Tuesday 10 October 2023 04:50 PM IST : By സ്വന്തം ലേഖകൻ

ഫിൽറ്ററിൽ കുളിച്ച ഫൊട്ടോയും, പുറംമോടി മാത്രമുള്ള സോഷ്യല്‍ മീഡിയയും മടുപ്പിലെത്തിക്കും: മനസിന്റെ സന്തോഷത്തിന് വേണ്ടത്

mental-health-story-

നാം വീണ്ടും ഒരു ലോക മാനസികാരോഗ്യ ദിനം ആചരിക്കുകയാണെല്ലോ. 'മാനസിക ആരോഗ്യം ഒരു സാര്‍വത്രിക മനുഷ്യാവകാശമാണ്' എന്നതാണ് ഈ വര്‍ഷം ലോകാരോഗ്യ സംഘടന മുന്നോട്ടു വച്ചിരിക്കുന്ന പ്രമേയം. ഈ അവസരത്തില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ, വിഷാദം, ഉത്കണ്ഠ, നിരാശ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളെ പറ്റി ചര്‍ച്ച ചെയ്യേണ്ടതും പ്രാധാന്യത്തോടെ ചിന്തിക്കേണ്ടതും അത്യാവശ്യമാണ്. ഇവയെല്ലാം എല്ലാകാലത്തും ചെറിയ അളവില്‍ ലോകത്തിലെ എല്ലാ സമൂഹങ്ങളിലും ഉണ്ടായിരുന്നു എങ്കിലും ഈ അടുത്തകലത്തായി ഇവയുടെ നിരക്ക് വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്.

നാം ജീവിക്കുന്ന ഈ കാലഘട്ടം ചരിത്രപരമായി മുമ്പ് ജീവിച്ചിരുന്ന ഏത് മനുഷ്യരെക്കാളും ഉയര്‍ന്ന ജീവിത നിലവാരമാണ് എല്ലാവര്‍ക്കും പ്രധാനം ചെയ്യുന്നത്. എന്നാല്‍ മനുഷ്യരുടെ ജീവിത സുസ്ഥിതി എക്കാലത്തേക്കാളും താഴ്ന്ന അവസ്ഥയിലാണ്. ആത്മഹത്യ, വിഷാദം, ഉത്കണ്ഠ, നിരാശ തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ നിരക്കിലെ വര്‍ദ്ധനയുടെ പ്രധാന കാരണം ഏകാന്തതയും അര്‍ത്ഥരഹിതമായ ജീവിതവുമാണ്. ഇവ ജീവിതം യാന്ത്രികമാക്കുകയും തുടര്‍ന്ന് ജീവിതം മടുപ്പിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പിന്നീട് എന്ത് ചെയ്താലും സന്തോഷം കിട്ടാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

ജപ്പാന്‍, യു.കെ. മുതലായ രാജ്യങ്ങള്‍ ഇതിനോടകം തന്നെ ജനങ്ങളുടെ ഏകാന്തതയെ മറികടക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭയില്‍ മന്ത്രിയെ ഉള്‍പ്പെടുത്തിയിട്ടുണ്ട് (മിനിസ്റ്റര്‍ ഓഫ് ലോണ്‍ലിനെസ്സ്). അതായത് ഏകാന്തത വര്‍ദ്ധിച്ചു വരുന്ന ഒരു സാര്‍വത്രീക പ്രശ്നം തന്നെയാണ്. മിക്കവാറും മനുഷ്യരൊക്കെ ഇന്ന് ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന അവസ്ഥയിലാണ്. സാമൂഹിക മാധ്യമങ്ങള്‍ മനുഷ്യരെ ബന്ധിപ്പിക്കുന്നുണ്ടെങ്കിലും ആത്മാര്‍ത്ഥമായി അടുപ്പിക്കുന്നില്ല.

സമൂഹ മാധ്യമങ്ങളിലെ മിക്കവാറും പോസ്റ്റുകള്‍ യഥാര്‍ത്ഥ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതല്ലാത്തതു കൊണ്ട് തന്നെ പലരും കൃത്രിമമായി സാമൂഹിക അംഗീകാരം നേടാന്‍ ശ്രമിക്കുന്നു. ഇതിനുവേണ്ടി ഫില്‍റ്റര്‍ ചെയ്ത ഫോട്ടോകളും മറ്റും ഉപയോഗിക്കുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. ഇത്തരത്തില്‍ തുടര്‍ച്ചയായി പോസ്റ്റ് ചെയ്യുമ്പോള്‍ കുറേനാള്‍ കഴിയുമ്പോള്‍ അവരവര്‍ക്ക് തന്നെ മനസ്സില്‍ മടുപ്പ് തോന്നിത്തുടങ്ങും. കാരണം, അവര്‍ ചിന്തിക്കുന്നതും പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ ഉള്ള വൈരുധ്യം എത്ര മറച്ചു വയ്ക്കാന്‍ ശ്രമിച്ചാലും സത്യവും യാഥാര്‍ഥ്യവും പുറത്തു വരാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും, ഇത് അവരില്‍ വലിയ അസ്വസ്ഥതയ്ക്ക് കാരണമാകുന്നു.

കൂടാതെ ഇത്തരത്തില്‍ മുന്നോട്ട് പോകുമ്പോള്‍ മറ്റു വ്യക്തികളുമായി ആത്മാര്‍ഥമായി ബന്ധം സ്ഥാപിക്കാന്‍ ബുദ്ധിമുട്ട് നേരിടും. സാമൂഹിക മാധ്യമങ്ങള്‍ ഈ പ്രശനം ഗുരുതരമാക്കി എന്നതാണ് വസ്തുത. ആയതിനാല്‍ നേരിട്ടുള്ള വ്യക്തിബന്ധങ്ങള്‍ പ്രത്യേകിച്ചും ദാമ്പത്തിക - കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കിയാലേ ഈ ഏകാന്തത പരിഹരിക്കാന്‍ സാധിക്കുകയുള്ളു. മാത്രമല്ല നമ്മുടെ അവകാശങ്ങളെ കുറിച്ചും ഇല്ലായ്മകളെ കുറിച്ചും കുറവുകളെ കുറിച്ചും ചിന്തിച്ചും പറഞ്ഞും കുറ്റപെടുത്തിയും സമയങ്ങളും അവസരങ്ങളും നഷ്ടപ്പെടുത്താതെ സ്വമനസ്സാലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു നിര്‍വഹിച്ചാലും കൊണ്ട് ജീവിതത്തില്‍ അര്‍ത്ഥം കണ്ടെത്താനാകും.

Nithin A.F.

Consultant Psychologist

SUT Hospital, Pattom