Monday 13 November 2023 02:56 PM IST

‘കുഞ്ഞ് കാറിക്കരയുന്നതിനൊപ്പം നെറുകയിലെ ഉറയ്ക്കാത്ത ഭാഗവും പൊങ്ങി ഇരിക്കുന്നു’: ഇത് അപകട സൂചനയോ?

Asha Thomas

Senior Desk Editor, Manorama Arogyam

infant-care

നീണ്ട പത്തുമാസം അമ്മ വയറിനുള്ളിൽ, മാതൃശരീരത്തിൽ നിന്നുള്ള പോഷകങ്ങൾ സ്വീകരിച്ച് ആ നെഞ്ചിടിപ്പും വികാരവിചാരങ്ങളും തൊട്ടറിഞ്ഞു കിടന്ന ഗർഭസ്ഥശിശു ആദ്യമായി പുറംലോകത്തേക്കു വരുകയാണ്. ശ്വാസമെടുക്കുന്നതു മുതൽ എല്ലാം പുതുമയാണു കുഞ്ഞിന്. ആദ്യ ശ്വാസമെടുക്കൽ ഒരു കരച്ചിലായാണു പുറംലോകം കേൾക്കുന്നത്. ആദ്യത്തെ കരച്ചിലോടെയാണു കുഞ്ഞിന്റെ ശ്വാസകോശം പ്രവർത്തിച്ചുതുടങ്ങുക. പിന്നീടങ്ങോട്ടു പുതിയ അനുഭവങ്ങളുടെയും പൊരുത്തപ്പെടലുകളുടെയും നാളുകളാണു കുഞ്ഞിനും അമ്മയ്ക്കും.

കുഞ്ഞു പിറക്കുന്നു, അമ്മയും

‘ പത്തുമാസം വയറ്റിൽ ചുമന്നു നടന്നപ്പോൾ ഇത്ര കഷ്ടപ്പാടില്ലായിരുന്നു’ എന്നു ചില അമ്മമാരെങ്കിലും പറഞ്ഞുകേൾക്കാറുണ്ട്. ചോരക്കുഞ്ഞിന്റെ പരിപാലനം എന്നത് അമ്മയെ സംബന്ധിച്ചു പുതുമ തന്നെയാണ്, വെല്ലുവിളിയും. ചിലരിൽ അതു കണക്കിൽക്കവിഞ്ഞ മനോസംഘർഷങ്ങൾക്കും

വിഷാദത്തിനുമൊക്കെ ഇടയാക്കാറുമുണ്ട്. പ്രസവം കഴിഞ്ഞ് ഗർഭപാത്രം, യോനീഭാഗം മുതലായ അവയവങ്ങൾ പൂർവസ്ഥിതിയിൽ ആകാൻ 4-6 ആഴ്ച വരെ എടുക്കും. ഗർഭസമയത്ത് ഒരു കിലോ വരെ ഭാരമെത്തുന്ന ഗർഭാശയം ഏകദേശം ഒരു മാസം കൊണ്ടു 100 ഗ്രാം ആകും. പ്രസവിച്ച് 24 മുതൽ 36 ദിവസം വരെ യോനിയിൽനിന്നും സ്രവങ്ങളുണ്ടാകാം. യോനീ ഭാഗത്തു തുന്നലിന്റെ വേദനയും പ്രയാസങ്ങളുമുണ്ടാകാം. വേദന കാരണം നേരേ ചൊവ്വേ ഉറങ്ങാൻ പോലും സാധിക്കണമെന്നില്ല. സിസേറിയനാണെങ്കിൽ അതിന്റെ ബുദ്ധിമുട്ടുകളുണ്ടാകാം. ഇതെല്ലാം പേറിക്കൊണ്ടുവേണം പൊടിക്കുഞ്ഞിനെ രാവും പകലുമില്ലാതെ പരിപാലിക്കാൻ. എന്നാൽ കുടുംബാംഗങ്ങളിൽ നിന്നും വൈകാരികമായും ശാരീരികമായും നല്ല പിന്തുണയും സഹകരണവും ലഭിച്ചാൽ കുഞ്ഞിനെ വളർത്തൽ ആസ്വദിച്ചു ചെയ്യാനാകും.

