Monday 26 September 2022 04:23 PM IST : By സ്വന്തം ലേഖകൻ

ലക്ഷണങ്ങൾ പോലുമില്ലാതെ പതിയിരിക്കുന്ന മരണം! ആറുവയസിനെയും അറുപതിനെയും ഒരു പോലെ കീഴടക്കും ന്യൂമോണിയ

pneumonia

പ്രായഭേദമെന്യേ ആരെയും ബാധിക്കാവുന്ന ഗുരുതര രോഗമാണ് ന്യൂമോണിയ. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളിലും വൃദ്ധരിലും മരണകാരണങ്ങളിൽ ഒന്നാമനാണ് ന്യൂമോണിയ. ന്യൂമോണിയയ്ക്കു കാരണം കൊറോണ പോലെയുള്ള െെവറസുകൾ മാത്രമല്ല; ബാക്ടീരിയകളും പൂപ്പലുകളുമാകാം.

നിരവധി ബാക്ടീരിയകള്‍ ഈ രോഗാവസ്ഥയ്ക്കു കാരണമാകാറുണ്ട്. ന്യൂമോകോക്കസ്, സ്‌റ്റെൈഫലോകോക്കസ്, ക്ലെബ്സിയെല്ല, സ്യൂഡോമോണാസ്, െെമക്കോപ്ലാസ്മ തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം. വൈറസ് വരുത്തുന്ന വിഭാഗത്തിൽ ഇന്‍ഫ്ലുവന്‍സ വിഭാഗമാണ് മുഖ്യം. അഞ്ചാംപനിയുണ്ടാക്കുന്ന മീസില്‍സ് െെവറസ്, ചിക്കന്‍പോക്സ് െെവറസ് തുടങ്ങിയവയൊക്കെ ന്യൂമോണിയയ്ക്കു കാരണമാകാറുണ്ട്.

കാന്‍സര്‍രോഗബാധ, എച്ച്.െഎ.വി., അവയവങ്ങള്‍ മാറ്റിവച്ചതിനു ശേഷമുള്ള തുടര്‍ചികിത്സ, ജന്മനാ ഉള്ള ചില തകരാറുകള്‍ എന്നീ സാഹചര്യങ്ങളിൽ പ്രതിരോധശേഷി കുറയും. അപ്പോഴാണ് പൂപ്പലുകള്‍ (ഫംഗസുകൾ ) ബാധിച്ച് ന്യൂമോണിയ വരുക. ആസ്പര്‍ജിലസ്, കാന്‍ഡിഡ തുടങ്ങിയ ഫംഗസുകള്‍ ഉണ്ടാക്കുന്ന ഇത്തരം ന്യൂമോണിയകള്‍ ഏറെ അപകടകരവും ആണ്. പനി,ശ്വാസംമുട്ട്, ചുമ എന്നിവ കണ്ടാൽ രോഗാണു, അവയുടെ ആക്രമണശക്തി, വ്യക്തിയുടെ ആരോഗ്യസ്ഥിതി, പ്രായം തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ രോഗലക്ഷണളെ ബാധിക്കാം. വിറയലോടുകൂടിയ കടുത്ത പനി, ശരീരവേദന, ശ്വാസംമുട്ടല്‍, കഫത്തോടു കൂടിയ ചുമ തുടങ്ങിയവയാണ് ബാക്ടീരിയകള്‍ മൂലമുള്ള ന്യൂമോണിയയുടെ പൊതുവായ പ്രധാന ലക്ഷണങ്ങള്‍. അതിസൂക്ഷ്മ ബാക്ടീരിയ ആയ െെമക്കോപ്ലാസ്മയാലുള്ള

ന്യൂമോണിയയിൽ ഇത്തരം ലക്ഷണങ്ങള്‍ കാണാറുമില്ല. പലപ്പോഴും തലവേദന, ശരീരക്ഷീണം തുടങ്ങി ശ്രദ്ധിക്കപ്പെടാത്ത ലക്ഷണങ്ങളോടെയാവും അവയുടെ വരവ്.മൂക്കടപ്പ്, മൂക്കൊലിപ്പ്, വരണ്ടചുമ, ശരീരവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയവ ൈവറസുകള്‍ മൂലമുള്ള ന്യൂമോണിയയിൽ കാണും. മിക്കപ്പോഴും സാധാരണ ലക്ഷണങ്ങള്‍ ഇവിടെ കണ്ടെന്നുവരില്ല. അതുകൊണ്ടു രോഗം സംശയിക്കപ്പെടാന്‍ സാധ്യത കുറയും എന്നൊരപകടം കൂടെയുണ്ട്. പൂപ്പല്‍ മൂലമുള്ള ന്യൂമോണിയകളിലും സാധാരണ ലക്ഷണങ്ങള്‍ കണ്ടെന്നുവരില്ല.

