Friday 07 July 2023 03:53 PM IST

ശുദ്ധജലാശയങ്ങളിൽ പതുങ്ങിയിരിക്കുന്ന അപകടം; മൂക്കു വഴി തലച്ചോറിലേക്ക് : അമീബിക് മെനിൻജൈറ്റിസിനെ കുറിച്ചറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

amoebainf3243

ചേർത്തലയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി പ്രൈമറി അമീബിക് മെനിൻജൈറ്റിസ് രോഗം ബാധിച്ചു മരിച്ച വാർത്ത വായിച്ചു കാണുമല്ലൊ. എങ്ങനെയാണ് ഈ മസ്തിഷ്ക ജ്വരം വരുന്നതെന്നു നോക്കാം.

നെഗ്ലേരിയ ഫൗലേരി അഥവാ തലച്ചോറു തീനി അമീബ ആണ് രോഗകാരണം. കായലുകളും അരുവികളും പോലുള്ള ശുദ്ധജലാശയങ്ങളിലാണ് ഇവ കാണുക. കടലിൽ കാണാറില്ല.

അമീബ ശരീരത്തിലെത്തി ഒന്നു മുതൽ അഞ്ചു വരെയുള്ള ദിവസങ്ങൾക്കുള്ളിൽ (വെള്ളത്തിൽ കുളി കഴിഞ്ഞ ദിവസം മുതൽ) ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കാലുവേദന, ഛർദി, പനി, വെളിച്ചത്തിലേക്കു നോക്കാൻ പ്രയാസം, മയക്കം, ഫിറ്റ്സ് എന്നിവ വരാം. മറ്റു കാരണങ്ങളാലുള്ള മെനിൻജൈറ്റിസ് രോഗങ്ങളേക്കാൾ ഗുരുതരമാണ് പ്രൈമറി അമീബിക് മെനിൻജൈറ്റിസ് എന്ന മസ്തിഷ്ക ജ്വരം.

സാധാരണ ചൂടുകൂടുന്ന സമയങ്ങളിലാണ് അമീബയുടെ വളർച്ചാനിരക്കു കൂടുന്നത്. മൂക്കിലൂടെ എത്തുന്ന അമീബ ഗന്ധമറിയുന്ന ഒാൾഫാക്റ്ററി ട്രാക്റ്റ് വഴി തലച്ചോറിലേക്കെത്തുന്നു. തലച്ചോറിലെത്തുന്ന അമീബ നീർക്കെട്ടുണ്ടാക്കി മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്നു.

ഈ രോഗം അത്യപൂർവമാണ്. ജലാശയങ്ങളിൽ ഇത്തരം അമീബ ഉണ്ടെങ്കിലും അതിലിറങ്ങി കുളിക്കുന്ന എല്ലാവരിലും രോഗം വരാറില്ല. തന്നെയുമല്ല, അമീബയുള്ള വെള്ളം കുടിച്ചാലും രോഗം വരാറില്ല. മൂക്കിലൂടെ കയറാതെ ശ്രദ്ധിച്ചാൽ മതി. എങ്കിലും കായലിലും കുളത്തിലുമൊക്കെ നീന്തിയിട്ടു പെട്ടെന്നു തന്നെ മേൽപറഞ്ഞ ലക്ഷണങ്ങൾ കാണിച്ചാൽ ഉടനെ ഡോക്ടറെ കാണുക. 

പ്രത്യേകം ശ്രദ്ധിക്കാൻ

∙ വെള്ളത്തിലേക്കു ചാടുമ്പോൾ മൂക്കു പൊത്തിപ്പിടിക്കുക. 

∙ കഴിയുന്നതും വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കുന്നത് ഒഴിവാക്കുക. 

∙ കുളത്തിന്റെയും മറ്റും അടിത്തട്ടിലെ ചെളി ഇളക്കാൻ ശ്രമിക്കരുത്.

വിവരങ്ങൾക്ക് കടപ്പാട്

മനോരമ ആരോഗ്യം ആർകൈവ്

Tags:
  • Daily Life
  • Manorama Arogyam