കഴിക്കേണ്ടതാണ്. ആഹാരത്തിനു മുൻപുള്ള മരുന്നുകൾ ആഹാരത്തിനു മുൻപും ശേഷമുള്ള മരുന്നുകൾ ശേഷവും കഴിക്കുക തന്നെ വേണം.

ഗുളികയും വൃക്കയും

മിക്ക പ്രമേഹരോഗികളും പ്രമേഹത്തിനുള്ള ഗുളികകൾ കഴിക്കാതിരിക്കാറുണ്ട്. ഗുളികകൾ വൃക്കയെ നശിപ്പിക്കുമെന്നു പലരും ഉപദേശിക്കുന്നതു കൊണ്ടാണിത്. പ്രമേഹരോഗികളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന മരുന്നുകൾ കൊണ്ടു രോഗിയുടെ വൃക്കകൾക്കു കേടു വരില്ല. പക്ഷെ വൃക്കകൾക്കു കേടു വന്നിട്ടുള്ള പ്രമേഹരോഗികൾക്കു ചില ഗുളികകൾ നല്ലതല്ല എന്നതു വാസ്തവമാണ്. അതു ചികിത്സിക്കുന്ന ഡോക്ടർ വൃക്കകളുെട പ്രവർത്തനങ്ങൾ പരിശോധിച്ചശേഷം തീരുമാനം എടുക്കും. ഏറ്റവും പ്രധാനമായി എല്ലാ പ്രമേഹരോഗികളും അറിയേണ്ടത്, നിയന്ത്രണവിധേയമല്ലാത്ത രക്തത്തിലെ പഞ്ചസാരയാണ് (Uncontrolled diabetes) വൃക്കയുെട പ്രവർത്തനത്തെ നശിപ്പിക്കുന്നത്. അതുകൊണ്ടു സമൂഹ മാധ്യമങ്ങളിൽ നിന്നോ കേട്ടുകേൾവിയിൽ നിന്നോ പ്രമേഹരോഗത്തെ പറ്റി പഠിക്കരുത്. ചികിത്സിക്കുന്ന ഡോക്ടറിൽ നിന്നു പ്രമേഹത്തെ പറ്റി പഠിക്കണം. ആ അറിവു മാത്രം സ്വീകരിക്കുക.

മരുന്നും ആഹാരവും

ചില രോഗികൾ ആഹാരത്തിനു മുൻപു കഴിക്കേണ്ട മരുന്നുകൾ ആഹാരത്തിനുശേഷം കഴിക്കും. ചില മരുന്നുകൾ ആഹാരത്തിനു 15-20 മിനിറ്റുകൾക്കു മുൻപു വേണം കഴിക്കാൻ. അതേ സമയം ചില ഗുളികകൾ ആഹാരത്തിനു തൊട്ടു മുൻപും. മറ്റു ചില മരുന്നുകൾ വയറിന് അസ്വസ്ഥതയുണ്ടാക്കാൻ സാധ്യതയുള്ളതുകൊണ്ട് ആഹാരത്തിനുശേഷം വേണം കഴിക്കാൻ. ഇതുപോലെ ഇൻസുലിൻ കുത്തിവയ്ക്കേണ്ട സമയത്തിനും വ്യത്യാസമുണ്ട്. ഇതെല്ലാം ശരിയായി പാലിച്ചാൽ പ്രമേഹരോഗത്തിന്റെ നിയന്ത്രണം നന്നായി മെച്ചപ്പെടും. ആഹാരത്തിനു മുൻപു കഴിക്കേണ്ട മരുന്നുകൾ പ്രധാനമായും ഗ്ലിമിപ്രൈ‍ഡ്, അക്കാർബോസ്, ഗ്ലൈക്ലാസൈഡ്, എന്നിവയാണ്. അതേ സമയം മെറ്റ്ഫോമിൻ ആഹാരത്തിനുശേഷം കഴിക്കുന്നതാണു നല്ലത്. അതുപോലെ സാധാരണയുള്ള 30/70 ഇൻസുലിനുകളും റെഗുലർ ഇൻസുലിനുകളും ആഹാരത്തിനു മുൻപ് എടുക്കണം. അതേസമയം ദിവസം ഒരു നേരം മാത്രം എടുക്കുന്ന ഗ്ലാർജീൻ ഇൻസുലിൻ ദിവസവും അതേ സമയത്തു തന്നെ എടുക്കണം. ആഹാരസമയവുമായി ഇതിനു ബന്ധമില്ല.