ന്യൂമോണിയ വരുന്നതെങ്ങനെ?

അന്തരീക്ഷവുമായി നിരന്തരബന്ധമുള്ള ഏക ആന്തരാവയവമാണ് ശ്വാസകോശങ്ങള്‍. അണുക്കളൊക്കെ നിറഞ്ഞ വായുവാണ് നാം ഒരോ തവണയും വലിച്ചെടുക്കുന്നത്. എന്നാല്‍ ഇവയെ തടുത്തുനിര്‍ത്താന്‍ ശക്തമായ പ്രതിരോധസംവിധാനമാണ് നമുക്കുള്ളത്.

മൂക്കു മുതല്‍ ശ്വാസനാളികളിലെ പ്രതിരോധ തടയണകള്‍ വരെ. ഈ തടയണകളെ  തകര്‍ത്തുകൊണ്ട് അണുജീവികള്‍, ശ്വാസകോശങ്ങളിലേക്ക് കടക്കുന്ന നിരവധി സാഹചര്യങ്ങളുണ്ട്. നമ്മുടെ പ്രതിരോധസംവിധാനത്തിലെ തകരാറുകള്‍, പൊതു ആരോഗ്യസ്ഥിതി മോശമാകല്‍, ആക്രമണോല്‍സുകത കൂടിയ അണുജീവികള്‍,
വായിലെ ശുചിത്വക്കുറവുമൂലം അണുജീവികള്‍ പെരുകി അവ ഉമിനീരുവഴി ശ്വാസകോശങ്ങളിലേക്ക് എത്തുക തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇത്തരം പ്രശ്നങ്ങളെ തുടര്‍ന്നു ശ്വാസകോശകലകള്‍ക്കുണ്ടാകുന്ന നീര്‍ക്കെട്ടിനെയാണ്  ന്യൂമോണിയ എന്നു പൊതുവായി വിളിക്കുന്നത്. ഒാര്‍ക്കുക അണുബാധ മൂലമല്ലാതെയും ശ്വാസകോശ അറകളില്‍ നീര്‍ക്കെട്ടു വരാം. അത്തരം അവസ്ഥകളെ ന്യൂമോെെണറ്റിസ് (Pnemonitis) എന്നാണു വിളിക്കാറ്.

പ്രായവും വിശപ്പില്ലായ്മയും

പ്രായമേറിയവരിലാകട്ടെ കാര്യമായ ലക്ഷണങ്ങളൊന്നും തന്നെ കണ്ടെന്നുവരില്ല –അത് ഏതുതരം ന്യൂമോണിയ ആണെങ്കില്‍ പോലും. ശരീരത്തിന്റെ പ്രതിരോധശേഷി പ്രായമായവരില്‍ കുറയുന്നതാണ് രോഗലക്ഷണങ്ങള്‍ കാണാതിരിക്കുന്നതിന്റെ കാരണം. അതുകൊണ്ട് അവര്‍ക്കുണ്ടാകുന്ന ചെറിയ അസ്വസ്ഥതകളോ, പെട്ടെന്നുണ്ടാകുന്ന ശരീരക്ഷീണമോ, വിശപ്പില്ലായ്മയോ ഒക്കെ ഗൗരവമായെടുക്കണം. അതൊക്കെ തന്നെ ന്യൂമോണിയയുടെ തുടക്ക ലക്ഷണങ്ങളാകാനിടയുണ്ട്.

ന്യൂമോണിയ പല ഭാവത്തിലും രൂപത്തിലും പ്രത്യക്ഷപ്പെടാം. അതു ശ്വാസകോശത്തിന്റെ ഒരു പാളിയെയോ ഒന്നിലധികം പാളികളെയോ ബാധിക്കാം. ചിലപ്പോഴാകട്ടെ ശ്വാസകോശത്തിന്റെ വിവിധ ഭാഗങ്ങളില്‍ അങ്ങിങ്ങായി പൊട്ടുകളായി നീര്‍ക്കെട്ടുണ്ടാകാം.