കുഞ്ഞിനു പാലൂട്ടേണ്ടതുകൊണ്ട് അമ്മമാർ ഇരട്ടി ഭക്ഷണം കഴിക്കണമെന്ന ചിന്ത വ്യാപകമാണ്. എന്നാൽ നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിൽ നിന്നും 300 കാലറി മാത്രമേ അധികമായി വേണ്ടി വരുന്നുള്ളൂ. മറ്റൊരു കാര്യം, അമ്മ കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രശ്നങ്ങൾ പാലൂട്ടുന്നതിലൂടെ കുഞ്ഞിൽ പ്രതിഫലിക്കാമെന്നതാണ്. അമിതമായി ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിച്ചാൽ കുഞ്ഞിനും ഗ്യാസ് പ്രശ്നങ്ങളുണ്ടാക്കാം. ഇത്തരം പ്രശ്നങ്ങളെയൊക്കെ മാറ്റി നിർത്തിയാൽ, അമ്മയും കുഞ്ഞും തമ്മിൽ സവിശേഷമായ ആത്മബന്ധം കൂടുതൽ ദൃഢമാകുന്ന സമയമാണ്.

മാറോടു ചേർത്തു തലോടി, മുലപ്പാൽ നൽകുമ്പോഴും കുഞ്ഞു ശരീരത്തെ ചേർത്തുപിടിച്ചു താളംതട്ടി ഉറക്കുമ്പോഴുമൊക്കെ ആ ആത്മബന്ധത്തിന് ഇഴയടുപ്പമേറുന്നു. അമ്മിഞ്ഞപ്പാൽ ആരോഗ്യത്തിനെന്ന പോലെ ഈ ദൃഢബന്ധം കുട്ടിയുടെ വൈകാരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് ഒരു മുതൽക്കൂട്ടാണ്.

കരച്ചിൽ എന്ന ഭാഷ

എന്തൊക്കെ അരക്ഷിതാവസ്ഥ തോന്നിയാലും കുഞ്ഞിന് അതു പ്രകടിപ്പിക്കാൻ ഒരൊറ്റ ഭാഷയേ അറിയൂ...കരച്ചിൽ. ചിലപ്പോൾ അമ്മയുടെ ശ്രദ്ധ കിട്ടാനാകും കരയുക. കാലാവസ്ഥയിലെ ഏറ്റക്കുറച്ചിലുകളാകും ചിലപ്പോൾ പ്രശ്നം. കടുത്തചൂടും കഠിനമായ തണുപ്പും കുഞ്ഞു ശരീരത്തിനു താങ്ങാനാകില്ല. സാധാരണ താപനിലയാണു സുഖകരം. മൂത്രമൊഴിച്ചോ മറ്റോ ശരീരത്തിൽ നനവു തോന്നിയാലും കുഞ്ഞിനത് ഇഷ്ടപ്പെടില്ല. ഒാരോ ആവശ്യമനുസരിച്ചു കരച്ചിലിന്റെ രീതിയും ടോണുമൊക്കെ വ്യത്യസ്തമായിരിക്കും. സാധാരണ കരച്ചിലൊക്കെ എടുത്തുപിടിച്ച് കൊഞ്ചിച്ചുകഴിയുമ്പോഴോ പാലൂട്ടിക്കഴിഞ്ഞാലോ താനേ മാറും. കുഞ്ഞിനൊപ്പം കുറേനാൾ പിന്നിട്ടു കഴിയുമ്പോൾ അമ്മമാർക്ക് ഈ കരച്ചിലിന്റെ ഭാഷ മനസ്സിലായിത്തുടങ്ങും.

ചില കുഞ്ഞുങ്ങളിൽ വൈകുന്നേരങ്ങളിൽ ഒരു കരച്ചിൽ പതിവാണ്. കോളിക് പെയിൻ എന്നാണ് ഇതിനു വൈദ്യഭാഷയിൽ പറയുക. മുലപ്പാൽ കുടിക്കുന്നതിനൊപ്പം കുഞ്ഞു കുറച്ചു വായുവും അകത്താക്കുന്നുണ്ട്. അതു വയറ്റിൽ അസ്വാസ്ഥ്യമുണ്ടാക്കുമ്പോൾ കരഞ്ഞുതുടങ്ങും. കരയുമ്പോൾ കൂടുതൽ വായു വിഴുങ്ങും. ഇതിങ്ങനെ ചാക്രികമായി തുടരും. തോളത്തോ തുടയിലോ കമിഴ്ത്തിക്കിടത്തി തട്ടിക്കൊടുക്കുമ്പോൾ ഗ്യാസ് പുറത്തേക്കുപോവുകയും കുഞ്ഞ് കരച്ചിൽ നിർത്തുകയും ചെയ്യും. രാത്രിയിലെ കരച്ചിലിന്റെ മറ്റൊരു കാരണം ചെവിവേദനയാണ്. കുഞ്ഞിനു ജലദോഷമുണ്ടെങ്കിൽ തീർച്ചയായും ഇതു സംശയിക്കാം.