കാലാവധി ശ്രദ്ധിക്കാതിരിക്കുക

പലർക്കും പറ്റുന്ന അബദ്ധമാണ് ഗ്ലൂക്കോമീറ്റർ സ്ട്രിപ്പിന്റെയും ഇൻസുലിൻ മരുന്നിന്റെയും കാലാവധി ശ്രദ്ധിക്കാതിരിക്കുക എന്നത്. മിക്ക പ്രമേഹരോഗികളും വീട്ടിൽ വച്ചു ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് രക്തപരിശോധന നടത്താറുണ്ട്. പക്ഷെ ഗ്ലൂക്കോമീറ്റിൽ ഉപയോഗിക്കുന്ന സ്ട്രിപ്പുകൾ കാലാവധി കഴിഞ്ഞതാണെങ്കിൽ രക്തപരിശോധനാഫലം തെറ്റായിരിക്കാൻ സാധ്യതയുണ്ട്. കൂടാതെ സ്ട്രിപ്പുകൾ സൂക്ഷിക്കുന്ന കുപ്പി നല്ലവണ്ണം അടച്ചു വച്ചില്ലെങ്കിൽ അതിന്റെ കെമിക്കൽ കോട്ടിങ്ങിനു കേടുവരുകയും പരിശോധനാറിപ്പോർട്ട് തെറ്റുകയും െചയ്യാം. അതുകൊണ്ടു ഗ്ലൂക്കോമീറ്റർ ഉപയോഗിക്കുന്നതിനു മുൻപു സ്ട്രിപ്പിന്റെ കാലാവധി പരിശോധിക്കണം. കൂടാതെ സ്ട്രിപ്പ് വച്ചിരിക്കുന്ന കുപ്പികൾ നല്ലവണ്ണം അടച്ചു വയ്ക്കുകയും വേണം. ഇതുപോലെ തന്നെ കുത്തിവയ്ക്കുന്ന ഇൻസുലിൻ കാലാവധി കഴിഞ്ഞതാണോ എന്നു ശ്രദ്ധിക്കേണ്ടതു വളരെ അത്യാവശ്യമാണ്.

കുത്തിവയ്ക്കുന്ന സ്ഥലം

പ്രമേഹരോഗ ചികിത്സയിൽ ഒരു പ്രധാന ഘടകം ഇൻസുലിൻ ചികിത്സയാണ്. ടൈപ്പ് 1 രോഗികൾക്കു ദിവസവും മൂന്നു മുതൽ നാലു തവണ വരെ ഇൻസുലിൻ കുത്തിവയ്ക്കേണ്ടിവരും. ടൈപ്പ് 2 രോഗികൾക്കു ചിലപ്പോൾ ഒരു കുത്തിവയ്പും ഗുളികകളും മതിയാകും. ഇൻസുലിൻ കുത്തിവയ്പ് തൊലിയുടെ അടിയിൽ ഉള്ള സബ്ക്യൂട്ടേനിയസ് കൊഴുപ്പും നാരും ഉള്ള സ്ഥലത്താണ് എടുക്കേണ്ടത്. പേശിയിൽ പാടില്ല. ദിവസവും കുത്തിവയ്ക്കുന്നതു വയറ്റിലോ തുടയിലോ കയ്യുടെ മുകൾഭാഗത്തോ ആകാം. കുത്തിവച്ച സ്ഥലത്തു കുത്തിവയ്പു കഴിഞ്ഞ് ഒന്നുരണ്ടു ദിവസം വരെ ഒരു തടിപ്പു കാണാൻ സാധ്യതയുണ്ട്. അങ്ങനെ തടിപ്പുള്ള തൊലിയുടെ അടിയിൽ ഇൻസുലിൻ കുത്തിവച്ചാൽ അതു മുഴുവൻ രക്തത്തിൽ കയറി പ്രവർത്തിക്കാനുള്ള സാധ്യത കുറവാണ്. ഇൻസുലിൻ കുത്തിവയ്ക്കുന്ന സ്ഥലം ദിവസംതോറും മാറ്റിക്കൊണ്ടിരിക്കണം. ഒരു തവണ കുത്തിവച്ച സ്ഥലത്ത് 6-7 ദിവസത്തിനുശേഷം മാത്രമേ കുത്തിവയ്ക്കാവൂ. കയ്യിലും തുടയിലും വയറ്റിലും മാറിമാറി കുത്തിവയ്ക്കാം.