നിര്‍ണയം ശ്രദ്ധയോടെ

രോഗചരിത്രവും ക്ലിനിക്കല്‍ പരിശോധനയും രോഗനിര്‍ണയത്തില്‍ സുപ്രധാനം. നെഞ്ചിന്റെ എക്സ്റേ പരിശോധന ന്യൂമോണിയ രോഗനിര്‍ണയത്തില്‍ പ്രധാനമാണ്. രോഗം ശ്വാസകോശത്തില്‍ എവിടെയൊക്കെ എത്രത്തോളം വ്യാപിച്ചു എന്നൊക്കെയറിയാന്‍ ഈ പരിശോധന സഹായിക്കും. വ്യക്തതയോടെ അറിയാന്‍ നെഞ്ചിന്റെ സിടി സ്കാനും സഹായിക്കും. ഇത്തരം പരിശോധനകളില്‍ ന്യൂമോണിയ പാടുകളായോ, ശ്വാസകോശത്തിന്റെ ഭാഗങ്ങള്‍ വെളുത്തിരിക്കുന്നതായോ കണ്ടുവരും.

അണുബാധ ഏതെന്നറിയാന്‍ കഫത്തിന്റെയും രക്തത്തിന്റെയും കള്‍ച്ചര്‍ പരിശോധനയും സാധാരണ നടത്താറുണ്ട്. ശ്വാസകോശ ആവരണങ്ങള്‍ക്കിടയില്‍ നീര്‍ക്കെട്ടുണ്ടായാല്‍ അവിടെ നിന്നും ദ്രാവകം കുത്തിയെടുത്ത് പരിശോധിക്കുന്നതും ശ്വാസനാളികളില്‍ നിന്നു ബ്രോങ്കോസ് കോപ്പി വഴി സ്രവമെടുത്ത് പരിശോധിക്കുന്നതും ചില സാഹചര്യങ്ങളില്‍ ആവശ്യമായി വരാം.

െെവറല്‍ ന്യൂമോണിയകളുടെ കണ്ടെത്തല്‍ പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. രക്തത്തില്‍ നിന്നോ മറ്റു സ്രവങ്ങളില്‍ നിന്നോ െെവറസുകളെ വേര്‍തിരിച്ചെടുക്കാനും ദുഷ്കരമാണ്. രോഗസാഹചര്യങ്ങള്‍ വിലയിരുത്തൽ ഇത്തരം ഘട്ടങ്ങളില്‍ സുപ്രധാനമാണ്. സാധാരണ ഉണ്ടാകുന്ന െെവറല്‍പനികള്‍ വ്യത്യസ്ത രീതിയില്‍ പെരുമാറുക, ആന്റിബയോട്ടിക്കുകള്‍ പ്രയോജനം ചെയ്യാതിരിക്കുക എന്നിവ െെവറല്‍ ന്യൂമോണിയയുടെ സാന്നിധ്യം പരിശോധിക്കേണ്ട ഘടകങ്ങളാണ്.

ഫംഗസുകളെയാവട്ടെ കള്‍ച്ചര്‍ ചെയ്യുക എളുപ്പമല്ല. രോഗസാഹചര്യങ്ങളെയും രോഗിയുടെ നിലയെയും വിശദമായി അപഗ്രഥിച്ചു രോഗനിര്‍ണയം നടത്തുക എന്നതാണ് പ്രധാനം. ഫംഗസുകള്‍ ഉല്‍പാദിപ്പിക്കുന്ന ചിലയിനം വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി രോഗനിര്‍ണയം നടത്താറുണ്ട്. അതുപോലെന്യൂമോണിയ രോഗനിര്‍ണയത്തോടൊപ്പം പ്രാധാന്യമുള്ളതാണ് അസുഖം മറ്റെന്തെങ്കിലുമാണോ എന്ന് തിരിച്ചറിയേണ്ടതും.

ഉടന്‍ ചികിത്സ

െെവകുന്തോറും അപകടസാധ്യത ഏറുന്ന രോഗമായതിനാൽ ഉടൻ ചികിത്സ േവണം. ഏതു രോഗാണുവാണ് രോഗകാരണം, രോഗസാഹചര്യം എന്നിവ വിലയിരുത്തിയാണ് ചികിത്സ വീട്ടില്‍വച്ചു മതിയോ അതോ ആശുപത്രിയില്‍ കിടത്തി വേണോ എന്നൊക്കെ തീരുമാനിക്കുന്നത്.