ചിലപ്പോൾ കരച്ചിൽ ഗുരുതരമായ പ്രശ്നങ്ങളുടെ സൂചനയുമാകാം. ഉദാഹരണത്തിന് ഉച്ചത്തിൽ കാറിക്കരയുന്നതിനൊപ്പം കുഞ്ഞിന്റെ നെറുകയിലെ ഉറയ്ക്കാത്ത ഭാഗം പൊങ്ങി ഇരിക്കുക കൂടിയാണെങ്കിൽ തലച്ചോറിലെ സ്തരത്തിനു വരുന്ന അണുബാധയാകാം കാരണം. കുട്ടി വാ പൂട്ടാതെ പുളഞ്ഞുകരയുകയാണെങ്കിൽ കുടൽകുരുക്കം (Intussusception) ആകാം. കുഞ്ഞിന്റെ കാര്യത്തിൽ അമ്മയാണ് ഏറ്റവും നല്ല ഡോക്ടർ എന്നു പറയാറുണ്ട്. കാരണം 80 ശതമാനം കേസുകളിലും അമ്മ പറയുന്ന രോഗവിവരണത്തിൽ നിന്നാണ് ഡോക്ടർ രോഗകാരണമെന്താകാമെന്ന അനുമാനത്തിലെത്തുന്നത്.

മുലയൂട്ടലിന്റെ പ്രാധാന്യം

വിശപ്പു മാറ്റുക മാത്രമല്ല അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹപ്രകടനത്തിന്റെ ജൈവികഭാഷയാണ് മുലയൂട്ടൽ. മുലയൂട്ടലിലൂടെ അമ്മയുമായി വൈകാരികമായി ഒരു അടുപ്പം രൂപപ്പെടും. കുഞ്ഞു പിറന്നുവീണ് അധികം വൈകാതെ മുലയൂട്ടണം. സാധാരണ പ്രസവമാണെങ്കിൽ അര മണിക്കൂറിനുള്ളിലും സിസേറിയനാണെങ്കിൽ 3–4 മണിക്കൂറിനുള്ളിലും പാലുകൊടുക്കണം. ആദ്യഘട്ടത്തിൽ തിളപ്പിച്ചാറിച്ച വെള്ളമോ കൃത്രിമ പാൽപ്പൊടി

യോ നൽകരുത്.

വെറുതേ പാലുകൊടുത്ത് എഴുന്നേറ്റുപോകാതെ കുഞ്ഞിനെ മാറോടടുക്കി പിടിച്ച് കുഞ്ഞുഭാഷയിൽ ഇത്തിരി പുന്നാരമൊക്കെ പറയണം. താരാട്ടു മൂളി തുടയിൽ താളംപിടിക്കാം. താരാട്ടിന് രാഗബോധവും ശ്രുതിയുമൊന്നും വേണ്ട. അമ്മയുടെ വാത്സല്യം കിനിയുന്ന സ്വരം കുഞ്ഞു ശരീരത്തിൽ സന്തോഷ ഹോർമോണുകളെ ഉൽപാദിപ്പിക്കും. വയറു നിറയുന്നതൊപ്പം കുഞ്ഞുമനസ്സും നിറയും. തലച്ചോറിലെ പെരുമാറ്റവും ബുദ്ധിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഉത്തേജിതമാകും.

