Monday 28 October 2024 04:30 PM IST

അപസ്മാരവും ബോധക്ഷയവും വരെ സംഭവിക്കാം: പ്രമേഹരോഗികളില്‍ പെട്ടെന്നു ഗ്ലൂക്കോസ് താഴ്ന്നുപോയാല്‍ എന്തു ചെയ്യാം?

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

diab43534

പ്രമേഹരോഗിയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എപ്പോഴും സ്ഥിരമായി നില നിൽക്കുന്ന ഒന്നല്ല. അതു ചില സാഹചര്യങ്ങളിൽ പെട്ടെന്നു കുറയാം. രക്തത്തിലെ ഗ്ലൂക്കോസ് നില ആവശ്യമായ അളവിലും കുറയുന്ന സങ്കീർണമായ ഈ അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. ഗ്ലൂക്കോസ് നില 70 mg/dl-ലും കുറയുന്ന അവസ്ഥയാണിത്. പൊതുവെ ‘ഷുഗർ താഴ്ന്നു പോയി’ എന്നാണ് ആളുകൾ ഇതേക്കുറിച്ചു പറയുന്നത്.

പ്രമേഹരോഗികളിൽ ചിലപ്പോൾ ഗ്ലൂക്കോസ് നില 70 mg/dl–ലേക്കു താഴുന്നതിനു മുൻപേ ലക്ഷണങ്ങൾ പ്രകടമാകാം. ഹൈപ്പോഗ്ലൈസീമിയ കാരണം മസ്തിഷ്ക്കത്തിന് ആവശ്യമായ ഗ്ലൂക്കോസ് ലഭിക്കാതാകുന്നു. തത്ഫലമായി അപസ്മാരവും ബോധക്ഷയവും സംഭവിക്കാം. ശരീരത്തിനു ക്ഷീണം, തലവേദന, വിറയൽ, വിയർപ്പ്, ഹൃദയമിടിപ്പു കൂടുക, ഉത്കണ്ഠ, അസ്വസ്ഥത, വിഭ്രാന്തി, തലചുറ്റൽ, അമിത വിശപ്പ്, ഓക്കാനം എന്നീ ലക്ഷണങ്ങളും പ്രകടമാകാം. പ്രായമേറിയ രോഗികൾ, വൃക്കരോഗങ്ങളുള്ള പ്രമേഹബാധിതർ, സിറോസിസ് പോലെ കരൾ രോഗങ്ങൾ ഉള്ളവർ , ഗർഭിണികൾ, ടൈപ് 1 പ്രമേഹമുള്ള കുട്ടികൾ ഇവരിലും ഹൈപ്പോഗ്ലൈസീമിയ സാധ്യത കൂടുതലാണ്. അടിയന്തരമായി തിരിച്ചറിഞ്ഞില്ലെങ്കിൽ ഈ രോഗാവസ്ഥ വളരെ അപകടകരമാകാം. മരണം പോലും സംഭവിക്കാം. കഴിക്കുന്ന മരുന്നിന്റെ അളവു കൂടിപ്പോവുക, കുത്തിവയ്ക്കുന്ന ഇൻസുലിന്റെ അളവ് അധികമാകുക, തീവ്രമായ ശാരീരിക അധ്വാനം, മദ്യപാനം, വൃക്കരോഗം, കരൾ രോഗം ഇവയും കാരണമാകാം.

വീട്ടിൽ ശ്രദ്ധിക്കേണ്ടത്

പ്രമേഹരോഗി രോഗലക്ഷണങ്ങൾ കണ്ടാലുടൻ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ചു സ്വയം രക്തപരിശോധന നടത്തണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു വർധിപ്പിക്കുകയാണു ചികിത്സ. ഉടൻ മധുരമോ ലഘുഭക്ഷണമോ കഴിക്കാം. മിഠായി പോലുള്ളവയും പഴങ്ങളും പഴച്ചാറും കഴിക്കാം. അവ പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്നവയാണ്. എന്നാൽ കൊഴുപ്പ് അടങ്ങിയ തരം മധുരം ഒഴിവാക്കുക. ഗ്ലൂക്കോസ് സാധാരണ നിലയിലെത്തുമ്പോൾ പ്രധാന ഭക്ഷണം നൽകാം.‌

ഹൈപ്പോഗ്ലൈസീമിയയെക്കുറിച്ചു പറയുമ്പോൾ 15:15 റൂൾ എന്നു പറയാറുണ്ട്. 15 ഗ്രാം കാർബോഹൈഡ്രേറ്റ് ആഹാരമായോ പാനീയമായോ കഴിക്കുക. 15 മിനിറ്റ് കാത്തിരിക്കുക. തുടർന്ന് ഗ്ലൂക്കോസ് നില പരിശോധിക്കുക എന്നതാണത്. 15 ഗ്രാം കാർബോഹൈഡ്രേറ്റ് എന്നു പറയുമ്പോൾ അരക്കപ്പ് ജൂസ്,ഒരു ടേബിൾ സ്പൂൺ തേൻ , കട്ടിയുള്ള തരം കാൻഡി മിഠായികൾ എന്നിവയിൽ ഏതും ആകാം. ഉപവസിക്കുന്നവരിലും കൃത്യസമയത്ത് ആഹാരം കഴിക്കാത്തവരിലും ഹൈപ്പോഗ്ലൈസീമിയ വരാം. അവർ ദിവസവും ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കണം.

ഹൈപ്പോഗ്ലൈസീമിയ വന്നു ബോധം നഷ്ടമായ രോഗിക്കു വായിലൂടെ ആഹാരം നൽകരുത്. പ്രമേഹരോഗികൾ പഞ്ചസാരനില താഴ്ന്നു പോകാതെ മുൻകരുതലെടുക്കണം. വ്യായാമത്തിനു മുൻപ് ഷുഗർ നില കുറവാണെങ്കിൽ ലഘുഭക്ഷണം കഴിച്ചശേഷം വ്യായാമത്തിലേർപ്പെടുക. കൃത്യ സമയത്ത് ആഹാരം കഴിക്കാം. ഡോക്ടറുടെ നിർദേശത്തോടെ ഹൈപ്പോഗ്ലൈസീമിയ സാധ്യത കുറഞ്ഞ തരം ഇൻസുലിനുകൾ ഉപയോഗിക്കാം. ഹൈപ്പോഗ്ലൈസീമിയ സങ്കീർണമായി മാറുന്ന അടിയന്തര ഘട്ട ങ്ങളിൽ ആ ശുപത്രിയിലെത്തിക്കാൻ താമസം നേരിടുന്ന പക്ഷം വീട്ടിൽ നൽകാവുന്ന ഗ്ലൂക്കഗോൺ കുത്തിവയ്പുകൾ ഇപ്പോൾ ലഭ്യമാണ്.

വിവരങ്ങൾക്കു കടപ്പാട്

ഡോ. ഡിനാ ക്ലെറിൻ ഫ്രാൻസിസ്

അസിസ്‌റ്റന്റ് പ്രഫസർ, ജനറൽ മെഡിസിൻ

ഗവ. മെഡിക്കൽ കോളജ്, കോട്ടയം

Tags:
  • Daily Life
  • Manorama Arogyam