ഒരു ഗുളിക കൂടുതൽ

ആവശ്യമുള്ളപ്പോൾ മധുരം കഴിക്കുകയും അതു മറയ്ക്കാൻ മരുന്നുകളുെട അളവു സ്വയം കൂട്ടുകയും െചയ്യുന്നവരുണ്ട്. ഇങ്ങനെ െചയ്യുന്നതു കുഴപ്പത്തിൽ‌ കലാശിക്കുകയും പ്രമേഹരോഗത്തിന്റെ ചികിത്സയെ ബാധിക്കുകയും െചയ്യും. പ്രമേഹരോഗികൾ പ്രധാനമായും ‘ഫാസ്റ്റിങ് ആന്റ് ഫീസ്റ്റിങ്’ െചയ്യാൻ പാടില്ല എന്നാണ്. എന്നാലും സമൂഹത്തിലെ എല്ലാ തുറകളിലും പ്രമേഹരോഗികൾ പങ്കെടുക്കണം. വിവാഹസദ്യയ്ക്കു പോകുന്ന പ്രമേഹരോഗി സദ്യ കഴിക്കുമ്പോൾ വളരെ കുറച്ചു ചോറും, ഇലയിൽ വിളമ്പിയ എല്ലാ കറികളും കഴിക്കണം. ഒരു പായസം കുടിക്കാം, അതു ചെറിയ തവി. സദ്യ കഴിഞ്ഞ് അരമണിക്കൂർ നടക്കുകയോ വ്യായാമം െചയ്യുകയോ വേണം. ശ്രദ്ധിക്കുക, എല്ലാ ദിവസവും കല്യാണ ആഘോഷവിരുന്നുകൾ ആകാതെ നോക്കുക, വല്ലപ്പോഴും ഒരിക്കൽ മതി. സ്വയം മരുന്നുകൾ കൂട്ടുന്നതു നല്ലതല്ല. അതു രക്തത്തിലെ കൂടിയ ഷുഗർ നിരക്കു കുറയ്ക്കണമെന്നില്ല. കൂടാതെ സമയം മാറി, മരുന്നുകൾ കൂട്ടി കഴിക്കുമ്പോൾ ഷുഗർ കുറഞ്ഞു പോകുന്ന ഹൈപ്പോഗ്ലൈസീമിയ വരാൻ സാധ്യതയുണ്ട്.

പട്ടിണി കിടന്നാൽ ഷുഗർ പോകും !

പട്ടിണി കിടക്കുന്നതും ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കുന്നതും ശരീരഭാരം കുറയ്ക്കാൻ ആവശ്യമാണെന്ന ധാരണ തെറ്റാണ്. പട്ടിണി കിടക്കുക എന്നതു സ്ഥിരമായി നടക്കുന്ന കാര്യമല്ല. അമിതവണ്ണവും പ്രമേഹവും ജീവിതകാലം മുഴുവൻ‍ ഉള്ള പ്രശ്നങ്ങളായതു കൊണ്ട്, അവയുെട ചികിത്സ ജീവിതകാലം മുഴുവൻ വേണ്ടിവരും. അതുകൊണ്ട് ഇപ്രകാരമുള്ള അമിതവണ്ണത്തിനും പ്രമേഹത്തിനും വേണ്ടതു ജീവിതകാലം മുഴുവൻ പാലിയ്ക്കാൻ കഴിയുന്ന ആഹാരരീതിയും ജീവിതശൈലീമാറ്റങ്ങളും ആണ്. വണ്ണം കുറയ്ക്കുന്നതിന് ആഹാരത്തിൽ വരുത്തേണ്ട മാറ്റം, ആഹാരത്തിന്റെ അളവും കാലറിയും കുറയ്ക്കുക എന്നതാണ്. എന്നാൽ വിശക്കാതിരിക്കാൻ വേണ്ടി കാലറി കുറഞ്ഞതും നാരിന്റെ അംശം കൂടിയതുമായ ഭക്ഷണപദാർഥങ്ങൾ കൂടുതൽ കഴിക്കണം. കൂടാെത എണ്ണയും കൊഴുപ്പും പഞ്ചസാരയും പൂർണമായി ഇല്ലാത്ത ഭക്ഷണം കഴിച്ചാൽ ശരീരഭാരം കുറയും. വിശക്കാതിരിക്കാൻ ആഹാരത്തിന്റെ ആദ്യം സൂപ്പുകളും അവസാനം പഴം, പേരയ്ക്ക മുതലായവയും കഴിക്കാം.