മുലപ്പാലിൽ നിന്നാണ് പിൽക്കാലത്തേക്കു രോഗങ്ങളെ തടയാനാവശ്യമായ പ്രതിരോധശേഷി കുഞ്ഞിനു ലഭിക്കുക. അമ്മയ്ക്കും ഗുണകരമാണ് മുലയൂട്ടൽ. പാലൂട്ടുമ്പോൾ ഒാക്സിടോസിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കപ്പെടും. ഇതു ഗർഭപാത്രം വേഗംതന്നെ ചുരുങ്ങാൻ സഹായിക്കുന്നു. കഴിയുന്നതും ആദ്യ ആറുമാസം മുലയൂട്ടാൻ ശ്രമിക്കണം. എന്തെങ്കിലും കാരണത്താൽ അതു സാധ്യമല്ലെങ്കിൽ കുഞ്ഞിനാവശ്യമായ പോഷണം നൽകുന്ന പൊടിപ്പാൽ നൽകേണ്ടിവരും.

പലപ്പോഴും ആദ്യമായി അമ്മയാകുന്നവർക്ക് ഏറെ മനോസംഘർഷമുണ്ടാക്കുന്ന കാര്യമാണ് പാലൂട്ടൽ. ആദ്യമൊക്കെ കുഞ്ഞു ശരിക്കു പാലു കുടിക്കണമെന്നില്ല.അതോടെ വീട്ടുകാരും ബന്ധുക്കളുമൊക്കെ പല അഭിപ്രായം പറയും... മുലയൂട്ടുന്നതു ശരിയാകാഞ്ഞിട്ടാണെന്നോ പാൽ ഇല്ലാഞ്ഞിട്ടാണെന്നോ ഒക്കെ.

90 ശതമാനം കുട്ടികളും വിശക്കുമ്പോൾ പാലിനായി കരയും. അതനുസരിച്ചു പാൽ കൊടുക്കുന്നതാണു ശരിയായ രീതി. ഇനി, പാലിനായി കരഞ്ഞില്ലെങ്കിലും 2–3 മണിക്കൂർ ഇടവിട്ടു പാൽ കൊടുക്കാം. കുഞ്ഞിന്റെ വയറ്റിൽ നിന്നും പോകുന്നുണ്ട്, മൂത്രമൊഴിക്കുന്നുണ്ട്, ഭാരം കൂടുന്നുണ്ട് എങ്കിൽ ആവശ്യത്തിനു പാൽ കിട്ടുന്നുണ്ടെന്ന് ഉറപ്പിക്കാം. കുഞ്ഞ് ഒന്നു കരഞ്ഞാലുടനെ പാലു കൊടുക്കേണ്ട ആവശ്യമില്ല. അമ്മയ്ക്ക് അസുഖം വന്നാലും മുലപ്പാലിലൂടെ രോഗം പകരാത്തതിനാൽ പാലൂട്ടുന്നതിൽ തടസ്സമില്ല. എന്നാൽ മരുന്നെഴുതുമ്പോൾ ഡോക്ടറോടു മുലയൂട്ടുന്ന കാര്യം പറയണം.

കുറുക്കുകൾ നൽകാം

ആദ്യം മുലപ്പാൽ, പിന്നെ നേർപ്പിച്ച കുറുക്ക്, തുടർന്നു കട്ടിയുള്ള കുറുക്ക് എന്നീ രീതിയിലാകണം കുഞ്ഞിന്റെ ഭക്ഷണം. ആറുമാസം വരെ മുലപ്പാൽ മാത്രം മതിയാകും. അമ്മമാർ ജോലിക്കു പോകുന്നവരാണെങ്കിൽ നാലു മാസം മുതലേ കനം കുറച്ചു കുറുക്കുകൾ നൽകിത്തുടങ്ങാറുണ്ട്. അതു കുഴപ്പമില്ല. ആറു മാസം കഴിയുമ്പോൾ മുതൽ കട്ടിയുള്ള കുറുക്കു നൽകാം. ഏത്തയ്ക്കാപ്പൊടിയോ കൂവരക് അഥവാ റാഗി കൊണ്ടുള്ള കുറുക്കോ ഒാട്സ് കുറുക്കിയോ ഒക്കെ നൽകാം. കുറുക്കുകളിൽ രുചി കൂട്ടാൻ തേങ്ങാപ്പാൽ ചേർത്തുനൽകാം. മൃഗപ്പാലുകൾ ഒരു വയസ്സു കഴിഞ്ഞേ നൽകാവൂ.അമ്മിഞ്ഞപ്പാലിന്റെ മധുരം മാത്രം നുണഞ്ഞിട്ടുള്ള കു‍ഞ്ഞുനാവിന് കുറുക്കിന്റെ രുചി അത്ര പഥ്യമാകണമെന്നില്ല. അതുകൊണ്ട് ആദ്യഘട്ടത്തിലൊക്കെ കുറുക്കു തുപ്പിക്കളയാം. ക്ഷമയോടെ വീണ്ടും കൊടുക്കുക. കഴിവതും ടിൻഫൂഡ് പോലുള്ള കൃത്രിമരുചികൾ കുറയ്ക്കുക. അതിന്റെ രുചി പിടിച്ചു