ആന്റിബയോട്ടിക്കുകളാണ് ബാക്ടീരിയമൂലം ഉണ്ടാകുന്ന ന്യൂമോണിയകള്‍ക്കുള്ള പ്രധാന ചികിത്സ. െെവറല്‍ ന്യൂമോണിയകളില്‍ ആന്റി െെവറല്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് നല്‍കേണ്ടത്. പൂപ്പൽ കൊണ്ടുണ്ടാകുന്ന ന്യൂമോണിയയ്ക്ക് ആന്റിഫംഗല്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളും വേണം. എന്നാല്‍ വിവിധ അണുവിഭാഗങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് ആക്രമിക്കുന്ന സ്ഥിതിയും കാണാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ഈ മരുന്നുകളെല്ലാം തന്നെ ഏറെസൂക്ഷ്മതയോടെ നല്‍കേണ്ടിവരും.

ഓക്സിജന്‍ ചികിത്സ

മരുന്നുകള്‍ക്കു പുറമേ ശ്വാസതടസ്സം കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍, ഒാക്സിജന്‍, കൃത്രിമശ്വാസോച്ഛ്വാസ ഉപാധികള്‍ തുടങ്ങിയവയൊക്കെ ചികിത്സയില്‍ ആവശ്യമായി വന്നേക്കാം.

ആദ്യഘട്ടത്തില്‍ ചികിത്സിച്ചാല്‍ നല്ല ഫലം കിട്ടുന്ന രോഗാവസ്ഥയാണ് ന്യൂമോണിയ. ചികിത്സ വൈകുന്നത് അപകടം ചെയ്യും. ആശുപത്രിജന്യ ന്യൂമോണിയകളും പ്രതിരോധശേഷി കുറഞ്ഞവരെ ബാധിക്കുന്ന ന്യൂമോണിയകളും പൂപ്പലുകള്‍ മൂലമുള്ള ന്യൂമോണിയകളും മാരകമാകുന്നത് പതിവാണ്. ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്തുക എന്നതും ശരിയായ ചികിത്സ ആരംഭിക്കുക എന്നതും പ്രധാനമാണ്.ചിലരില്‍ ന്യൂമോണിയ ഇടയ്ക്കിടെ ഉണ്ടായെന്നു വരാം. ഇതിനെ ആവര്‍ത്തിത ന്യൂമോണിയ (Recurrent Pneumonia) എന്നാണു പറയുന്നത്. ശ്വാസകോശത്തില്‍ കേടുപാടുകള്‍ ഉള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നീ വിഭാഗങ്ങളിലാണിത് സാധാരണ കണ്ടുവരുന്നത്.

പ്രതിരോധം പ്രധാനം

രോഗാണു ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് എത്തുന്നത് വായു മാര്‍ഗമാണ്. ചുമ വഴി അല്ലെങ്കില്‍ തുമ്മല്‍ വഴി. അതുകൊണ്ട് വ്യക്തിശുചിത്വം ഏറെ പ്രധാനമാണ്. െെകകള്‍ എപ്പോഴും കഴുകുന്നത് ഫലപ്രദമായ ഒരു ന്യൂമോണിയ നിയന്ത്രണ മാര്‍ഗമാണ്. മാസ്ക്കുകള്‍ നിര്‍ബന്ധമായ ഈ കാലഘട്ടത്തില്‍ നാമിത് ചെയ്യുന്നുണ്ട്. ഈ കാലം കഴിഞ്ഞാലും െെകകള്‍ നിരന്തരം കഴുകുന്ന ശീലം തുടരണം. പുകവലി, മദ്യപാനം ഇവ ഒഴിവാക്കുക, ചെറിയ അസുഖങ്ങള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സിക്കാതിരിക്കുക എന്നതും ന്യൂമോണിയപ്രതിരോധത്തിനു നല്ലതാണ്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. പി.എസ് ഷാജഹാൻ

അഡീഷനൽ  പ്രഫസർ
പൾമണറി െമഡിസിൻ വിഭാഗം,
ഗവ. െമഡിക്കൽ േകാളജ്,
ആലപ്പുഴ