Wednesday 14 August 2024 05:33 PM IST : By ഡോ. സഞ്ജു സിറിയക്

സര്‍ജറിയും പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ കീമോമരുന്നുകളും-ശ്വാസകോശ കാന്‍സര്‍ ചികിത്സയിലെ മാറ്റങ്ങളറിയാം

lungse324

കാൻസർ ലോകത്തെ ഒന്നാം നമ്പർ സ്ഥാനം അലങ്കരിക്കുന്നത് ശ്വാസകോശ കാൻസർ ആണ്. ഏറ്റവും അധികമായി കാണപ്പെടുന്ന കാൻസർ, ഏറ്റവും അധികം ആളുകൾ മരണപ്പെടുന്ന കാൻസർ ഈ സ്ഥാനമാനങ്ങൾ അവകാശപ്പെടാൻ മറ്റൊരു രോഗമില്ല. ഇനി ഒരു സ്ഥാനം കൂടി ഉണ്ട്. പുകയില നിരോധിച്ചാൽ ഏറ്റവും കുറയുന്നതും ഇതേ രോഗം തന്നെ.

ശ്വാസകോശ കാൻസർ മറ്റു ചില പ്രത്യേകതകൾ

1. 80% ശ്വാസകോശ കാൻസർ രോഗികളിലും രോഗകാരണം പുകയില ഉപയോഗമാണ്.

2. 50% രോഗികളും നാലാം സ്േറ്റജിൽ ആണ് രോഗം കണ്ടെത്തുന്നത്.

3. സ്ത്രീകളിൽ ഈ രോഗത്തിന്റെ തോത് വർധിച്ചു വരുന്നു.

4. പുകയില ഉപയോഗം ഇല്ലാത്തവരിലും ഈ രോഗം വരാം.

പത്ത് പതിനഞ്ചു വർഷം മുൻപ് വരെ കാര്യമായ ചികിത്സ ഒന്നും തന്നെ ശ്വാസകോശ അർബുദം എന്ന രോഗത്തിന് സാധ്യമായിരുന്നില്ല. ചികിത്സയോടു വലിയ പ്രതികരണമൊന്നും ഉണ്ടാകാതെ ഏതാനും മാസങ്ങൾക്കുള്ളിൽ രോഗി മരണപ്പെടുകയായിരുന്നു പതിവ്. എന്നാൽ വലിയ മാറ്റങ്ങൾ ആണ് ഇക്കാലത്ത് ഈ രോഗത്തിന്റെ ചികിത്സയിൽ വന്നിട്ടുള്ളത്.

ശ്വാസകോശ കാൻസറിന് സർജറി ഉണ്ടോ?

തീർച്ചയായും. ശ്വാസകോശ കാൻസറിന് ശസ്ത്രക്രിയ ഉണ്ട്. എന്നാൽ, ഇതു സാധിക്കുന്നത് വളരെ കുറച്ചു പേർക്ക് മാത്രം. ഒന്നാമത്തെയോ രണ്ടാമത്തെയോ സ്േറ്റജിൽ രോഗനിർണയം നടക്കുന്നവർക്കാണു സർജറി നടത്തുക.

ചിലരിൽ മൂന്നാം സ്േറ്റജിൽ ആണ് രോഗം കണ്ടെത്തുക. അത്തരക്കാർക്ക് കീമോതെറപ്പിയും റേഡിയേഷനും സംയോജിപ്പിച്ചുള്ള ചികിത്സയാണു നടത്തുക. വളരെ അപൂർവമായി സർജറിയും നടത്താറുണ്ട്.

ഇനി നാലാം സ്േറ്റജ് കാൻസർ ചികിത്സ എങ്ങനെയെന്നു നോക്കാം. നാലാം സ്േറ്റജ് ശ്വാസകോശ കാൻസർ പലവിധമുണ്ട്. മൂന്ന് പ്രധാന വിഭാഗങ്ങൾ താഴെ പറയുന്നു.

1. എപ്പിഡെർമൽ ഗ്രോത്ത് ഫാക്റ്റർ റിസപ്റ്റർ (EGFR )പോസിറ്റീവ് ശ്വാസകോശ കാൻസർ –

പുകവലി ശീലം ഇല്ലാത്തവർ, സ്ത്രീകൾ, ഏഷ്യൻ വംശജർ ഇവരുടെ ട്യൂമറിൽ കാണുന്ന ഒരു പ്രതിഭാസമാണ് എപ്പിഡെർമൽ ഗ്രോത്ത് ഫാക്‌റ്റർ ജനിതകമാറ്റം. ഇക്കൂട്ടർക്ക് ഈ മാറ്റത്തെ ലക്ഷ്യം വച്ചുള്ള ചികിത്സ (targeted therapy) വളരെ ഫലപ്രദമാണ്. ഗുളിക രൂപത്തിലുള്ള ചികിത്സ ആണു നൽകുന്നത്. ഈ ഗണത്തിൽ പെടുന്നവർ രണ്ടോ മൂന്നോ അതിലധികമോ വർഷം രോഗവുമായി മുന്നോട്ട് പോകുന്നതാണ് അനുഭവം. താരതമ്യേന ചികിത്സാ ചെലവും കുറവാണ്.

2. അനാപ്ലാസ്റ്റിക് ലിംഫോമാ കൈനേസ് (ALK )പോസിറ്റീവ് ശ്വാസകോശ കാൻസർ –

പുകവലിക്കാത്തവരിൽ കാണുന്ന മറ്റൊരു മാറ്റമാണ് അനാപ്ലാസ്‌റ്റിക് ലിംഫോമ കൈനേസ് ജനിതകമാറ്റം. ഇവർക്ക് ഇതിന് എതിരായുള്ള മരുന്നുകൾ വളരെ ഫലപ്രദമാണ്.

3. പ്രോഗ്രാംഡ് സെൽ ഡെത്ത് ലൈഗൻഡ് 1 പോസിറ്റീവ് ശ്വാസകോശ കാൻസർ –

പി ഡി എൽ1 എന്ന തന്മാത്രയുടെ സാന്നിധ്യം ഉള്ള കാൻസർ കോശങ്ങൾ പുതിയ ചികിത്സാ രീതിയായ ഇമ്മ്യൂണോ തെറപ്പിയോടു നല്ല പ്രതികരണം കാണിക്കുന്നു. ഇവരിൽ ചിലരിൽ രോഗം നിശേഷം ഇല്ലാതാകുകയും വർഷങ്ങളോളം ഈ പ്രതികരണം നീണ്ടു നിൽക്കുകയും ചെയ്യുന്നു. പുകവലിക്കാരിൽ ഈ തന്മാത്രയുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നു. പൊതുവെ ചികിത്സാ ചെലവ് കൂടുതലാണ് ഇമ്മ്യൂണോ തെറപ്പിക്ക് എന്ന് ഓർക്കുക.

EGFR, ALK, PDL 1 അല്ലാതെ ROS 1 Her 2, BRAF തുടങ്ങിയ മറ്റു ചില പരിശോധനകളും നടത്താറുണ്ട്. അവയിൽ പലതും അപൂർവമാണ്. മേൽ പറഞ്ഞ ചില മാറ്റങ്ങൾ ട്യൂമറിൽ ഉണ്ടോ എന്നു പരിശോധന നടത്തിയ ശേഷം വേണം ചികിത്സ ആരംഭിക്കാൻ. കാരണം 60 മുതൽ 70 ശതമാനം വരെ രോഗികളിൽ ഈ ടെസ്റ്റുകൾ പോസിറ്റീവ് ആകാം. അതിലൂടെ കൃത്യതയാർന്ന ചികിത്സ നൽകാനും സാധിക്കും.

ടെസ്റ്റുകൾ നെഗറ്റീവ് ആണെങ്കിൽ കീമോതെറപ്പി മാത്രമേ സാധ്യമാവൂ. എന്നാൽ നിരാശപ്പെടേണ്ട, ശ്വാസകോശ കാൻസറിന് ഉപയോഗിക്കുന്ന പുതു തലമുറ കീമോതെറപ്പി മരുന്നുകൾക്ക് പൊതുവെ പാർശ്വഫലങ്ങൾ കുറവാണ്.

ചികിത്സയിൽ വന്ന മാറ്റങ്ങളോടൊപ്പം ചേർത്തുവയ്ക്കേണ്ടത് പ്രതിരോധ പ്രവർത്തനങ്ങൾ കൂടിയാണ്. പുകയിലരഹിത ദിനങ്ങൾക്കായി നമ്മുടെ ശ്രമങ്ങൾ തുടരണം.

തയാറാക്കിയത്

ഡോ. സഞ്ജു സിറിയക്

സീനിയർ കൺസൽറ്റന്റ്

മെഡിക്കൽ ഓങ്കോളജി &

ഹെമറ്റോ ഓങ്കോളജി

രാജഗിരി ഹോസ്പിറ്റൽ

ആലുവ.

Tags:
  • Manorama Arogyam