പോയാൽ പ്രകൃതിദത്ത ഭക്ഷണത്തോടു താൽപര്യം കുറയാം. കുറുക്കു നൽകിത്തുടങ്ങുന്നതോടെ മുലയൂട്ടുന്നതിന്റെ ഇടവേള കൂട്ടാം. പലതരം കുറുക്കുകൾ മാറിമാറി കൊടുക്കുക. വ്യത്യസ്ത പോഷകങ്ങൾ ലഭിക്കട്ടെ. കുറുക്കിൽ പഞ്ചസാരയ്ക്കു പകരം പനം കൽക്കണ്ടമോ പനംചക്കരയോ ചേർക്കുക. പല്ലു വന്നുതുടങ്ങിയാൽ കുറുക്കു നിർത്തി സാധാരണ ഭക്ഷണം നൽകിത്തുടങ്ങാം. മിതമായ അളവിൽ ഉപ്പും മുളകുമൊക്കെ ചേർത്തു തന്നെ ഭക്ഷണം നൽകുക. മാംസഭക്ഷണം ഒരു വയസ്സിനു ശേഷമേ നൽകാവൂ എന്നൊന്നുമില്ല. 8 –9 മാസമാകുമ്പോഴേക്കും വീട്ടിലെല്ലാവരും കഴിക്കുന്ന ഭക്ഷണം (Family Diet) തന്നെ കുഞ്ഞിനു നൽകാം.

കുളിയും ഉറക്കവും

പിറന്നുവീണ് ആദ്യ ദിവസങ്ങളിൽ കുഞ്ഞുശരീരം ഇളം ചൂടുവെള്ളത്തിൽ തുടച്ചെടുത്താൽ മതി. പ്രസവം കഴിഞ്ഞുടനെ പൊക്കിൾക്കൊടി മുറിക്കുമല്ലൊ. അപ്പോൾ അതു താനേ അടയുന്നു. അതുകൊണ്ട് കുളിപ്പിക്കുമ്പോൾ പൊക്കിൾവഴി വെള്ളം ഉള്ളിൽ കയറുമെന്നും ഹെർണിയ വരുമെന്നും പറയുന്നതിൽ വാസ്തവമില്ല. ആ ഭാഗം എപ്പോഴും തുടച്ചു വൃത്തിയാക്കി വയ്ക്കണമെന്നു മാത്രം. ഒരാഴ്ച കഴിയുമ്പോൾ പൊക്കിൾക്കൊടി വീഴും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എണ്ണ തേപ്പിക്കുന്നതിൽ തെറ്റില്ല. എന്നും എണ്ണ തേപ്പിച്ചു കുളിപ്പിക്കേണ്ട, ചർമത്തിൽ സ്വതവേ തന്നെ ഒരു എണ്ണമയമുണ്ട്. ഇളം ചൂടുവെള്ളമാണ് കുളിപ്പിക്കാൻ അനുയോജ്യം. തല ഉരുട്ടിതിരുമ്മി കുളിപ്പിക്കുന്നതിലൊന്നും കാര്യമില്ല. കൃത്രിമ കൺമഷിയും പൗഡറു

മൊന്നും കുട്ടിക്കു നല്ലതല്ല. കഴിവതും വീട്ടിലുള്ള പരിചയസമ്പന്നരായ ആരെങ്കിലും കുട്ടിയെ കുളിപ്പിക്കുന്നതാണു നല്ലത്. അണുബാധകളും രോഗങ്ങളുമൊന്നും പിടിപെടാതിരിക്കാൻ ഇതു സഹായിക്കും.