കയ്പുള്ള ആഹാരം മാത്രം ?

കയ്പുള്ള ആഹാരമാണ് പ്രമേഹരോഗികൾ കഴിക്കേണ്ടത്Ð ആഹാരവുമായി ബന്ധപ്പെട്ട് ഏറ്റവും അധികം പ്രചരിക്കുന്ന അബദ്ധ ധാരണയാണിത്. പ്രമേഹരോഗികൾ പഞ്ചസാരയും പഞ്ചസാരയിൽ ഉണ്ടാക്കുന്ന ആഹാരങ്ങളും ഉപയോഗിക്കുന്നതു നല്ലതല്ല. എന്നുവച്ചാൽ കയ്പ് ഉള്ള ആഹാരങ്ങൾ കഴിക്കണമെന്നല്ല. പ്രമേഹരോഗികൾ കഴിക്കേണ്ടതു കാലറി കുറഞ്ഞതും, നാരിന്റെ അംശം കൂടുതലും, കൊഴുപ്പിന്റെ അംശം കുറവുമുള്ള ആഹാരമാണ്. കയ്പുള്ള ആഹാരം കഴിച്ചാൽ ശരീരത്തിൽ ഉണ്ടാക്കുന്ന ഇൻസുലിന്റെ അളവു കൂട്ടാൻ സാധിക്കുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടാണു നെല്ലിക്കയും പാവയ്ക്കയും പ്രമേഹരോഗികൾക്കു നല്ലതെന്നു പറയുന്നത്. എന്നുവച്ചാൽ പ്രമേഹരോഗികൾ കയ്പുള്ള ആഹാരം മാത്രം കഴിക്കണമെന്നു പറയുന്നതു ശരിയല്ല. പഞ്ചസാര (ഷുഗർ ) കുറഞ്ഞ ആഹാരമാണു കഴിക്കേണ്ടത് എന്നർഥം.

രക്തം ഞെക്കി എടുക്കരുത്

ഷുഗർ പരിശോധനയ്ക്കു വേണ്ടി ഒരു തുള്ളി രക്തം കിട്ടാൻ വിരൽതുമ്പിൽ കുത്തിയശേഷം ഞെക്കുന്നത് അബദ്ധമാണ്. ഇപ്രകാരം ഞെക്കുമ്പോൾ വിരലിന്റെ ഉള്ളിൽ നിന്നു കലകളിൽ നിന്നുള്ള ദ്രാവകവും (ടിഷ്യു ഫ്ലൂയിഡ്) രക്തത്തിന്റെ കൂടെ വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ആ ബ്ലഡ് ഷുഗർ റിപ്പോർട്ട്, രക്തത്തിലെ ഷുഗറിന്റെ അളവുമായിട്ട് കുറച്ചു വ്യത്യാസം വരാൻ സാധ്യതയുണ്ട്. അതിനാൽ രക്തം കിട്ടാനായി ഞെക്കാൻ പാടില്ല, നന്നായി ഒരു കുത്ത് നൽകിയാൽ മതി. ആദ്യം കുത്തിയശേഷം നന്നായി രക്തം വന്നില്ലെങ്കിൽ വീണ്ടും കുത്തിനോക്കുക. ഒാരോ തവണയും രക്തം പരിശോധിക്കുമ്പോൾ ആ വിവരങ്ങൾ ഒരു ഡയറിയിൽ കുറിച്ചു വയ്ക്കേണ്ടതാണ്. കൂടാതെ ഷുഗർ റിപ്പോർട്ട് അൽപം കൂടുതലോ കുറവോ ആണെങ്കിൽ അതിനു തൊട്ടു മുൻപു കഴിച്ചിരുന്ന ആഹാരത്തിനെപ്പറ്റി കുറിച്ചുവയ്ക്കുന്നതു നല്ലതാണ്. ഇങ്ങനെ റിപ്പോർട്ടുകൾ കുറിച്ചുവയ്ക്കുന്ന പുസ്തകം അടുത്ത തവണ ഡോക്ടറെ കാണാൻ പോകുമ്പോൾ തീർച്ചയായും കൊണ്ടുപോകണം.

ഡോ. ആർ. വി. ജയകുമാർ

സീനിയർ കൺസൽറ്റന്റ്

എൻഡോക്രൈനോളജിസ്റ്റ്

ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി