അസുഖങ്ങൾ, അപകടങ്ങൾ, മാരക രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവ പിടിപെട്ടാൽ നമുക്കുണ്ടാകുന്നതു ഭാരിച്ച ചെലവുകളാണ്. മിക്കവർക്കും താങ്ങാനാകാത്തതാണ് ഈ ചെലവുകൾ. അതിനുള്ള പരിഹാരമാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ. ഇത്തരം ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ പല വിധത്തിലുള്ള മാറ്റങ്ങളും സമീപകാലത്തായി ഉണ്ടായിട്ടുണ്ട്. അവയെക്കുറിച്ചറിയുന്നത് ആരോഗ്യ ഇൻഷുറൻസുകൾ തിരഞ്ഞെടുക്കാനും ഫലപ്രദമായി ഉ പയോഗിക്കാനും സഹായിക്കും. മാറ്റങ്ങളറിയാം മെഡിക്കൽ ഇൻഷുറൻസ് രംഗത്തു കാതലായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇവയിൽ മിക്കവയും പോളിസി ഉടമകൾക്ക് അനുകൂലമായവയാണ്. ഇവയെക്കുറിച്ചുള്ള അവബോധം ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹായിക്കും.
∙പോളിസി തിരിച്ചു നൽകാം:എടുത്തു മുപ്പതു ദിവസത്തിനകം ത ന്നെ ഉപഭോക്താവിനു താൽപര്യമില്ലെങ്കിൽ പോളിസി വേണ്ടെന്നുവച്ച് അടച്ച പ്രീമിയം തിരികെ വാങ്ങിക്കാം
∙ഒരു മണിക്കൂറിനകം മറുപടി: അഡ്മിറ്റായ ശേഷം ആശുപത്രിയിൽ നിന്നു ക്ലെയിം തീർപ്പാക്കുന്ന ഓഫീസിലേക്ക് അയയ്ക്കുന്ന ഫ്രീ ഓതറൈസേഷൻ ലെറ്ററിന് ഒരു മണിക്കൂറിനകം മറുപടി നൽകണം.
∙ മൂന്നു മണിക്കൂറിനകം ഡിസ്ചാർജ്: ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി അനുബന്ധ ക്ലെയിം രേഖകൾ ഇൻഷുറൻസ് ക്ലെയിം ഡിപ്പാർട്ട്മെന്റിനു നൽകിയാൽ മൂന്നു മണിക്കൂറിനകം തീർപ്പാക്കണമെന്നതാണു പുതിയ വ്യവസ്ഥ. ∙ഏതു പ്രായത്തിലും: പ്രായം എത്രയാണെങ്കിലും അത്യാവശ്യം ആരോഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഹെൽത് ഇൻഷുറൻസ് പോളിസിയും ലഭ്യമാകും.
∙ കുറഞ്ഞ ചെലവിൽ: കുറഞ്ഞ ചെലവിൽ സാധാരണക്കാർക്ക് ഇൻഷുറൻസ് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി ഐആർഡിഎ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബീമ നിലവിൽ വരുമ്പോൾ കുറഞ്ഞ ചെലവിൽ ആരോഗ്യ ഇൻഷുറൻസും അപകട ഇ ൻഷുറൻസും ലഭ്യമാകും.
∙ വിവരം കൈമാറണം: ഉപഭോക്താവിനു പോളിസികൾ നൽകുന്നതിന്റെ മുന്നോടിയായി കസ്റ്റമർ ഇൻഫർമേഷൻ ഷീറ്റ് നിർബന്ധമായും പൂരിപ്പിച്ചു വാങ്ങണം. ഇതിൽ പോളിസിയുടെ സംക്ഷിപ്ത വിവരങ്ങ ൾ ഉണ്ടായിരിക്കുകയും വേണം.
∙ ചികിത്സ എവിടെയും: പോളിസി ഉടമയുടെ ഇഷ്ടാനുസരണം ഏത് അംഗീകൃത ആശുപത്രിയിൽ നിന്നും സൗജന്യ ചികിത്സ (പരമാവധി ഇൻഷ്വർ ചെയ്ത തുക വരെ) ലഭിക്കാൻ അർഹതയുണ്ട്
∙കാലപരിധി മൂന്നു വർഷം മാത്രം: പോളിസിയിൽ ചേരുന്ന അവസ്ഥയിൽ നിലവിലുള്ള അസുഖങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിനു ചികിത്സ ലഭിക്കാൻ ഇനി മൂന്നു വർഷം കാത്തിരുന്നാൽ മതി.
∙വിവിധ ചികിത്സാരീതികൾക്കും: ആയുർവേദം, അലോപതി, ഹോമിയോ പതി, യുനാനി തുടങ്ങിയ എല്ലാ ചികിത്സാ രീതികളും ഇനി ഉപഭോക്താവിന് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
∙ അഞ്ചുവർഷം കഴിഞ്ഞാൽ ക്ലെയിം നിഷേധിക്കാനാവില്ല: അഞ്ചുവർഷം തുടർച്ചയായി പോളിസി എടുത്തു പുതുക്കി വരുന്ന സാഹ ചര്യത്തിൽ ഇനിമുതൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞു ക്ലെയിം നിഷേധിക്കാ ൻ പാടില്ല. പക്ഷേ, ഇൻഷുറൻസ് കമ്പനിയെ എല്ലാ രോഗവിവരങ്ങളും തുടക്കത്തിൽ അറിയിക്കണമെന്നു മാത്രം.
∙ മറ്റു പോളിസിയും ഉപയോഗിക്കാം: ക്ലെയിം തുക കൂടുന്ന സാഹചര്യത്തി ൽ ഒന്നിൽ കൂടുതൽ പോളിസികൾ ഉണ്ടെങ്കിൽ ഏതു പോളിസിയിലൂടെയും ക്ലെയിം ചെയ്യാം..
∙ റദ്ദാക്കിയാൽ ബാക്കി തുക: ക്ലെയിം ചെയ്യാത്ത പോളിസികൾ റദ്ദാക്കാനായി ഇൻഷുറൻസ് കമ്പനിക്കു നോട്ടീസ് നൽകിയാൽ ആനുപാതികമായ പ്രീമിയം തുക മാത്രം കഴിച്ചു ബാക്കി സംഖ്യ മടക്കി നൽകേണ്ടതാണ്.
∙ കമ്പനി മാറാം: നിലവിലെ പോളിസി സേവനങ്ങളിൽ താൽപര്യമില്ലെങ്കിൽ പോളിസി പുതു ക്കുന്നതിന് ഒരു മാസം മുൻപായി മ റ്റൊരു ഇൻഷുറൻസ് കമ്പനിയിലേക്കു നിലവിലെ പോളിസി ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ തന്നെ മാറാം.
ഈ മാറ്റങ്ങളെല്ലാം ഗുണകരമാണെങ്കിലും ആരോഗ്യ ഇൻഷുറൻസുകൾ എടുത്തതിന്റെ പ്രയോജനം മുഴുവൻ കിട്ടാനായി പൊതുവായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം. രോഗാവസ്ഥ വെളിപ്പെടുത്തണം പോളിസിയിൽ ചേരുന്ന അവസരത്തിലുള്ള രോഗവിവരങ്ങൾ മുഴുവനായും നൽകിയ ശേഷം പോളിസി എടുക്കുന്നതാണു ഭാവിയിലെ ചികിത്സാ ചെലവുകൾക്കു ശരിയായ പരിഹാര മാർഗം. പോളിസി നിബന്ധനകളിൽ ഏറ്റവും പ്രധാനം നിലവിലുള്ള അസുഖങ്ങൾക്കുള്ള കവറേജ് ലഭിക്കുക നിശ്ചിത കാലാവധി കഴിഞ്ഞ ശേഷം മാത്രമാണ്. സാധാരണ മൂന്നു വർഷത്തിനു ശേഷം പഴയരോഗങ്ങളും ക്ലെയിം ചെയ്യാം. പലതരം പോളിസികൾ ഇൻഷുറൻസ് പോളിസികൾ പല തരത്തിലുണ്ട്. അവ മനസ്സിലാക്കിവേണം ആവശ്യമായതു തിരഞ്ഞെടുക്കാൻ.
∙ ഇൻഡിവിജ്വൽ പോളിസി: ഒരു വ്യക്തിയെ മാത്രം കവർ ചെയ്യുന്നതും അല്ലെങ്കിൽ ഒരു കുടുംബത്തിലെ ഒന്നിലധികം വ്യക്തികളെ (ഓരോരുത്തരേയും നിശ്ചിത തുകയ്ക്ക്) കവർ ചെയ്യുന്ന ഇൻഷുറൻസ് പോളിസിയാണിത്. ∙ ഫാമിലി ഫ്ളോട്ടർ പോളിസി: ഒരു നിശ്ചിത തുകയ്ക്ക് ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളെയും ഇ ൻഷ്വർ ചെയ്യുന്ന പോളിസിയാണിത്. നിലവിൽ ഏറ്റവും പ്രചാരത്തിലുള്ള പോളിസിയാണിത്. കഴിയുന്നതും കുടുംബത്തെ ഒന്നടങ്കം ഇൻഷുർ ചെയ്യുന്ന ഫാമിലി പോളിസികൾക്കാണു മു ൻഗണന നൽകേണ്ടത്.
∙ ക്രിട്ടിക്കൽ ഇൽനസ് പോളിസി: കാൻസർ പോലുള്ള മാരകരോഗങ്ങൾ വന്നാൽ മാത്രം സംരക്ഷണം നൽകുന്നതാണു ക്രിട്ടിക്കൽ ഇൽനസ് പോളിസി. സാധാരണ മെഡിക്ലെയിം പോളിസിയിൽ ചികിത്സയ്ക്കുള്ള ചെലവുകൾ മാത്രം ലഭ്യമാകുമ്പോൾ, ഇതിൽ, മാരകരോഗങ്ങൾ കണ്ടുപിടിച്ചാൽ ത ന്നെ ഇൻഷ്വർ ചെയ്ത തുക മുഴുവനായും മുൻകൂറായി കമ്പനി നൽകുന്നു.
∙ ഹോസ്പിറ്റൽ ക്യാഷ് പോളിസി: ആശുപത്രിയിൽ ചികിത്സയ്ക്കായി അ ഡ്മിറ്റ് ചെയ്യേണ്ടി വന്നാൽ പ്രതിദിനബത്ത (ഹോസ്പിറ്റൽ അലവൻസ്) ല ഭിക്കുന്ന പോളിസികൾ ഇന്നു നിലവിലുണ്ട്. അലവൻസ് ലഭിക്കുന്നതു പരമാവധി ഒരു മാസം മുതൽ രണ്ടുമാസം വരെ ആയിരിക്കും.
∙ ടോപ് അപ് പോളിസി: ചെറിയ തുകയ്ക്ക് ഇൻഷ്വർ ചെയ്ത പോളിസി ഉടമകൾക്കു ക്ലെയിം ഉണ്ടാകുമ്പോൾ ആദ്യം അടിസ്ഥാന പോളിസിയിൽ നിന്നും ആശുപത്രി ചെലവുകൾ ലഭ്യമാകുന്നു. അടിസ്ഥാന പോളിസി തുകയേക്കാൾ കൂടുതൽ തുക ചികിത്സാ ചെലവുണ്ടാകുന്ന പക്ഷം ടോപ് അപ് പോളിസിയിലൂടെ ക്ലെയിം ചെയ്യാം.
പോളിസി തിരഞ്ഞെടുക്കുമ്പോൾ
മെഡിക്ലെയിം പോളിസികളിൽ സൗജന്യ ചികിത്സ കിട്ടാതെയും, അർഹമായ ചികിത്സാചെലവുകൾ ലഭിക്കാതെയും വിഷമിക്കുന്നവരുണ്ട്. അതിനാൽ പോളിസി എടുക്കും മുൻപു നിലവിലുള്ള കമ്പനികൾ, പോളിസികൾ എന്നിവ താരതമ്യം ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. രണ്ടാമതായി കമ്പനിയുടെ സേവനനിലവാരം വിലയിരുത്തണം. യഥാസമയം പോളിസി നൽകുന്നുണ്ടോ? ഹെൽത് കാർഡ് ഉടനെ നൽകുന്നുണ്ടോ? ക്ലെയിം ഉണ്ടായാൽ ആവശ്യം വേണ്ട സഹായ സഹകരണങ്ങൾ ചെയ്യുന്നുണ്ടോ? സൗജന്യ ചികിത്സയുടെ നടപടിക്രമങ്ങൾ വേഗത്തിലാണോ? സമയപരിധിക്കുള്ളിൽ തന്നെ ക്ലെയിം തീർപ്പാക്കി കൊടുക്കുന്നുണ്ടോ? പോളിസി പുതുക്കുന്നതിനുള്ള നോട്ടീസ് യഥാസമയം നൽകു ന്നുണ്ടോ? എന്നീ കാര്യങ്ങൾ മനസ്സിലാക്കിയാൽ ഉറപ്പായും മികച്ച പോളിസി കണ്ടെത്താം. നിലവിലുള്ള പോളിസിയിൽ നിന്നും പ്രതീക്ഷിച്ച സേവന ഗുണനിലവാരം ലഭിക്കുന്നില്ലെങ്കിൽ മികച്ച കമ്പനികളിലേക്കു പോർട്ടു ചെയ്തു മാറാനും മടിക്കേണ്ട.
ക്ലെയിം ചെയ്യുമ്പോൾ
രണ്ടു വിധത്തിലാണു സാധാരണ മെഡിക്ലെയിം പോളിസിയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്നത്. ഒന്ന്, ചികിത്സാചെലവുകൾ തിരികെ ലഭിക്കുന്ന രീതി. രണ്ട്, ആശുപത്രിയിൽ നിന്നുള്ള സൗജന്യ ചികിത്സ, പോളിസി എടുക്കുമ്പോൾ നൽകുന്ന ഹെൽത് കാർഡ് കൂടെ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഇത്തരം കാർഡുക ളിലൂടെ ഭാവിയിൽ ഉണ്ടായേക്കാവുന്ന അസുഖങ്ങൾക്കും, അപകടങ്ങൾക്കും വേണ്ടിവരുന്ന ചികിത്സാ ചെലവു കമ്പനി അംഗീകരിച്ച ആശുപത്രികളിൽ നിന്നു മാത്രമെ സൗജന്യമായിരിക്കുകയുള്ളൂ. മറ്റ് ആശുപത്രികളിൽ ചികിത്സിച്ചാൽ തുക തിരികെ ലഭിക്കുകയാണു പതിവ്. പണമടയ്ക്കാതെ ചികിത്സകൾ ല ഭ്യമാക്കുന്ന അംഗീകൃത ആശുപത്രികൾ പോളിസി ഉടമയുടെ സമീപ പ്രദേശത്ത് ഉണ്ടെന്ന് ഉറപ്പു വരുത്തണം. മാത്രമല്ല, അവ നല്ല നിലയിൽ പ്രവർത്തിക്കുന്നവയാണോ എന്നും അന്വേഷിക്കണം. ക്ലെയിം പെരുപ്പിച്ചു കാണിക്കുക, അനാവശ്യ ചികിത്സ നടത്തുക, അമിതമായ ചാർജുകൾ ഈടാക്കുക എന്നീ കാര്യങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അനാവശ്യമായി ക്ലെയിം തുക ഉയരുന്നത്, കമ്പനിക്കു മാത്രമല്ല പോളിസി ഉടമയ്ക്കും നഷ്ടമാണ്. കാരണം അവശേഷിക്കുന്ന തുക മാത്രമേ കാലപരിധിക്കുള്ളിൽ വീണ്ടും ക്ലെയിം ചെയ്യാനാവൂ.
വിശ്വനാഥൻ ഒടാട്ട്
മാനേജിങ് ഡയറക്ടർ,
എയിംസ് ഇൻഷുറൻസ് ബ്രോക്കിങ്,
തൃശൂർ