പിറന്നുവീണ് ആദ്യദിവസങ്ങളിലെല്ലാം കുഞ്ഞ് രാവും പകലുമില്ലാതെ

ഉറക്കമായിരിക്കും. തൊട്ടിലിലാകു

മ്പോൾ മുഖം തുണിയിലമങ്ങി ശ്വാസംകിട്ടാതെ വരിക പോലുള്ള അപകടങ്ങൾക്കു സാധ്യതയുണ്ട്. പതുക്കെ പകലുറക്കത്തിന്റെ സമയം കുറഞ്ഞുവരും. 5–6 മാസം ആകുമ്പോഴേക്കും 16 മണിക്കൂർ ഉറക്കം മതിയാകും. രാത്രി ഏറെ നേരം ഉറങ്ങുകയും പകൽ കുറച്ചധികം സമയം ഉണർന്നിരിക്കുകയും ചെയ്യും. നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ അതു കുട്ടികളുടെ സ്വഭാവത്തെ തന്നെ ബാധിക്കുമെന്നു പഠനങ്ങൾ പറയുന്നു. കുട്ടി ഉറങ്ങാതെ കരഞ്ഞുകൊണ്ടിരിക്കുന്നതു നല്ല ലക്ഷണമല്ല. കാരണം കണ്ടെത്തേണ്ടതുണ്ട്.

baby-care-story-1

വളർച്ചയും വികാസവും

കയ്യിലെടുത്തുപിടിച്ചു കൊഞ്ചിക്കുമ്പോൾ തൊണ്ണുകാട്ടി ചിരിക്കാനും കയ്യും കാലുമിളക്കി കുതിക്കാനും ‘മ്മ’ എന്നുച്ചരിക്കാനുമൊക്കെ തുടങ്ങുന്നതോടെ വീടുണരുകയായി. കളിചിരികളുടെയിടയിലൂടെ കുഞ്ഞ് വളർച്ചയുടെയും ബുദ്ധിവികാസത്തിന്റെയും ഒാരോരോ നാഴികക്കല്ലുകളായി പിന്നിടുന്നു. ചിലപ്പോൾ കുറച്ചു താമസിച്ചാകും നാഴികക്കല്ലുകളിലേക്ക് എത്തുക. താമസം കണ്ടാൽ ശിശുരോഗവിദഗ്ധനെ കണ്ടു കുഞ്ഞിന്റെ വളർച്ചയിൽ പ്രശ്നമൊന്നുമില്ല എന്നുറപ്പിക്കണം. ഒാരോ വളർച്ചാനാഴികക്കല്ലിന്റെ സമയമടുക്കാറാകുമ്പോഴേക്കും ചെറിയ തോതിൽ ഒരു ഉത്തേജനം നൽകിയാൽ കുട്ടി എളുപ്പം ഒാരോ നാഴികക്കല്ലായി പിന്നിടും. ഉദാഹരണത്തിന് കമിഴ്ന്നു വീഴാറാകുമ്പോഴേക്കും ഒരു വശത്തുനിന്നും കളിപ്പാട്ടം മാറ്റി എതിർവശത്തേക്കു കാണിച്ച് കമിഴ്ന്നു വീഴാൻ പ്രേരിപ്പിക്കാം. തൊട്ടിലിൽ നിറമുള്ള കളിപ്പാട്ടങ്ങൾ തൂക്കിയിട്ടാൽ കുട്ടി അത് എത്തിപ്പിടിക്കാൻ ശ്രമിക്കും. ചപ്പാത്തിക്കു കുഴയ്ക്കുന്ന മാവ് ചെറിയ ഉരുളകളായി നൽകി തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് പെറുക്കിയെടുക്കാൻ പ്രേരിപ്പിക്കാം. പിടിച്ചു നടത്താം. ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന പ്രചോദനങ്ങൾക്ക് അനുസരിച്ചു കുഞ്ഞിന്റെ ബുദ്ധിവികാസം മെച്ചപ്പെടുന്നു. എല്ലാ കാഴ്ചകളും ശബ്ദങ്ങളും അനുഭവങ്ങളും കുഞ്ഞിനെ സംബന്ധിച്ചു പുതുതാണെന്നു മറക്കരുത്. അതുകൊണ്ട് കുഞ്ഞിന്റെ ജിജ്ഞാസയെ തടുക്കാതിരിക്കുക ഭാഷാ–ബൗദ്ധിക–സാമൂഹിക വികാസത്തിനു കുഞ്ഞിനോടൊപ്പം മാതാപിതാക്കൾ ഗുണപരമായ സമയം പങ്കിടണം.

മലബന്ധമുണ്ടായാൽ

ആദ്യമൊക്കെ വെള്ളംപോലെ വയറ്റിൽ നിന്നു പോകാം. പച്ചനിറത്തിലും പോകാം. അതു സാധാരണമാണ്. മുലപ്പാലു മാത്രം കൊടുക്കുന്ന കുട്ടികളിൽ വയറ്റിൽ നിന്നും മുറുകി പോയാലോ അയഞ്ഞുപോയാലോ പ്രശ്നമില്ല.

ചിലപ്പോൾ വയറ്റിൽ നിന്നും 2–3 ദിവസം കൂടിയേ പോകൂ. എന്നാൽ അമിത മായി വയറിളകി പോകുന്നത് അണുബാധയുടെ മാത്രമല്ല ലാക്ടോസ്

ഇൻടോളറൻസിന്റെ (മുലപ്പാലിലെ ലാക്ടോസിനെ ദഹിപ്പിക്കാനാകാത്ത അവസ്ഥ) കൂടി ലക്ഷണമാകാം. എന്നുകരുതി പാലൂട്ടൽ നിർത്തരുത്.

ദഹിക്കാനുള്ള സംവിധാനം താനേ ശരിയായിക്കൊള്ളും. ‌

അപകടങ്ങളെ അകലെ

കുഞ്ഞിനെ ചേർത്തുപിടിച്ചു കിടക്കുമ്പോൾ ശ്രദ്ധ വേണം. മൂക്കും വായും എവിടെയെങ്കിലും അമർന്നിരിക്കുകയാണോ, പുതപ്പു മുഖത്തേക്കു വീണു കിടപ്പുണ്ടോ എന്നൊക്കെ. പാൽ തികട്ടിക്കയറി ശ്വാസകോശത്തിലേക്കു പോയാൽ അപകടമാണ്. ഇതു തടയാൻ 10 മിനിറ്റു പാൽ കൊടുത്തിട്ട് ഏതാനും മിനിറ്റു തോളിൽ കമിഴ്ത്തിക്കിടത്തി തട്ടി ഗ്യാസ് കളയുക. ശേഷം ബാക്കി പാൽ കൊടുക്കുക. എന്നിട്ട് ഒന്നുകൂടി തട്ടി ഗ്യാസ് കളയുക. കിടത്തുമ്പോൾ തലയണ ഒരു വശത്തുവച്ച് കുഞ്ഞിനെ ചരിച്ചുകിടത്തണം. തൊട്ടിലിൽ കിടത്തുന്നതും ഒഴിവാക്കുക. കുഞ്ഞിനെ കിടത്തിയിട്ടു നോട്ടം കിട്ടാത്തിടത്തേക്കു പോവുകയാണെങ്കിൽ തറയിൽ മെത്ത വിരിച്ചു കിടത്തുക.

ആദ്യത്തെ ഒരു വർഷം അമ്മയെ സംബന്ധിച്ച് പരീക്ഷണഘട്ടമാണ്.

കുഞ്ഞിനു നിർണായകവും. ജാഗ്രതയോടെ മുൻപോട്ടുപോകാം.

വാക്സിനേഷൻ

ബിസിജി(ക്ഷയരോഗം തടയാൻ), ഒാറൽ പോളിയോ വാക്സീൻ (ഒപിവി) ഹെപ്പറ്റൈറ്റിസ് ബി എന്നിവയാണ് ജനനസമയത്തു നൽകുന്ന കുത്തിവയ്പുകൾ.

∙ 6 ആഴ്ച–ഒപിവി–1, പെന്റാ

വാലന്റ്–1, റോട്ടാവൈറസ്–1,

പിസിവി–1, എഫ്ഐപിവി–1

∙ 10 ആഴ്ച– ഒപിവി–2, പെന്റാ

വാലന്റ്–2, റോട്ടാവൈറസ്–2

∙ 14 ആഴ്ച–ഒപിവി–3, പെന്റാവാലന്റ്–3, റോട്ടാവൈറസ്–3,

പിസിവി–2, എഫ്ഐപിവി–2

∙ 9 മാസം– എംആർ–1,

പിസിവി–ബി, വൈറ്റമിൻ എ

തയാറാക്കിയത്

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ടി.  സുരേഷ്കുമാർ

ശിശുരോഗ ചികിത്സകൻ
തിരുവനന്തപുരം